Tuesday 07 June 2022 04:16 PM IST

കറുത്തപുള്ളികൾ മായ്ക്കാന്‍ കാപ്പിപൊടിയിൽ കറ്റാർവാഴ ചേർത്ത പായ്ക്ക്! കാപ്പിയിലുണ്ട് അഴക് കൂട്ടും സൗന്ദര്യ രഹസ്യങ്ങൾ

Ammu Joas

Sub Editor

coffee-powderrhjj789

ആവി പറക്കുന്ന ഒരു കപ്പ് ചൂടു ചായയോ കാപ്പിയോ ഊതിക്കുടിച്ച് തുടങ്ങുന്ന ദിവസങ്ങൾക്ക് എന്താ ഒരു ഉന്മേഷം. ചർമവും കൊതിക്കുന്നുണ്ടാകില്ലേ ഇത്തരമൊരു സന്തോഷം? ചർമത്തിനും  ഇടയ്ക്കൊക്കെ അൽപം കാപ്പിയോ ചായയോ നൽകിയാലോ? ആന്റി ഓക്സിഡന്റ്സ് നിറഞ്ഞ കോഫി ചർമകോശങ്ങൾക്ക് പുതുജീവൻ നൽകും. രക്തയോട്ടം വർധിപ്പിച്ച് മുഖത്തിന്റെ തിളക്കം കൂട്ടാനും കാപ്പി കേമനാണ്.

കോഫി ബൂസ്റ്റ്

∙ ഇന്റർനെറ്റിൽ ട്രെൻഡിങ് ആണ് കോഫി ഫെയ്സ് പാക്കുകൾ. ഒരു വലിയ സ്പൂൺ കാപ്പിപൊടി, രണ്ടു ചെറിയ സ്പൂൺ ഗ്ലിസറിൻ, ഒരു ചെറിയ സ്പൂൺ റോസ് വാട്ടർ എന്നിവ യോജിപ്പിച്ചു മുഖത്തും കഴുത്തിലും പുരട്ടുക. 15 മിനിറ്റിനുശേഷം മുഖംകഴുകി തിളക്കം ഇത്തിരി കൂടി കൂട്ടാൻ ഒരു പാക്ക് കൂടി അണിയാം.  ഇനി ഒരു വലിയ സ്പൂൺ ‍അരിപ്പൊടി പാലിലോ തൈരിലോ യോജിപ്പിച്ച് മുഖത്തു പുരട്ടി അഞ്ചു മിനിറ്റിനുശേഷം കഴുകിക്കളയാം.

∙ ഒരു ചെറിയ സ്പൂൺ വീതം കാപ്പിപൊടി, പഞ്ചസാര, കറ്റാർവാഴ ജെൽ എന്നിവ യോജിപ്പിക്കുക. എണ്ണമയമുള്ള ചർമത്തിന് ഇണങ്ങുന്ന ഈ ഫെയ്സ് പാക്കിൽ മൂന്നു ചെറിയ സ്പൂൺ ബദാം എണ്ണ കൂടി ചേർത്താൽ ഡ്രൈ സ്കിൻ ഉള്ളവർക്കും മുഖത്തണിയാം.

∙ മൃതകോശങ്ങളകറ്റാൻ കോഫി സ്ക്രബ് ആയാലോ? മുഖത്തു പുരട്ടാൻ ആവശ്യത്തിനു കാപ്പിപ്പൊടിയെടുത്ത് പനിനീരിലോ, വെളിച്ചെണ്ണയിലോ ചാലിച്ച് മുഖത്തു പുരട്ടി 10 മിനിറ്റ് മസാജ് ചെയ്ത ശേഷം കഴുകിക്കളഞ്ഞോളൂ.

∙ തുടകൾ പോലെ കൊഴുപ്പ് കൂടുതലുള്ള ഭാഗങ്ങളിൽ മാംസം കുഴിഞ്ഞും തടിച്ചും കാണാറില്ലേ. അതാണ് സെല്ലുലൈറ്റ്. ഈ പ്രശ്നം പരിഹാരിക്കാൻ മികച്ച വഴി കോഫി സ്ക്രബ് ആണ്. കാപ്പിപ്പൊടിയും പഞ്ചസാരയും അൽപം ഒലിവെണ്ണയിൽ യോജിപ്പിച്ച് സ്ക്രബ് തയാറാക്കി വൃത്താകൃതിയില്‍ മസാജ് ചെയ്യണം. നിത്യവും ചെയ്താൽ സെല്ലുലൈറ്റ്സ് അകലും.  

∙ ശിരോചർമത്തിലെ മൃതകോശങ്ങൾ അകന്നാൽ മുടി നന്നായി വളരും. മുടി കഴുകിയശേഷം അരക്കപ്പ് കാപ്പിപൊടി ശിരോചർമത്തിൽ മസാജ് ചെയ്യുക. ഇനി ഷാംപൂവും ഹെയർ കണ്ടീഷനറും ഉപയോഗിച്ച് കഴുകാം.

∙ ഒരു വലിയ സ്പൂൺ വീതം കാപ്പിപൊടിയും റാഗിപ്പൊടിയും പാലിൽ ചാലിച്ച് കട്ടിയുള്ള പേസ്റ്റ് തയാറാക്കി മുഖത്ത് അണിയാം. നിറം വർധിക്കാൻ സഹായിക്കുന്ന ഈ ഫെയ്സ്പാക്കിനൊപ്പം അൽപം നാരങ്ങാനീര് കൂടി ചേർത്താൽ മുഖക്കുരുവിന്റെ പാടുകളും അകലും.

∙ ഒരു വലിയ സ്പൂൺ വീതം കാപ്പിപൊടിയും തൈരും യോജിപ്പിച്ചതിൽ അര ചെറിയ സ്പൂൺ മഞ്ഞള്‍പൊടി ചേർത്ത് ഫെയ്സ്പാക് തയാറാക്കി മുഖത്തും കഴുത്തിലും അണിയാം. ഒരേസമയം ചർമം മൃദുലമാക്കാനും നിറം വർധിക്കാനും സഹായിക്കുന്ന പാക്കാണിത്.

∙ സൺടാൻ മാറ്റാനും കോഫി തന്നെ മതി. ഒരു വലിയ സ്പൂണ്‍ കാപ്പിപൊടിയിൽ സമം നാരങ്ങാനീര് ചേർത്ത് മുഖത്ത് അണിഞ്ഞ് 15 മിനിറ്റിനു ശേഷം കഴുകിക്കളയാം.

∙ ഒരു വലിയ സ്പൂൺ കാപ്പിപ്പൊടിയും കൊക്കോ പൗഡറും യോജിപ്പിക്കുക. ഇതിൽ ഒരു ചെറിയ സ്പൂൺ പാലും അര ചെറിയ സ്പൂൺ വീതം നാരങ്ങാനീരും തേനും ചേർക്കണം. മുഖത്തിന് തിളക്കവും ഉന്മേഷവും കൊതിക്കുന്നവർ ഈ ഫെയ്സ് പാക്ക് പരീക്ഷിച്ചോളൂ.

∙ മുഖത്തെ കറുത്തപുള്ളികൾ മായ്ക്കാൻ രണ്ടു വലിയ സ്പൂൺ കാപ്പിപൊടിയിൽ ഒരു വലിയ സ്പൂൺ കറ്റാർവാഴ കാമ്പ് ചേർത്ത് മുഖത്തണിയാം.

Tags:
  • Glam Up
  • Beauty Tips