ADVERTISEMENT

ചർമത്തിന് പ്രത്യേക സംരക്ഷണം നൽകുന്ന സൗന്ദര്യകൂട്ടുകൾ വേണം മഞ്ഞുകാലത്ത് തിരഞ്ഞെടുക്കാൻ. എണ്ണമയമുള്ള ചർമം പോലും തണുപ്പു സമയത്ത് വരണ്ടു തുടങ്ങും. വരൾച്ച ഉള്ള ചർമത്തിൽ ചുളിവുകൾ വരാനുള്ള സാധ്യതയും കൂടുതലാണ്. മഞ്ഞുകാലം ചർമത്തിന്റെ മൃദുത്വം നഷ്ടപ്പെടുത്താതിരിക്കാനുള്ള ആറ് ബ്യൂട്ടി റിജുവനേഷൻ വഴികള്‍ അറിയാം.

അധികം പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഏറെ സമയവും ചെലവഴിക്കുന്ന ഈ കാലത്ത് വീട്ടിലിരുന്ന് എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന സൗന്ദര്യവഴികൾ ഇതാ...

ADVERTISEMENT

ക്ലെൻസിങ് പതിവാക്കണം

നിത്യവും കുളിക്കും മുൻപ് അഞ്ച് മിനിറ്റ് ക്ലെൻസിങ്ങിനായി മാറ്റി വച്ചാൽ മതി. ചർമം പൂ പോലെ സുന്ദരമാകും. അതിനായി നല്ലൊരു ക്ലെൻസർ വീട്ടിൽ തന്നെ തയാറാക്കി വയ്ക്കാം.

ADVERTISEMENT

ഒരേ അനുപാതത്തിൽ ആപ്പിൾ സിഡർ വിനിഗറും റോസ് വാട്ടറും യോജിപ്പിക്കുക. ഈ മിശ്രിതം ചർമത്തിൽ പുരട്ടി 10 മിനിറ്റിനു ശേഷം ഇതേ മിശ്രിതത്തിൽ മുക്കിയ പഞ്ഞി ഉപയോഗിച്ച് മുഖം മസാജ് ചെയ്യാം.

രണ്ടു മിനിറ്റ് വൃത്താകൃതിയില്‍ മസാജ് ചെയ്തശേഷം ഇളം ചൂടുവെള്ളത്തിൽ  മുഖം കഴുകാം. ശരീരത്തില്‍ അടിഞ്ഞു കൂടിയ അഴുക്കിനെ നീക്കുന്നതിനൊപ്പം ചർമത്തിന്റെ തിളക്കം വർധിപ്പിക്കാനും ഇതു സഹായിക്കും.

ADVERTISEMENT

ചർമം തിളങ്ങാൻ സ്പെഷൽ പായ്ക്ക് ‌

രണ്ടാഴ്ചയിൽ ഒരിക്കലോ മാസത്തിലൊരു തവണയോ അവക്കാഡോ മിക്സഡ് പായ്ക് ട്രൈ ചെയ്യാം. ഒരു അവക്കാഡോ നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് രണ്ടു വലിയ സ്പൂൺ ഒലിവ് ഓയിൽ ചേർത്ത് യോജിപ്പിച്ച് ശരീരത്തിൽ പുരട്ടുക. 20 മിനിറ്റിനു ശേഷം മസാജ് ചെയ്ത് കഴുകാം.  

അവക്കാ‍ഡോ ഉടച്ചതിലേക്ക് തലേ ദിവസം രാത്രി വെള്ളത്തിൽ കുതിർത്തു വച്ച ഓട്സ്, നന്നായി അരച്ച പച്ചമഞ്ഞൾ എന്നിവയും മിക്സ് ചെയ്യാം.

മൃദുത്വം തരും പായ്ക്

തലേദിവസം രാത്രി ഒരു പിടി ഫ്ലാക്സ് സീഡ് വെള്ളത്തിൽ കുതിർത്തു വയ്ക്കാം. പിറ്റേന്ന് ആ വെള്ളത്തോട് കൂടി തന്നെ അരച്ച് അതിലേക്ക് ഒരു പച്ച നെല്ലിക്ക അരച്ചതു കൂടി ചേർത്ത് മിശ്രിതമാക്കുക. ഇതിലേക്ക് അൽപം തൈര് (കുഴമ്പ് രൂപത്തിലാകാൻ പാകത്തിന്) കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് ശരീരത്തിൽ പുരട്ടാം.

വരണ്ട ചർമം ആണെങ്കിൽ തൈരിന് പകരം പാൽ ചേർക്കാം. നെല്ലിക്ക അരയ്ക്കുന്നതിനൊപ്പം ഒരു ചെറിയ സ്പൂൺ തേൻ കൂടി ചേർക്കുന്നത് ചർമത്തിന് കൂടു തൽ മൃദുത്വം കിട്ടാൻ സഹായിക്കും. ഒരേ ചേരുവകൾ പരീക്ഷിക്കുന്നതിന് പകരം ഫ്ലാക്സ് സീഡിനൊപ്പം കാരറ്റ്, തക്കാളി, ആര്യവേപ്പിന്റെ ഇല എന്നിവയും യോജിപ്പിച്ച് പുരട്ടാം.

ആഴ്ചയിലൊരിക്കൽ ഷുഗർ സ്ക്രബ്

ആഴ്ചയിൽ ഒരു ദിവസമെങ്കിലും ചർമം സ്ക്രബ് ചെയ്യണം. കുളിക്കുന്നതിന് അഞ്ചോ പത്തോ മിനിറ്റ് മുൻപ് സ്ക്രബ് പായ്ക്ക് ശരീരത്തിലാകെ പുരട്ടാം.  വീട്ടിലെ അടുക്കളയിൽ നിന്നു തന്നെ കണ്ടെത്താവുന്ന നല്ല സ്ക്രബ് ആണ് പഞ്ചസാര.

തുല്യ അളവിൽ വൈറ്റ് ഷുഗറും ബ്രൗൺ ഷുഗറും എടുക്കുക. ഇതിലേക്ക് അൽപം തണുത്ത വെള്ളമോ പാലോ ചേർത്ത് യോജിപ്പിച്ച് മുഖത്തും ശരീരത്തിലും പുരട്ടി പത്തു മിനിറ്റ് നേരം വൃത്താകൃതിയിൽ മസാജ് ചെയ്യാം. ഓയിലി സ്കിൻ ആണെങ്കിൽ നാരങ്ങാനീരും ചേ ർക്കാം. തണുപ്പു കാലത്ത് ശരീരത്തെ വരൾച്ചയിൽ നിന്നും രക്ഷിക്കാൻ ഏറ്റവും ഫലപ്രദമായ സ്ക്രബാണിത്.

സോപ്പിനു പകരം

തണുപ്പു കാലത്ത് സോപ്പിന്റെ ഉപയോഗം കുറയ്ക്കുന്നതാണ് ചർമത്തിന് ഏറ്റവും ഉചിതം. പകരം ചെറുപയർ പൊടിയോ കടലപൊടിയോ ഉപയോഗിക്കാം. രണ്ടു വലിയ സ്പൂൺ (ആവശ്യാനുസരണം) ചെറു പയറുപൊടി കുഴമ്പു രൂപത്തിൽ ആകാൻ പാകത്തിന് തൈരോ പാലോ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ഒരു ചെറിയ സ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്ത് യോജിപ്പിച്ച് ശരീരത്തിൽ പുരട്ടാം.

ഉണങ്ങിയ ശേഷം അൽപം വെള്ളം ചേർത്ത് മസാജ് ചെയ്ത് കഴുകി കളയാം. ഇങ്ങനെ നിത്യവും ചെയ്യാൻ കഴിയാത്തവർ മൂന്നു ദിവസം കൂടുമ്പോഴെങ്കിലും ഇത് ചെയ്യുക. തലമുടിയിലും ഉപയോഗിക്കാൻ കഴിയുന്ന മികച്ചൊരു പായ്ക്കാണിത്.

അലോവെര മാജിക്

ഒരു ചെറിയ കറ്റാർവാഴച്ചെടി വീട്ടിൽ നട്ടുവളർത്തിയാ ൽ പലതുണ്ട് ഗുണം. ചർമ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഒട്ടുമിക്ക ബ്യൂട്ടി പായ്ക്കിലും അലോവെര ജെൽ ധൈര്യമായി ചേർക്കാം.

 കാല്‍ പാദത്തിലെ ചർമം വരണ്ടു പൊട്ടുന്നതു തടയാന്‍ കാബേജിന്റെ ഇല അരച്ചതിൽ ഒരു ചെറിയ സ്പൂൺ കറ്റാർവാഴയുടെ കാമ്പും അൽപം നെയ്യും യോജിപ്പിച്ച് പുരട്ടിയാൽ മതി. 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. ഒലിവ് ഓയിലും അലോവെര ജെല്ലും യോജിപ്പിച്ച് മുടിയിൽ പുരട്ടുന്നത് വരൾച്ചാ പ്രശ്നങ്ങളിൽ നിന്നും മുടിയെ രക്ഷിക്കും.

ഒരു മുട്ട, ഒരു വലിയ സ്പൂൺ വീതം ഒലിവ് ഓയിൽ, അലോവെര ജെൽ എന്നിവ ചേർത്ത് യോജിപ്പിക്കുക. ഈ പായ്ക്ക് തലയിലും മുഖത്തും ശരീരത്തിലും പുരട്ടി പത്തു മിനിറ്റിനു ശേഷം പയറുപൊടി ഉപയോഗിച്ച് തേച്ചു കുളിക്കാം. ശരീരത്തിന്റെ ചുളിവ്, നിറവ്യത്യാസം, മൃതകോശങ്ങൾ എന്നീ പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരമാണിത്.

താരൻ, മുടി പിളരൽ എന്നിവയെല്ലാം വർധിക്കുന്ന സമയമാണിത്. ഇളം ചൂടുള്ള വെളിച്ചെണ്ണയിൽ ഒരു സ്പൂൺ അലോവെര ജെല്ലും പകുതി നാരങ്ങയുടെ നീരും ചേർത്ത് മിക്സ് ചെയ്തു പുരട്ടാം.  

-തയാറാക്കിയത്: ലക്ഷ്മി പ്രേംകുമാർ, വിവരങ്ങൾക്ക് കടപ്പാട്: ദീപ്തി സുനിൽ, ബ്യൂട്ടി സോൺ ബ്രൈഡൽ മേക്കപ് സ്റ്റുഡിയോ, കലൂർ

ADVERTISEMENT