Friday 26 August 2022 03:59 PM IST

‘ഏറെ ആഴമുള്ള പാടുകൾക്ക് ഡാർക്ക് നിറങ്ങൾ’; കൺസീലർ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാം, മേക്കപ് അണിയാം ഇങ്ങനെ

Rakhy Raz

Sub Editor

concealer4666ghhh

മേക്കപ്പിനായി ഫൗണ്ടേഷൻ, ബിബി– സിസി ക്രീമുകൾ (ബ്ലെമിഷ് ബാം – കളർ കറക്റ്റിങ് ക്രീമുകൾ), ലിപ്സ്റ്റിക്, കാജൽ, മസ്ക്കാര, ഐ പെൻസിൽ തുടങ്ങി വിവിധതരം പ്രൊഡക്ട്സ് വിപണിയിലുണ്ട്. മികച്ച ബ്രാൻഡ് മേക്കപ് മെറ്റീരിയൽ വാങ്ങിയാൽ മേക്കപ് പെർഫെക്ട് ആകും എന്നാണ് പലരും ധരിച്ചിരിക്കുന്നത്. പക്ഷേ, മികച്ച പ്രൊഡക്റ്റസ് ഉപയോഗിച്ചുള്ള മേക്കപ് ഭംഗിയായി ചർമത്തിൽ പ്രതിഫലിക്കണമെങ്കിൽ ചർമം അതിനായി ഒരുക്കിയെടുക്കണം. എന്നിട്ടു വേണം അണി‍ഞ്ഞൊരുങ്ങാൻ.

∙ ചർമം മേക്കപ്പിനായി തയാറാക്കി കഴിഞ്ഞാൽ മേക്കപ് തുടങ്ങാം. ആദ്യം ചർമത്തിന്റെ ടോണിന് ഇണങ്ങുന്ന ഫൗണ്ടേഷൻ, അണിയാം. ചെറുതായി തൊട്ടു വച്ച ശേഷം വട്ടത്തിൽ മൃദുവായി പുരട്ടി ചർമവുമായി യോജിപ്പിക്കണം. ഫൗണ്ടേഷന് പകരമായി ബിബി, സിസി ക്രീമുകൾ ഉപയോഗിക്കാം. ഏതായാലും ചർമത്തിന്റെ ടോണുമായി ഏറ്റവും ഇണങ്ങുന്നതാകണം.

∙ പാടുകൾ മറയ്ക്കാൻ കൺസീലർ ഉപയോഗിക്കാം. പാടുകൾ ഉള്ളയിടത്ത് കൺസീലർ തൊട്ടു വച്ച ശേഷം മൃദുവായി ചർമവുമായി യോജിപ്പിക്കുക. മഞ്ഞ, ഓറഞ്ച്, ഡാർക്ക് നിറങ്ങളിൽ കൺസീലർ ലഭിക്കും. 

പാടുകളുടെ ആഴത്തിനനുസരിച്ചു വേണം നിറം തിരഞ്ഞെടുക്കാൻ. ഏറെ ആഴമുള്ള പാടുകൾക്ക് ഡാർക്ക് നിറങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

∙ കോംപാക്റ്റ് ഉപയോഗിച്ച് മുഖം കൂടുതൽ തെളിമയുള്ളതാക്കാം. കോംപാക്റ്റും സ്കിൻ ടോണിന് അനുയോജ്യമായത് വാങ്ങണം.

∙ ഐ ബ്രോ ബ്രഷ് ഉപയോഗിച്ച് പുരികങ്ങൾ ആകൃതി വരുത്തിയ ശേഷം ഐ ബ്രോ ഷെയ്ഡ് ചെയ്യാം. ഷെയ്ഡ് ചെയ്യാനായി നിങ്ങളുടെ പുരികത്തിന്റെ ഹെയർ കളറിൽ തന്നെയുള്ള ഷെയ്ഡിലുള്ള ഐ ബ്രോ ലൈനർ ഉപയോഗിക്കാം.  പൗഡർ ആയും വ്യത്യസ്തമായ ടിപ്പോടു കൂടിയും ഉള്ള ഐ ബ്രോ ലൈനർ കിറ്റ് ഇന്ന് ലഭ്യമാണ്.

∙ മുഖത്തിന്റെ എടുത്തു കാണുന്ന ഭാഗമായ കവിളുകൾ ഇഷ്ട ഷെയ്ഡ് ഉപയോഗിച്ച്  ഹൈലൈറ്റ് ചെയ്യാം. 

∙  ഐ ഷാഡോ  ഒറ്റ നിറമായോ രണ്ടോ മൂന്നോ ഷെയ്ഡുകൾ ചേർത്തോ അണിയാം. നിങ്ങൾ ആഗ്രഹിക്കുന്ന ലുക് അനുസരിച്ചാകണം ഐ ഷാഡോയുടെ നിറം തിരഞ്ഞെടുക്കേണ്ടത്. ന്യൂഡ് ലുക്ക് ആണ് ഇഷ്ടമെങ്കിൽ ഇളം നിറങ്ങളും ഹോട്ട് – ലൗഡ് ലുക്ക് വേണമെങ്കിൽ ബ്രൈറ്റ് – ഫ്ലൂറസന്റ് നിറങ്ങളോ ഉപയോഗിക്കാം. 

∙ കണ്ണുകൾ ജെൽ കാജൽ, ഐ ലൈനർ എന്നിവ കൊണ്ട് ആകൃതിപ്പെടുത്തുക 

∙ ചുണ്ടിന്റെ മുകളിലും താഴെയും ഒരേ കനത്തിലായിരിക്കണം ലിപ്സ്റ്റിക് പുരട്ടേണ്ടത്. ലിപ് ബ്രഷ് ഉപയോഗിച്ച് ലിപ്സ്റ്റിക് അണിയുകയാണ് നല്ലത്. ചുണ്ടുകൾക്കു കൂടി  നിറം നൽകുന്നതോടെ മേക്കപ് പൂർണമായി.

വിവരങ്ങൾക്ക് കടപ്പാട്: റിസ്‌വാൻ,  സെലിബ്രിറ്റി മേക്കപ് & ഹെയർ സ്റ്റൈലിസ്റ്റ്, കൊച്ചി. ജീന, സെലിബ്രിറ്റി മേക്കപ് & ഹെയർ സ്റ്റൈലിസ്റ്റ്, കൊച്ചി

Tags:
  • Glam Up
  • Beauty Tips