ചർമത്തിന് ഭംഗിയേകാൻ മോയിസ്ചറൈസർ എന്ന പോലെയാണ് മുടിയഴകിന് കണ്ടീഷനർ. മുടിയുടെ ജലാംശവും മൃദുലതയും നിലനിർത്താനും അറ്റം പിളരുന്നതു തടയാനും കണ്ടീഷനർ സഹായിക്കും.
ഷാംപൂ ചെയ്ത ശേഷമാണ് മുടിയിൽ കണ്ടീഷനർ പുരട്ടേണ്ടത്. മുടി വരണ്ട് ഭംഗി നഷ്ടപ്പെടുന്നത് തടയാൻ കണ്ടീഷനർ സഹായിക്കും. മുടിയിഴകൾ തമ്മിൽ ഉരസിയും കെട്ടുപിണഞ്ഞും കേടുപാടുണ്ടാകുന്നത് തടയുമെന്നതാണ് കണ്ടീഷനറിന്റെ ഗുണം. മുടി ചീകുന്നത് എളുപ്പമാക്കുകയും ചെയ്യും.
4.5–7 പിഎച്ച് വാല്യു ഉള്ള കണ്ടീഷനർ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കണ്ടീഷനർ അടങ്ങിയ ഷാംപൂ ഉപയോഗിച്ചാൽ മതിയെന്നാണ് പലരുടെയും ധാരണ. ഷാംപൂവും കണ്ടീഷനറും വെവ്വേറെയായി കിട്ടുന്നത് ഉപയോഗിക്കുന്നതാണ് നല്ലത്.
കണ്ടീഷനറിന്റെ ഉപയോഗം ശരിയായ രീതിയിലാണെന്ന് ഉറപ്പ് വരുത്തണം. മുടിയിലെ ഷാംപൂ ഒട്ടും അവശേഷിക്കാതെ നന്നായി കഴുകിക്കളയുക. ഓേരാ ബ്രാൻഡും നിർദേശിക്കുന്ന അളവിലുള്ള കണ്ടീഷനർ ശിരോചർമത്തിൽ സ്പർശിക്കാതെ മൃദുവായി മുടിയിൽ പുരട്ടണം. മുടിയുടെ അറ്റത്ത് കൂടുതൽ അളവിൽ കണ്ടീഷനർ പുരട്ടുന്നത് നല്ലതാണ്. ഒന്നോ രണ്ടോ മിനിറ്റിന് ശേഷം മുടി നന്നായി കഴുകി വൃത്തിയാക്കുക.
പ്രകൃതിദത്ത കണ്ടീഷനർ
രാസവസ്തുക്കൾ അടങ്ങാത്ത കണ്ടീഷനർ പുരട്ടുന്നതാണ് മുടിയുടെ സ്വാഭാവികഭംഗി നിലനിർത്താൻ കൂടുതൽ നല്ലത്. ഇവ ശിരോചർമത്തിലും പുരട്ടാമെന്ന ഗുണമുണ്ട്. മുടിയുടെ ഭംഗി വർധിപ്പിക്കുന്നതിനൊപ്പം മുടിയുടെ വളർച്ച മെച്ചപ്പെടുത്താനും ഇവ നല്ലതാണ്.
ഉണങ്ങിയ മുടിയിലാണ് പ്രകൃതിദത്ത കണ്ടീഷനർ പുരട്ടേണ്ടത്. എണ്ണ, മുട്ട ഇവ േചരുന്ന കൂട്ടുകൾ ഉപയോഗിച്ച ശേഷം താളി, ചീവയ്ക്കാപ്പൊടി തുടങ്ങിയ കൂട്ട് ഉപയോഗിച്ച് വൃത്തിയായി കഴുകണം. ചിലർക്ക് പയർ പൊടി, ചീവയ്ക്കാപ്പൊടി എന്നിവ ഉപയോഗിച്ചാൽ മുടി വരളാനിടയുണ്ട്. പകരം മൈൽഡ് ഷാംപൂ ഉപയോഗിച്ചാലും മതി.
∙ നന്നായി പഴുത്ത വാഴപ്പഴം ഉടച്ചെടുത്തതിൽ മൂന്ന് വലിയ സ്പൂൺ തേൻ, ഒരു മുട്ട, അൽപം പാൽ ഇവ ചേർത്ത് മുടിയിലും ശിരോചർമത്തിലും പുരട്ടുക. അര മണിക്കൂർ കഴിഞ്ഞ് കഴുകി വൃത്തിയാക്കാം.
∙ ആറ് വലിയ സ്പൂൺ തൈരിൽ ഒരു മുട്ട ചേർത്ത് മിശ്രിതമാക്കുക. ഈ കൂട്ട് ശിരോചർമത്തിലും മുടിയിലും പുരട്ടണം. അര മണിക്കൂർ കഴിഞ്ഞ് കഴുകി വൃത്തിയാക്കാം.
∙ ഒരു വലിയ സ്പൂൺ വീതം വെളിച്ചെണ്ണ, തേൻ, നാരങ്ങാനീര്, രണ്ട് വലിയ സ്പൂൺ തൈര് ഇവ മിശ്രിതമാക്കി ശിരോചർമത്തിലും മുടിയിലും പുരട്ടുക. ഇരുപത് മിനിറ്റ് കഴിഞ്ഞ് നന്നായി കഴുകി വൃത്തിയാക്കണം.