Friday 11 November 2022 03:28 PM IST

ലേസർ ചികിത്സയ്ക്കു ശേഷം വീടിനകത്തു പോലും സൺസ്ക്രീൻ നിർബന്ധം; കോസ്മറ്റിക് ചികിത്സകള്‍, അറിയേണ്ടതെല്ലാം

Ammu Joas

Sub Editor

shutterstock_366376796

മുഖവും ചർമവും പാടുകളെല്ലാം അകറ്റി തിളക്കം കൂട്ടാൻ കോസ്മറ്റിക് ചികിത്സകള്‍ പലതുണ്ട്. സ്വന്തം ചർമഭംഗി തനിമയോടെ കാത്തുസൂക്ഷിക്കുന്നതിനാണ് ഭൂരിപക്ഷവും മുൻഗണന നൽകുന്നത്. ഏതു ചർമക്കാർക്കും അവരുടെ നിറത്തിനും സ്കിൻ ടെക്സ്ചറിനും യോജിച്ച കോസ്മറ്റിക് ട്രീറ്റ്മെന്റില്‍ ലേസർ ആണ് സൂപ്പർസ്റ്റാർ.

മുഖക്കുരുവും പാടുകളും 

മുഖക്കുരുവിന്റെ പാടുകളും കുഴികളും മായ്ക്കാൻ ഫലപ്രദമായ ചികിത്സകളുണ്ട്. ഏതുതരം ചികിത്സ വേണമെന്നത് മുഖക്കുരുവിന്റെ പാടുകളുടെ സ്വഭാവമനുസരിച്ചാണ് തീരുമാനിക്കുന്നത്. 

സിഒ2 ലേസർ, എർബിയം വൈഎജി ലേസർ, സബ്‌സിഷൻ, പഞ്ച് എക്സിഷൻ, ടിസിഎ ക്രോസ് തുടങ്ങിയവയാണ് ചികിത്സകളിൽ ചിലത്. അതീവ ഗുരുതരമല്ലാത്ത മുഖക്കുരുവിന്റെ പാടുകൾ ലേസർ ചികിത്സയിലൂടെ മായ്ക്കാനാകും. 

മിക്കവരെയും അലട്ടുന്ന  ബാക് ആക്നെയ്ക്കും (പുറംഭാഗത്ത് വരുന്ന കുരു) ചികിത്സയുണ്ട്. മുഖത്തു പുരട്ടുന്ന ക്രീമുകളേക്കാൾ വീര്യമുള്ള ക്രീമുകളും മറ്റും ഇവയ്ക്ക് ഉപയോഗിക്കേണ്ടി വരുമെന്നു മാത്രം.

ലേസർ ചികിത്സയ്ക്കു ശേഷം

∙ ലേസർ ചികിത്സയ്ക്കു ശേഷം വീടിനകത്ത് ആണെങ്കിലും സൺസ്ക്രീൻ ഉപയോഗം നിർബന്ധമാണ്. സെൻസിറ്റീവ് ചർമത്തിനണങ്ങുന്ന സൺസ്ക്രീൻ വേണം ഉപയോഗിക്കാൻ. 

∙ തീവ്ര സൂര്യപ്രകാശമെത്തുന്ന സമയത്ത് പരമാവധി പുറത്തിറങ്ങാതെ നോക്കാം. മാസ്ക് വയ്ക്കുമ്പോൾ ഇരുണ്ട നിറമുള്ളവയ്ക്കു പകരം വെള്ളയോ ഇളം നിറത്തിലോ ഉള്ളവ ഉപയോഗിക്കുക. തൊപ്പി വയ്ക്കുന്നതും നല്ലതാണ്.

∙ ചർമത്തിലെ ജലാംശം നിലനിർത്തിയാൽ ലേസറിനു ശേഷം ചർമം വേഗം സുഖപ്പെടും. ഇതിനായി പതിവായി മോയിസ്ചറൈസർ പുരട്ടണം. മുഖത്തെ വരൾച്ചയും അസ്വസ്ഥകളും അകറ്റാനും മോയിസ്ചറൈസർ സഹായിക്കും. ചില ലേസർ ചികിത്സയ്ക്ക് ആന്റി ബയോട്ടിക് ക്രീമും വേണ്ടിവരാം. ചർമം സുഖപ്പെട്ടതിനുശേഷം പുരട്ടാനും ക്രീമുകളുണ്ടാകും.

∙ ചർമം സുഖപ്പെടാനെടുക്കുന്ന സമയം വരെ അണുബാധ വരാതെ നോക്കണം. 

∙ ഡോക്ടർ നിർദേശിക്കുന്ന സ്കിൻ കെയർ ഉൽപന്നങ്ങൾ മാത്രമുപയോഗിക്കാനും ശ്രദ്ധിക്കുക.

∙ 30- 45 ദിവസം കൊണ്ടാണ് ഒരു ലേസർ സെഷന്റെ ഫലം അറിയാനാകുക. ഈ ഇടവേളയിലാണ് സാധാരണയായി ലേസർ ചികിത്സയുടെ സിറ്റിങ്സ് വരുന്നത്. 

Tags:
  • Glam Up
  • Beauty Tips