മുടിയിൽ പുതിയൊരു സ്റ്റൈൽ പരീക്ഷിച്ചാൽ പിന്നെ, എന്തൊരു മാറ്റമാണ്. പക്ഷേ, പതിവായി കെട്ടുന്ന രീതി, വകഞ്ഞിടുന്ന സൈഡ്... ഇതൊക്കെ ഒന്നു മാറ്റി നോക്കാൻ വലിയടെൻഷനും. പുതിയ സ്റ്റൈൽ മുഖത്തിന് ഇണങ്ങുമോ? അണിയുന്ന വസ്ത്രവുമായി ഹെയർ സ്റ്റൈൽ മാച്ചാകുമോ? സ്ഥിരം സ്റ്റൈൽ മാറിയാൽ കോൺഫിഡൻസ് പോകുമോ? ഇങ്ങനെ ഒക്കെ ചിന്തിച്ച് പരീക്ഷണങ്ങളെ മാറ്റി നിർത്തേണ്ട. എളുപ്പത്തിൽ ചെയ്യാവുന്ന, ഏതു വസ്ത്രത്തിനൊപ്പവും ഇണങ്ങുന്ന ഹെയർ സ്റ്റൈലുകൾ കണ്ടോളൂ. പാർട്ടിക്കോ, ഒാഫിസിലോ... എവിടെ പോയാലും എളുപ്പത്തിൽ മുടി കെട്ടാം. കിടിലൻ മേക്കോവർ എന്ന് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കുകയും ചെയ്യാം.

മോഡേൺ വെയറിനൊപ്പം ക്യൂട്ട് പുട്ട്അപ്
1. മുടിയിൽ അൽപം സിറം പുരട്ടി നന്നായി ചീകുക. ശേഷം നടുവിലൂടെ വകച്ചിലെടുത്ത് കൃത്യം മൂന്ന് പാർട്ടായി തരംതിരിക്കാം, നെറ്റിയിൽ നിന്നു നാലിഞ്ച് വീതിയിട്ട് വേണം പകുക്കാനുള്ള വകച്ചിൽ എടുക്കാൻ.
2. മൂന്ന് പാർട്ട് ആക്കിയ ശേഷം പിൻ ഭാഗത്തെ മുടി ഒരു ബൺ ഉപയോഗിച്ച് അൽപം ഉയർത്തി ടൈറ്റ് ആയി കെട്ടാം. ബാക്കി മുടി ഇരുവശങ്ങളിലേക്കും കൃത്യമായി പകുത്തിടാം.

3. മുന്നിലെ മുടി ചെറിയ ഭാഗങ്ങളായി (ഒരിഞ്ച് കനത്തിൽ) തിരിച്ച് ചെറുതായി പിരിച്ച് പിന്നിലേക്ക് വലിച്ച് പിൻ ചെയ്യാം. മുഴുവൻ മുടിയും ഇങ്ങനെ പിൻ ചെയ്ത ശേഷം മറ്റൊരു ബൺ ഉപയോഗിച്ച് പോണി ടെയിൽകെട്ടാം.
4. മുടി ഒതുക്കി വയ്ക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഇഷ്ടമുള്ള രീതിയിൽ പുട്ട് അപ് ചെയ്യാം. വട്ടത്തിൽ കെട്ടി യു പിൻ ഉപയോഗിച്ച് ഫിക്സ് ചെയ്യാം. മോഡേൺ വെയറിനൊപ്പവും ട്രഡീഷനൽ വെയറിനൊപ്പവും ഈ സ്റ്റൈൽ ഇണങ്ങും.
