നീട്ടി വളർത്തുകയോ ഷോർട് കട്ട് ചെയ്തു സ്റ്റൈൽ ചെയ്യുകയോ ഏതു രീതി സ്വീകരിച്ചാലും മുടിയുടെ അഴകു നിശ്ചയിക്കുന്നത് ഉള്ളും ആരോഗ്യവും ആണ്. മുടി ഒട്ടൊക്കെ പാരമ്പര്യമാണെങ്കിലും നന്നായി ശ്രദ്ധിച്ചാലേ മുടിയുടെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാനാകൂ. മുടിയെ ബാധിക്കുന്ന പ്രശ്നങ്ങളെ യഥാസമയം അറിഞ്ഞു പരിഹാരം ക ണ്ടെത്തുകയും വേണ്ട കരുതൽ നൽകുകയും ചെയ്യണം. എത്രത്തോളം സ്നേഹം നൽകുന്നുവോ അത്രത്തോളം തിരികെ സ്നേഹിക്കുന്ന ഒന്നാണു മുടി.
അകാല നര തടയാനാകുമോ?
പാരമ്പര്യം, മാനസിക സമ്മർദം, പോഷകാഹാരക്കുറവ് എന്നിവയാണ് അകാല നരയ്ക്കു കാരണം. മുടിയുടെ വേരുകളുടെ ഭാഗത്തുള്ള ഹെയർ ബബിളിൽ മെലനോസൈറ്റ് എന്ന കോശങ്ങൾ ഉണ്ട്. അവയാണു മുടിക്കു നിറം നൽകുന്നത്. ഈ കോശങ്ങളുടെ കുറവു മുടിയുടെ നിറം നഷ്ടപ്പെടുത്തും. മെലനോസൈറ്റ് കോശങ്ങൾ വളർത്താൻ സഹായിക്കുന്ന അലോപ്പതി മരുന്നുകൾ ലഭ്യമാണ്. ആവണക്കെണ്ണ, ബദാം എണ്ണ എന്നിവ സമം ചേർത്തു പുരട്ടുന്നത് അകാല നര കുറയ്ക്കും. കുങ്കുമാദി തൈലം രണ്ടു തുള്ളി വീതം മൂക്കിലൊഴിക്കുന്നതും ഫലപ്രദമാണ്.
താരൻ നിയന്ത്രിക്കാൻ എന്തു ചെയ്യണം?
ശിരോചർമത്തിലെ ഫംഗസ് ബാധയാണ് താരൻ. വരണ്ട കാലാവസ്ഥ, തലയോട്ടിയുടെ ശുചിത്വമില്ലായ്മ, രാസപദാർഥങ്ങളുടെ അമിതോപയോഗം മൂലം തലയോട്ടിയിലെ ചർമം വരണ്ടതാകുക, ശിരോചർമത്തിൽ കൂടുതൽ സെബം ഉത്പാദിപ്പിക്കപ്പെടുക എന്നിവ താരനു കാരണമാകും. ഇളം ചൂടുള്ള എണ്ണകൊണ്ടു നിത്യവും മസാജ് ചെയ്യുന്നതു താരൻ കുറയ്ക്കും. എണ്ണ നേരിട്ടു ചൂടാക്കുകയല്ല വേണ്ടത്. ഒരു പാത്രമോ സ്പൂണോ ചൂടാക്കിയതിലേക്ക് എണ്ണയൊഴിക്കുക. അതിലൂടെ ലഭിക്കുന്ന ചൂട് മതിയാകും.
ചീവയ്ക്കാ പൊടിയോ താളിയോ ഉപയോഗിച്ചു ശിരോചർമം വൃത്തിയാക്കാം. വീര്യം കുറഞ്ഞ ഷാംപൂവും ഉപയോഗിക്കാം. തേങ്ങാപ്പാലും ചെറുനാരങ്ങയുടെ നീരും ചേർത്ത മിശ്രിതം തലയിൽ തേച്ചു പിടിപ്പിച്ച് 20 മിനിറ്റിനു ശേഷം കുളിക്കുന്നതു താരൻ കുറയ്ക്കും. ആന്റി ഡാൻഡ്രഫ് ഷാംപൂ ഉപയോഗിക്കുന്നതു താരൻ നിയന്ത്രിക്കും. താരൻ വർധിച്ച അളവിലെങ്കിൽ ചർമരോഗ വിദഗ്ധനെ കാണാൻ മടിക്കരുത്. മെഡിക്കേറ്റഡ് ഷാംപൂവും മരുന്നുകളും വേണ്ടി വരാം.
ആയുർവേദത്തിൽ താരനെ നേരിടാൻ പരിഹാരമാർഗങ്ങളുണ്ട്. ദന്തപാല കേരതൈലം, ധുർദ്ധൂര പത്രാദി കേര തൈലം എന്നിവയും ബ്രഹ്മരസായനം പോലുള്ള മരുന്നുകളും വൈദ്യനിർദേശപ്രകാരം ഉപയോഗിക്കാം.
രോഗങ്ങൾ മുടി കൊഴിച്ചിലുണ്ടാക്കുമോ?
രോഗാവസ്ഥകളിൽ മുടികൊഴിച്ചിലുണ്ടാകും. ആരോഗ്യക്കുറവ് മുടിയേയും ബാധിക്കും. സാധാരണ നിലയിലുള്ള രോഗാവസ്ഥകളിൽ അവ ഭേദമാകുമ്പോൾ മുടികൊഴിച്ചിലും മാറും. പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ്, തൈറോയ്ഡ് എന്നീ രോഗങ്ങളിൽ മുടി കൊഴിച്ചിൽ പ്രധാന ലക്ഷണമാണ്. ഈ രോഗങ്ങളുണ്ടെങ്കിൽ സ്ഥിരമായി ചികിത്സ വേണ്ടതും ജീവിതശൈലി ക്രമീകരിച്ചു നിയന്ത്രിക്കേണ്ടതുമാണ്. തലയിൽ പല ഭാഗത്തു നിന്നായി മുടി കൊഴിയുക, ഏതെങ്കിലും ഭാഗത്തു നിന്നു വട്ടത്തിൽ മുടി കൊഴിയുക എന്നിവ ഡിഫ്യൂസ് അലോപേഷ്യ, അലോപേഷ്യ ഏരിയെറ്റ എന്നീ രോഗാവസ്ഥ കാരണമാകാം.
മുടിക്കു വേണം നല്ല ഭക്ഷണം
മുടിയുടെ ആരോഗ്യകരമായ വളർച്ചാ കാലഘട്ടം രണ്ടു മുതൽ ഏഴു വരെ വർഷങ്ങളാണ്. ചിട്ടയായ ജീവിതരീതി, ഭക്ഷണം എന്നിവയിലൂടെ ഈ വളർച്ചാ കാലഘട്ടം കുറയാതെ കാക്കാനാകും. മുടിയുടെ ആരോഗ്യത്തിനു നല്ല ഭക്ഷണം തന്നെയാണ് ഏറ്റവും പ്രധാനം. മുടിയുടെ സ്വാഭാവിക വളർച്ചയ്ക്ക് പ്രോട്ടീൻ, ബയോട്ടിൻ, അയൺ, വൈറ്റമിൻ സി എന്നിവ പ്രധാനമാണ്.
മുട്ട, പാൽ, പനീർ, തൈര്, ചീസ് പോലുള്ളവയിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്. സമൃദ്ധമായ മുടിക്കു ദൈനംദിന ഭക്ഷണത്തിൽ പ്രോട്ടീന്റെ അളവ് വർധിപ്പിക്കുക. പയർ, കോളിഫ്ലവർ, കാരറ്റ്, ബദാം എന്നിവയിൽ ബ യോട്ടിൻ അടങ്ങിയിട്ടുണ്ട്. പച്ചിലക്കറികൾ, പേരയ്ക്ക, മാംസം എന്നിവയിൽ ഇരുമ്പ് ധാരാളമായുണ്ട്. പുളിരസമുള്ള പഴങ്ങൾ, കാപ്സിക്കം, നാരങ്ങാവെള്ളം എന്നിവ വൈറ്റമിൻ സി ലഭിക്കുന്നതിനായി കഴിക്കാം. സിങ്ക് രോമകൂപങ്ങളെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു.
പിസിഒഡി, തൈറോയ്ഡ് എന്നീ രോഗാവസ്ഥകളെ നേരിടാൻ മരുന്നിനൊപ്പം ജീവിതശൈലി ക്രമീകരണവും വേണം. ഇത്തരം സാഹചര്യങ്ങളിൽ ഡോക്ടറുടെ നിർദേശം കൃത്യമായി പാലിക്കുന്നതിലൂടെ രോഗത്തെയും ലക്ഷണമായി വരുന്ന മുടികൊഴിച്ചിലിനെയും നേരിടാം.
മുടിക്കായ മാറ്റാൻ സാധിക്കുമോ?
മുടിയിൽ മണൽത്തരി പറ്റിപ്പിടിച്ചതുപോലെ അനുഭവപ്പെടുന്ന ഫംഗസ് ബാധയാണു മുടിക്കായ. ചൂടും വിയർപ്പും കൂടുന്ന കാലാവസ്ഥയിൽ ഇതു വർധിക്കാം. മുടിക്കായ ഉള്ള ഭാഗത്തു നിന്നു മുടി പൊട്ടിപോകും.
മുടിയിൽ ആവശ്യത്തിലധികം എണ്ണമയം നിലനിൽക്കുന്നത് അഴുക്കും നനവും പിടിച്ചു നിർത്തും. ഇതു മുടിക്കായയ്ക്കു കാരണമാകും. നനഞ്ഞ മുടി കെട്ടി വയ്ക്കുന്നതും മുടിക്കായയ്ക്കു കാരണമാണ്. ഡോക്ടറുടെ നിർദേശപ്രകാരം ആന്റിഫംഗൽ മരുന്നുകളും ഷാംപൂവും ഉപയോഗിച്ച് ഇതിനെ നേരിടാം.