അല്ല... സിഗരറ്റു വലിയും തുടങ്ങിയോ? നീ യീ സ്ലീവ്‌ലെസ് ഡ്രസ്സ് ഇട്ടാൽ കക്ഷത്തിലെ കരുവാളിപ്പ് എടുത്തു കാണില്ലേ? ദേ, കണ്ണ് നോക്കിക്കേ.. ആരോ നല്ല ഇടി ഇടിച്ചല്ലേ?. കരുവാളിപ്പിനെ മെരുക്കാത്തതുമൂലം ഇത്തരം പല ചോദ്യങ്ങളും നേരിടേണ്ടി വന്നേക്കാം. ഇനി ഏതായാലും അതു വേണ്ടി വരില്ല. ശരീരത്തിൽ അവിടവിടെ പ്രത്യക്ഷപ്പെടുന്ന കരുവാളിപ്പിനോടു പറയാം ബൈ ബൈ...
കണ്ണുകൾക്കിനി പുത്തനുണർവ്
പല കാരണങ്ങൾ കൊണ്ടു കൺതടങ്ങളിൽ കറുപ്പുനിറം വരാം. ഉറക്കക്കുറവ്, രക്തക്കുറവ്, കൂടുതൽ വെയിൽ ഏ ൽക്കുക, ഏറെ നേരമുള്ള ഫോൺ / കംപ്യൂട്ടർ ഉപയോഗം മൂലമുള്ള സ്ട്രെയ്ൻ, മേക്കപ്പ് വസ്തുക്കളുടെ അലർജി... എന്നിവ അതിൽ ചിലതാണ്. കണ്ണിനടിയിലെ കറുപ്പു നിറം മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില സൗന്ദര്യ സംരക്ഷണ രീതികൾ നോക്കാം.
∙ ഒരു വലിയ സ്പൂൺ ജമന്തിപ്പൂവു വെയിലത്തു വച്ച് ഉ ണക്കിപ്പൊടിച്ചതും അതു കുതിരാനുള്ള ആൽമണ്ട് ഓയിലും ചേർത്തു കുഴച്ചു കൺതടത്തിൽ പുരട്ടി അഞ്ചു മിനിറ്റു നേരം വളരെ മൃദുവായി മസാജ് ചെയ്യുക. (കണ്ണിൽ മസാജ് ചെയ്യുമ്പോൾ ഒരിക്കലും അമർത്തി ചെയ്യരുത്. കൺതടത്തിലെ ചർമത്തിൽ എളുപ്പത്തിൽ ചുളിവുകൾ വീഴും.) അഞ്ചു മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ആഴ്ചയിൽ 3–4 തവണ ചെയ്യുക.
∙ കരിക്കിന്റെ കാമ്പ് അരച്ചു കുഴമ്പു പരുവത്തിലാക്കി ക ണ്ണിനു മുകളിലിട്ടു 10 മിനിറ്റു നേരം കഴിഞ്ഞു കഴുകാം. ദിവസവും ചെയ്യാൻ പറ്റിയാൽ അത്രയും നല്ലത്.
∙ 5–8 തുള്ളി ആൽമണ്ട് ഓയിലും ഒരു വലിയ സ്പൂൺ വെള്ളരിക്കാ നീരും നന്നായി കൂട്ടിക്കലർത്തി കണ്ണിനു ചുറ്റും പുരട്ടാം. വെള്ളരിക്ക കട്ടിയിൽ വട്ടത്തിലരിഞ്ഞു ഫ്രിജിൽ വച്ചിട്ടു ദിവസവും രാവിലെ പത്തു മിനിറ്റു കണ്ണിൽ വച്ചാൽ കണ്‍തടത്തിലെ കറുപ്പു കുറയും. ഉറങ്ങി എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്ന കൺവീക്കവും മാറും.
പുറത്തിറങ്ങുമ്പോൾ കുട ചൂടുക. വെയിലത്തു വണ്ടി ഉപയോഗിക്കുമ്പോൾ കൂളിങ് ഗ്ലാസ് വയ്ക്കുക, കംപ്യൂട്ടറിലും മറ്റും ദീർഘനേരം ജോലി ചെയ്യേണ്ടി വരുന്നവർ ആ ന്റി–ഗ്ലെയർ സ്ക്രീൻ ഗാർഡുകൾ/ കണ്ണടകൾ ധരിക്കുന്നതാണ് ഉചിതം. ഇതൊക്കെ ചെയ്താലും ആവശ്യത്തിനു ഉറക്കം കിട്ടിയില്ലെങ്കിൽ കറുപ്പു നിറം നിൽക്കും.
ചുണ്ടുകൾ കലകളില്ലാതെ
സൗന്ദര്യകാര്യത്തിൽ എല്ലാം ശ്രദ്ധിച്ചിട്ടും ചുണ്ടുകൾ കറുത്തിരുന്നാൽ അത് എടുത്തു കാണിക്കും. ചുണ്ടുകൾക്കു കറുപ്പു നിറം വരാനും നിറം മങ്ങാനും പല കാരണങ്ങളുണ്ട്. പുകവലി, നിലവാരമില്ലാത്ത ലിപ്സ്റ്റിക്, അമിതമായ കാപ്പി/ചായ ഉപയോഗം, അമിതമായ സൂര്യപ്രകാശം ഏൽക്കൽ, മരുന്നുകളുടെ പാർശ്വഫലം തുടങ്ങി പലതും.
ചുണ്ടുകളുടെ നിറം വീണ്ടെടുക്കാനുള്ള ചില മാർഗങ്ങൾ നോക്കാം.
∙ ഒരു വൈറ്റമിൻ ഇ ക്യാപ്സ്യൂൾ പൊട്ടിച്ച് ഓയിൽ ചുണ്ടിലിടാം. ഒരു മണിക്കൂർ വയ്ക്കാൻ സാധിച്ചാൽ അത്രയും നല്ലത്. ശേഷം വെള്ളത്തിൽ മുക്കിയ പഞ്ഞി കൊണ്ടു തുടച്ചു നീക്കാം.
∙ ഒരു റോസാപ്പൂവിന്റെ ഇതളുകളും മൂന്നു തുള്ളി ഗ്ലിസറിനും ചേർത്തരച്ചു ചുണ്ടിൽ പായ്ക്ക് ഇട്ടു 15–20 മിനിറ്റു കഴിഞ്ഞു കഴുകി കളയാം. ദിവസവും ചെയ്താൽ നല്ലത്.
∙ ഒരു ചെറിയ സ്പൂൺ കാപ്പിപ്പൊടിയും അതു കുതിരാനുള്ള തേനും ചേർത്തു ചുണ്ടിൽ തേച്ചു സ്ക്രബ് ചെയ്യുന്നതു മൃതകോശങ്ങളെ അകറ്റി ചുണ്ടുകൾക്കു തിളക്കം വർധിപ്പിക്കും. ആഴ്ചയിൽ 2–3 തവണ ചെയ്യാം.
∙ ലിപ് ബാമുകൾക്കു പകരം പശുവിന്‍ നെയ്യു പുരട്ടുന്നതും നല്ലതാണ്.
നെറ്റിത്തടം തെളിമയോടെ
ഇരുണ്ടിരിക്കുന്ന നെറ്റിക്കു പിന്നിൽ പല കാരണങ്ങൾ ഉ ണ്ട്. അതിൽ മുന്നിൽ നിൽക്കുന്നതാണ് സൺ ടാൻ. തലവേദനയ്ക്കുള്ള ബാമുകളുടെ അമിതോപയോഗം, ഹെയർഡൈ, താരൻ എന്നിവ കാരണവും നെറ്റി ഇരുണ്ടു പോകാറുണ്ട്. എളുപ്പത്തിൽ നോട്ടമെത്താതിരിക്കാൻ പലരും മുടി വെട്ടിയിട്ടും മറ്റുമാണു നെറ്റിയിലെ കരുവാളിപ്പു മറയ്ക്കുന്നത്. നെറ്റിയിലെ കരുവാളിപ്പകറ്റാൻ വീട്ടിൽ ചെയ്യാവുന്ന ചില പരിഹാരമാർഗങ്ങൾ നോക്കാം.
∙ ഒരു തണ്ടിന്റെ പകുതി കറ്റാർ വാഴയുടെ ജെൽ നന്നായി അരച്ചതും ഒരു മുട്ടയുടെ വെള്ളയും ചേർത്ത മിശ്രിതം നെറ്റിയിലിടാം. 20–30 മിനിറ്റു കഴിഞ്ഞു തണുത്ത വെള്ളം കൊണ്ടു കഴുകാം. കരുവാളിപ്പും മാറുന്നതിനൊപ്പം നെറ്റിയിലെ ചുളിവുകളും കുറയും. ആഴ്ചയിൽ 3–4 തവണ ചെയ്യുക.
∙ ബദാം എണ്ണ, ലാവെൻഡർ ഓയിൽ ഇവ തുല്യമായെടുത്തു നന്നായി യോജിപ്പിച്ച് അതുകൊണ്ടു നെറ്റി മസാജ് ചെയ്യുക. അര മണിക്കൂർ കഴിയുമ്പോൾ ആദ്യം ഇളം ചൂടുവെള്ളത്തിലും പിന്നീടു തണുത്ത വെള്ളത്തിലും കഴുകാം. ഇ ത് ഒന്നിടവിട്ട ദിവസങ്ങളിൽ ചെയ്യാം.
∙ പപ്പായയുടെ പൾപ്പിൽ (ഒരു വലിയ സ്പൂൺ) അൽപം തേൻ ചേർത്തു കുഴച്ചു കുഴമ്പു പരുവത്തിലാക്കി നെറ്റിയി ൽ പുരട്ടി വയ്ക്കാം. 10–15 മിനിറ്റിൽ കഴുകാം. ആഴ്ചയിൽ 4–5 തവണ ചെയ്താൽ പ്രകടമായ വ്യത്യാസം വരും.
∙ സൂര്യപ്രകാശം മൂലമുള്ള കരുവാളിപ്പു മാറാൻ ഒരു വലിയ സ്പൂൺ കട്ടത്തൈരും കസ്തൂരി മഞ്ഞൾപ്പൊടിയും യോജിപ്പിച്ചു പുരട്ടാം. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകാം.
കൈമുട്ടുകൾ ഇനി മറയ്ക്കണ്ട
പലപ്പോഴും നമ്മൾ കൈകൾ അമർത്തി വച്ചാണ് ഇരിക്കാറ്. ഇതുണ്ടാക്കുന്ന ഉരസൽ കൈമുട്ടുകൾ കറുക്കാനുള്ള ഒരു കാരണമാണ്. മൃതചർമം ധാരാളമായി അടിഞ്ഞു കൂടുന്നതുമൂലവും ഗർഭാവസ്ഥയിലും പ്രസവാനന്തരവും ഒക്കെ കൈമുട്ടുകൾ കറുക്കുന്നതു കാണാറുണ്ട്. അമിതമായി വെയിലു കൊണ്ടാലും ഇതുണ്ടാകും.
∙ 10 തുള്ളി ബദാം എണ്ണ, ഒരു വലിയ സ്പൂൺ നാരങ്ങാ നീര്, ഒരു ചെറിയ സ്പൂൺ പഞ്ചസാര, എന്നിവ ചേർത്തു (പഞ്ചസാര അലിഞ്ഞു പോകാതെ) ഒന്നു ചെറുതായി ചേർത്തിളക്കി അതുകൊണ്ട് അഞ്ചു മിനിറ്റ് കൈമുട്ടുകൾ സ്ക്രബ് ചെയ്യുന്നതു മൃതകോശങ്ങളെ അകറ്റും.
ശേഷം തണുത്ത വെള്ളം കൊണ്ടു കഴുകാം. എന്നിട്ട് തൈരും കടലമാവും ചേർത്ത പായ്ക്കിട്ട് 15 മിനിറ്റോളം വ യ്ക്കാം. ഇത് ആഴ്ചയിൽ മൂന്നു തവണ ചെയ്യാം.
∙ ബദാം എണ്ണയിൽ രണ്ട് മൂന്ന് തുള്ളി ലാവെൻഡർ ഓ യിൽ ചേർത്തു ദിവസവും കുളിക്കാൻ പോകും മുൻപ് അൽപനേരം കൈമുട്ടുകളിൽ മസാജ് ചെയ്തിട്ടു കുളിക്കുന്നത് കൈമുട്ടിലെ കരുവാളിപ്പകറ്റാൻ സഹായിക്കും.
∙ രണ്ട് വലിയ സ്പൂൺ പയർ പൊടിയും അതു കുതിരാനുള്ളത്ര നാരങ്ങ നീരും ചേർത്ത് അഞ്ചു മിനിറ്റോളം ഉരസിയ ശേഷം അഞ്ചു മിനിറ്റു കൂടി കഴിഞ്ഞു തണുത്ത വെള്ളത്തിൽ കഴുകാം.
മുഖത്തിനു കണ്ണാടിത്തെളിച്ചം
മുഖത്ത് കരുവാളിപ്പ് ഉണ്ടാകാന്‍ കാരണങ്ങൾ പലതാണ്. അസുഖങ്ങളുടെ ഭാഗമായോ മരുന്നുകളുടെ പാർശ്വഫലമായോ ഇതുണ്ടാകാം. മുഖക്കുരു/ മുറിവുകൾ എന്നിവയുടെ അവശേഷിപ്പ്, മുഖത്തെ രോമം എടുത്തു മാറ്റിയതുമൂലം, മെലാനിന്റെ അമിതോൽപ്പാദനം, ഹോർമോൺ വ്യതിയാനങ്ങൾ ഇവയും കരുവാളിപ്പ് ഉണ്ടാകാനുള്ള കാരണങ്ങളിൽ ചിലതാണ്. ഇതിനു പൊതുവായി നിർദേശിക്കാവുന്ന പരിഹാരമാർഗങ്ങൾ അറിയാം.
∙ ചെമ്പരത്തിപ്പൂവു തണലത്തു വച്ച് ഉണക്കിയത് ഒരു വലിയസ്പൂൺ, തുല്യ അളവ് ഓട്ട്സും ചേർത്തു പൊടിച്ച് അതിൽ അൽപം തൈരോ കറ്റാർ വാഴയുടെ ജെല്ലോ ചേർത്തു പായ്ക്ക് ആക്കി മുഖത്തിടാം. ആഴ്ചയിൽ നാലഞ്ചു തവണ ചെയ്യുക.
∙ ഒരു വലിയ സ്പൂൺ പഞ്ചസാരയും 10 തുള്ളി നാരങ്ങാ നീരും രണ്ടു തുള്ളി ലാവെൻഡർ ഓയിലും ചേർത്തുമുഖം നന്നായി സ്ക്രബ് ചെയ്തു മൃതകോശങ്ങൾ അകറ്റിയ ശേഷം തണുത്ത വെള്ളം കൊണ്ടു മുഖം കഴുകാം. വെള്ളം മുഴുവൻ ഒപ്പി കളഞ്ഞ ശേഷം പായ്ക്കിടാം.
പായ്ക്കിന്: ഒരു വലിയ സ്പൂൺ കടലമാവും അൽപം തൈരും ചേർത്ത മിശ്രിതം അല്ലെങ്കിൽ പകുതി ബട്ടർ ഫ്രൂട്ടിന്റെ പൾപ്പ് നന്നായി ഉടച്ചെടുത്തത്. അതുമല്ലെങ്കിൽ ഒരു തണ്ടിന്റെ പകുതി കറ്റാർവാഴ ജെൽ നന്നായി ഉടച്ചതും ഒരു മുട്ടയുടെ വെള്ളയും. ഇതിലേതെങ്കിലും 15 മിനിറ്റ് മുഖത്തു വച്ച ശേഷം ആദ്യം ഇളംചൂടു വെള്ളത്തിലും പിന്നീട് തണുത്ത വെള്ളത്തിലും മുഖം കഴുകുക. ആഴ്ചയിൽ 2– 3 തവണ ചെയ്യുക.
∙ ഒരു കപ്പ് വെള്ളത്തിൽ ഒരു നാരങ്ങ പിഴിഞ്ഞൊഴിച്ച് അ തുകൊണ്ടു ദിവസവും ഒരു തവണ മുഖം കഴുകാം.
സ്ലീവ്‌ലെസ് ഇനി മാറ്റി വയ്ക്കണ്ട
ഷേവിങ്, ഡിയോഡറന്റ് ഉപയോഗം, പിഗ്‌മെന്റേഷൻ, പ്രമേഹം എന്നിവ കക്ഷം കറുക്കാനുള്ള കാരണങ്ങളായി പറയാറുണ്ട്. പലരും സ്ലീവ്‌ലെസ്/ ഓഫ് ഷോൾഡർ ഉടുപ്പുകളും ഇടാതെ മാറ്റി വയ്ക്കുന്നതും, ഷ്രഗ്ഗിനൊപ്പം മാത്രമിടുന്നതും, സ്റ്റോളിട്ട് മറച്ചിടുന്നതും കക്ഷം കറുത്തിരിക്കുന്ന പ്രശ്നം കൊണ്ടാണ്. പരിഹാരമാർഗങ്ങൾ നോക്കാം.
∙ ഇടത്തരം ഉരുളക്കിഴങ്ങിന്റെ നീരെടുത്ത് 10–15 മിനിറ്റ് നേ രം കക്ഷത്തിൽ പുരട്ടി തണുത്ത വെള്ളത്തിൽ കഴുകുക. ര ണ്ടു ദിവസം ഇടവിട്ട് ചെയ്യുക.
∙ ആപ്പിൾ സിഡാർ വിനീഗർ ഒരു ചെറിയ സ്പൂൺ, ഒരു ചെറിയ സ്പൂൺ വെള്ളം ഒരു നുള്ള് ബേക്കിങ് സോഡ എ ന്നിവ നന്നായി കലർത്തി കക്ഷത്തിൽ പുരട്ടി അഞ്ചു മിനിറ്റ് കഴിഞ്ഞു കഴുകി കളയുക.
സെൻസിറ്റീവ് ചർമക്കാർ കൈത്തണ്ടയിൽ പരിശോധിച്ചു കുഴപ്പമില്ലെന്ന് ഉറപ്പു വരുത്തി ഉപയോഗിക്കുക. ആഴ്ചയിൽ മൂന്നു തവണ ചെയ്യാം.
വിവരങ്ങൾക്ക് കടപ്പാട്: ഡെന്നിസ് ബാബു, എക്സെൽ ബ്യൂട്ടി പാർലർ, തൃപ്പൂണിത്തുറ