Wednesday 18 December 2024 03:00 PM IST : By സ്വന്തം ലേഖകൻ

‘ഇന്നലെ ഇട്ട ബ്ലൗസ് ഇന്ന് ഇടാൻ പറ്റുന്നില്ല, ശരീരഭാരമാണെങ്കിൽ കൂടിയിട്ടുമില്ല’: ഈ സൂചനകൾ പറയുന്നത്.

women-obese

അനാരോഗ്യത്തിന്റെ സൂചനകളായി ചില ശാരീരിക മാറ്റങ്ങളുണ്ട്. അവ തിരിച്ചറിഞ്ഞു പരിഹരിക്കേണ്ടത് പ്രധാനമാണ്.

∙ കുടവയറും അമിതവണ്ണവും

കുടവയർ, അനാരോഗ്യത്തിന്റെ അടയാളമാണ്. പൊക്കിളിനു ചുറ്റും ടേപ്പു കൊണ്ട് അളന്നുനോക്കൂ. പുരുഷന്മാരിൽ 102 സെന്റിമീറ്ററി ൽ കൂടുതലും സ്ത്രീകളിൽ 88 സെന്റിമീറ്ററിൽ കൂടുതലുമാണെങ്കിൽ ലക്ഷണം അത്ര നന്നല്ല. വയറിനു ചുറ്റും കൊഴുപ്പടിയുന്നത് ചില ഹോർമോണുകളുടെ ഉൽപാദനം കൂട്ടും. ഈ ഹോർമോണുകൾ രക്തക്കുഴലിൽ നീർവീക്കത്തിനു കാരണമാകും. മെറ്റബോളിക് സിൻഡ്രം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ഹോർമോൺ സംബന്ധമായ രോഗങ്ങൾ തുടങ്ങി നടുവേദന, വിഷാദം എന്നിവയ്ക്കു വരെ കാരണമാകാം. വയർ മാത്രമായി കുറയ്ക്കാൻ മാജിക്കൊന്നുമില്ല. ആഹാരക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും ശരീരഭാരം കുറയ്ക്കുക, കുടവയറും ആ കൂടെ കുറയും.

അമിതവണ്ണവും പ്രശ്നമാണ്. 30 ദിവസത്തിനുള്ളിൽ മൂന്നു കിലോയിൽ കൂടുന്നത് നല്ല സൂചനയല്ല. ബോഡി മാസ് ഇൻഡക്സ് വർധിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ അസുഖലക്ഷണങ്ങൾ കണ്ടുതുടങ്ങാം. കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ കുറയ്ക്കുകയും പതിവായി 30–40 മിനിറ്റ് വ്യായാമം ചെയ്യുകയും ചെയ്താൽ അമിതവണ്ണം കുറയ്ക്കാം. ഭക്ഷണം കുറച്ചിട്ടും വണ്ണം കുറയാതെ വന്നാൽ തൈറോയ്ഡ് പോലുള്ള എന്തെങ്കിലും രോഗമുണ്ടോ എന്നു പരിശോധിക്കണം. പെട്ടെന്നു വണ്ണം കുറയുന്നതും അപകടസൂചനയാണ്.

∙ നീർവീക്കം

ഇന്നലെ ഇട്ട ബ്ലൗസ് ഇന്ന് ഇടാൻ പറ്റുന്നില്ല എന്നു ചിലർ പറയുന്നതു കേട്ടിട്ടുണ്ട്. പക്ഷേ, ശരീരഭാരം കൂടിയിട്ടുണ്ടാകില്ല. ഈ നീർവീക്കത്തിന്റെ ഒരു പ്രധാനകാരണം ശരീരത്തിലെ വാട്ടർ–ഇലക്ട്രോലൈറ്റ് സന്തുലനം നഷ്ടമാകുന്നതാണ്. കരൾ, വൃക്ക പോലെ ആന്തരാവയവങ്ങളുടെ രോഗം മൂലവും ശരീരത്തിൽ നീരുകെട്ടാം. അന്തസ്രാവി ഗ്രന്ഥികളുടെ പ്രവർത്തനം മന്ദീഭവിച്ചാലും ഇതേ പ്രശ്നം വരാം. ഉടൻ ചികിത്സ തേടണം.

∙ കൂർക്കംവലി

കൂർക്കംവലി സ്ലീപ് അപ്നിയ എന്ന ഉറക്കപ്രശ്നത്തിന്റെ സൂചനയാണ്. ഇത് ഒാക്സിജൻ ലഭിക്കുന്നതിലും ശ്വാസഗതി നിയന്ത്രിക്കുന്നതിലും വരുന്ന ഗുരുതരമായ വ്യത്യാസം സൂചിപ്പിക്കുന്നു. സാധാരണഗതിയിൽ വണ്ണം കൂടിയവരിലാണ് കൂർക്കംവലി കണ്ടുവരുന്നത്. തൊണ്ടയിൈ പേശികളുടെ ബലഹീനത മൂലവും കൂർക്കംവലി വരാം. പെട്ടെന്നുള്ള മരണത്തിനു വരെ കാരണമാകുന്ന ഒന്നായതിനാൽ കൂർക്കംവലി നിസ്സാരമാക്കരുത്. തുടക്കത്തിേല തന്നെ ഒരു ഡോക്ടറെ കണ്ട് കാരണം കണ്ടെത്തി പരിഹരിക്കണം.

∙ കിതപ്പും ക്ഷീണവും

ഹൃദ്രോഗത്തിന്റെയും ശ്വാസകോശ രോഗങ്ങളുടെയും ആദ്യ ലക്ഷണങ്ങളിലൊന്നാണ് കിതപ്പ്. രക്തത്തിലെ ഹീമോഗ്ലോബിൻ കുറയുന്നതും കിതപ്പിനും ക്ഷീണത്തിനും കാരണമാകാം. നേരത്തെ ചെയ്തുകൊണ്ടിരുന്ന ജോലി ചെയ്യാൻ വല്ലാത്ത പ്രയാസം വരുന്നെങ്കിൽ ഡോക്ടറെ കണ്ടു പരിശോധന നടത്തണം. ഹോർമോണുകളുടെ ഉൽപാദനത്തിൽ ക്രമക്കേട് വന്നാലും ഒന്നിനും ഉന്മേഷവും ഉത്സാഹവും ഇല്ലാതെ വരാം. ക്ഷീണം തന്നെ രോഗമാകുന്ന അവസ്ഥയുമുണ്ട്. ക്രോണിക് ഫറ്റീഗ് സിൻഡ്രം. ക്ഷീണം നീണ്ടുനിന്നാലോ ദൈനംദിന പ്രവർത്തികൾക്കു പറ്റാതെ വന്നാലോ മടിക്കാതെ ഡോക്ടറെ കണ്ടോളൂ.

കടപ്പാട്: മനോരമ ആരോഗ്യം റിസർച്ച് ഡെസ്ക്