Thursday 08 August 2024 04:13 PM IST : By സ്വന്തം ലേഖകൻ

‘പുരികത്തിന്റെ കട്ടി കൂട്ടിയും കുറച്ചും ഷേപ്പാക്കാം, നിറം സ്കിൻ ടോണിനു ഇണങ്ങും വിധം’; മൈക്രോ ബ്ലേഡിങ്ങിനെ കുറിച്ച് അറിയേണ്ടതെല്ലാം...

shutterstock_587093744

മാൻമിഴികളിലോ, റോസാപൂവിതൾ ചുണ്ടുകളിലോ അല്ല സൗന്ദര്യം ഒളിച്ചിരിക്കുന്നത്. പിന്നെയോ? അതു പുരികങ്ങളിലാണ്. അറിയില്ലെങ്കിൽ ഇതാ അറിഞ്ഞോളൂ, മുഖത്തിന്റെ ആകൃതിയെയും രൂപത്തെയും ബാലൻസ് ചെയ്ത് സൗന്ദര്യത്തിനു തിളക്കം കൂട്ടുന്ന പ്രധാന ഘടകമാണ് നമ്മുടെ പുരികകൊടികൾ.

ഇതൊക്കെയാണെങ്കിലും പുരികത്തിന് ആവശ്യത്തിന് കട്ടിയോ ഷേപ്പോ ഇല്ലാത്തതുകൊണ്ട് വിഷമിക്കുന്നവരല്ലേ ഏറെപ്പേരും. ഐബ്രോ പെൻസിലിന്റെ സഹായത്തോടെ പുരികത്തിന്റെ ഭംഗി വർധിപ്പിക്കുന്നവർ. എന്നാൽ ആഗ്രഹിക്കുന്ന ആകൃതിയിൽ പുരികങ്ങൾ നട്ടു പിടിപ്പിക്കാൻ മാത്രമല്ല, ശരിയായ പരിചരണം കൊടുത്ത് പുരികത്തിന്റെ ആകർഷണീയത കൂട്ടാൻ വരെ ഇപ്പോൾ ഒട്ടേറെ വഴികളുണ്ട്.

മൈക്രോ ബ്ലേഡിങ്

കട്ടി കുറഞ്ഞ പുരികങ്ങൾ, ഷേപ്പില്ലാത്ത പുരികങ്ങൾ, കണ്ണിനോട് അടുത്ത് ഇറങ്ങി നിൽക്കുന്ന പുരികങ്ങൾ, ഒട്ടും പുരികമില്ലാത്തവർ എന്നിവർക്കെല്ലാം മൈക്രോ ബ്ലേഡിങ് പരീക്ഷിക്കാം. ഒന്നര മണിക്കൂർ മാത്രമാണ് ആവശ്യമായ സമയം.

ആദ്യഘട്ടത്തിൽ പുരികത്തെ കൃത്യമായ ഷേപ്പിൽ ത്രെഡ് ചെയ്ത് ഭംഗിയാക്കുകയാണ് ചെയ്യുക. ഇതിനു മുകളിലായി പുതിയ പുരികത്തിന്റെ സ്കെച് നൽകാം. ഇതിനു ശേഷമാണ് പ്രത്യേക മഷി ഉപയോഗിച്ച് കൃത്രിമ പുരികം ഫിൽ ചെയ്യുന്നത്.

മൈക്രോ ബ്ലേഡിങ് ചെയ്യുന്നതിനായി പ്രത്യേകം തയാറാക്കിയ ഉപകരണങ്ങൾ ഉപയോഗിച്ചു മാത്രമേ ഇതു ചെയ്യാവൂ. പ്രഫഷനൽ മേക്കപ് ആർട്ടിസ്റ്റിന്റെ സഹാത്തോടെ ഏറ്റവും ഹൈജീനിക് ആയി ഇതു ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം.

സ്കിൻ ടോണിന് ഇണങ്ങും നിറം

പുരികത്തിന്റെ നിറം എന്താണെന്ന് എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഏതാണെങ്കിലും ഓരോ വ്യക്തിയുടേയും സ്കിൻ ടോണിന് ഏറ്റവുമിണങ്ങുന്ന നിറങ്ങൾ വേണം മൈക്രോ ബ്ലേഡിങ്ങിന് തിരഞ്ഞെടുക്കാൻ. ബ്ലാക്, ബ്രൗൺ, ഡാർക്ക് ബ്രൗൺ, ലൈറ്റ് ബ്രൗൺ എന്നീ നിറങ്ങളാണ് മലയാളിയുടെ സ്കിൻ ടോണിന് ഇണങ്ങുന്ന നിറങ്ങൾ. എന്നാൽ പുതിയ ട്രെൻഡ് ഇഷ്ടപ്പെടുന്നവർക്ക് അറബിക് സ്‌റ്റൈൽ എന്ന് അറിയപ്പെടുന്ന ഗോൾഡൻ നിറം മിക്സ് ചെയ്തും പുരികങ്ങൾ   പുനർസൃഷ്ടിക്കാം.

കട്ടി കൂട്ടിയും കുറച്ചും

ഓരോ വ്യക്തിയുടെയും മുഖത്തിന് ഇണങ്ങുന്ന ഷേപ്പ് കൃത്യമായി കണ്ടെത്തിയ ശേഷമേ മൈക്രോ ബ്ലേഡിങ് ചെയ്യാറുള്ളൂ. ഇതിൽ തന്നെ പുരികങ്ങളുടെ കട്ടി (തിക്നെസ്സ്) കൃത്യമായി കണ്ടെത്തണം. വട്ടം, ഓവൽ, ചതുരം എന്നീ മുഖാകൃതി ഉള്ളവർക്ക്  കട്ടി കൂടിയ പുരികമായിരിക്കും ഭംഗി കൂട്ടുക. കട്ടി കുറഞ്ഞ് വില്ലു പോലെ വളഞ്ഞ പുരികമാണ് ചെറിയ മുഖമുള്ളവർക്കു ചേരുക.

മൈക്രോ ബ്ലേഡിങ് ഫിക്സ് ചെയ്യുന്നതിനു മുൻപു തന്നെ ഏതു ഷേപ്പാണ് ചെയ്യാൻ പോകുന്നതെന്ന കൃത്യമായ പ്ലാൻ മനസ്സിൽ ഉണ്ടാകണം. ജന്മനാ തന്നെ പുരികങ്ങൾക്കു കട്ടി കുറവാണെങ്കിലോ പൊഴിഞ്ഞു പോകുന്നുണ്ടെങ്കിലോ അതിനും പരിഹാരമായി മൈക്രോ ബ്ലേഡിങ് ചെയ്യാം. പൂർണമായി പുതിയ പുരികങ്ങളാക്കി മാറ്റുന്നതിന് പകരം പുരികങ്ങൾക്കിടയിൽ ഫില്ലറായും മൈക്രോ ബ്ലേഡിങ് ചെയ്യാം.

shutterstock_1440387785

പ്രായം പ്രധാനം   

പതിനെട്ട് വയസ്സ് കഴിഞ്ഞാൽ മൈക്രോ ബ്ലേഡിങ് ചെയ്യാം. പലർക്കും പല പ്രായത്തിലാകും പുരികങ്ങളുടെ സൗന്ദര്യം നഷ്ടപ്പെടുന്നത്. മധ്യവയസ്സിൽ പുരികങ്ങൾ കൊഴിഞ്ഞു പോകുന്നവരും ഏറെയാണ്. ഏതു പ്രായക്കാർക്കും ഒന്നര മണിക്കൂർ കൊണ്ട് മനോഹരങ്ങളായ പുരികങ്ങൾ സ്വന്തമാക്കാമെന്നതാണ് മൈക്രോ ബ്ലേഡിങ്ങിന്റെ പ്രത്യേകത.

സോപ്പ് വേണ്ട

മൈക്രോ ബ്ലേഡിങ് ചെയ്ത് ആദ്യത്തെ നാലു ദിവസം പുരികം സോപ്പോ, ഫെയ്സ് വാഷോ ഉപയോഗിച്ച് കഴുകരുത്. തണുത്ത വെള്ളത്തിൽ മാത്രം മുഖം കഴുകാം. നാലു ദിവസത്തിനു ശേഷം സാധാരണ രീതിയിൽ തന്നെ സൗന്ദര്യ സംരക്ഷണ മാർഗങ്ങളും സ്ഥിരമായി ഉപയോഗിക്കുന്ന സോപ്പോ, ഫെയ്സ് വാഷോ ഉപയോഗിക്കാം. മൈക്രോ ബ്ലേഡിങ് ചെയ്ത ആദ്യ ദിവസങ്ങളിൽ അൽപം കടുത്ത നിറത്തിലാണെങ്കിലും നാലു ദിവസത്തിനുള്ളിൽ പുരികങ്ങൾ മുഖത്തിനോട് ഇണങ്ങുന്ന രീതിയിൽ നാചുറലായി മാറും. നാലു ദിവസത്തിനു ശേഷം വെയിലേൽക്കുന്നതു കൊണ്ടോ സ്ക്രബ് ചെയ്യു ന്നതു കൊണ്ടോ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാകാറില്ല.

ക്രീം മറക്കരുത്  

മൈക്രോ ബ്ലേഡിങ് ചെയ്ത് ആദ്യ ദിവസങ്ങളിൽ സൗന്ദര്യ വർധക ക്രീമുകൾ പുരികങ്ങളിൽ പുരട്ടരുത്. ബ്യൂട്ടി കൺസൽറ്റന്റ് നൽകിയിട്ടുള്ള ക്രീമുകൾ മാത്രം കൃത്യമായ ഇടവേളകളിൽ പുരികങ്ങളിൽ നൽകാം. ആദ്യത്തെ നാലു ദിവസം മൂന്നു നാലു മണിക്കൂർ നേരത്തെ ഇടവേളകളിലും  പിന്നീട് രാവിലെയും വൈകുന്നേരവും ഇതു പുരട്ടണം. പുരികങ്ങൾ ഡ്രൈ ആ കാതെ ദീർഘനാളിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

ലോങ് ലാസ്റ്റിങ്

ഒരു തവണ മൈക്രോ ബ്ലേഡിങ് ചെയ്താൽ അതു ജീവിത കാലം മുഴുവൻ നിലനിൽക്കും. പത്തോ ഇരുപതോ വർഷം ക ഴിയുമ്പോൾ പുരികങ്ങളുടെ തിളക്കം കുറയുമെന്നതിനപ്പുറം വേറൊരു രീതിയിലുമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല. മങ്ങിയ നിറങ്ങൾക്കിടയിൽ ഫില്ലറുകൾ നൽകാനുള്ള ഓപ്ഷനും ഇതിനുണ്ട്. എല്ലാ സ്കിൻ ടൈപ്പുള്ളവർക്കും  ധൈര്യമായി  ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത .

ധൈര്യമായി മേക്കപ്പിടാം

മൈക്രോ ബ്ലേഡിങ് ചെയ്ത പുരികങ്ങൾക്കു മുകളിലും താഴെയുമായി ഉണ്ടാകുന്ന നാചുറൽ രോമങ്ങൾ കൃത്യമായ ഇടവേളകളിൽ ത്രെഡ് ചെയ്തു നീക്കണം. വളർന്നു വരുന്ന പുരികങ്ങൾ മുഖത്ത് അഭംഗിയാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാം.

കാഷ്വൽ മേക്കപ് അണിയുമ്പോൾ പുരികങ്ങൾക്ക് ഇനി പ്രത്യേക ശ്രദ്ധ വേണ്ട എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ ആഘോഷങ്ങൾക്കായി ഒരുങ്ങുമ്പോൾ പുരികങ്ങളിൽ ഷേഡുകൾ നൽകുന്നതു കൊണ്ടോ, ബ്രൈറ്റ്നസ് കൂട്ടുന്നതു കൊണ്ടോ പ്രശ്നമില്ല. മേക്കപ്പിന് ശേഷം പുരികങ്ങളുടെ മേക്കപ് റിമൂവർ ഉപയോഗിച്ച് വൃത്തിയാക്കാനും ഓർക്കുക.

വേദനയില്ല, അസ്വസ്ഥതയും

ത്വക്കിന്റെ ആഴങ്ങളിലേക്ക് ഇറങ്ങാതെ തൊലിപ്പുറത്തു മാത്രമാണ് മൈക്രോ ബ്ലേഡിങ് ചെയ്യുന്നത്. ആദ്യഘട്ടത്തിൽ ചെറിയ നീറ്റൽ അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ പിന്നീട് വേദനയോ അസ്വസ്ഥതയോ പൊതുവേ ഉണ്ടാകാറില്ല. കണ്ണിന്റെ അടുത്ത ഭാഗമാണെങ്കിലും മൈക്രോ ബ്ലേഡിങ്ങ് ചെയ്യുന്നതു കൊണ്ട് കണ്ണുകളിൽ അസ്വസ്ഥതയോ, ചൊറിച്ചിലോ മറ്റേതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങളോ വരില്ല.  സെൻസിറ്റീവ് ഭാഗമാണെങ്കിൽ കൂടി നീർക്കെട്ടിനുള്ള സാ ധ്യതയും മൈക്രോ ബ്ലേഡിങ്ങ് ചെയ്യുമ്പോഴില്ല. അണുവിമുക്തമായ ഉപകരണങ്ങളും ചുറ്റുപാടും ഉണ്ടാകണമെന്നതു മാത്രമാണ് ശ്രദ്ധിക്കേണ്ട കാര്യം.

വീട്ടിൽ ചെയ്യാം

∙ ഇടതൂർന്ന് വളരാൻ നിത്യവും കിടക്കും മുൻപ് ഓരോ തുള്ളി ആവണക്കെണ്ണ പുരികങ്ങളിൽ പുരട്ടാം.

∙ ഒലിവ് ഓയിൽ ചെറുചൂടോടെയെടുത്ത് പുരികങ്ങളിൽ മസാജ് ചെയ്യുക. പുരികം കൊഴിഞ്ഞു പോകുന്നത് തടയാൻ സഹായിക്കും.

∙ സവാളയുടെ നീര് രണ്ടോ മൂന്നോ തുള്ളിയെടുത്ത്  പഞ്ഞിയിൽ മുക്കി പുരികങ്ങളിൽ തടവാം. പുരികങ്ങൾ വേഗത്തിൽ വളരും.

∙ പുരികം കൊഴിയുന്നത് തടയാൻ തലേന്നാൾ വെള്ളത്തിലിട്ട ഉലുവ അരച്ച് പേസ്റ്റ് രൂപത്തിലാക്കി പുരിക ത്തിലിടാം. പത്തു മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം.  

 ∙ മുട്ട മഞ്ഞ പുരികത്തിൽ തേച്ചു പിടിപ്പിച്ച് അരമണിക്കൂർ കഴിയുമ്പോൾ കഴുകി കളയാം. പുരികം തിളങ്ങും.  

വിവരങ്ങൾക്കു കടപ്പാട്: ജീന, സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ്

Tags:
  • Glam Up
  • Beauty Tips