Thursday 14 April 2022 03:37 PM IST

‘ത്രെഡ് ചെയ്തശേഷം കറ്റാർവാഴ ‍ജെൽ പുരട്ടുന്നത് ചുവപ്പും തടിപ്പും മാറാൻ സഹായിക്കും’; പുരികക്കൊടികളും കൺപീലികളും വളരാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Ammu Joas

Sub Editor

ey5551

മുഖത്തിന്റെ ആകൃതി തീരുമാനിക്കുന്നതിൽ പുരികത്തിന് വലിയ പങ്കുണ്ട്. ത്രെഡ് ചെയ്യുമ്പോൾ വീതിയൽപം കുറഞ്ഞാലോ കൂടിയാലോ മുഖം തന്നെ മാറിയപോലെ തോന്നുന്നത് ഇതുകൊണ്ടാണ്.

അതേപോലെ തന്നെയാണ് കൺപീലികളുടെ കാര്യവും. കണ്ണുകൾ താമരമൊട്ടു പോലെ വിരിയാൻ പീലിയഴക് കൂടിയേ തീരൂ. പുരികവും കൺപീലികളും മോടി കൂട്ടി മുഖം സുന്ദരമാക്കാൻ വേണ്ടതെല്ലാം അറിഞ്ഞാലോ...

പുരികക്കൊടിയുടെ സംരക്ഷണം

∙ എല്ലാ ദിവസവും പുരികം ബ്രഷ് ചെയ്യണം. ഇതിനായി ഐ ബ്രോ ബ്രഷ് ഉപയോഗിക്കാം. രക്തയോട്ടം കൂടും, പുരികം നന്നായി വളരും. നിറവും ഭംഗിയും കൂടും.

∙ വീതി കുറഞ്ഞ പുരികക്കൊടികളല്ല, വീതിയുള്ള നാചുറൽ പുരികമാണ് നല്ലത്. വീട്ടിൽ തന്നെ പ്ലക്കർ ഉപയോഗിച്ച് പുരികത്തിന് ആകൃതി നൽകുന്നവർ ഇക്കാര്യം മറക്കരുത്. പാർലറിൽ പോയി ത്രെഡ് ചെയ്യുന്നതാണ് പുരികത്തിന് ആകൃതി നൽകാൻ നല്ല വഴി.

∙ത്രെഡ് ചെയ്തശേഷം കറ്റാർവാഴ ‍ജെൽ പുരട്ടുന്നത് ചുവപ്പും തടിപ്പും മാറാൻ സഹായിക്കും. പതിവായി കറ്റാർവാഴ ജെൽ പുരട്ടിയാൽ പുരികക്കൊടികൾക്ക് തിളക്കവും കിട്ടും.

∙ ചർമത്തിനു മാത്രമല്ല, പുരികത്തിനും സ്ക്രബ് വേണം. അഴുക്കും പൊടിയും അടിഞ്ഞിരുന്ന് കുരു ക്കളും മറ്റും വരാതിരിക്കാൻ ആഴ്ചയിൽ ഒരിക്കൽ സ്ക്രബ് പുരട്ടാം. ഒരു ചെറിയ സ്പൂൺ ഒലിവെണ്ണയും പഞ്ചസാരയും ചേർത്ത് പുരികത്തിൽ പുരട്ടി രണ്ടു മിനിറ്റ് മൃദുവായി മസാജ് ചെയ്തു കഴുകാം.

പുരികം നന്നായി വളരാൻ

∙ രാത്രി ഉറങ്ങും മുൻപ് അൽപം ആവണക്കെണ്ണ പുരട്ടിയശേഷം പുരികം ബ്രഷ് ചെയ്യുക.

∙ പുരികം വളരാൻ സഹായിക്കുന്ന സൾഫർ, സെലീനിയം, ബി വൈറ്റമിൻസ് എന്നിവ നിറഞ്ഞ സവാളനീര് പുരികത്തിൽ പുരട്ടി ഒരു മണിക്കൂറിനുശേഷം നാരങ്ങാനീരും വെള്ളവും സമം ചേർത്ത വെള്ളത്തിൽ മുക്കിയ പഞ്ഞിക്കഷണം കൊണ്ട് തുടച്ചെടുക്കാം. സവാളയുടെ ഗന്ധം അകറ്റാനാണ് നാരങ്ങാനീരുപയോഗിച്ച് തുടയ്ക്കുന്നത്.

∙ ഒലിവെണ്ണ വിരലിൽ തൊട്ടെടുത്ത് തിരുമ്മി ചൂടാക്കി  പുരികത്തിൽ മസാജ് ചെയ്യുന്നത് പുരികത്തിന് കട്ടി നൽകും.

ഐബ്രോ മേക്കപ് സുന്ദരമായി

∙ തലമുടിയേക്കാൾ ഒരു ഷേഡ് കുറഞ്ഞ ഐബ്രോ പെൻസിലുപയോഗിച്ച് പുരികം ഷേഡ് ചെയ്തെടുക്കാം.  

∙ ഐ ബ്രോ പെൻസിലുപയോഗിച്ച് അമർത്തി വരയ്ക്കുന്നത് പുരികം കൊഴിഞ്ഞുപോകാനിടയാക്കും. അല്ലെങ്കിൽ ഐ ബ്രോ പൗഡർ തിരഞ്ഞെടുക്കാം. പൗഡറിൽ മുക്കി മെല്ലെ ബ്രഷ് ചെയ്താൽ നാചുറൽ ലുക് സ്വന്തമാക്കാം.

∙ തുടക്കത്തിൽ ബ്രൗണ്‍ നിറം നൽകി കറുപ്പു നിറവുമായി ബ്ലെൻഡ് ചെയ്താണ് പുരികം സുന്ദരമാക്കേണ്ടത്. കട്ടിയിൽ വരച്ചെടുക്കുകയല്ല പകരം കട്ടി തോന്നും വിധം ഷേഡ് ചെയ്തെടുക്കുകയാണ് വേണ്ടത്.

∙ പുരികമെഴുതിയ ശേഷം ചർമത്തിന്റെ നിറത്തിന് ചേരുന്ന ഹൈലൈറ്റർ ഉപയോഗിച്ച് ഐ ബ്രോ ലൈൻ വരയ്ക്കണം. കണ്ണുകൾക്ക് വലുപ്പം തോന്നാനും മുഖത്തിന് ചെറുപ്പം നൽകാനും ഇതിലൂടെ കഴിയും.

ey2

കൺപീലികളുടെ കരുതൽ

∙ കൺപീലികൾ വൃത്തിയാക്കാൻ ഐ ലാഷസ് കോംബ് വാങ്ങാം. അല്ലെങ്കിൽ പഴയ മസ്കാരയുടെ ബ്രഷ് കഴുകി വൃത്തിയാക്കി പീലികൾ ബ്രഷ് ചെയ്യാൻ ഉപയോഗിക്കാം.

∙ മൂന്നു തുള്ളി ആവണക്കെണ്ണയിൽ രണ്ടു തുള്ളി വെളിച്ചെണ്ണ യോജിപ്പിച്ച് കൺപീലിയിൽ പുരട്ടിയശേഷം ഉറങ്ങാം. പീലി കരുത്തോടെ വളരും.

∙ ഗ്രീൻ ടീ പുരട്ടുന്നത് കൺപീലികള്‍ ആരോഗ്യത്തോടെ വളരാൻ സഹായിക്കും.

∙ മുട്ടവെള്ള അടിച്ചുപതപ്പിച്ചതിൽ നിന്ന് അൽപമെടുത്ത് രണ്ടു തുള്ളി ബദാം എണ്ണ ചേർത്ത് യോജിപ്പിക്കുക. ഇത് പീലിയിൽ ബ്രഷ് ചെയ്യാം. പീലി കൊഴിയുന്നത് നിൽക്കും.

∙ ഒരു വൈറ്റമിൻ ഇ കാപ്സ്യൂൾ പൊട്ടിച്ച് കൺപോളയിൽ ഒരു മിനിറ്റ് മസാജ് ചെയ്യുക. ശേഷം അൽപം കൺപീലിയിലും പുരട്ടുക. മസാജ് ചെയ്യുമ്പോൾ രക്തയോട്ടം വർധിച്ച് കൺപീലി വളരുമെന്നത് അധികഗുണമാണ്.

∙ പതിവായി കൺപീലിയിലും കൺപോളയിലും പെട്രോളിയം ജെല്ലി പുരട്ടുന്നത് പീലികളുടെ വളർച്ച കൂട്ടുന്ന സിംപിൾ ടെക്നിക് ആണ്.

മസ്കാര അണിയുമ്പോൾ

∙ മസ്കാര മൂന്നു കോട്ട് അണിഞ്ഞാൽ നല്ല കട്ടിയുള്ള ക ൺപീലികൾ സ്വന്തമാക്കാം. അൽപം പെട്രോളിയം ജെല്ലി പുരട്ടിയശേഷം മസ്കാര അണിഞ്ഞാൽ പീലികൾ വരണ്ടുപോകില്ല, നല്ല തിളക്കവും ലഭിക്കും.

∙ ഐ ലാഷ് കേളർ മസ്കാര അണിയും  മുൻപ് വേണം ഉപയോഗിക്കാൻ. മസ്കാരയുള്ള പീലികൾ കേൾ ചെയ്യാൻ ശ്രമിച്ചാൽ കൺപീലി കൊഴിഞ്ഞുപോകാനിടയുണ്ട്.

∙ കട്ടിയുള്ള ഫാൾസ് ഐ ലാഷസും നേർത്ത നാചുറൽ ലുക് നൽകുന്ന കൺപീലികളും വിപണിയിലുണ്ട്. ആവശ്യവും അവസരവും അനുസരിച്ചു വാങ്ങി വയ്ക്കാം. ഫാൾസ് ഐ ലാഷസ് വീണ്ടും ഉപയോഗിക്കാം, അതിനാൽ ഇവ അടർത്തി മാറ്റി വൃത്തിയായി തന്നെ സൂക്ഷിക്കണം.

∙ ഐലൈനറിലും ഐഷാഡോയിലും മാത്രമല്ല മസ്കാരയിലുമുണ്ട് നിറങ്ങൾ. കറുത്ത മസ്കാര ഇട്ടശേഷം പീലിയുടെ അറ്റത്ത് മാത്രം നിറമുള്ള മസ്കാര പുരട്ടിയാൽ വ്യത്യസ്ത ലുക് കിട്ടും.

മൈക്രോ ബ്ലേഡിങ്ങും ടെംപററി ലാഷസും

∙ കട്ടി കുറഞ്ഞ പുരികങ്ങൾ, ആകൃതിയില്ലാത്ത പുരികങ്ങൾ. ഇവയെല്ലാം മൈക്രോ ബ്ലേഡിങ്ങിലൂടെ ഭംഗിയാക്കാം. പുരികത്തിന് മുഖത്തിനോടിനിണങ്ങുന്ന ആകൃതി വരച്ച് ഇതിനുള്ളിൽ പ്രത്യേക മഷി ഉപയോഗിച്ച് പുരികം ഫിൽ ചെയ്യുന്നതാണ് മൈക്രോ ബ്ലേഡിങ്. ഓരോരുത്തരുടെയും സ്കിൻ ടോണിന് ഇണങ്ങുന്ന മഷി ഉപയോഗിച്ചാണ് മൈക്രോ ബ്ലേഡിങ് ചെയ്യുന്നത്. അതിനാൽ ആർട്ടിഫിഷൽ ഫീൽ തോന്നില്ല.

∙ പുരികം ടാറ്റു ചെയ്ത് ആകൃതിയൊത്തതാക്കുന്നതാണ് ഐ ബ്രോ ടാറ്റൂയിങ്.

∙ ടെംപററി ഐ ലാഷസും ഇപ്പോൾ ട്രെൻഡിങ്ങാണ്.   ഇവ  വച്ചാൽ രണ്ടു മാസം വരെ ഫാൾസ് ഐ ലാഷസ് ഉപയോഗിക്കാതെ കണ്ണുകൾ മനോഹരമാക്കാം.

വിവരങ്ങൾക്കു കടപ്പാട്: ശോഭ കുഞ്ചൻ, ലിവ് ഇൻ സ്റ്റൈൽ, കൊച്ചി

Tags:
  • Glam Up
  • Beauty Tips