Saturday 20 August 2022 02:44 PM IST

മുഖം മസാജ് ചെയ്യണോ? മുഖത്ത് ഐസ് മസാജ് ചെയ്യുന്നത് നല്ലതാണോ? അറിയാം ഇക്കാര്യങ്ങള്‍

Ammu Joas

Sub Editor

face-massage

മുഖത്തും മുടിയിലും ഓരോ പുതിയ കാര്യവും പരീക്ഷിക്കും മുൻപ് ഒന്നോർക്കുക, അവ പൊള്ളലോ പാടോ ഉണ്ടാക്കാം. അലർജിയും അസ്വസ്ഥതയും സമ്മാനിക്കാനിടയുണ്ട്. സൗന്ദര്യ പരിചരണത്തിൽ മിക്കവരും വരുത്തുന്ന അബദ്ധങ്ങളും അവയുടെ പരിഹാരവും അറിഞ്ഞോളൂ.

മുഖം മസാജ് ചെയ്യണോ?

ഉണരുമ്പോഴുള്ള മോണിങ് സ്കിൻ കെയർ റുട്ടീനിൽ പലരും ഫെയ്സ് മസാജ് ഉൾപ്പെടുത്താറുണ്ട്. മുഖം മൃദുവായി മസാജ് ചെയ്യുന്നത് രക്തയോട്ടം വർധിക്കാനും ചർമത്തിന് ഉന്മേഷം പകരാനും നല്ലതാണ്. എങ്കിലും സോഷ്യൽ മീഡിയയിലും മറ്റും കാണുംപോലെ മുഖത്തിന്റെ ആകൃതി സുന്ദരമാക്കാനും ചെറുപ്പം നിലനിർത്താനും മസാജിങ്ങിനാകുമോ എന്നതിന് ഇനിയും പഠനങ്ങൾ ആവശ്യമാണ്.

കൈകൾ വൃത്തിയാക്കിയ ശേഷം വേണം മുഖം മ സാജ് ചെയ്യാൻ. ചർമസുഷിരങ്ങൾ അടഞ്ഞുപോകുന്ന ക്രീമുകളോ ലോഷനോ ഉപയോഗിക്കരുത്. വളരെ നേർമയായി താഴേ നിന്ന് മുകളിലേക്ക് വേണം മസാജിങ്. നെറ്റിത്തടം മസാജ് ചെയ്യുമ്പോൾ രണ്ടു കൈകളിലെയും മൂന്നു വിരലുകൾ നെറ്റിയുടെ നടുവിൽ നിന്നു വശങ്ങളിലേക്ക് വരുംവിധം മസാജ് ചെയ്യണം. 

മുഖം മസാജ് ചെയ്യാനായി ജെയ്‍ഡ് സ്റ്റോൺ റോളർ, ഗുവാ ഷാ ടൂൾ, ത്രീ ഡി മസാജ് റോളർ എന്നിവ വാങ്ങാൻ കിട്ടും. ഇവ ഉപയോഗിക്കേണ്ട രീതി കൃത്യമായി മനസ്സിലാക്കി മസാജിങ്ങിനായി തിരഞ്ഞെടുക്കാം. ഒന്നോർക്കുക, തെറ്റായ രീതിയിലും അമിത ബലം നൽകിയുമുള്ള മസാജിങ് ചർമം അയഞ്ഞതാക്കാം. 

മുഖത്ത് ഐസ് മസാജ് ചെയ്യുന്നത് നല്ലതാണോ?

പതിവായി മുഖത്ത് ഐസ് മസാജ് ചെയ്യേണ്ട ആവശ്യമില്ല. രാവിലെ ഉണരുമ്പോൾ കണ്ണിനടിയിൽ തടിപ്പ് (പഫിനെസ്സ്) തോന്നുന്നുണ്ടെങ്കിൽ ഒരു ഐസ് ക്യൂബ് വൃത്തിയുള്ള തുണിയിൽ കെട്ടി മുഖം മസാജ് ചെയ്യാം. മേക്കപ്പിന് മുൻപ് സ്കിൻ പ്രിപ്പറേഷനു വേണ്ടിയും ഐസ് മസാജ് ചെയ്യാം. ചർമസുഷിരങ്ങൾ അടയാനും മേക്കപ്പിന് ഫിനിഷിങ് കിട്ടാനും ഇതു സഹായിക്കും. 

സൺബേൺ, മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ അലട്ടുന്നവർക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ ഐസ് മസാജ് ചെയ്യാം. ഇതിനായി കറ്റാർവാഴ ജ്യൂസ്, കുക്കുമ്പർ ജ്യൂസ്, തക്കാളി ജ്യൂസ് എന്നിവ ഐസ് ട്രേയിൽ ഒഴിച്ച് ഫ്രീസറിൽ വച്ച് ക്യൂബാക്കി ഉയോഗിക്കാം. ക്യൂബ് ഏതായാലും തുണിയിൽ പൊതിഞ്ഞ ശേഷം വൃത്താകൃതിയിലാണ് മുഖത്തു മൃദുവായി മസാജ് ചെയ്യേണ്ടത്. ഒരു മിനിറ്റിൽ കൂടുതൽ മുഖത്ത് ഐസ് ഉപയോഗിക്കേണ്ട. 

ഫ്രിജിൽ വച്ച് തണുപ്പിച്ചുപയോഗിക്കുന്ന ഐസ് റോളർ ഫെയ്സ് മസാജർ ഉണ്ട്. തണുപ്പൻ മസാജ് ഇഷ്ടപ്പെടുന്നവർക്ക് ഇവയും തിരഞ്ഞെടുക്കാം.

Tags:
  • Glam Up
  • Beauty Tips