Wednesday 24 August 2022 03:32 PM IST

മുഖം ഷേവ് ചെയ്യാമോ? രോമം ഷേവ് ചെയ്തു കളയുന്നതിൽ തെറ്റില്ല, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ

Ammu Joas

Senior Content Editor

shaving

മുടി വളരാൻ ‘മിഠായി’, ചുളിവു മാറാൻ മസാജിങ്, നിറം കൂടാൻ ഐസ്ക്യൂബ്... സൗന്ദര്യപ്രശ്നങ്ങൾ ഇല്ലാത്തവരെ പോലും ആശയക്കുഴപ്പത്തിലാക്കുന്ന ഓരോ പൊടിക്കൈകളാണ് ദിവസം തോറും സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്തെത്തുന്നത്. ഓരോന്നും പരീക്ഷിച്ചും നിരീക്ഷിച്ചും സമയവും സൗന്ദര്യവും കളയാൻ പലർക്കും മടിയില്ല. മുഖത്തും മുടിയിലും ഓരോ പുതിയ കാര്യവും പരീക്ഷിക്കും മുൻപ് ശ്രദ്ധിക്കുക.

മുഖം ഷേവ് ചെയ്യാമോ?

മുഖത്ത് രണ്ടുതരം രോമങ്ങളാണ് ഉള്ളത്. മുഖമാകെയുള്ള നേർത്ത ഇളം നിറത്തിലുള്ള രോമവും (പീച്ച് ഫസ് എന്നും പറയും) ചുണ്ടിനു മുകളിലും താടിയിലുമുള്ള കട്ടിയുള്ള രോമവും. മുഖത്തെ രോമം ഷേവ് ചെയ്തു കളയുന്നതിൽ തെറ്റില്ല, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ.

സാധാരണ ഷേവിങ് സെറ്റ് അല്ല ഉപയോഗിക്കേണ്ടത്. സിംഗിൾ ബ്ലേഡ് ഫേഷ്യൽ റേസർ തന്നെ മുഖത്തെ രോമം നീക്കാൻ ഉപയോഗിക്കണം. 

മുഖം കഴുകിയ ശേഷം ഷേവിങ് ജെൽ/ കറ്റാർവാഴ ജെൽ പുരട്ടാം. രോമം വളർന്നു നിൽക്കുന്ന അതേ ‍ദിശയിൽ തന്നെ ഷേവ് ചെയ്യണം. ഷേവ് ചെയ്ത ശേഷം മുഖത്ത് മോയിസ്ചറൈസറും പുരട്ടണം. റേസർ കഴുകി ഉണക്കി സൂക്ഷിച്ചില്ലെങ്കിൽ തുരുമ്പു പിടിക്കുമെന്ന് ഓർക്കുക.

ഷേവ് ചെയ്താൽ രോമം കൂടുതൽ കട്ടിയോടെ വളരുമെന്നതിന് യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ല. മുഖക്കുരു ഉള്ളവർ ഷേവ് ചെയ്താൽ മുഖക്കുരു പൊട്ടാനും അണുബാധ ഉണ്ടാകാനുമിടയുണ്ട്. 

മറ്റൊരു പ്രധാനകാര്യം രോമവളർച്ച ഹോർമോൺ വ്യതിയാനം കൊണ്ടും ഉണ്ടാകാം. അമിതമായി രോമമുണ്ടെങ്കിൽ ഡോക്ടറെ കണ്ട് പരിഹാരം തേടണം. രോമം നീക്കാൻ ലേസർ ചികിത്സകളും ലഭ്യമാണ്.

Tags:
  • Glam Up
  • Beauty Tips