ചർമം നേരിടേണ്ട വെല്ലുവിളികൾ ഓരോ ദിവസവും കൂടുകയാണ്. മലിനീകരണം, മാസ്ക്കിന്റെ ഉപയോഗം, സ്ക്രീൻ സമയം കൂടുന്നത് എന്നിങ്ങനെ പലതും ചര്‍മത്തെ ബാധിക്കുന്നുണ്ട്. ചര്‍മത്തില്‍ ചുളിവുകൾ വീഴാനും ഉന്മേഷം നഷ്ടപ്പെടാനും ഇതെല്ലാം കാരണമാകുന്നു. വീട്ടിൽത്തന്നെ ചർമം നന്നായി കഴുകി വൃത്തിയാക്കിയാല്‍ ഒരു പരിധിവരെ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാം. ഫെയ്സ് വാഷ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
∙ പൊടിയും അഴുക്കും നീക്കി മുഖം വൃത്തിയാക്കാൻ സോപ്പ് അല്ല ഫെയ്സ് വാഷ് ആണ് ഉപയോഗിക്കേണ്ടത്. ഫോം, ജെൽ, ക്രീം എന്നിങ്ങനെ മൂന്നു തരത്തിൽ ഫെയ്സ് വാഷ് ലഭിക്കും.
∙ എണ്ണമയമുള്ള ചർമക്കാർക്ക് ഫോം രൂപത്തിലുള്ള ഫെയ്സ് വാഷും കോംബിനേഷൻ ചർമമുള്ളവർക്കു ജെൽ രൂപത്തിലുള്ളവയും വരണ്ട ചർമമുള്ളവർക്ക് ക്രീമി ഫെയ്സ്‌വാഷുമാണ് പൊതുവേ ഇണങ്ങുക. എന്നിരുന്നാലും ഓരോരുത്തരുടെയും ചർമപ്രശ്നങ്ങൾ അനുസരിച്ചു മാറ്റം വരാം.
∙ ആക്ടീവ് ഇൻഗ്രീഡിയന്റ്സ് അടങ്ങിയ ഫെയ്സ് വാഷുകളുമുണ്ട്. അ തിൽ എഎച്ച്എ, ബിഎച്ച്എ അടങ്ങിയവ എണ്ണമയമുള്ള ചർമക്കാർക്കും കോംബിനേഷൻ ചർമക്കാർക്കുമാണു കൂടുതൽ ഇണങ്ങുക. വരണ്ട ചർമമുള്ളവർ എഎച്ച്എ, ബിഎച്ച്എ അടങ്ങിയ ഫെയ്സ്‌വാഷ് ഉപയോഗിക്കാത്തതാണ് നല്ലത്.
∙ സെറമൈഡ്സ്, ഗ്ലിസറിൻ, ഹയലറൂണിക് ആസിഡ് എന്നിവയടങ്ങിയ ഫെയ്സ്‌വാഷുകൾ വരണ്ട ചർമക്കാർക്കു യോജിച്ചതാണ്.
∙ ദിവസം രണ്ടു തവണ ഫെയ്സ് വാഷ് ഉപയോഗിച്ചു മുഖം കഴുകണം. അമിതമായ എണ്ണമയം അലട്ടുന്നുവെങ്കിൽ വൈകുന്നേരം ഒരു തവണ കൂടി മുഖം കഴുകാം. വീര്യം കുറഞ്ഞ ഫെയ്സ് വാഷ് ഉപയോഗിക്കാനും ഓർക്കുക.
∙ ചർമം വല്ലാതെ വരണ്ടതാണെങ്കിൽ രാത്രി മാത്രം ഫെയ്സ് വാഷ് ഉപയോഗിക്കുക. രാവിലെ വെള്ളം മാത്രമുപയോഗിച്ചു മുഖം കഴുകി വൃത്തിയാക്കുക.