തിളക്കവും മൃദുത്വവുമുള്ള മനോഹര ചർമം എല്ലാവരുടെയും സ്വപ്നമാണ്. ഇതിനായി പല വഴികളും പരീക്ഷിക്കാറുമുണ്ട്. പാർശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്ത രീതികളാണ് കൂടുതൽ സുരക്ഷിതം. അഞ്ച് നാച്ചുറൽ സിമ്പിള്‍ ടിപ്സ് ഇതാ..
ടീ ബാഗ്
ചായയുണ്ടാക്കാൻ മാത്രമല്ല, ചർമസംരക്ഷണത്തിനും ടീ ബാഗുകൾ ഫലപ്രദമാണ്. ഉപയോഗം കഴിഞ്ഞ ഗ്രീൻ ടീ ബാഗുകൾ മതിയാകും ഇതിന്. കണ്ണിനു ചുറ്റും കറുത്തപാടുകളും വീക്കവും ഉണ്ടെങ്കിൽ ഗ്രീൻ ടീ ബാഗുകള്‍ കണ്ണിനോട് ചേർത്ത് 10 മിനിറ്റ് നേരം വയ്ക്കാം. മാറ്റം അനുഭവപ്പെടും.
കടലമാവ്
വളരെ സുലഭമായി ലഭിക്കുന്ന കടലമാവ് ചർമം തിളങ്ങാനും ചുളിവുകൾ നീക്കാനും കാലങ്ങളായി ഉപയോഗിച്ചുവരുന്നു. കടലമാവും തൈരും തുല്യ അളവിൽ എടുത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും പുരട്ടാം. 30 മിനിറ്റിനുശേഷം കഴുകി കളയുക.
തക്കാളി
മുഖത്തെ എണ്ണമയവും പാടുകളും കൊണ്ടു ബുദ്ധിമുട്ടുന്നവർക്ക് തക്കാളിയെ വിശ്വസിക്കാം. ലൈക്കോപ്പീനും ആന്റി ഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിരിക്കുന്ന തക്കാളിക്ക് എണ്ണമയവും അഴുക്കുകളും നീക്കി ചർമകാന്തി വർധിപ്പിക്കാനുള്ള കഴിവുണ്ട്. ഒരു തക്കാളിയുടെ പൾപ്പെടുത്ത് മുഖത്ത് പുരട്ടും. 15 മിനിറ്റിനി ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകാം.
ചെറുനാരങ്ങയും വെള്ളരിക്കയും
ചെറുനാരങ്ങ നീരും വെള്ളരിക്കയുടെ നീരും ഒരുമിച്ചു ചേർത്ത് കുളിക്കുന്നതിന് 10 മിനിറ്റ് മുൻപ് മുഖത്തു തേച്ച് കഴുകി കളയുന്നതു ചർമ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
പപ്പായ
ചർമം മിനുസമുള്ളതാക്കാൻ പപ്പായയ്ക്ക് കഴിവുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ‘പപ്പെയ്ൻ’ എന്ന എൻസൈം ആണ് ഇതിനു സഹായിക്കുന്നത്. അരക്കപ്പ് പപ്പായ കഷ്ണങ്ങളും ഒരു ടേബിൾ സ്പൂൺ പൈനാപ്പിൾ കഷ്ണങ്ങളും മിക്സയിലിട്ട് അടിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം. മുഖത്തെ അഴുക്കും മൃതകോശങ്ങളും നീങ്ങും.