Saturday 21 March 2020 05:53 PM IST

ചർമത്തിലെ അഴുക്കും മെഴുക്കുമെല്ലാം നീക്കി വെട്ടിത്തിളങ്ങുന്ന സുന്ദരചർമം; രണ്ടുതരം ബ്യൂട്ടി ഡയറ്റുകൾ അറിയാം...

Roopa Thayabji

Sub Editor

eetttyeb

സൗന്ദര്യപ്രശ്നങ്ങളിൽ ഭക്ഷണശീലങ്ങൾക്ക് വലിയ പങ്കൊന്നും ഇല്ല എന്നായിരുന്നു ഇതുവരെ നമ്മുടെ ധാരണ. അതുകൊണ്ടാണ് മുഖത്തിനും  മുടിക്കും പ്രശ്നങ്ങളുണ്ടായാൽ ഉടൻ ക്രീമുകളെയും ഓയിന്റ്മെന്റുകളെയും കുറിച്ച് നമ്മൾ ചിന്തിച്ചിരുന്നതും. എന്നാൽ സൗന്ദര്യത്തിലും ചർമത്തിന്റെ സ്വഭാവത്തിലും എന്നു വേണ്ട മുടിയുടെയും മുഖത്തിന്റെയും തിളക്കത്തിലും അഴകിലുമെല്ലാം ഭക്ഷണശീലത്തിന് വലിയ പ‌ങ്കുണ്ടെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു.

ഡീടോക്സ് ഡയറ്റ്

സൗന്ദര്യം ശരീരത്തിനു പുറത്തു മാത്രമല്ല, അകത്തും കൂടിയാണ്. പല ഭക്ഷണങ്ങളിലൂടെ ശരീരത്തിലെത്തുന്ന അപകടകാരികളായ ഘടകങ്ങളെ പുറന്തള്ളാൻ ഡീടോക്സ് ഡയറ്റ് ചെയ്യണം. ഇതിനായി കുക്കുമ്പറും നാരങ്ങയും പുതിനയും  ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താം. ഗോതമ്പ്, കപ്പലണ്ടി, പാൽ, സോയ, നട്സ് എന്നിവ ഒഴിവാക്കാം. 

ഡയറ്റ് ചാർട്

അതിരാവിലെ – തലേരാത്രി കുക്കുമ്പറും നാരങ്ങയും പുതിനയും ചേർത്തുവച്ച ഒരു ഗ്ലാസ് വെള്ളം

പ്രാതലിന് – മിക്സഡ് ഫ്രൂട്ട് സ്മൂത്തി

ഇടനേരത്തേക്ക് – ഒരു കപ്പ് അധികം പുളിയില്ലാത്ത തൈരിൽ ചിയ സീഡ്സ് ചേർത്തത്

ഉച്ചയ്ക്ക് – ചോറ്, മിക്സഡ് വെജിറ്റബിൾ തോരൻ, മീനോ ചിക്കനോ, വഴറ്റിയെടുത്ത അച്ചിങ്ങ പയർ

വൈകിട്ട് – നുറുക്കിയ പഴങ്ങൾ – ഒരു ബൗൾ

അത്താഴത്തിന് – ഉള്ളിയും പച്ചമുളകും ചേർത്ത ഒരു ബൗൾ മുളപ്പിച്ച പയർ, ഇഞ്ചി ചതച്ചിട്ട ഒരു ഗ്ലാസ് വെള്ളം

വെള്ളം– ദിവസം 9– 11 ഗ്ലാസ്

ഡീടോക്സ് ഡയറ്റിനൊപ്പം കാരറ്റ് ഫെയ്സ് മാസ്ക് കൂടി ഇടാം. വൈറ്റാമിൻ എ സമൃദ്ധമായി അ ടങ്ങിയ കാരറ്റ് മുഖക്കുരുവും ബ്ലാക് ഹെഡ്സും കരുവാളിപ്പുമെല്ലാം അകറ്റും. 

ഇതിനായി കാരറ്റ് മിക്സിയിലരച്ച് ജ്യൂസാക്കിയതിലേക്ക് നാലോ അ ഞ്ചോ തുള്ളി നാരങ്ങാനീരും തേനും പാലും ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടി രണ്ടു മിനിറ്റ് മസാജ് ചെയ്യണം. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. കാൽമുട്ടിലെയും കൈമുട്ടിലെയും കറുത്ത പാടുകൾ മാറ്റാനും ഈ പായ്ക് നല്ലതാണ്.

സ്കിൻ ക്ലെൻസിങ് ഡയറ്റ്

ചർമത്തിലെ അഴുക്കും മെഴുക്കുമെല്ലാം നീക്കി വെട്ടിത്തിളങ്ങുന്ന സുന്ദരചർമം കിട്ടണ്ടേ. എങ്കിൽ ഇനി സ്കിൻ ക്ലെൻസിങ് ഡയറ്റ് ചെയ്യാം. ഇതിനായി കുക്കുമ്പർ, പൈനാപ്പിൾ, നാരങ്ങ, പഴം, പപ്പായ, ആപ്പിൾ, ഓറഞ്ച് എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം. മൈദ, വറുത്തതും പൊരിച്ചതുമായ ഭക്ഷണം, പ്രോസസ്ഡ് ഫൂഡ്, അമിത മധുരം ചേർന്നവ, ബേക്കറി ഐറ്റംസ് എന്നിവ ഒഴിവാക്കണം.

ഡയറ്റ് ചാർട്

അതിരാവിലെ – ഒരു മുറി നാരങ്ങ പിഴിഞ്ഞതും ഒരു വലിയ സ്പൂൺ തേനും ചേർത്ത്

പ്രാതലിന് – കുക്കുമ്പറും പൈനാപ്പിളും നാരങ്ങയും ചേർന്ന ജ്യൂസ്

ഇടനേരത്തേക്ക് – ഒരു കപ്പ് അധികം പുളിയില്ലാത്ത തൈരിൽ ചിയ സീഡ്സ് ചേർത്തത്

ഉച്ചയ്ക്ക് – ചോറ്, അവിയൽ, മീൻ അല്ലെങ്കിൽ ചിക്കൻ

വൈകിട്ട് – പപ്പായ നുറുക്കിയത് – ഒരു ബൗൾ

അത്താഴത്തിന് – പലതരം പച്ചക്കറികൾ ചേർത്ത് തയാറാക്കിയ ഓട്സ് ഉപ്പുമാവ്

കിടക്കും മുൻപ് – ഒരു പഴം

വെള്ളം – ദിവസം 9– 11 ഗ്ലാസ്

സ്കിൻ ക്ലെൻസിങ് ഡയറ്റിനൊപ്പം ചർമം തിളങ്ങാൻ സ്കിൻ ഗ്ലോയിങ് മാസ്ക് ആണ് ഇടേണ്ടത്. ഇതിനായി ഒരു വലിയ സ്പൂൺ ഓട്സ് പൊടിച്ചതും ഒരു മുട്ടവെള്ളയും മിക്സ് ചെയ്യണം. ഇതിലേക്ക് നന്നായി ഉടച്ചെടുത്ത ഒരു കഷണം പഴവും കൂടി യോജിപ്പിച്ച് മുഖത്തും കഴുത്തിലും പുരട്ടാം. 20 മിനിറ്റിനു ശേഷം ഇളംചൂടു വെള്ളത്തിൽ കഴുകാം.

വിവരങ്ങൾക്ക് കടപ്പാട്: പ്രിൻസി ജിജോ, കൺസൽട്ടന്റ് ഡയറ്റിഷ്യൻ (നോർമൽ ആൻഡ് തെറാപ്യൂട്ടിക് ഡയറ്റ്സ്) Longevity Diet Clinic, സിംഗപ്പൂർ

Tags:
  • Glam Up
  • Beauty Tips