Tuesday 03 September 2024 03:26 PM IST : By സ്വന്തം ലേഖകൻ

‘വെള്ള ചന്ദനം പനിനീരിൽ അരച്ച് ചുണ്ടില്‍ പുരട്ടാം’; ചുവന്ന് തുടുത്ത അധരങ്ങള്‍ക്ക് നാടന്‍ ടിപ്സ്

colourful-lips57

ചുവന്ന് തുടുത്ത അധരങ്ങൾ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. ലിപ്സ്റ്റിക് ഇട്ട് ചുണ്ട് ചുവപ്പിച്ചു നടക്കാൻ പലർക്കും ഇഷ്ടമല്ല. എന്നാൽ അധരങ്ങൾ മനോഹരമാക്കാൻ വീട്ടിലുണ്ട് മാർഗ്ഗങ്ങൾ. 

ചുണ്ടിനു നിറം കിട്ടാൻ

∙ വെള്ള ചന്ദനം പനിനീരിൽ അരച്ചു രാത്രിയിൽ കിടക്കാൻ നേരത്തു ചുണ്ടിൽ പുരട്ടുക. രാവിലെ വെള്ളത്തിൽ കഴുകിക്കളയാം.

∙ കറുത്ത എള്ള് പശുവിൻപാലിൽ അരച്ചു ചുണ്ടിൽ പുരട്ടുക. പതിവായി ഇങ്ങനെ ചെയ്യുന്നതു ചുണ്ടിനു നിറവും ദൃഢതയും ഉണ്ടാക്കുന്നതിന് ഉപകരിക്കുന്നു.

∙ പുകവലി കാരണം ചുണ്ടു കറുക്കുന്നവർ, ഉടൻ പുകവലി നിർത്തുകയും അൽപം ഗ്ലിസറിൻ കൈവിരലിലെടുത്ത് ദിവസം പല പ്രാവശ്യം ചുണ്ടിൽ പുരട്ടുന്നതും കറുപ്പുനിറം മാറുന്നതിന് ഉത്തമമാണ്.

∙ ഇരട്ടിമധുരം, മഞ്ചട്ടി ഇവ കൽക്കമാക്കി എള്ളെണ്ണ കാച്ചി ചുണ്ടിൽ പുരട്ടുക.

∙ ബീറ്റ്‌റൂട്ട് വാങ്ങി ചെറിയ കഷ്ണമായി മുറിച്ച ശേഷം ഫ്രിഡ്ജിൽ വയ്ക്കുക. ഒന്ന് തണുത്തു കഴിയുമ്പോൾ ഈ കഷ്ണം എടുത്തു വെറുതെ ചുണ്ടിൽ ഉരസുക. 

∙ വെള്ളരിക്കയുടെ നീര് എടുത്തതിനു ശേഷം ചുണ്ടുകളിൽ തേച്ചു പിടിപ്പിച്ചു ഉണങ്ങുമ്പോൾ മൃദുവായി നനഞ്ഞ തുണികൊണ്ട് തുടച്ചു കളയുന്നത് ചുണ്ടുകൾക്ക് നിറം വർധിപ്പിക്കും. 

∙ നാരങ്ങാ നീരും തേനും തുല്യ അളവിൽ എടുക്കുക. ഇവ രണ്ടും ഒന്നിച്ചെടുത്തു ചുണ്ടിനു മുകളിൽ തേയ്ച്ചു പിടിപ്പിച്ചു ഒരു മണിക്കൂറിനു ശേഷം നനഞ്ഞ തുണി കൊണ്ട് ചുണ്ടുകൾ മൃദുവായി ഒപ്പിയെടുത്ത് വൃത്തിയാക്കുക. ഇത് ഒരു ദിവസം രണ്ടു നേരം ചെയ്യാം.

∙ ഉറങ്ങാൻ പോകുന്നതിന് മുൻപ് ബദാം ഓയിൽ ചുണ്ടുകളിൽ നന്നായി തേച്ചു പിടിപ്പിക്കാം. അധരങ്ങൾക്ക് മൃദുത്വവും മനോഹാരിതയും നിറവും നൽകാൻ ഇത് സഹായിക്കും.

കൂടാതെ വിറ്റമിൻ സി, വിറ്റമിൻ ഇ അടങ്ങിയ നെല്ലിക, കരിക്ക്, ചെറുനാരങ്ങാ നീര്, ഓറഞ്ച്, വെള്ളരിക്ക, കാരറ്റ്, ബീറ്റ്റൂട്ട്, മത്സ്യം, മുട്ട തുടങ്ങിയവ പതിവായി കഴിക്കുന്നതും ചുണ്ടിനു നിറവും സൗന്ദര്യവും കൂട്ടുന്നു.

Tags:
  • Glam Up
  • Beauty Tips