Thursday 24 August 2023 02:44 PM IST

‘എന്റെ മേക്കപ് എക്സ്പർട്ട് ഞാൻ തന്നെ!’; കല്യാണ ആഘോഷങ്ങളിൽ പിഴവുകളില്ലാതെ സ്വയം മേക്കപ് ചെയ്യാൻ വഴികളുണ്ട്

Ammu Joas

Sub Editor

makeup-dddh658

ഹൽദി, സംഗീത്, കല്യാണം, റിസപ്ഷൻ... ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണു കല്യാണം കളറാക്കുന്നത്. ഈ ദിവസങ്ങളിലെല്ലാം അണിഞ്ഞൊരുങ്ങി സുന്ദരീസ് ആകാനാണ് കല്യാണപ്പെണ്ണിന്റെയും കല്യാണത്തിനെത്തുന്ന പെണ്ണുങ്ങളുടെയും മോഹം. പക്ഷേ, എല്ലാ ആഘോഷത്തിനും മേക്കപ് ആർട്ടിസ്റ്റിന്റെ അടുത്തേക്ക് പോകാനാകുമോ... വീട്ടിൽ തന്നെ സ്വയം മേക്കപ് ചെയ്തു കയ്യടി നേടാനുള്ള കാര്യങ്ങൾ പറഞ്ഞു തരാം.

ഒരു കോഴ്സ് ആകാം

സെൽഫ് മേക്കപ് പഠിക്കാൻ മണിക്കൂറുകൾ മാത്രം നീണ്ടുനിൽക്കുന്ന ക്ലാസ്സുകൾ നൽകുന്നവരുണ്ട്. അത്തരത്തിലുള്ള പ്രഫഷനൽ ടീമിനെ കണ്ടെത്തി ഷോർട്ട് കോഴ്സ് ചെയ്താൽ ലോങ് ടേം ഗുണം ഉറപ്പ്. കാഷ്വൽ മേക്കപ്പും ഫംങ്ഷൻ മേക്കപ്പും എങ്ങനെ വേണമെന്ന് ഈ കോഴ്സിലൂടെ മനസ്സിലാക്കാൻ കഴിയും.

മുഖത്തിന്റെ ആകൃതിക്ക് ഭംഗി കൂട്ടുന്ന കോൺട്യൂറിങ് പഠിക്കാൻ കൂടുതൽ ശ്രദ്ധ വേണം. മൂക്കിന്റെ വലുപ്പം കുറയ്ക്കാനും ജോ ലൈൻ സുന്ദരമാക്കാനും കോൺട്യൂറിങ്  അറിഞ്ഞുവയ്ക്കുന്നത് ഗുണം ചെയ്യും. വിദഗ്ധ നിർദേശത്തോടെ മുഖത്തിന് ഇണങ്ങുന്ന കോൺട്യൂറിങ് മനസ്സിലാക്കിയെടുക്കുക.

ഡെയ്‌ലി വെയർ മേക്കപ് വസ്ത്രങ്ങൾക്കു യോജിക്കുന്നവിധം അ ണിയാനും ആഘോഷങ്ങളിൽ വേറിട്ട മേക്കപ് പരീക്ഷണങ്ങൾ നടത്താനും മികച്ച അടിത്തറയായ മാറും ഇത്തരം കോഴ്സുകൾ.  

തിരഞ്ഞെടുപ്പ് ശ്രദ്ധയോടെ

മേക്കപ്പിന് ഫിനിഷിങ്ങിന്റെ 50 ശതമാനവും മേക്കപ് ഉൽപന്നങ്ങളുടെ തിരഞ്ഞെടുപ്പിലാണ്. ഫൗണ്ടേഷന്‍ അണിഞ്ഞശേഷം മുഖം ഇരുണ്ടിരിക്കുക, ലിപ്സ്റ്റിക് ചുണ്ടിൽ കട്ടപിടിച്ചിരിക്കുക, കാജൽ പടർന്ന് മേക്കപ്പിന്റെ ഭംഗി ഇല്ലാതാകുക... എന്നീ പ്രശ്നങ്ങൾക്ക് കാരണം മികച്ച പ്രൊഡക്ട്സ് തിരഞ്ഞെടുക്കാത്തതാണ്.

∙ വിലയോർത്ത് ബ്രാൻഡഡ് ഉൽപന്നങ്ങൾ വേണ്ടെന്നു വയ്ക്കരുത്. കൃത്രിമത്വം തോന്നാതിരിക്കാനും നല്ല ഫിനിഷിങ് ലഭിക്കാനും മേക്കപ് ഏറെനേറം നീണ്ടുനിൽക്കാനും ഗുണനിലവാരമുള്ള ബ്രാൻഡ് തന്നെ തിരഞ്ഞെടുക്കുക.

∙ ഓയ്‌ലി, ഡ്രൈ, നോർമൽ, കോംബിനേഷൻ എന്നിങ്ങനെയുള്ളതിൽ നിങ്ങളുടെ ചർമസ്വഭാവം മനസ്സിലാക്കി യോജിക്കുന്ന മേക്കപ് ഉൽപന്നങ്ങൾ വാങ്ങണം.

∙ മുഖചർമത്തിന്റെ നിറത്തിനോടു യോജിക്കുന്ന ഫൗണ്ടേഷൻ തന്നെ തിരഞ്ഞെടുക്കണം. കൈകളിൽ പുരട്ടി ടെസ്റ്റ് ചെയ്യുമ്പോൾ യോജിച്ച നിറം ലഭിക്കണമെന്നില്ല. കയ്യുടെ നിറവും മുഖത്തിന്റെ നിറവും എല്ലാവർക്കും ഒരുപോലെയാകില്ല.

∙ ലൈറ്റ് കവറേജ്, മീ‍ഡിയം കവറേജ്, ഫുൾ കവറേജ് എന്നിങ്ങനെ ഫൗണ്ടേഷൻ പല വിധമുണ്ട്. ചർമത്തിലെ നിറവ്യത്യാസവും അവസരങ്ങളും അനുസരിച്ച് ഏതു  കവറേജ് ഉള്ളവ വേണമെന്നു തീരുമാനിക്കുക. നിറവ്യത്യാസം കൂടുതൽ ആണെങ്കില്‍ മീഡിയം കവറേജ്/ഫുൾ കവറേജ് ഫൗണ്ടേഷൻ വേണ്ടിവരാം.

∙ മേക്കപ് അണിയാൻ ഉപയോഗിക്കുന്ന ബ്രഷ്, സ്പഞ്ച് എന്നിവയിലും ശ്രദ്ധ വേണം. അണിയുന്ന ഫൗണ്ടേഷനും കൺസീലറും പൗഡറുമൊക്കെ നന്നായി ബ്ലെൻഡ് ചെയ്തുവിട്ടില്ലെങ്കിൽ മേക്കപ് അഭംഗിയാകും. ഇവ വൃത്തിയാക്കി സൂക്ഷിക്കാനും ഓർക്കുക.

ഫംങ്ഷൻ മേക്കപ് എങ്ങനെ?

ക്ലെൻസിങ് : ചർമത്തിനു യോജിക്കുന്ന ഫെയ്സ് വാഷ് ഉപയോഗിച്ചു മുഖം കഴുകി ഈർപ്പം ഒപ്പി മാറ്റുക. ഹൈഡ്രേറ്റിങ് മോയിസ്ചറൈസറും പുരട്ടാം.

പ്രൈമർ : പ്രൈമർ ആണ് അടുത്ത ഘട്ടം. പ്രൈമർ ഉപയോഗിക്കുന്നത് മേക്കപ് ഏറെനേരം നിലനിൽക്കാനും ഫിനി ഷിങ് ലഭിക്കാനും സഹായിക്കും. രണ്ടു മിനിറ്റ് കാത്തിരുന്നശേഷം അടുത്ത ഘട്ടത്തിലേക്കു കടക്കാം.

കൺസീലർ : നിറവ്യത്യാസം ഉള്ള ഭാഗങ്ങളിൽ ഉപയോഗിക്കേണ്ടതാണ് കൺസീലർ. കണ്ണിനടിയിലും താടിയിലും നെറ്റിയിലുമൊക്കെ ഇരുളിമ ഉണ്ടെങ്കിൽ അവിടെ മാത്രം കൺസീലർ പുരട്ടി നന്നായി ബ്ലെൻഡ് ചെയ്തുവിടുക.

ഫൗണ്ടേഷൻ : ആഘോഷങ്ങളിൽ അണിയാൻ സ്കിൻ ടോണിനേക്കാൾ ഒരു ഷേഡ് കൂടുതലുള്ള ഫൗണ്ടേഷൻ ഷേഡ് ആണു വേണ്ടത്. അൽപം ഫൗണ്ടേഷൻ മുഖമാകെ തൊട്ടു വച്ചശേഷം ബ്യൂട്ടി ബ്ലെൻഡർ ഉപയോഗിച്ചു മുഖത്തു ബ്ലെൻഡ് ചെയ്തുവിടുക.

സെറ്റിങ് പൗഡർ : ഫൗണ്ടേഷൻ വരെയുള്ള ഘട്ടങ്ങൾ സെറ്റ് ചെയ്യാനുള്ളതാണ് സെറ്റിങ് പൗ‍ഡർ. ഇത് ഒരു ബ്രഷ് ഉപയോഗിച്ചു മുഖത്ത് അണിയുക. അധികം മാറ്റ് ഫിനിഷ് വേണ്ട. അതുകൊണ്ട് പൗഡർ വളരെ കുറവു മതി.

ഐ ബ്രോ : പുരികത്തിന്റെ നടുവിൽ നിന്നു അറ്റത്തേക്കു മാത്രം ഐ ബ്രോ പൗഡർ ഉപയോഗിച്ചാൽ മതി. അതും  ഗ്യാപ് ഉള്ള ഭാഗത്തു മാത്രം. പുരികം സുന്ദരമാക്കാം.

ഐ മേക്കപ് : വസ്ത്രത്തിനും മുഖത്തിനും യോജിക്കുന്ന ഐ ഷാ‍ഡോ അണിഞ്ഞശേഷം നടുവില്‍ ഷിമ്മറി ഐഷാ ഡോ നൽകാം. ആഘോഷങ്ങൾക്കു തിളക്കം കുറയേണ്ട.

കണ്ണിന്റെ വലുപ്പവും ആകൃതിയും മനസ്സിലാക്കി ഐ മേക്കപ് അണിയുക. കാജൽ/ഐ പെൻസിൽ ഉപയോഗിച്ച് കണ്ണെഴുതുന്നതിലും ഭംഗിയായി കണ്ണു സുന്ദരമാക്കാൻ ഐ മേക്കപ് പാലറ്റ് കിട്ടും. ഇതിലെ പൗഡർ ഉപയോഗിച്ചു കണ്ണിനു താഴ്‌വശം സ്മഡ്ജ് ചെയ്തു വിടാം.

ലിപ് മേക്കപ് : വസ്ത്രത്തിന്റെ നിറത്തിനോടു ചേരുന്ന ലിപ് കളർ ഉപയോഗിക്കണം. ഒരു മേക്കപ് റൂൾ കൂടിയുണ്ട്. ഐ മേക്കപ് ഹെവി ആണെങ്കിൽ ലിപ് മേക്കപ് ലൈറ്റ് മതി. ബോൾഡ്, ബ്രൈറ്റ് ചുണ്ടുകളാണ് ആഗ്രഹിക്കുന്നതെങ്കിൽ ഐ മേക്കപ് മിനിമൽ ആകുന്നതാണ് അഴക്.

ബ്ലഷ് : കവിളുകൾക്ക് തുടിപ്പും മുഖത്തിനു ചെറുപ്പവും സമ്മാനിക്കാൻ കവിളിൽ ബ്ലഷ് അണിയാം. പൗഡർ ബ്ലഷിനേക്കാൾ  സ്വാഭാവിക തോന്നിക്കുക ക്രീ ബ്ലഷ് ആണ്. സെറ്റിങ് സ്പ്രേ ഉപയോഗിച്ച് മേക്കപ് സെറ്റ് ചെയ്താൽ റെഡി.

വെഡ്ഡിങ് ഡേ മേക്കപ്

കല്യാണനാളിൽ സ്വയം ഒരുങ്ങുന്ന വധുക്കളുടെ എണ്ണം കൂടിക്കൂടി വരികയാണ്. ബ്രൈഡൽ മേക്കപ്പിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ...

∙ ഡ്യൂയി മേക്കപ് ആണോ, ഡ്രമാറ്റിക് ലുക് ആണോ വേണ്ടത്, കണ്ണിന് സ്മോക്കി ലുക്ക് വേണോ ഷിമ്മറി ലുക്ക് വേണോ എന്നെല്ലാം ക‍ൃത്യമായ ധാരണ വേണം.

∙ ആഴ്ചകൾ മുൻപേ തന്നെ മേക്കപ് അണിഞ്ഞുനോക്കി പരീക്ഷണങ്ങൾ നടത്തണം. അണിയുന്ന വസ്ത്രം, ആഭരണം, ആഗ്രഹിക്കുന്ന ലുക്ക് എന്താണ് എന്നെല്ലാം മുൻനിർത്തി മേക്കപ് സ്റ്റൈൽ തീരുമാനിക്കണം. അണിയുന്ന മേക്കപ് എത്ര നേരം ഭംഗിയോടെ നീണ്ടുനിൽക്കുന്നു എന്നും മനസ്സിലാക്കി അപാകതകൾ ഉണ്ടെങ്കിൽ പരിഹരിക്കുക.

∙ ചർമവും ചുണ്ടുകളും ജലാംശമുള്ളതാക്കി നിലനിർത്താൻ വെള്ളം കുടിക്കുന്നതു ശീലമാക്കണം. മുഖം കഴുകി ഹൈഡ്രേറ്റിങ് മോയിസ്ചറൈസർ പുരട്ടണം. കണ്ണിനടിയിലെ തടിപ്പു മാറാനും കണ്ണിനു തുടിപ്പു കിട്ടാനും അണ്ടർ ഐ മാസ്ക് ഉപയോഗിക്കാം. ലിപ് സ്ക്രബ് ഉപയോഗിച്ചു ചുണ്ടിലെ മൃതകോശങ്ങൾ നീക്കുന്നതും നല്ലതാണ്.

∙ കൃത്രിമ കൺപീലികൾ കല്യാണപെണ്ണിന്റെ പ്രിയ കൂട്ടുകാരിയാണ്. നേരത്തേ തന്നെ ഫോൾസ് ലാഷ്സ് വയ്ക്കേണ്ടതെങ്ങനെയെന്നു പഠിച്ചിരുന്നോളൂ.

∙ വിയർപ്പ് മേക്കപ്പിനെ തൊടാതിരിക്കാൻ വാട്ടർപ്രൂഫ് ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാം. മണിക്കൂറുകൾ നീളുന്ന ആഘോഷമാണ് ഇടയ്ക്കിടെ ടച്ച് അപ് വേണ്ടി വരാം. അ തിനാൽ മേക്കപ് കിറ്റിന്റെ മിനി വേർഷൻ ബ്രൈഡ്സ് മെയ്ഡിനെ ഏൽപിക്കാം.

വിവരങ്ങൾക്കു കടപ്പാട് : ഫെമി ആന്റണി, സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ്, കൊച്ചി

Tags:
  • Glam Up
  • Beauty Tips