ADVERTISEMENT

ചുണ്ടുകൾ വരണ്ടും അനാരോഗ്യത്തോടെയുമിരുന്നാൽ മുഖത്തിന്റെ അഴക് ആകെ മങ്ങും. കാലാവസ്ഥയിലെ മാറ്റവും ആരോഗ്യപ്രശ്നങ്ങളുമെല്ലാം ചുണ്ടുകളെ പെട്ടെന്ന് ബാധിക്കാറുണ്ട്. ഏറ്റവും മൃദുവും സെൻസിറ്റീവ് ആയതുമായ ചർമമാണ് ചുണ്ടുകളുടേത്. അതുകൊണ്ടാണ് ഈ പ്രശ്നങ്ങളൊക്കെ ചുണ്ടുകളുടെ അഴകിനെ പെട്ടെന്ന് ബാധിക്കുന്നതെന്നറിയുക. മനോഹരമായ അധരങ്ങൾ സ്വന്തമാക്കണമെങ്കിൽ അവയുടെ പരിചരണത്തിലും നന്നായി ശ്രദ്ധിക്കണം. ഇളം റോസ് നിറമുള്ള അധരങ്ങൾ സ്വന്തമാക്കാൻ ഇനി പറയുന്ന കാര്യങ്ങൾ ചെയ്യാം. 

1. അൽപം ബ്രൗൺ പഞ്ചസാര പൊടിച്ചതും ശുദ്ധമായ തേനും മിശ്രിതമാക്കി ചുണ്ടുകളിൽ തേച്ച് ഒരു മിനിറ്റ് നേരം മൃദുവായി മസാജ് ചെയ്യുക. അഞ്ചു മിനിറ്റ് ഈ മിശ്രിതം ചുണ്ടിൽ പുരട്ടി വയ്ക്കുക. ഇനി ശുദ്ധ ജലത്തിൽ കഴുകാം. ചുണ്ടിലെ മൃത കോശങ്ങൾ നീക്കാൻ ഇതിലൂടെ സാധിക്കും. ചുണ്ടുകളുടെ കറുപ്പുനിറം മാറി കിട്ടും. ആഴ്ചയിൽ മൂന്നു തവണ ഇങ്ങനെ ചെയ്യാം. 

ADVERTISEMENT

2. ഏഴു റോസാപ്പൂവിതളുകൾ കാൽ കപ്പ് പാലിൽ തലേ രാത്രിയിലേ ഇട്ടു വയ്ക്കുക. പിറ്റേന്ന് രാവിലെ ഈ പൂതിതളുകൾ എടുത്ത് അരച്ചു പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം 20 മിനിറ്റ് നേരം ചുണ്ടിൽ പുരട്ടി വയ്ക്കണം. ചുണ്ടിന്റെ കറുപ്പ് നിറം മാറി നല്ല തുടുപ്പ് കൈവരും. ദിവസവും ഇത് ചെയ്യാം. 

3. മഞ്ഞളും പാലും പാക്ക് ആയി ചുണ്ടിൽ പുരട്ടാം.  ഒരുകഷണം പച്ച മഞ്ഞൾ ഒരു ടീസ് പൂൺ പാലിൽ അരച്ചെടുക്കുക. ഈ പേസ്റ്റ് ചുണ്ടിൽ പുരട്ടി അഞ്ചു മിനിറ്റ് നേരം വയ്ക്കുക. എന്നിട്ട് ശുദ്ധ ജലത്തിൽ കഴുകി കളയുക. ചുണ്ടുകൾ ഉണങ്ങി കഴിയുമ്പോൾ ലിപ് ബാം പുരട്ടാം. ഒന്നിടവിട്ട ദിവസം  ഈ സൗന്ദര്യ പരിചരണം ചെയ്യാം. 

ADVERTISEMENT

4. അൽപം ബീറ്റ്റൂട്ട് മിക്സിയിൽ അടിച്ച് ജ്യൂസ് എടുക്കുക. ബീറ്റ് റൂട്ട് ജ്യൂസും തേനും മിക്സ് ചെയ്ത്  ചുണ്ടിൽ പുരട്ടി അഞ്ചു മിനിറ്റ് വയ്ക്കുക. ഉണങ്ങാൻ തുടങ്ങുമ്പോൾ ഈ മിശ്രിതം ചുണ്ടിൽ നിന്ന് കഴുകി കളയുക. രണ്ടു ദിവസം കൂടുമ്പോൾ ഇതു ചെയ്യാം. ചുണ്ടുകൾ ചുവന്നു തുടുക്കും. 

5. ഉറങ്ങാൻ പോകും മുൻപ് അൽപം ശുദ്ധമായ നെയ്യ് ചുണ്ടുകളിൽ പുരട്ടിയിട്ട് കിടക്കുന്നത് ചുണ്ടിലെ വരൾച്ചയും ക്ഷീണവും മാറ്റും.

ADVERTISEMENT

6. ചെറുനാരങ്ങാനീരും ബ്രൗൺ ഷുഗറും മിശ്രിതമാക്കി ചുണ്ടുകളിൽ പുരട്ടുന്നത് ചുണ്ടിന്റെ കറുപ്പു നിറം മാറ്റാൻ സഹായിക്കും. 

7. ലിപ്സ്റ്റിക് അണിയുന്നതിനു മുൻപ് അൽപം പെട്രോളിയം ജെല്ലി ചുണ്ടുകളിൽ പുരട്ടാം. അതിനു മേലെയായി ലിപ്സിക് പുരട്ടുക. ചുണ്ടുകൾ വരളുന്നത് ഇതു തടയും. 

8. നാരങ്ങാ നീരും വെള്ളരിക്കയുടെ നീരും സമം അളവിലെടുത്ത് ഈ മിശ്രിതം ചുണ്ടുകളിൽ പുരട്ടുക. 15 മിനിറ്റ് ഇതു ചുണ്ടുകളിൽ വച്ച ശേഷം ശുദ്ധമായ ജലത്തിൽ കഴുകി കളയുക. ചുണ്ടുകൾക്ക് തുടുപ്പും മൃദുത്വവും ലഭിക്കും. 

9. തക്കാളി നീരും അൽപം വെണ്ണയും ചേർത്ത് ചുണ്ടുകളിൽ പുരട്ടുക. 10 മിനിറ്റ് നേരം ഈ മിശ്രിതം ചുണ്ടുകളിൽ വച്ച ശേഷം കഴുകി കളയുക. ചുണ്ടുകൾ വിണ്ടു കീറുന്നത് അകറ്റാം.

10. പനിനീരും ഗ്ലിസറിനും മിക്സ് ചെയ്ത് ചുണ്ടുകളിൽ പുരട്ടുന്നതും ചുണ്ടുകളുടെ വരൾച്ച അകറ്റി മൃദുത്വവും അഴകുമേകും. 

ADVERTISEMENT