സൗന്ദര്യസംരക്ഷണത്തിനായി എല്ലാ ദിവസവും സമയം മാറ്റിവയ്ക്കാൻ മടി. ബ്യൂട്ടി പാർലറിൽ പോയി സ്പായും ഫേഷ്യലും പെഡിക്യൂറുമൊക്കെ ചെയ്യാൻ മടി. പതിവിലും അൽപം നേരത്തെ ഉണർന്ന് അണിഞ്ഞൊരുങ്ങാൻ മടി. പക്ഷേ, വിശേഷദിവസങ്ങളിലും ആഘോഷങ്ങളിലും സുന്ദരിയായിരിക്കുകയും വേണം. അതെന്താ മടിയുള്ളവർക്കു സുന്ദരിയായിരിക്കണമെന്നു മോഹിച്ചൂടെ എന്നു ചോദിക്കാൻ വരട്ടെ... മോഹിച്ചാൽ മാത്രം പോരാ ഇനി പറയുന്ന സൂത്രവഴികൾ അറിയുകയും വേണം. സൗന്ദര്യത്തിലേക്ക് ഉറങ്ങിയുണരാൻ ഇതാ ചില വഴികൾ...
തല കഴുകാൻ തന്നെ മടിയാണോ?
എണ്ണമയമുണ്ടെങ്കിൽ മുടി സ്റ്റൈൽ ചെയ്യാന്‍ ഇ ത്തിരി പ്രയാസമാണ്. അഴിച്ചിട്ടാലും ഭംഗിയുണ്ടാകില്ല. ഷാംപൂവും കണ്ടീഷനറുമിട്ടു തല കഴുകിയാൽ തീരുന്ന പ്രശ്നമാണ്. പക്ഷേ, ഇടയ്ക്കിടെ തല കഴുകാൻ മടിയാണെങ്കിലോ ? ടെൻഷനേ വേണ്ട, ഡ്രൈ ഷാംപൂ ഉണ്ടല്ലോ.
ഷംപൂ എന്നാണ് പേരെങ്കിലും ഇതു സ്പ്രേ ആ ണ്. മുടി ചെറുഭാഗങ്ങളായി തിരിച്ച് സ്പ്രേ ചെയ്തശേഷം വിരലുകൾ കൊണ്ടു മുടി കോതിയെടുക്കാം. എണ്ണമയം നീങ്ങി ഷാംപൂ ചെയ്തതുപോലെ മുടി ഒഴുകിപ്പറന്നുകിടക്കും.
തല കഴുകിയാൽ മുടി ഉണങ്ങാൻ എടുക്കുന്ന സമയം പലരെയും അലട്ടാറുണ്ട്. മുടിയിൽ ഈർപ്പം മാറ്റാൻ മൈക്രോ ഫൈബർ ടവ്വൽ ഉപയോഗിക്കുക. അല്ലെങ്കിൽ പഴയ ടീഷർട്ട് ഉപയോഗിക്കുക. മുടി കെട്ടിവച്ച് ഉണക്കാനും ടീഷർട്ട് ചുറ്റിവയ്ക്കുന്നതാണു നല്ല വഴി. മുടി വരളാതിരിക്കാനും ഈ ടീഷർട് ടിപ് സഹായകരമാണ്.
മുടിയിൽ അലകൾ തീർക്കാൻ
ഉറങ്ങിയുണരുമ്പോഴേക്കും തിരമാലകൾ പോലുള്ള വേവി ഹെയർ സ്വന്തമാക്കാൻ തലേന്നു രാത്രി 10 മിനിറ്റ് മാറ്റി വച്ചാൽ മതി. മുടി നന്നായി ചീകിയ ശേഷം മുടി രണ്ടായി പിന്നിക്കെട്ടി ഉറങ്ങാം. മേക്കപ്പും ഡ്രസ്സിങ്ങുമെല്ലാം കഴിഞ്ഞ ശേഷം മുടി അഴിച്ചിടുക. ചീപ്പ് ഉപയോഗിച്ചു ചീകരുത്. ആവശ്യമെങ്കിൽ ആന്റി ഫ്രിസ് സീറം പുരട്ടി മുടി ഭംഗിയാക്കാം.
മുടി പിന്നിക്കെട്ടും മുൻപ് ഹെയർ ടെക്സചറൈസിങ് ക്രീം പുരട്ടുന്നതും നല്ലതാണ്. മുടി മൂന്നായി ഭാഗിച്ച് ഓരോ ഭാഗവും സോക്സ് ചേർത്തു ചുറ്റി വച്ചും ഓവർനൈറ്റ് വേവി ഹെയർ സ്വന്തമാക്കാം. സ്ട്രെയ്റ്റ് ഹെയർ ഉള്ളവർക്കാണ് ഈ സൂത്രപ്പണിയുടെ ഫലം പൂർണമായി ലഭിക്കുക. അങ്ങിങ്ങായി ചുരുളുകളുള്ള മുടിയും ഭംഗിയായി കിടക്കും. ഉള്ളു കുറവുള്ള മുടിക്കു ഉള്ളു തോന്നിക്കാനും ഈ ഹെയർ സ്റ്റൈൽ സൂപ്പറാണ്.