മുടി ഒട്ടൊക്കെ പാരമ്പര്യമാണെങ്കിലും നന്നായി ശ്രദ്ധിച്ചാലേ മുടിയുടെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാനാകൂ. മുടിയെ ബാധിക്കുന്ന പ്രശ്നങ്ങളെ യഥാസമയം അറിഞ്ഞു പരിഹാരം കണ്ടെത്തുകയും വേണ്ട കരുതൽ നൽകുകയും ചെയ്യണം. എത്രത്തോളം സ്നേഹം നൽകുന്നുവോ അത്രത്തോളം തിരികെ സ്നേഹിക്കുന്ന ഒന്നാണു മുടി.
മുടിക്കു വേണം നല്ല ഭക്ഷണം
മുടിയുടെ ആരോഗ്യകരമായ വളർച്ചാ കാലഘട്ടം രണ്ടു മുതൽ ഏഴു വരെ വർഷങ്ങളാണ്. ചിട്ടയായ ജീവിതരീതി, ഭക്ഷണം എന്നിവയിലൂടെ ഈ വളർച്ചാ കാലഘട്ടം കുറയാതെ കാക്കാനാകും.
മുടിയുടെ ആരോഗ്യത്തിനു നല്ല ഭക്ഷണം തന്നെയാണ് ഏറ്റവും പ്രധാനം. മുടിയുടെ സ്വാഭാവിക വളർച്ചയ്ക്ക് പ്രോട്ടീൻ, ബയോട്ടിൻ, അയൺ, വൈറ്റമിൻ സി എന്നിവ പ്രധാനമാണ്.
മുട്ട, പാൽ, പനീർ, തൈര്, ചീസ് പോലുള്ളവയിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്. സമൃദ്ധമായ മുടിക്കു ദൈനംദിന ഭക്ഷണത്തിൽ പ്രോട്ടീന്റെ അളവ് വർധിപ്പിക്കുക.
പയർ, കോളിഫ്ലവർ, കാരറ്റ്, ബദാം എന്നിവയിൽ ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. പച്ചിലക്കറികൾ, പേരയ്ക്ക, മാംസം എന്നിവയിൽ ഇരുമ്പ് ധാരാളമായുണ്ട്. പുളിരസമുള്ള പഴങ്ങൾ, കാപ്സിക്കം, നാരങ്ങാവെള്ളം എന്നിവ വൈറ്റമിൻ സി ലഭിക്കുന്നതിനായി കഴിക്കാം. സിങ്ക് രോമകൂപങ്ങളെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു.
പിസിഒഡി, തൈറോയ്ഡ് എന്നീ രോഗാവസ്ഥകളെ നേരിടാൻ മരുന്നിനൊപ്പം ജീവിതശൈലി ക്രമീകരണവും വേണം. ഇത്തരം സാഹചര്യങ്ങളിൽ ഡോക്ടറുടെ നിർദേശം കൃത്യമായി പാലിക്കുന്നതിലൂടെ രോഗത്തെയും ലക്ഷണമായി വരുന്ന മുടികൊഴിച്ചിലിനെയും നേരിടാം.
അരുത് ഈ രീതികൾ
കാറ്റും കടുത്ത സൂര്യപ്രകാശവും ഏൽക്കുന്നത് മുടിയുടെ ആരോഗ്യം കെടുത്തും. മുടിയുടെയും ചർമത്തിന്റെയും പ്രത്യേകതകൾക്കു യോജിക്കാത്ത കെമിക്കൽ ട്രീറ്റ്മെന്റുകൾ സ്വീകരിക്കരുത്. ഇതു മുടികൊഴിച്ചിലിനു കാരണമാകും.
നനഞ്ഞ മുടി ശക്തിയായി വലിച്ചു ചീകുകയോ തോർത്തുകയോ ചെയ്യരുത്. മുടി വലിച്ചുമുറുക്കി കെട്ടാതിരിക്കുക. മുടി കെട്ടിവച്ചിരിക്കുന്ന ഹെയർ ബാന്റ് വലിച്ച് ഊരരുത്.
പല്ലകലം തീരെ കുറഞ്ഞ ചീപ്പ് ഉപയോഗിച്ചു മുടി ചീകരുത്. മുടി കുരുങ്ങി പൊട്ടിപ്പോകാൻ കാരണമാകാം.
രാത്രി മുടി അയവുള്ള വിധം കെട്ടി വയ്ക്കാതെ ഉറങ്ങരുത്. മുടി ദുർബലമാകാൻ ഇടയാക്കും. സിൽക്, സാറ്റിൻ തലയണ കവറുകളാണ് മുടി ഉരസി പൊട്ടിപ്പോകാതിരിക്കാൻ നല്ലത്.
വെള്ളം കൊടുക്കാം, മുടിയ്ക്ക്
മുടിയുടെ ആരോഗ്യത്തിൽ മുടിയിലെ ജലാംശം പ്രധാനമാണ്. മുടി വരണ്ടു പൊട്ടിപ്പോകാതിരിക്കാൻ ജലം അത്യാവശ്യമായതിനാൽ ദിവസവും രണ്ടര ലീറ്റർ വെള്ളമെങ്കിലും കുടിക്കണം. ജലാംശം ധാരാളമുള്ള പച്ചക്കറികളും പഴങ്ങളും നിത്യ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.