Tuesday 08 September 2020 11:42 AM IST

മുടിയുടെ ഘടനയിലും ഭംഗിയിലും വ്യത്യാസമുണ്ട്; സ്വഭാവമറിഞ്ഞ് അണിയാം ഹെയർ മാസ്ക്

Chaithra Lakshmi

Sub Editor

hair-maskkhbdbcgvg

പാരമ്പര്യം, ജീവിതശൈലി, നൽകുന്ന പരിചരണം ഇവ അനുസരിച്ച് ഓരോരുത്തരുടെയും മുടിയുടെ ഘടനയിലും ഭംഗിയിലും വ്യത്യാസമുണ്ടാകും. മുടിയുടെ സ്വഭാവത്തിന് യോജിച്ച മാസ്ക് പുരട്ടി നോക്കൂ. അഴകും കരുത്തും മുടിയിൽ തിളങ്ങുന്നത് കാണാം. 

വരണ്ട അറ്റം പിളരുന്ന മുടി 

നന്നായി പഴുത്ത ഇടത്തരം വലുപ്പമുള്ള ഒരു ഏത്തപ്പഴവും ഒരു മുട്ടയും ചേർത്ത്  മിക്സിയിൽ അടിച്ചെടുക്കുക. ഈ കൂട്ടിൽ രണ്ട് ചെറിയ സ്പൂൺ തേൻ, അഞ്ച് തുള്ള ബദാമെണ്ണ അല്ലെങ്കിൽ വെളിച്ചെണ്ണ ഇവ ചേർത്ത് യോജിപ്പിക്കുക. ഇളംചൂടുള്ള വെള്ളത്തിൽ തല നനച്ച ശേഷം ഈ മാസ്ക് തലയിൽ പുരട്ടുക. അര മണിക്കൂറിന് ശേഷം താളിയോ ചീവയ്ക്കാപ്പൊടിയോ മൈൽഡ് ഷാംപൂവോ ഉപയോഗിച്ചു കഴുകിക്കളയണം. വരണ്ട മുടി സുന്ദരമാകാൻ ഈ ഹെയർമാസ്ക് നല്ലതാണ്.

എണ്ണമയമുള്ള മുടി

ഒരു ചെറിയ സ്പൂൺ തേനിൽ സമം ഒലീവ് ഓയിലും നാരങ്ങാനീരും ചേർക്കുക. ഈ കൂട്ടിലേക്ക് ഒരു മുട്ട ചേർത്ത് നന്നായി പതപ്പിച്ചു മിശ്രിതമാക്കുക. ഈ കൂട്ട് ശിരോചർമം മുതൽ മുടിയുടെ തുമ്പ് വരെ തേച്ചു പിടിപ്പിക്കുക. ഇരുപത് മിനിറ്റ് കഴിഞ്ഞ് മൈൽഡ് ഷാംപൂവോ താളിയോ ഉപയോഗിച്ചു കഴുകിക്കളയണം. എണ്ണമയമുള്ള മുടിയ്ക്ക് അഴകും കരുത്തും ലഭിക്കും.

സാധാരണ മുടി

അരക്കപ്പ് നെല്ലിക്കാപ്പൊടിയിൽ ഒരു മുട്ട, രണ്ട് ചെറിയ സ്പൂൺ ആവണക്കെണ്ണ അല്ലെങ്കിൽ വെളിച്ചെണ്ണ ഇവ േചർത്ത് മിശ്രിതമാക്കണം. ഈ കൂട്ട് തലയിൽ പുരട്ടിയ ശേഷം അര മണിക്കൂർ കഴിഞ്ഞ് താളിയോ മൈൽഡ് ഷാംപൂവോ ഉപയോഗിച്ചു കഴുകി വൃത്തിയാക്കണം. മുടിയ്ക്ക് അഴകും കരുത്തും കിട്ടുന്നതിന് ഈ ഹെയർ മാസ്ക് ഗുണം ചെയ്യും.

Tags:
  • Hair Style
  • Glam Up
  • Beauty Tips