Thursday 29 October 2020 04:00 PM IST

സ്ഥിരം ഹെയർ സ്റ്റൈൽ മാറിയാൽ കോൺഫിഡൻസ് പോകില്ല; പാർട്ടിയിൽ തിളങ്ങാൻ മെസ്സി ബൺ പരീക്ഷിച്ചോളൂ...

Lakshmi Premkumar

Sub Editor

hair-sytt6543 ഫോട്ടോ: സരിൻ രാംദാസ്, വിവരങ്ങൾക്ക് കടപ്പാട്: സബിത സാവരിയ, സാവരിയ മേക്കോവേഴ്സ്, തൃപ്പൂണിത്തുറ

മുടിയിൽ പുതിയൊരു സ്റ്റൈൽ പരീക്ഷിച്ചാൽ പിന്നെ, എന്തൊരു  മാറ്റമാണ്. പക്ഷേ, പതിവായി കെട്ടുന്ന രീതി, വകഞ്ഞിടുന്ന സൈഡ്... ഇതൊക്കെ ഒന്നു മാറ്റി നോക്കാൻ വലിയ ടെൻഷനും. പുതിയ സ്റ്റൈൽ മുഖത്തിന്  ഇണങ്ങുമോ? അണിയുന്ന വസ്ത്രവുമായി ഹെയർ സ്റ്റൈൽ മാച്ചാകുമോ? സ്ഥിരം സ്റ്റൈൽ മാറിയാൽ കോൺഫിഡൻസ് പോകുമോ?  ഇങ്ങനെ ഒക്കെ ചിന്തിച്ച്  പരീക്ഷണങ്ങളെ മാറ്റി നിർത്തേണ്ട. എളുപ്പത്തിൽ ചെയ്യാവുന്ന, ഏതു വസ്ത്രത്തിനൊപ്പവും ഇണങ്ങുന്ന ചില ഹെയർ സ്റ്റൈലുകൾ കണ്ടോളൂ. പാർട്ടിക്കോ, ഒാഫിസിലോ... എവിടെ പോയാലും എളുപ്പത്തിൽ മുടി കെട്ടാം. കിടിലൻ മേക്കോവർ എന്ന് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കുകയും ചെയ്യാം. 

ഓരോ മുഖത്തിനും ഇണങ്ങും ഹെയർസ്റ്റൈൽ

മുഖത്തിന്റെ ആകൃതിയനുസരിച്ച് മുടി കെട്ടിയാൽ ഭംഗി ഇരട്ടിയാക്കാം. പിന്നിലേക്ക് ചീകി നന്നായി ടൈറ്റ് ചെയ്ത് മുടി കെട്ടുന്നത് വട്ടമുഖക്കാർക്ക് ഇണങ്ങും. മുഖത്തിന് ഒതുക്കം തോന്നാൻ ഇതു സഹായിക്കും. കവിളുകൾ കൂടുതലുള്ളവർക്ക് പുറകിലേക്ക് ചീകിയിടുന്ന ലൂസ് ഹെയറാണ് നല്ലത്. ഫെതർ കട്ട് ഇണങ്ങും.

ഓവൽ ഷേപ് മുഖമാണെങ്കിൽ കാതുകൾക്ക് മുകളിലായി മുടി ലൂസ് ചെയ്ത് പിൻ ചെയ്യുന്ന രീതി നന്നായി യോജിക്കും. നടുവിലൂടേയോ, വശങ്ങളിലോ വകച്ചിലെടുക്കാം. നീണ്ട മുഖവും ഒട്ടിയ കവിളുമുള്ളവർക്ക് മുടി പിന്നിലേക്ക് ചീകി കുറച്ച് ഉയർത്തി നിറുത്തുന്നതാണ് ചേരുക. ഇത് കവിളുകൾക്ക് തുടിപ്പ് തോന്നിക്കും.

ചതുര മുഖത്തിലുള്ളവർ വശങ്ങളിൽ നിന്നു വേണം വകച്ചിൽ എടുക്കാൻ. മുടി ചെവിക്കൊപ്പം നീളത്തിൽ ക്രോപ് ചെയ്ത് സൈഡിലേയ്ക്ക് ചീകുന്നതും ചതുരമുഖത്തിന് ചേരും.

messi-bun4455

പാർട്ടിയിൽ തിളങ്ങാൻ മെസ്സി ബൺ

1. മുടി മുഴുവനായി എടുത്ത് അൽപം ഇറക്കി ബാൻഡ് ഇട്ട് മുറുക്കി കെട്ടുക. നിത്യവും ചീകുന്ന രീതിയിൽ തന്നെ ചീകാം. ശേഷം തലമുടി വശങ്ങളിലേക്ക് സിറം പുരട്ടി നന്നായി ചീകി ഒതുക്കാം.

2. ബാൻഡിനു മുകളിൽ കറുത്ത ഹെയർ ഡോനട്ട് വയ്ക്കണം. മുഴുവൻ മുടിയും ഇതിനുള്ളിലൂടെ വലിച്ചിട്ട ശേഷം നടുവിൽ നിന്നും പകുത്ത് വൃത്തത്തിൽ കെട്ടി ഉറപ്പിക്കാം.

3. കെട്ടിയതിന് ശേഷം ഡോനട്ടിന്റെ വശത്തേക്ക് കിടക്കുന്ന മുടിയെ ഹെയർ പിന്നിന്റെ സഹായത്തോടെ ഇരുവശങ്ങളിലേക്കും കുത്തി വൃത്താകൃതിയിലുള്ള കെട്ട് മനോഹരമാക്കാം.

4. കുറച്ചു കൂടി പെർഫെക്ഷൻ ആഗ്രഹിക്കുന്നവർക്ക് ഈ വട്ടക്കെട്ടിന് ചുറ്റും സിംപിൾ കേളി ഹെയർ ആക്സസറി കൂടി നൽകാം. യഥാർഥ മുടിയാണെന്നേ തോന്നുകയുള്ളൂ.

_ARI5556-copy
Tags:
  • Hair Style
  • Glam Up