തേൻ ഭക്ഷണത്തില്‍ ഉൾപ്പെടുത്താൻ മാത്രമല്ല, അനവധി ചർമപ്രശ്നങ്ങൾക്കും ഉത്തമമാണ്. മുഖക്കുരുവോ, കറുത്തപാടുകളോ, വരണ്ട ചർമമോ ആയിക്കൊള്ളട്ടെ എല്ലാറ്റിനും പരിഹാരമായി തേൻ മാത്രം മതി. ദിവസവും ഒരു ടീസ്പൂൺ തേന്‍ കഴിക്കുന്നത് പ്രതിരോധശക്തി വർധിപ്പിക്കുകയും ചെയ്യും. തേൻ ഉപയോഗിച്ചുള്ള അഞ്ചു സൗന്ദര്യ സംരക്ഷണമാർഗങ്ങള്‍ കാണാം..
മുടി ഇനി വെട്ടിത്തിളങ്ങും
കേശസംരക്ഷണത്തില്‍ തേനിനു വളരെ വലിയ പങ്കാണുള്ളത്. അഞ്ചു ടേബിൾസ്പൂൺ ആപ്പിൾ സിഡർ വിനീഗറിനൊപ്പം തേനും ചേർത്ത് മുടിയിൽ പുരട്ടി പതിനഞ്ചു മിനിറ്റോളം വയ്ക്കുക. ഇനി ഇളംചൂടു വെള്ളത്തിൽ കഴുകിക്കളയാം.
മുഖക്കുരുവിനു ഗുഡ്ബൈ
ആന്റിബാക്റ്റീരിയൽ ഘടകങ്ങൾ ധാരാളമായിട്ടുള്ള തേൻ മുഖക്കുരു ഇല്ലാതാക്കും. മുഖം വരളുന്നത് തടയുകയും ചെയ്യും. കൈമുട്ടുകളിലെയും കാൽമുട്ടുകളിലെയും കറുത്തപാടു നീക്കി മൃദുവാക്കുവാനും തേൻ നല്ലതാണ്. ഒരു കപ്പു പഞ്ചസാരയിലേക്ക് അരക്കപ്പ് ഒലിവ് ഓയിലും മൂന്നു ടീസ്പൂൺ തേനും ചേർക്കുക. ഈ മിശ്രിതം പതിവായി പുരട്ടിയാൽ ആ ഭാഗങ്ങളിലെ ചർമം തിളങ്ങുന്നതു കാണാം.
ഫെയ്സ്‌വാഷിനു പണം മുടക്കേണ്ട
മുഖം വൃത്തിയാക്കുവാൻ ഇനി പണം മുടക്കി ഫെയ്സ്‌വാഷ് വാങ്ങേണ്ട കാര്യമില്ല, തേൻ തന്നെ മതി. മേക്കപ് പൂർണമായും നീക്കം ചെയ്തതിനു ശേഷം മുഖത്തു തേൻ പുരട്ടുക. ശേഷം ഇളംചൂടുവെള്ളത്തിൽ മുക്കിയെടുത്ത തുണി ഉപയോഗിച്ചു തുടച്ചുനീക്കാം. ഇത് ചർമത്തെ കൂടുതൽ ആരോഗ്യമുള്ളതാക്കി തീർക്കുകയും മുഖക്കുരുവിനു കാരണമാകുന്ന ബാക്റ്റീരിയകളെ ഇല്ലാതാക്കുകയും ചെയ്യും.
ഇതാണു റിയൽ ഫെയ്സ്മാസ്ക്
ഫെയ്സ്‌വാഷ് ആയി മാത്രമല്ല, ഫെയ്സ്മാസ്ക് ആയി ഉപയോഗിക്കാനും തേൻ മതി. മത്തങ്ങ പേസ്റ്റ് ആക്കി വച്ചതിലേക്ക് രണ്ടു ടേബിൾസ്പൂൺ തേനും ഒരു ടീസ്പൂൺ മഞ്ഞൾപൊടിയും ചേർക്കുക. തേൻ മുഖക്കുരുവിന്റെ പാടുകൾ നീക്കം ചെയ്യുകയും ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ മഞ്ഞളും ആൽഫാ ഹൈഡ്രോക്സി ആസിഡ് അടങ്ങിയ മത്തങ്ങയും മൃതകോശങ്ങളെ ഇല്ലാതാക്കുകയും ചെയ്യും.
അമിതരോമമോ?
അമിതരോമം മൂലം പ്രശ്നം നേരിടുന്നവർക്കു കെമിക്കലുകളുടെ സഹായമില്ലാതെ ഇനി അവ നീക്കം ചെയ്യാൻ തേൻ സഹായിക്കും. ഒരു ടീസ്പൂൺ തേനും മൂന്നു ടീസ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ നാരങ്ങയും ചേർത്തു ചൂടാക്കുക. ഇനി ഇത് ഒരു പാത്രത്തിലേക്കു മാറ്റി രോമം നീക്കം ചെയ്യേണ്ട ഭാഗത്തു തേച്ചുപിടിപ്പിച്ചതിനു ശേഷം തുടച്ചു നീക്കാം.