Thursday 16 July 2020 12:35 PM IST

ശ്രദ്ധിച്ചില്ലെങ്കിൽ അണുബാധ വരെ സംഭവിക്കാം: ലിപ് ബാം തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

Lakshmi Premkumar

Sub Editor

lip-balm

ലിപ് ബാമുകൾ സൂക്ഷിച്ച് തിരഞ്ഞെടുക്കാം,

ചുണ്ടിന് കടും നിറങ്ങൾ നൽകാൻ പലർക്കും മടിയാണ്. എന്നാൽ വരണ്ടുണങ്ങിയ ചുണ്ടുകൾ എപ്പോഴും അഭംഗിയും ഇത്തരം അവസരങ്ങളിലാണ് ലിപ് ബാമുകൾ ഏറെ പ്രിയപ്പെട്ടതായി മാറുന്നത്. എന്നാൽ ലിപ്ബാമുകൾ പുരട്ടുമ്പോൾ അത് എങ്ങനെ, എപ്പോൾ , എത്രതവണയായി പുരട്ടണം തുടങ്ങി നിരവധി സംശയങ്ങൾ പലർക്കുമുണ്ടാകും. പക്ഷേ പലപ്പോഴും കൈയ്യിൽ കിട്ടുന്ന ഒരു നിറമെടുത്ത് കണ്ണാടിയിൽപോലും നോക്കാതെ ചുണ്ടിൽ ഉരക്കുന്നവരാണ് ഏറെയും. യഥാർഥത്തിൽ അത്രയും സിംപിളായി കാണേണ്ട ഒന്നല്ല ലിപ്ബാമുകൾ. ഓരോഴുത്തരുടേയും ചുണ്ടിനിണങ്ങുന്ന, സ്കിൻ ടോണിന് ചേരുന്ന നിറങ്ങളോടു കൂടിയ, ഓരോ കാലാവസ്ഥയിലും ഉപയോഗിക്കേണ്ട ലിപ് ബാമുകൾ വരെ വിപണിയിലുണ്ട്.

ലിപ്ബാമുകൾ പുരട്ടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം,

∙ലിപ്ബാം ആദ്യം താഴത്തെ ചുണ്ടിൽ പുരട്ടിയശേഷം വേണം മുകളിലത്തെ ചുണ്ടുകളിൽ ഇടാൻ. ബ്രഷോ വിരലുകൾ ഉപയോഗിച്ചോ ഇത് അണിയാം. താഴത്തെ ചുണ്ടുകളിൽ നൽകുന്ന അത്രയും കട്ടി മുകളിലത്തെ ചുണ്ടുകളിൽ നൽകരുത്.

∙ സ്റ്റിക് രൂപത്തിലുള്ള ലിപ്ബാമുകൾ പുരട്ടുമ്പോൾ അവയുടെ അരികു വശങ്ങളുപയോഗിച്ച് ചുണ്ടിന് ചെറിയ ഔട്ട് ലൈൻ നൽകിയ ശേഷം വശങ്ങളിൽ കൂടുതൽ ബാം ഫിൽ ചെയ്യാം. ഇത് ചുണ്ടുകളെ കൂടുതൽ ആകർഷണീയമാക്കും.

∙ലിപ്സ്റ്റിക് പുരട്ടുന്നതിന് മുന്നോടിയായി അൽപം ലിപ് ബാം ചുണ്ടുകളിൽ പുരട്ടാം, ഒന്നോ രണ്ടോ മിനിറ്റു ശേഷം ലിപ്സ്റ്റിക് അണിഞ്ഞാൽ ചുണ്ടുകൾ ദീർഘനേരം വരളാതെ നിലനിൽക്കും.

∙ജൽ രൂപത്തിലുള്ള ലിപ് ബാമുകൾ എപ്പോഴും വിരലുകളുടെ സഹായത്തോടെ മാത്രമേ പുരട്ടാൻ കഴിയൂ. ഇത്തരം ലിപ് ബാമുകൾ ഉപയോഗിക്കും മുമ്പ് കൈവിരലുകൾ സോപ്പുപയോഗിച്ച് നന്നായി കഴുകണം. ഉണങ്ങിയ ശേഷം മാത്രമേ ബാമിൽ തൊടാവൂ.

∙മുഖത്തെ ഡ്രൈ ഏരിയകളായ മൂക്കിന്റെ സൈഡു വശങ്ങൾ, കവിൾതടങ്ങൾ എന്നിവിടങ്ങളിലും ലിപ് ബാമുകൾ ഉപയോഗിക്കാം. വിരലുകളിൽ എടുത്ത് ചെറിയ ഡോട്ടുകളായി പിടിപ്പിച്ച ശേഷം നന്നായി മസാജ് ചെയ്യുക.

∙നിറങ്ങളുള്ള ലിപ് ബാമുകൾ തിരഞ്ഞെടുക്കുമ്പോൾ അത് പ്രകൃതിദത്ത നിറങ്ങളാണോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. കെമിക്കൽ നിറങ്ങൾ ചേർത്തിട്ടുള്ള ലിപ് ബാമുകൾ ചുണ്ടുകളിൽ അലർജിയുണ്ടാക്കും.

∙എസ്പിഎഫ് (സൺ പ്രൊട്ടക്ഷൻ ഫാക്ടർ) 15 ന് മുകളിലുള്ള ലിപ് ബാമുകൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സൂര്യപ്രകാശത്തിൽ നിന്നും ചുണ്ടുകളെ സംരക്ഷിക്കാൻ ഇത്തരം ലിപ്ബാമുകൾക്ക് കഴിയും.

∙മോയ്ചറൈസിങിന് പ്രാധാന്യമുള്ള ലിപ് ബാമുകൾ വേണം നോക്കി വാങ്ങാൻ. ഓരോ ലിപ്ബാമുകളിലും അവയിലടങ്ങിയ ഘടകങ്ങൾകൂടി ഉൾപ്പെടുത്തിയിട്ടുണ്ടാകും. തേനീച്ചയുടെ മെഴുക് (ബീസ് വാക്സ്) , സെറാമൈഡ്സ് ഇവയെല്ലാം ചുണ്ടുകളിലെ ജലാംശം നിലനിർത്തും.

∙ഓരോ ലിപ്ബാമും വാങ്ങുമ്പോൾ കാലാവധി നോക്കി വേണം വാങ്ങാൻ. ഒരു വർഷത്തിന് മുകളിൽ കാലാവധിയുള്ളവയാണ് വാങ്ങുമ്പോൾ ദീർഘനാൾ ഉപയോഗപ്രദമായിരിക്കുക. പഴകിയ ലിപ് ബാമുകൾ ഒരു കാരണവശാലും ഉപയോഗിക്കരുത്. ചുണ്ടുകളിൽ കടുത്ത അണുബാധയ്ക്ക് ഇതു കാരണമാകും.

∙ആവശ്യമെങ്കിൽ മാത്രം ലിപ് ബാമുകൾ ഉപയോഗിക്കുക. ഇവ ഉപയോഗിച്ചു തുടങ്ങിയാൽ പലരിലും ഇതൊരു ശീലമായി മാറാം. ഇവയുടെ അധിക ഉപയോഗവും ചുണ്ടുകളെ പ്രതികൂലമായി ബാധിക്കും. മഞ്ഞുകാലത്തും വേനൽക്കാലത്തുമാണ് കൂടുതലായും ലിപ്ബാമുകളുടെ ആവശ്യം.