Saturday 04 December 2021 02:39 PM IST

മേക്കപ് കിറ്റ് എപ്പോഴും സൂപ്പർ ക്ലീൻ; ചിട്ടയോടെ പരിപാലിക്കാൻ പതിവായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

Ammu Joas

Sub Editor

makeupkkki8756788gv

മേക്കപ് ചെയ്യുന്നത് കൊണ്ട് മുഖത്തിനും ചർമത്തിനുമൊന്നും യാതൊരു അസ്വസ്ഥതയും ഉണ്ടാകരുതെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതുകൊണ്ട് മികച്ച ബ്രാൻഡുകൾ തന്നെ മേക്കപ് കിറ്റിൽ സ്ഥാനം പിടിക്കും.

പക്ഷേ, അതു മാത്രം പോരാ വൃത്തിയായും ആരോഗ്യകരമായും മേക്കപ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന ബ്രഷുകളും സ്പഞ്ചുമടക്കം എല്ലാ വസ്തുക്കളും കൃത്യമായി ക്ലീൻ ചെയ്ത് അണുവിമുക്തമാക്കി ഉപയോഗിക്കാനും കൂ ടി കരുതൽ വേണം. വൃത്തിയാക്കാത്ത മേക്കപ് ടൂൾസ് ഉപയോഗിക്കുന്നത് മേക്കപ്പിന്റെ ഫിനിഷിങ്ങിനെ മാത്രമല്ല ബാധിക്കുന്നത്, നിങ്ങളുടെ ചർമത്തെ കൂടിയാണ്. മേക്കപ് അലർജിക്ക് കാരണമാകുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് മേക്കപ് ടൂൾസിലെ അണുബാധയാണ്. വൃത്തിയാക്കാത്ത മേക്കപ് ടൂൾസ് ഉപയോഗിക്കുന്നത് മേക്കപ് ഉൽപന്നങ്ങളുടെ ഗുണനിലവാരവും നഷ്ടമാക്കും.

ബ്രഷിൽ തുടങ്ങാം

∙ പൗഡർ ബ്രഷ്, ഫൗണ്ടേഷൻ ബ്രഷ്, ലിപ് ബ്രഷ്, ഐ ബ്രഷ് എന്നിങ്ങനെ പലതരം ബ്രഷുകൾ മേക്കപ് കിറ്റിൽ ഉണ്ടാകാം. ഇവയെ കണ്ണിനും ചുണ്ടിനും ചർമത്തിനും എന്നിങ്ങനെ തരംതിരിച്ച് പ്രത്യേകം സൂക്ഷിക്കണം. എല്ലാം കൂടി ഒരു ബോക്സിലോ ബാഗിലോ ഇട്ടുവയ്ക്കുന്നത് ബ്രഷുകൾ ചീത്തയാക്കും.

∙ മേക്കപ് ബ്രഷസ് ഒന്നിടവിട്ട ആഴ്ചകളിൽ വൃത്തി യാക്കണം. ബ്രഷുകളുടെ നാരുകൾ വിടർന്നു വരുകയോ കൊഴിഞ്ഞു പോകുകയോ ചെയ്താൽ പുതിയതു വാങ്ങുക.

∙ മേക്കപ് ബ്രഷ് ആദ്യം ഇളം ചൂടുവെള്ളത്തിൽ നനയ്ക്കുക. കൈവെള്ളയിൽ അൽപം വീര്യം കുറഞ്ഞ ഷാംപൂ എടുത്ത് ബ്രഷിന്റെ അറ്റം കൈവെള്ളയിൽ തിരിച്ചും മറിച്ചും ഉരസുക. ഇനി വെള്ളത്തിൽ മുക്കി കഴുകുക. ബ്രഷിലെ ജലാംശം ടിഷ്യൂ പേപ്പർ ഉപയോഗിച്ച് അമർത്തി എടുത്ത ശേഷം നാരുകളുള്ള ഭാഗം താഴേക്ക് വരുംവിധം തൂക്കിയിട്ട് ഉണക്കിയെടുക്കുക. മേക്കപ് ബ്രഷ് സോഫ്റ്റ് ആകാൻ കഴുകിയ ശേഷം അൽപം കണ്ടീഷനർ കൂടി പുരട്ടി കഴുകിയെടുത്താൽ മതി.

∙ ബ്രഷിലെ വെള്ളമയം ടവല്‍ ഉപയോഗിച്ച് തുടയ്ക്കരുത്. ഇതു ബ്രഷിന്റെ ആകൃതിക്ക് കേടുവരുത്താം. ടവലിലോ പേപ്പറിലോ നിരത്തി വച്ച് ഉണക്കിയെടുക്കുന്നതും ബ്രഷിനു കേടു വരുത്തും.

∙ ഒരു സ്പ്രേ ബോട്ടിലിൽ 150 മില്ലിലീറ്റർ ഐസോപ്രൊപൈൽ ആൽക്കഹോൾ, 50 മില്ലി വെള്ളം, 15 തുള്ളി എസൻഷ്യൽ ഓയിൽ (യൂക്കാലിപ്റ്റസ്, ടീ ട്രീ ഓയിൽ, പെപ്പർമിന്റ് ഓയിൽ ഇവ കൂടുതൽ നല്ലത്) ഒഴിച്ച് യോജിപ്പിക്കുക. ഇത് ബ്രഷിലേക്ക് സ്പ്രേ ചെയ്തശേഷം, ഈ ബ്രഷ് ഒരു ടിഷ്യൂ പേപ്പറിൽ തിരിച്ചും മറിച്ചും ഉരസി വൃത്തിയാക്കിയെടുക്കാം.

∙ ഐ ഷാഡോ ബ്രഷ്, ലിപ് ബ്രഷ് പോലുള്ള ചെറിയ ബ്രഷുകൾ വൃത്തിയാക്കാൻ മേക്കപ് റിമൂവിങ് വൈപ്സോ വെറ്റ് വൈപ്സോ മതിയാകും. ഓരോ തവണയും ഉപയോഗിച്ച ശേഷം വൈപ്സ് കൊണ്ട് ക്ലീൻ ചെയ്തു വച്ചാൽ എളുപ്പമായി. പൗഡറോ ഫൗണ്ടേഷനോ അണിഞ്ഞ ശേഷം ബ്രഷ് ഒരു സ്പഞ്ചിൽ നന്നായി അ മർത്തിയും പൗഡറിന്റെയും മറ്റും അംശം കളയാം.

∙ ബ്രഷ് ഉരച്ചു കഴുകാനുള്ള ബ്രഷ് ക്ലീനിങ് ഗ്ലൗവ്സ്, സിലിക്കോണ്‍ മാറ്റ്സ് എന്നിവ ലഭ്യമാണ്. ബ്രഷ് ക്ലീനിങ് ലിക്വിഡും വിപണിയിലുണ്ട്.

shutterstock_481524784

മുഖം തലോടുന്നവ അവഗണിക്കരുത്

∙ മേക്കപ് കിറ്റിലെ ഒഴിച്ചുകൂടാനാകാത്ത രണ്ടു പേരാണ് കോംപാക്ട് പഫും ബ്യൂട്ടി ബ്ലെൻഡറും. ഫൗണ്ടേഷനും കൺസീലറും കോൺട്യൂറിങ്ങുമൊക്കെ കഴിഞ്ഞ് ഇവ ചർമത്തിലേക്ക് ബ്ലെൻഡ് ചെയ്തു വിടുന്ന കക്ഷിയാണ് ബ്യൂട്ടി ബ്ലെൻഡേഴ്സ്. വെള്ളത്തുളളിയുടെ ആകൃതിയിലുള്ളവ, ഉരുണ്ട വശങ്ങളുള്ളവ, രണ്ടു വശവും പരന്ന ആകൃതിയിലുള്ളവ എന്നിങ്ങനെ ബ്ലെൻഡേഴ്സ് പല വിധത്തിൽ ലഭ്യമാണ്.

∙ മേക്കപ് സ്പഞ്ച്/ ബ്യൂട്ടി ബ്ലെൻഡേഴ്സ് എല്ലാ ദിവസവും വൃത്തിയാക്കണം. കോംപാക്ട് പഫ് ആഴ്ചയിൽ ഒരിക്കൽ വൃത്തിയാക്കിയാലും മതി. മൂന്നു മാസം കൂടുമ്പോൾ  ഇവ  മാറ്റി  പുതിയവയ്ക്ക് മേക്കപ് കിറ്റിൽ സ്ഥാനം നൽകുകയും വേണം.

∙ പാത്രത്തിൽ ഇളം ചൂടുവെള്ളമെടുത്ത് അൽപം ബേ ബി ഷാംപൂ ഒഴിച്ച് ഇളക്കുക. ശേഷം ഷാപൂവിന്റെ പകുതി അളവിൽ ഒലിവെണ്ണ കൂടി ചേർക്കുക. ഇതിലേക്ക് പഫും ബ്ലൂട്ടി ബ്ലെൻഡേഴ്സും പത്തു മിനിറ്റ് ഇട്ടു വയ്ക്കുക. അതിനുശേഷം ഇവ ഓരോന്നും പല തവണ മുക്കി പിഴിഞ്ഞെടുക്കുക.വിരലുകൾ കൊണ്ട് തിരുമി നന്നായി വൃത്തിയാക്കണം. ഇനി വെള്ളത്തിലിട്ട് കഴുകി ഉണക്കിയെടുക്കാം.

∙ പഫും ബ്യൂട്ടി ബ്ലെൻഡേഴ്സും കൂട്ടുകാർ തമ്മിലോ കസിൻസ് തമ്മിലോ ഒക്കെ മാറി ഉപയോഗിക്കുന്നത് ചർമ പ്രശ്നത്തിനും അലർജിക്കും കാരണമാകും എന്നതു മറക്കേണ്ട. ഒരു തവണ മാത്രം ഉപയോഗിക്കാനുള്ള യൂസ് ആൻഡ് ത്രോ പഫ്സ് വിപണിയിലുണ്ട്.

മുടിക്കെട്ടുണ്ടോ ഹെയർ ബ്രഷിൽ?

താരനും മുടി കൊഴിച്ചിലും മാറാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് വൃത്തിയാക്കാത്ത ബ്രഷ് ആണ്. ഷാംപൂവും കണ്ടീഷനറുമിട്ട് സുന്ദരമാക്കിയ മുടി എണ്ണയും പൊടിയും പിടിച്ചിരിക്കുന്ന ബ്രഷ് കൊണ്ടു ചീകിയാൽ പ്രശ്നമാകാതെങ്ങനെ. ഓരോരുത്തരുടെയും മുടിയുടെ സ്വഭാവത്തിനിണങ്ങുന്ന ഹെയർ ബ്രഷ് തിരഞ്ഞെടുക്കാനും ശ്രദ്ധിക്കണം.

∙ ഹെയർ ബ്രഷിലെ മുടി നീക്കം ചെയ്യലാണ് ആദ്യ പടി. ഇതിനായി പല്ലകലമുള്ള ചീപ്പ് ഉപയോഗിക്കാം. ബ്രഷിലൂടെ ചീപ്പ് ഒരേ ദിശയിൽ ചീകിയാൽ മുടികൾ എളുപ്പത്തിൽ നീക്കാം. അതല്ലെങ്കിൽ നീളൻ വാലുള്ള ചീപ്പിന്റെ കൂർത്ത ഭാഗം കൊണ്ട് ഹെയർ ബ്രഷിലെ മുടി നീക്കാം. മുടി നീക്കാൻ പ്രയാസം തോന്നിയാൽ കുരുങ്ങി കിടക്കുന്ന മുടി ചെറിയ കത്രിക ഉപയോഗിച്ച് മുറിക്കുക. അധികബലം പ്രയോഗിച്ച് വലിച്ചെടുത്താൽ ബ്രഷ് ചീത്തയാകും.

∙ വലിയ ബൗളിൽ ചൂടുവെള്ളം നിറച്ച് ഷാംപൂവോ ഹാൻഡ് വാഷോ ചേർത്തിളക്കുക. അൽപം വിനാഗിരി കൂടി ചേർത്ത ശേഷം ബ്രഷ് ഇതിൽ ഒരു മണിക്കൂർ ഇട്ടുവയ്ക്കാം. പഴയ ടൂത്ബ്രഷ് ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കിയെടുക്കാം. ഇനി തല കീഴായി ടിഷ്യൂ പേപ്പറിൽ വച്ച് ഉണക്കിയെടുക്കുക.

∙ ഹെയർ ബ്രഷ് ‘മുക്കി വയ്ക്കാതെ’ വൃത്തിയാക്കാൻ വഴിയുണ്ട്. ഒരു കപ്പ് വെള്ളത്തിൽ ഒരു ചെറിയ സ്പൂൺ ബേക്കിങ് സോഡ കലർത്തുക. പഴയ ടൂത്ബ്രഷ് ഇതിൽ മുക്കി ബ്രഷിൽ ഉരച്ചു കഴുകുക. നല്ല വെള്ളത്തിൽ കഴുകി ഒരു രാത്രി മുഴുവൻ വച്ച് ഉണക്കിയെടുക്കുക.

∙ മുടി ചീകിയ ശേഷം ഹെയർ ബ്രഷിലെ മുടി നീക്കം ചെയ്തു വയ്ക്കുന്നതാണ് നല്ലത്. മൂന്നാഴ്ച കൂടുമ്പോൾ കഴുകി വൃത്തിയാക്കുകയും വേണം.

പാർലറിൽ പോകുമ്പോൾ

മുടി ചീകുന്ന ചീപ്പ് പോലും പലർ മാറി ഉപയോഗിക്കുന്നത് ശരിയല്ല. അപ്പോള്‍ പിന്നെ, മുഖവും കണ്ണും മിനുക്കുന്ന മേക്കപ് വസ്തുക്കളുടെ കാര്യം പറയണോ? പാർലറുകളിൽ പോകുമ്പോൾ അവിടെ ഉപയോഗിക്കുന്ന മേക്കപ് ടൂൾസ് പരിശോധിച്ച് വൃത്തി ഉറപ്പാക്കാൻ മടിക്കരുത്.

മേക്കപ് പ്രൊഡക്റ്റ്സ് അണുവിമുക്തമാക്കാനുള്ള ഡിസിൻഫിക്റ്റന്റ് ഉപയോഗിച്ച് ഫൗണ്ടേഷനും ഐ ഷാഡോയുമൊക്കെ വൃത്തിയാക്കുന്നുണ്ടെന്നും ഉറപ്പാക്കണം. ചർമപ്രശ്നങ്ങൾ വരാതിരിക്കാൻ ഈ കരുതൽ ആവശ്യമാണ്. കോവിഡ് കാലത്ത് ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം.

shutterstock_2021917412

മെറ്റൽ ടൂൾസിനും കെയർ വേണേ

∙ ട്വീസേഴ്സ്, ഐ ലാഷ് കേളേഴ്സ് പോലുള്ള മെറ്റൽ ടൂൾസ് രണ്ടാഴ്ചയിലൊരിക്കൽ വൃത്തിയാക്കണം. മേക്കപ് മിക്സിങ് പാലറ്റിനും സ്പാചുലയ്ക്കുമൊക്കെ ഈ ക്ലീനിങ് ഇന്റർവെൽ ബാധകമാണ്.

∙ കൺപീലികൾ ആകൃതിയാക്കാൻ ഉപയോഗിക്കുന്ന ഐ ലാഷ് കേളറിൽ  റബർ പാഡ് ഉണ്ടാകും. ഇ ത് മൂന്നു–ആറു മാസത്തിനുള്ളിൽ മാറ്റി പുതിയതിടണം. കേളറിൽ തുരുമ്പോ മറ്റോ ഇല്ലെങ്കിൽ മോശ  മാകുമ്പോൾ മാറി പുതിയതു വാങ്ങിയാൽ മതി.

∙ റബിങ് ആൽക്കഹോൾ പഞ്ഞിയിൽ മുക്കിയത് ഉപയോഗിച്ച് മെറ്റൽ നിർമിത മേക്കപ് വസ്തുക്കൾ ക്ലീനാക്കാം. സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടു നിർമിച്ചവ അത്ര വേഗം തുരുമ്പെടുക്കില്ല. എന്നാലും ഇവ വെള്ളം പറ്റാതെ നോക്കുന്നതാണ് നല്ലത്.

∙ ട്വീസേഴ്സ്, നെയിൽ കട്ടർ എന്നിവ അണുവിമുക്തമാക്കാൻ നെയിൽ പോളിഷ് റിമൂവർ ഉപയോഗിക്കാം. റിമൂവറിൽ പഞ്ഞി മുക്കി നന്നായി തുടച്ചുണക്കിയെടുക്കുക. മുഖത്തെ രോമം നീക്കാൻ ഉപയോഗിക്കുന്ന റേസർ ഓരോ ഉപയോഗത്തിനു ശേഷവും വൃത്തിയാക്കണം.

∙ പെഡിക്യൂർ, മാനിക്യൂർ സെറ്റ് ഓരോ തവണ ഉപയോഗിച്ച ശേഷവും വൃത്തിയാക്കണം. ഐസോപ്രൊപൈൽ ആൽക്കഹോൾ ടൂൾസിലേക്ക് സ്പ്രേ ചെയ്തശേഷം പഞ്ഞിക്കഷണം കൊണ്ട് ഉരച്ച് വൃത്തിയാക്കിയെടുക്കാം.  

∙ മേക്കപ് ടൂള്‍സ് മാത്രം ക്ലീൻ ചെയ്തതു കൊ ണ്ടായില്ല, മേക്കപ് കിറ്റോ ബാഗോ ഉണ്ടെങ്കിൽ അ തും വൃത്തിയാക്കണം. മേക്കപ് വസ്തുക്കളെല്ലാം മാറ്റി മേക്കപ് ബാഗ് കുടയണം. ശേഷം നന്നായി കഴുകി ഉണക്കുകയോ ആൽക്കഹോൾ വൈപ്സ് ഉപയോഗിച്ച് തുടയ്ക്കുകയോ ചെയ്യാം.

വിവരങ്ങൾക്കു കടപ്പാട്: അന്ന മോണിക്ക, മേക്കപ് ആർട്ടിസ്റ്റ്, ബ്യൂട്ടി ഷാക്, പനമ്പിള്ളിനഗർ, കൊച്ചി

Tags:
  • Glam Up
  • Beauty Tips