എല്ലാ ആഘോഷത്തിനും മേക്കപ് ആർട്ടിസ്റ്റിന്റെ അടുത്തേക്ക് പോകാനാകുമോ? വീട്ടിൽ തന്നെ സ്വയം മേക്കപ് ചെയ്തു കയ്യടി നേടാനുള്ള കാര്യങ്ങൾ പറഞ്ഞു തരാം.
ഫംങ്ഷൻ മേക്കപ് എങ്ങനെ?
ക്ലെൻസിങ് : ചർമത്തിനു യോജിക്കുന്ന ഫെയ്സ് വാഷ് ഉപയോഗിച്ചു മുഖം കഴുകി ഈർപ്പം ഒപ്പി മാറ്റുക. ഹൈഡ്രേറ്റിങ് മോയിസ്ചറൈസറും പുരട്ടാം.
പ്രൈമർ : പ്രൈമർ ആണ് അടുത്ത ഘട്ടം. പ്രൈമർ ഉപയോഗിക്കുന്നത് മേക്കപ് ഏറെനേരം നിലനിൽക്കാനും ഫിനി ഷിങ് ലഭിക്കാനും സഹായിക്കും. രണ്ടു മിനിറ്റ് കാത്തിരുന്നശേഷം അടുത്ത ഘട്ടത്തിലേക്കു കടക്കാം.
കൺസീലർ : നിറവ്യത്യാസം ഉള്ള ഭാഗങ്ങളിൽ ഉപയോഗിക്കേണ്ടതാണ് കൺസീലർ. കണ്ണിനടിയിലും താടിയിലും നെറ്റിയിലുമൊക്കെ ഇരുളിമ ഉണ്ടെങ്കിൽ അവിടെ മാത്രം കൺസീലർ പുരട്ടി നന്നായി ബ്ലെൻഡ് ചെയ്തുവിടുക.
ഫൗണ്ടേഷൻ : ആഘോഷങ്ങളിൽ അണിയാൻ സ്കിൻ ടോണിനേക്കാൾ ഒരു ഷേഡ് കൂടുതലുള്ള ഫൗണ്ടേഷൻ ഷേഡ് ആണു വേണ്ടത്. അൽപം ഫൗണ്ടേഷൻ മുഖമാകെ തൊട്ടു വച്ചശേഷം ബ്യൂട്ടി ബ്ലെൻഡർ ഉപയോഗിച്ചു മുഖത്തു ബ്ലെൻഡ് ചെയ്തുവിടുക.
സെറ്റിങ് പൗഡർ : ഫൗണ്ടേഷൻ വരെയുള്ള ഘട്ടങ്ങൾ സെറ്റ് ചെയ്യാനുള്ളതാണ് സെറ്റിങ് പൗഡർ. ഇത് ഒരു ബ്രഷ് ഉപയോഗിച്ചു മുഖത്ത് അണിയുക. അധികം മാറ്റ് ഫിനിഷ് വേണ്ട. അതുകൊണ്ട് പൗഡർ വളരെ കുറവു മതി.
ഐ ബ്രോ : പുരികത്തിന്റെ നടുവിൽ നിന്നു അറ്റത്തേക്കു മാത്രം ഐ ബ്രോ പൗഡർ ഉപയോഗിച്ചാൽ മതി. അതും ഗ്യാപ് ഉള്ള ഭാഗത്തു മാത്രം. പുരികം സുന്ദരമാക്കാം.
ഐ മേക്കപ് : വസ്ത്രത്തിനും മുഖത്തിനും യോജിക്കുന്ന ഐ ഷാഡോ അണിഞ്ഞശേഷം നടുവില്‍ ഷിമ്മറി ഐഷാ ഡോ നൽകാം. ആഘോഷങ്ങൾക്കു തിളക്കം കുറയേണ്ട.
കണ്ണിന്റെ വലുപ്പവും ആകൃതിയും മനസ്സിലാക്കി ഐ മേക്കപ് അണിയുക. കാജൽ/ഐ പെൻസിൽ ഉപയോഗിച്ച് കണ്ണെഴുതുന്നതിലും ഭംഗിയായി കണ്ണു സുന്ദരമാക്കാൻ ഐ മേക്കപ് പാലറ്റ് കിട്ടും. ഇതിലെ പൗഡർ ഉപയോഗിച്ചു കണ്ണിനു താഴ്‌വശം സ്മഡ്ജ് ചെയ്തു വിടാം.
ലിപ് മേക്കപ് : വസ്ത്രത്തിന്റെ നിറത്തിനോടു ചേരുന്ന ലിപ് കളർ ഉപയോഗിക്കണം. ഒരു മേക്കപ് റൂൾ കൂടിയുണ്ട്. ഐ മേക്കപ് ഹെവി ആണെങ്കിൽ ലിപ് മേക്കപ് ലൈറ്റ് മതി. ബോൾഡ്, ബ്രൈറ്റ് ചുണ്ടുകളാണ് ആഗ്രഹിക്കുന്നതെങ്കിൽ ഐ മേക്കപ് മിനിമൽ ആകുന്നതാണ് അഴക്.
ബ്ലഷ് : കവിളുകൾക്ക് തുടിപ്പും മുഖത്തിനു ചെറുപ്പവും സമ്മാനിക്കാൻ കവിളിൽ ബ്ലഷ് അണിയാം. പൗഡർ ബ്ലഷിനേക്കാൾ സ്വാഭാവിക തോന്നിക്കുക ക്രീ ബ്ലഷ് ആണ്. സെറ്റിങ് സ്പ്രേ ഉപയോഗിച്ച് മേക്കപ് സെറ്റ് ചെയ്താൽ റെഡി.
വിവരങ്ങൾക്കു കടപ്പാട് : ഫെമി ആന്റണി, സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ്, കൊച്ചി