സൗന്ദര്യ സംരക്ഷണത്തിന്റെ ആദ്യപാഠം ദിനചര്യയിൽ നിന്നാണ്. ആഘോഷം വരുമ്പോൾ മാത്രം ബ്യൂട്ടി പാർലറിലേക്ക് ഓടിയതു കൊണ്ട് കാര്യമില്ല. എല്ലാ ദിവസവും ചർമ സംരക്ഷണത്തിനായി ചില കാര്യങ്ങൾ ചെയ്യണം.
ഈ ദിനചര്യ പിന്തുടരാം
∙ രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഒരു ഗ്ലാസ് ശുദ്ധജലം കുടിക്കണം. സൗന്ദര്യസംരക്ഷണത്തിനു മാത്രമല്ല ആരോഗ്യത്തിനും ഇ ത് നല്ല തുടക്കമാണ്.
∙ മുഖം കഴുകാൻ ഫെയ്സ് വാഷ് ഉപയോഗിക്കാം. എണ്ണമയമുള്ള ചർമമുള്ളവർ ജെൽ രൂപത്തിലുള്ള ഫെയ്സ് വാഷും വരണ്ട ചർമമുള്ളവർ ലിക്വിഡ് രൂപത്തിലുള്ള ഫെയ്സ് വാഷും ഉപയോഗിക്കുക.
∙ എണ്ണമയമുള്ള ചർമക്കാർക്ക് മോയിസ്ചറൈസർ വേണ്ട എന്നത് തെറ്റിധാരണയാണ്. യോജിച്ച മോയിസ്ചറൈസർ ഉപയോഗിക്കുന്നത് ചർമത്തിന്റെ അഴകും ആരോഗ്യവും കൂട്ടും. മോയിസ്ചറൈസർ പുരട്ടിയ ശേഷം സൺസ്ക്രീൻ ഉറപ്പായും വേണം. പുറത്തു പോകുന്നില്ലല്ലോ എന്നു കരുതി സൺസ്ക്രീൻ പുരട്ടാതിരിക്കരുത്.
∙ എല്ലാ ദിവസവും എട്ടു ഗ്ലാസ് വെള്ളം കുടിക്കണം. ശരീരത്തിലെ ജലാംശം കുറയുന്നതാണ് ചർമത്തിന്റെ തിളക്കം നഷ്ടപ്പെടാനും വരൾച്ചയുണ്ടാകാനും ഒരു കാരണം.
∙ രാത്രി ഉറങ്ങും മുൻപ് മുഖം കഴുകി വൈറ്റമിൻ സി സീറം പുരട്ടാം. മുഖത്തെ പാടുകൾ മങ്ങാനും ചർമം മൃദുലമാകാനും വൈറ്റമിൻ സി സഹായിക്കും.
∙ മുഖം മാത്രം തിളങ്ങിയാൽ പോരല്ലോ, കൈകാലുകളും അഴകുള്ളതാകണം. കിടക്കും മുൻപ് കയ്യും കാലും കഴുകി അലോവെര ജെൽ പോലുള്ളവ പുരട്ടാം.
∙ ആറ്– എട്ടു മണിക്കൂർ ഉറക്കം മനസ്സിനും ചർമത്തിനും ഉണർവും ഉന്മേഷവും സമ്മാനിക്കും. ഉറക്കം കുറഞ്ഞാൽ കണ്ണിനു താഴെ കറുപ്പ്, തെളിച്ചമില്ലാത്ത ചർമം എന്നിവയാകും ഫലം.
കണ്ണിൽ കാണുന്നതെല്ലാം പരീക്ഷിക്കില്ല
കൂട്ടുകാരിയുടെ മുഖക്കുരുവിന് ഡോക്ടർ നിർദേശിച്ച മരുന്നു പുരട്ടുക, പല ബ്യൂട്ടി വ്ലോഗ് കണ്ട് മാറി മാറി പരീക്ഷണങ്ങൾ നടത്തുക തുടങ്ങി സൗന്ദര്യപ്രശ്നങ്ങൾക്കു പരിഹാരം തേടി പല വഴികളാണ് മിക്കവരും പരീക്ഷിക്കാറ്. ഓരോരുത്തരുടെയും ചർമത്തിന്റെ സ്വഭാവവും അവയെ അലട്ടുന്ന പ്രശ്നങ്ങളുടെ കാരണവും വ്യത്യസ്തമാകും. അതിനാൽ തന്നെ ഈ ശീലങ്ങളൊന്നും ഇനി വേണ്ടേ വേണ്ട.
സൺസ്ക്രീൻ മുതൽ മേക്കപ് പ്രോഡക്റ്റ്സ് വരെ വിദഗ്ധ നിർദേശപ്രകാരം തിരഞ്ഞെടുക്കുന്നതാണ് ന ല്ലത്. അനാവശ്യമായി പല ബ്യൂട്ടി പ്രൊഡക്ടുകളും ഉപയോഗിക്കുന്നത് ചർമത്തിന്റെ സ്വാഭാവികത തന്നെ നഷ്ടപ്പെടുത്തുമെന്നു മാത്രമല്ല ചർമപ്രശ്നങ്ങൾക്കും കാരണമാകും.
വിവരങ്ങൾക്ക് കടപ്പാട്:
രഞ്ജു രഞ്ജിമാർ
സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ്
ഡോറ ബ്യൂട്ടി വേൾഡ്
അങ്കമാലി