Monday 16 August 2021 04:02 PM IST

കൈകളുടെ സൗന്ദര്യം വർധിപ്പിക്കാൻ മാസത്തിൽ ഒരു തവണ മാനിക്യൂർ‌; വീട്ടിൽ ഈസിയായി ചെയ്യാം, ടിപ്‌സ്

Lakshmi Premkumar

Sub Editor

gel.manicure

നഖം വെട്ടുമ്പോൾ മുതൽ ശ്രദ്ധിക്കണം കൈകളുടെ സംരക്ഷണം. നഖങ്ങൾ എപ്പോഴും സ്ട്രെയിറ്റ് എക്രോസ് ആയി വേണം വെട്ടാൻ. ഡിറ്റർജന്റ് അമിതമായി ഉപയോഗിക്കുന്നവർക്കും എപ്പോഴും കൈകളിൽ നനവ് തട്ടുന്നവർക്കും ഫംഗൽ അണുബാധുണ്ടാകും. നഖത്തിലെ നിറ വ്യത്യാസവും കട്ടി കുറഞ്ഞ് ലെയറായി ചീന്തിപ്പോകുന്നതുമാണ് ഇതിന്റെ ലക്ഷണങ്ങൾ.

നഖത്തിൽ കാണുന്ന നിറവ്യത്യാസമുള്ള കുത്തുകളും കുഴികളും ശരീരത്തിലെ രോഗാവസ്ഥയുടെ ലക്ഷണങ്ങളാണ്. ശരീരത്തിന് ആവശ്യമുള്ള വൈറ്റമിൻ ലഭിക്കാതെ വരുമ്പോഴാണ് നഖത്തിൽ വെള്ളപ്പാടുകൾ പ്രത്യക്ഷപ്പെടുന്നത്. നഖങ്ങൾ അലക്ഷ്യമായി വെട്ടുന്നതിലൂടെയും വൃത്തിഹീനമായ ചുറ്റുപാടിൽ നിന്നുമാണ് കുഴിനഖം രൂപപ്പെടുന്നത്.

വരണ്ട ചർമമുള്ളവർ നഖങ്ങളിലും വിരലുകളിലും ഓയിൽ മാനിക്യൂറും പരാഫിൻ വാക്സ് ട്രീറ്റ്മെന്റും ചെയ്യുന്നത് ഗുണകരമാണ്. നഖങ്ങളുടെ തുടക്കത്തിലുള്ള മാംസളമായ ഭാഗത്ത് ഓയിൽ മസാജ് ചെയ്യുന്നത് നഖങ്ങളുടെ വളർച്ചയെ ദ്രുതഗതിയിലാക്കും. വിരലുകളിൽ‌ പാലുണ്ണി പോലെയുള്ള കുരുക്കളോ അരിമ്പാറയോ കണ്ടാൽ ഉടനടി തന്നെ ഡോക്ടറുടെ സഹായം തേടണം. കൈകളുടെ സൗന്ദര്യം വർധിപ്പിക്കാൻ മാസത്തിൽ ഒരു തവണ മാനിക്യൂർ‌ വീട്ടിൽ തന്നെ ചെയ്യാം.

MANICURE

മാനിക്യൂർ വീട്ടിൽ തന്നെ

ഒരു ബൗളിൽ അൽപം ചൂടുവെള്ളമെടുത്ത് അതിലേക്ക് ചെറുനാരങ്ങയുടെ നീരും അൽപം ഇന്തുപ്പും ഏതെങ്കിലും ഒരു ഷാംപുവും ചേർക്കുക.ഈ വെള്ളത്തില്‍ 20 മിനിറ്റ് കൈകൾ മുക്കി വയ്ക്കുക. നെയിൽ ബ്രഷ്, ക്യൂട്ടിക്കിൾ കട്ടർ, ക്യൂട്ടിക്കിൾ പുഷർ, നെയിൽ കട്ടർ, ബഫർ എന്നിവയെല്ലാം അടങ്ങിയ മാനിക്യൂർ പാക്കുകൾ വിപണികളില്‍ ലഭ്യമാണ്.

മുക്കി വച്ച ശേഷം ക്യൂട്ടിക്കൾ പുറകിലേക്ക് പുഷ് ചെയ്ത് കട്ടർ ഉപയോഗിച്ച് നഖത്തിന്റെ അരികിലെ ക്യൂട്ടിക്കിൾ വൃത്തിയാക്കാം. ആവശ്യാനുസരണം നഖങ്ങൾ മുറിച്ച ശേഷം നെയിൽ ബ്രഷ് ഉപയോഗിച്ച് പതുക്കെ സ്ക്രബ് ചെയ്ത് നഖങ്ങൾ വൃത്തിയാക്കുക. നഖങ്ങൾ തുടങ്ങുന്ന ഭാഗം വരണ്ടാണിരിക്കുന്നതെങ്കിൽ എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യാം. മുഖത്ത് ഉപയോഗിക്കുന്ന സ്ക്രബ് തന്നെ കൈകളിലും ഉപയോഗിക്കാം. നെയിൽ ബ്രഷിൽ അൽപം സ്ക്രബ് എടുത്ത് കൈമുട്ട് വരെയുള്ള ഭാഗത്ത് ഉരസാം. ഡെഡ് സ്കിൻ മാറി കൈകള്‍ സോഫ്റ്റാകാൻ ഇത് സഹായിക്കും.

കൈമുട്ടിൽ കട്ടിയുള്ളതും വരണ്ടതുമായ ചർമമുള്ളവർക്ക് ആഴ്ചയിൽ ഒരു തവണ ഇത് പരീക്ഷിക്കാം. മാനിക്യൂറിന്റെ അവസാനം ചർമത്തിന്റെ സ്വഭാവമനുസരിച്ചുള്ള മോയ്സചറൈസിങ് ക്രീം ഉപയോഗിച്ച് മസാജ് ചെയ്യണം. താഴെ നിന്നും മുകളിലേക്ക് വേണം വിരലുകൾ ചലിപ്പിക്കാൻ.

gel-nail-polish

നെയിൽപോളിഷ് ട്രെൻഡ്

മനോഹര നിറങ്ങൾ നൽകിയ കൈകൾ കണ്ടാൽ ആരാണ് ഒന്ന് നോക്കാത്തത്? നെയിൽ പോളിഷ് ഇടുമ്പോൾ എപ്പോഴും ഒാർക്കേണ്ട ഒരു കാര്യമുണ്ട്. നഖങ്ങൾക്കും ജീവനുണ്ടെന്നത്. നെയിൽ പോളിഷിന്റെ അമിത ഉപയോഗം ചിലപ്പോൾ നഖങ്ങളെ ശ്വാസം മുട്ടിക്കും. നിത്യവും നെയിൽ പോളിഷ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്.

∙ നഖത്തിന് മുകളിൽ ട്രാൻസ്പാരന്റായ ബേസിക് കോട്ട് നൽകിയ ശേഷമേ നിറങ്ങളിലുള്ള നെയിൽ പോളിഷ് നൽകാവൂ.

∙ ആദ്യ കോട്ട് ഉണങ്ങിയ ശേഷം മാത്രം അടുത്ത കോട്ട് നൽകുക

∙ റിമൂവർ ഉപയോഗിച്ച് തുടച്ചു കളഞ്ഞ ശേഷം മാത്രമേ അടുത്ത നിറം നൽകാവൂ.

∙ രണ്ട് ലെയറിൽ കൂടുതൽ നെയിൽ പോളിഷ് അണിയരുത്. നഖങ്ങൾ പൊടിഞ്ഞു പോകാൻ സാധ്യതയുണ്ട്.

∙ ആഴ്ചയിൽ ഒരു ദിവസമെങ്കിലും നെയിൽ പോളിഷ് നൽകാതെ നഖങ്ങളെ സ്വതന്ത്രമായി വിടാം.

∙ നെയിൽ പോളീഷ് ഇട്ടയുടനെ ചൂടുവെള്ളത്തിൽ കൈവയ്ക്കരുത്.

∙ നെയിൽ ആർട്ട് ചെയ്യുമ്പോൾ നഖങ്ങൾ മാത്രം പുറത്താക്കി വിരലുകളുടെ അഗ്ര ഭാഗം തുണി കൊണ്ടോ പ്ലാസ്റ്റർ കൊണ്ടോ മൂടാൻ മറക്കരുത്.

easy-nail-art-tutorials

വീട്ടിൽ പരീക്ഷിക്കാവുന്ന നെയിൽ ആർട്

∙ ഇളംനിറത്തിലുള്ള നെയിൽപോളിഷ് അണിഞ്ഞ ശേഷം കടും നിറങ്ങളിൽ ടൂത്ത്പിക്ക് മുക്കി ചെറിയ ഡോട്ടുകൾ നൽകുക.

∙ കടും നിറങ്ങള്‍ നഖത്തിൽ അണിഞ്ഞ ശേഷം വിവിധ നിറങ്ങളിലുള്ള സീക്വൻസുകൾ നഖത്തിന്റെ അഗ്രങ്ങളിലായി നൽകാം.

∙ കറുപ്പും വെള്ളയും നിറങ്ങളിൽ ചെറിയ വരകൾ ക്രോസ് ചെയ്ത് നഖങ്ങളിൽ ഇട്ടു നോക്കൂ. സീബ്ര ആർട് റെഡി.

∙ ട്രാൻസ്പാരന്റ് കോട്ടിന് മുകളിൽ പല നിറത്തിലുള്ള നെയിൽ പോളിഷ് ഉപയോഗിച്ച് പല വലുപ്പത്തിലുള്ള ഡോട്ടുകളിടുക. ഏത് ഡ്രസ്സിനൊപ്പവും മാച്ചാകുന്ന ട്രെൻഡി നെയിൽ ആർട് തയ്യാർ.

∙ ഒരു ബൗളിൽ അൽപം ശുദ്ധമായ വെള്ളമെടുക്കുക. ഇതിലേക്ക് ഓരോ നിറങ്ങളിലുള്ള നെയിൽ പോളിഷ് ഓരോ തുള്ളിയായി ഒന്നിന് മുകളിൽ ഒന്നായി ഒഴിക്കാം. ഒരു ടൂത്പിക്ക് ഉപയോഗിച്ച് ഇവയെ ക്രോസായി വരയ്ക്കുക. ശേഷം ഇവയിൽ നഖങ്ങൾ മുക്കി എടുത്ത് നോക്കൂ. മഴവിൽ ഭംഗിയുള്ള നഖങ്ങൾ സ്വന്തമാകും.

Tags:
  • Glam Up
  • Beauty Tips