Friday 19 May 2023 04:50 PM IST : By സ്വന്തം ലേഖകൻ

‘ഉള്ളം കുളിർക്കാൻ മിനി സ്പാ’; വീട്ടിൽ ആഘോഷമായി ചെയ്യാം മെഗാ ഗുണങ്ങൾ തരും മിനി സ്പാ

home spa .indd

മനസ്സിനും ശരീരത്തിനും ഉണർവു പകരാനും മേനിയഴകിനും മാസത്തിൽ ഒരു സ്പാ നല്ലതാണ്. വീട്ടിലിരുന്നു ചുരുങ്ങിയ സമയം കൊണ്ടു സ്പായുടെ ഗുണങ്ങൾ സ്വന്തമാക്കാൻ വഴികളിതാ.

വൈബ് വേണം

കേൾക്കുമ്പോൾ അൽപം ഓവറാണോ എന്നു തോന്നിയാലും മനസ്സിനു റിലാക്സേഷൻ ലഭിക്കാൻ അന്തരീക്ഷവും ഒരുക്കി വയ്ക്കേണ്ടത് ആവശ്യമാണ്. അധികം വെളിച്ചം വേണ്ട. സുഗന്ധമുള്ള മെഴുകുതിരികൾ കത്തിച്ചു വയ്ക്കാം. കാതിന് ഇമ്പമേകുന്ന പാട്ടുകളും വേണം.

തയാറാക്കി വയ്ക്കാം

ബോഡി സ്ക്രബ് : കാൽ കപ്പ് വീതം പഞ്ചസാരയും കാ പ്പിപ്പൊടിയും യോജിപ്പിച്ചു വയ്ക്കുക. ശരീരത്തിൽ പുരട്ടുന്നതിനു മുൻപായി ഇതിലേക്ക് ഒരു നാരങ്ങയുടെ നീര് ചേർത്തു യോജിപ്പിക്കുക.

ഫെയ്സ് മാസ്ക് : ഓരോരുത്തരുടെയും ചർമത്തിനു യോജിക്കുന്ന ഫെയ്സ് മാസ്ക് ആണു വേണ്ടത്. 

വരണ്ട ചർമക്കാർക്ക് : ഏത്തപ്പഴത്തിന്റെ പകുതിയും അര വലിയ സ്പൂൺ തേനും മൂന്നു തുള്ളി ഒലിവ് ഓയിലും യോജിപ്പിച്ചത്.

എണ്ണമയമുള്ള ചർമക്കാർക്ക് :  ഒരു മുട്ടയുടെ വെള്ളയിൽ ഒരു കുക്കുമ്പറിന്റെ പകുതി ഗ്രേറ്റ് ചെയ്തു ചേർത്തത്.

സാധാരണ ചർമക്കാർക്ക് : ഓട്സും തൈരും തേനും തുല്യ അളവിലെടുത്തു യോജിപ്പിച്ചത്.

ഇനി തുടങ്ങാം

തലയിൽ പതിവായി പുരട്ടുന്ന എണ്ണ അൽപം ചൂടാക്കി തലയിൽ പുരട്ടി മസാജ് ചെയ്യാം. ശരീരമാകെ തയാറാക്കി വച്ച സ്ക്രബ് പുരട്ടി വൃത്താകൃതിയിൽ മസാജ് ചെയ്യുക. ഇനി ഫെയ്സ് മാസ്ക് അണിയാം. 10 മിനിറ്റിനു ശേഷം തലമുടിയിൽ ഷാംപൂവും കണ്ടീഷനറും തേച്ചു കഴുകി മുടി ടവ്വൽ ഉപയോഗിച്ചു കെട്ടി വയ്ക്കാം. 

മുഖം കഴുകിയ ശേഷം കുളിക്കാനുള്ള വെള്ളത്തിൽ നാലു തുള്ളി ലാവണ്ടർ ഓയിലോ റോസ് ഓയിലോ ഒഴിച്ചശേഷം ശരീരം കഴുകാം.  

ഈർപ്പം ഒപ്പി മാറ്റിയശേഷം മുഖത്തും ശരീരത്തിലും മോയ്സ്ചറൈസർ പുരട്ടണം. അയഞ്ഞ, സുഖകരമായ വസ്ത്രമണിഞ്ഞ് അര മണിക്കൂർ വിശ്രമിക്കാം. മുടിയുണങ്ങാനായി അഴിച്ചിടാം. ഇഷ്ടമുള്ള പാട്ടു കേൾക്കാം, പുസ്തകം വായിക്കാം.

Tags:
  • Glam Up
  • Beauty Tips