വേനൽക്കാലം വരുന്നുവെന്ന് കേട്ടാൽ സൗന്ദര്യസംരക്ഷകർക്ക് വെപ്രാളമാണ്. വെയിലത്ത് കറുത്ത് കരുവാളിക്കാതിരിക്കാനും വിണ്ടുകീറാതെ മുടി സംരക്ഷിക്കാനുമൊക്കെ ഉത്സാഹമുണ്ടാകുമെങ്കിലും നഖസംരക്ഷണത്തിന്റെ കാര്യത്തിൽ പലരും പിന്നിലാണ്. നെയിൽ പോളിഷു കൊണ്ട് ഭംഗിയാക്കിയാൽ മാത്രം കാര്യമായില്ല. പോളിഷ് ചെയ്യാതെയും നഖങ്ങൾ ആകർഷകവും ആരോഗ്യമുള്ളതുമാക്കണം. അതിനുള്ള ചില വഴികൾ.
. വിറ്റാമിൻ ഇ ഓയിലോ, ആൽമണ്ട് ഓയിലോ വച്ച് നഖങ്ങൾക്കു മുകളിൽ നന്നായി മസാജ് ചെയ്യുക. ഇതു ദിവസവും തുടർച്ചയായി ചെയ്യുന്നത് നഖങ്ങളെ ആകർഷകമാക്കും.
. അസെറ്റോൺ അടങ്ങിയ നെയിൽ പോളിഷ് റിമൂവറുകളുടെ ഉപയോഗം കുറയ്ക്കുക. ഇവ നഖത്തിനു മുകളിലുള്ള പാളിയെ ഇല്ലാതാക്കി നഖത്തിന്റെ ദൃഢത കുറയ്ക്കുകയും എളുപ്പം പൊട്ടിപ്പോവാൻ ഇടയാക്കുകയും ചെയ്യും.
. വാസലിൻ നഖസംരക്ഷണത്തിന് ഉത്തമമാണ്. കിടക്കുന്നതിനു മുന്‍പ് വാസലിൻ തേച്ചുപിടിപ്പിച്ച് അതിനു പുറമെ ഗ്ലൗസ് ഇട്ടു കിടക്കുന്നത് നഖങ്ങൾ മിനുസമുള്ളതാക്കും.
. ഇളംചൂടുള്ള ഉപ്പുവെള്ളത്തിൽ അഞ്ചു മിനിറ്റ് കൈകൾ മുക്കി വയ്ക്കുന്നത് നഖങ്ങൾ പെട്ടെന്നു പൊട്ടിപ്പോകുന്നതു തടയും.
. മുടിയുടെ സൗന്ദര്യത്തിന് അടിക്കടി ഷാംപൂ ഉപയോഗിക്കുന്നവർ ഓർക്കുക ഡിറ്റർജന്റിന്റെ അംശം അമിതമായുള്ള ചിലയിനം ഷാംപൂ നഖങ്ങളുടെ സൗന്ദര്യത്തിനെ ഇല്ലാതാക്കുമെന്നു മാത്രമല്ല അവ പെട്ടെന്നു പൊട്ടിപ്പോകാനും കാരണമാകും. ഷാംപൂ തിരഞ്ഞെടുക്കുമ്പോള്‍ ഡിറ്റർജന്റിന്റെ അംശം കുറവായവ മാത്രം തിരഞ്ഞെടുക്കുക.
. ഡയറ്റിങ്ങിലൂടെയും നഖസംരക്ഷണം കാക്കാം. വെള്ളം ധാരാളം കുടിക്കുന്നതിനോടൊപ്പം വിറ്റാമിൻ സി അടങ്ങിയ കാരറ്റ്, സ്ട്രോബെറി തുടങ്ങിയവയും പാലും പാലുൽപ്പന്നങ്ങളും ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് നിലനിർത്തുന്നു. കാൽസ്യം നഖസംരക്ഷണത്തിന് അത്യാവശ്യഘടകമാണ്.
. എപ്പോഴും നെയിൽ പോളിഷ് ചെയ്യുമ്പോൾ രണ്ടു കോട്ട് അടിക്കാൻ ശ്രദ്ധിക്കുക. ഇത് നഖങ്ങളെ ദൃഢമാക്കും.