Thursday 30 August 2018 03:39 PM IST

നെയിൽ പോളിഷിലെ ഏറ്റവും പുതിയ ട്രെൻഡുകൾ; അണിയുന്നതിന് മുൻപും പിൻപും അറിയേണ്ടത്!

Lakshmi Premkumar

Sub Editor

nails001

പുതിയൊരു നെയിൽ പോളിഷ് വാങ്ങിയണിഞ്ഞ് നാലു ഫോട്ടോയെടുത്ത് ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലുമിടുന്ന കിടു ഗേൾസ്  ഇവിടെ കമോൺ.  കമന്റ്സ് കൂടുതൽ  കിട്ടാനും ലൈക്സിൽ മുങ്ങിക്കുളിക്കാനും കയ്യിൽ കിട്ടുന്ന ഏതെങ്കിലുമൊക്കെ നെയിൽ പോളിഷ് എടുത്ത് വാരിയണിഞ്ഞാൽ പണി പിന്നാലെ വരും. മാറി വരുന്ന ട്രെൻഡിന് അനുസരിച്ച് നെയിൽ പോളിഷിലും കിടിലൻ മാറ്റങ്ങളാണ് വന്നിട്ടുള്ളത്. നെയിൽ പോളിഷിലെ ട്രെൻഡി, വൈബ്രൻഡ് നിറങ്ങളും പുത്തൻ വിസ്മയങ്ങളും അറിഞ്ഞോളൂ. ഇനിയിപ്പോ അപ്ഡേഷനില്ലാത്തതുകൊണ്ട് നമ്മൾ ഔട്ട് ഡേറ്റഡ് ആകുമെന്ന് ആരും പറയേണ്ട. ഒപ്പം തന്നെ നെയിൽ പോളിഷ് ഇടുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

എത്ര തരമാണ്, എത്ര നിറമാണ്!

ക്രീം ഫിനിഷ് : അടിക്കടി നെയിൽ പോളിഷ് മാറിമാറി അണിയാൻ ഇഷ്ടപ്പെടുന്നെങ്കിൽ ക്രീം ഫിനിഷ് ആയിക്കോളൂ.  അൽപം ഗ്ലോയോടു കൂടി ലഭിക്കുന്ന ക്രീം നെയിൽ പോളിഷ് ഓരോ സാഹചര്യങ്ങൾക്കും അനുസരിച്ച് നിറങ്ങൾ മാറ്റി  ഉപയോഗിക്കാം. ഡൾ നിറങ്ങളിലും ഡാർക്ക്  ലൈറ്റ് നിറങ്ങളിലും ഇവ ഒരു പോലെ ഭംഗി നൽകുമെന്നത് മറക്കേണ്ട.

മെറ്റാലിക്ക് ഫിനിഷ്: ‘ഇതെന്താ വെള്ളി ക്യാപ്പ് നഖങ്ങളിൽ ഒട്ടിച്ചതാണോ’ എന്ന് ചോദിക്കരുത്. ഇത് നെയിൽ പോളിഷിലെ ഏറ്റവും പുതിയ ട്രെൻഡ്. നഖത്തിൽ ചേർന്ന് കിടക്കുന്ന ഒരു മെറ്റൽ ഇനാമൽ. കോപ്പർ, സിൽവർ, ഗോൾഡ് ബ്രോൺസ് നിറങ്ങളിലെല്ലാം മെറ്റാലിക് പോളിഷുകൾ ലഭ്യമാണ്. രാത്രി പാർട്ടികൾക്കും ആഘോഷങ്ങൾക്കുമാണ് ഈ ട്രെന്‍ഡ് സൂപ്പർ ആകുന്നത്. ഒരു പ്ലെയിൻ ബ്ലാക്ക് കോട്ട് അണിഞ്ഞ ശേഷമാണ് മെറ്റാലിക്ക് കോട്ട് നൽകുന്നതെങ്കിൽ കൂടുതൽ നല്ല ഫിനിഷിങ് ലഭിക്കും.

മാറ്റ് ഫിനിഷ് : ‘ഡൾ ഗ്ലോ’ യാണ് മാറ്റ് നെയിൽ പോളിഷിന്റെ സവിശേഷത. കണ്ണിലുടക്കുന്ന തിളക്കം മാറ്റിൽ വിരിയില്ല. പകരം അൽപം എലഗന്റ് ലുക്കിൽ പെയിന്റ് പോലെ നഖങ്ങളെ മനോഹരമാക്കാൻ ധൈര്യമായി മാറ്റ് ഫിനിഷ് തിരഞ്ഞെടുക്കാം. ഗൗരവമുള്ള മീറ്റിങ്ങുകൾ, അൽപം ഹെവി ലുക്ക് ആവശ്യമുള്ള അവസരങ്ങൾ എന്നിവിടങ്ങളിലെല്ലാം മാറ്റ് നെയിൽ കറക്ട് മാച് ആണ്. മാറ്റിടുമ്പോൾ ഒരു കോട്ട് മാത്രമിടുന്നതാണ് അതിന്റെയൊരു ഭംഗി.

ഷീർ ഫിനിഷ് : നാച്ചുറൽ ലുക്ക് നൽകുന്ന നെയിൽ പോളിഷുകളാണ് ഷീർ ഫിനിഷ്. പിങ്കിന്റെ വ്യത്യസ്ത ന്യൂഡ് ഷേഡുകളിലാണ് ഇത് ലഭിക്കുക. നിത്യവും നെയിൽ പോളിഷ് ഉപയോഗിക്കുന്നവർക്ക് ധൈര്യമായി ഇത് പരീക്ഷിക്കാം. ഇതണഞ്ഞിൽ പിന്നെ, ആ ദിവസത്തിന്റെ മൂഡ് തന്നെ കൂളാക്കാൻ ഷീര്‍ ഫിനിഷ് നെയിൽസിന് കഴിയും.

പേൾ ഫിനിഷ്: സോഫ്റ്റ് ആൻഡ് ക്ലാസി ലുക്കാണോ ഇഷ്ടം? എങ്കിൽ മറ്റൊന്നും നോക്കണ്ട, പേൾ ഫിനിഷ് തന്നെ സെലക്ട് ചെയ്യാം. വിവാഹങ്ങൾക്ക് പേസ്റ്റൽ ഷേഡുകളാണ് വസ്ത്രങ്ങൾക്കായി തിരഞ്ഞെടുക്കുന്നതെങ്കിൽ അതിനൊപ്പം പെർഫെക്ട് മാച്ചാണ് പേൾ ഫിനിഷ് നെയിൽ പോളിഷ്. പിങ്ക്, ബെയ്ജ് നിറങ്ങളിലാണ് പേൾ ഫിനിഷ് കൂടുതലും. നഖങ്ങളുടെ സ്വാഭാവിക നിറത്തോട് ഇണങ്ങി ചേർന്ന് ഒരു ചെറിയ തിളക്കത്തോടെ നിൽക്കും ഇത്.

ഗ്ലിറ്റർ ഫിനിഷ് : ഗ്ലിറ്റർ ഫിനിഷ് നെയിൽപോളിഷ് തിരഞ്ഞെടുത്താൽ നഖങ്ങൾ നക്ഷത്രങ്ങൾ പോലെ തിളങ്ങും. ആകർഷകത്വം കൂടുതലായതു കൊണ്ടു തന്നെ ആഘോഷ വേളകളിലാണ് ഗ്ലിറ്റർ ഫിനിഷിന് ഡിമാൻഡ്. ഗോൾഡൻ സിൽവർ നിറങ്ങൾക്കൊപ്പം പലവിധ ഗ്ലോയിങ് നിറങ്ങള്‍ ചേർന്നും ഇവ ലഭിക്കും. ട്രാൻസ്പരന്റ് കോട്ട് അണിഞ്ഞ ശേഷം വേണം ഗ്ലിറ്റർ അണിയാൻ.

nails002

ഇവയെല്ലാം അൾട്രാ മോഡേൺ

∙ ക്രോം നെയിലാണ് ഇനി നഖങ്ങളെ കീഴടക്കാൻ പോകുന്നത്. നഖങ്ങളിൽ ഇവ കണ്ണാടി പോൽ തിളങ്ങും. നെയിൽ പോളിഷ്  രൂപത്തിലും  പൗഡർ  രൂപത്തിലും ലഭ്യമാണ്.

∙ ജെൽ നെയിൽ പോളിഷും അക്രലിക്കുമെല്ലാം ദാ, എത്തിക്കഴിഞ്ഞു. കൃത്രിമമായി നഖങ്ങൾ ഉണ്ടാക്കിയെടുത്ത് പതിപ്പിക്കാൻ കഴിയുമെന്നതാണ് അക്രലിക്കിന്റെ പ്രത്യേകത. അക്രലിക് ഒരു പൗഡറാണ്. ഇതിനൊപ്പം ലിക്വിഡും ലഭിക്കും. നഖങ്ങളിലെ എണ്ണമയം പൂർണ്ണമായും കളഞ്ഞശേഷം വേണം ഇവ അണിയാൻ.  

∙ ഫ്ലൂറസെന്റ് നിറങ്ങളേക്കാൾ ഡിമാൻഡ് ഇപ്പോൾ പേസ്റ്റൽ ഷേഡുകൾക്കാണ്. നെയിൽപോളിഷിൽ ഒരിക്കലും ഔട്ടാകാതെ നിൽക്കുന്നത് റെഡ് ഷേഡുകളാണ്. എപ്പോഴും ഒരു റെഡ് നെയിൽ പോളിഷ് മേക്കപ് ബോക്സിൽ വച്ചോളൂ.

∙ നഖത്തിന് പുറത്ത് നൽകുന്ന നിറത്തിന്റെ മിക്സ് മാച്ചിങ് കളർ നീണ്ടുനിൽക്കുന്ന നഖത്തിന്റെ ഉൾവശങ്ങളിൽ നൽകി നോക്കൂ. ഒരു പുതിയ പരീക്ഷണമാകും.

നെയിൽ പോളിഷ് അണിയുമ്പോൾ

∙ നെയിൽ പോളിഷിങ് തുടങ്ങും മുമ്പ് നഖങ്ങളുടെ അഗ്രഭാഗങ്ങൾ ഫയലിങ് ചെയ്യാൻ മറക്കല്ലേ. ഇനി കൈ വിരലുകൾ പത്ത് മിനിറ്റ് ഇളം ചൂടുവെള്ളത്തിൽ മുക്കി വയ്ക്കുന്നത് നല്ലതാണ്. കൈകൾ കഴുകി തുടച്ചുണക്കിയ ശേഷം നെയിൽ   പോളിഷ് കയ്യിലെടുക്കാം.

∙ ഒരു കോട്ട് മാത്രം അണിയുന്നതാണ് നഖങ്ങളുടെ ആരോഗ്യത്തിന് നല്ലത്. ഒരു തവണ അണിഞ്ഞ നെയിൽ പോളിഷ് തുടച്ചു നീക്കിയ ശേഷം മാത്രം അടുത്ത കോട്ട് അണിയുക.

∙ നഖങ്ങളുടെ തുടക്കത്തിൽ നിന്നും അറ്റത്തേക്ക് വേണം      നെയിൽ പോളിഷ് അണിയാൻ. നഖങ്ങളുടെ അരികുകളിൽ വൃത്തിയായി നെയിൽ പോളിഷ് അണിയാൻ ഒരു ലിപ് ബ്രഷിന്റെ (ലിപ്സ്റ്റിക് അണിയാൻ ഉപയോഗിക്കുന്ന) സഹായം തേടാം. ഓരോ ഉപയോഗത്തിനു ശേഷവും ലിപ് ബ്രഷ് റിമൂവറിൽ മുക്കി തുടച്ച് സൂക്ഷിക്കണേ.

∙ നെയിൽ പോളിഷുകൾ നിത്യവും മാറി മാറി ഉപയോഗിക്കുന്നത് കുറയ്ക്കുക. ഇവ നഖങ്ങളുടെ മൃദുത്വം നഷ്ടപ്പെടുത്തും.  

∙ ഒന്നിലധികം കോട്ട് നൽകുന്നെങ്കിൽ ആദ്യത്തെ കോട്ട് ഉ ണങ്ങിയ ശേഷം മാത്രം അടുത്ത കോട്ട് നൽകുക. ഏതു നിറവും അണിയുന്നതിന് മുമ്പ് ഒരു ട്രാൻസ്പരന്റ് ബേസ് കോട്ട് നൽകാം.

∙ നെയിൽ പോളിഷ് അണിയും മുൻപ് ബോട്ടിൽ മുകളിലേക്കും താഴേക്കും കുലുക്കരുത്. പകരം രണ്ടു കൈകൾക്കിടയി ൽ പിടിച്ച് പതുക്കെ ചുറ്റിച്ചാൽ മാത്രം മതി.

∙ ഉപയോഗശേഷം തണുത്ത ഇടങ്ങളിൽ മാത്രം സൂക്ഷിക്കുക. റഫ്രിജറേറ്ററിൽ സൂക്ഷിക്കാനായാൽ അത്രയും നല്ലത്.

nails003

ഇക്കാര്യങ്ങൾ മറക്കേണ്ട

∙ ഒരേ ആകൃതിയിൽ തന്നെ കൈവിരലിലെ എല്ലാ നഖങ്ങളും വെട്ടാൻ പ്രത്യേകം ശ്രദ്ധിക്കണം. വെട്ടിയ ശേഷം നെയിൽ ഷേപ്പർ ഉപയോഗിച്ച് ഉരസി മൃദുവാക്കുന്നത്  കൂടുതൽ കാ        ലം നഖം പൊട്ടിപ്പോകാതിരിക്കാൻ സഹായിക്കും.

∙ നഖങ്ങൾ ഡ്രൈയായി സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അമിതമായി സോപ്പുപയോഗിക്കുമ്പോൾ കയ്യുറകൾ ധ രിക്കുന്നത് നഖങ്ങൾക്ക് സംരക്ഷണം നൽകും.

∙ രണ്ട് ദിവസം കൂടുമ്പോൾ ടൂത് ബ്രഷിൽ അൽപം സ്ക്ര ബറോ സോപ്പോ എടുത്ത് നഖത്തിനു ചുറ്റും വൃത്താകൃതിയിൽ ഉരസുക. കൈനഖങ്ങളിലും വിരലിന്റെ അഗ്രഭാഗങ്ങളിലും അടിഞ്ഞു കൂടിയ അഴുക്കും മൃതകോശങ്ങളും അകലും.

∙ നഖങ്ങളുടെ അരികുകൾ എപ്പോഴും പുറത്തേക്ക് വെട്ടി നി ർത്തുക. അരികുകൾ അകത്തേക്ക് ഇറക്കി വെട്ടിയാൽ കുഴി നഖം പോലെയുള്ള അസുഖങ്ങൾക്ക് സാധ്യതയുണ്ട്.

∙ നഖങ്ങൾ ഒരു പരിധിയിൽ കവിഞ്ഞ് നീട്ടരുത്. ക്ഷതമുണ്ടായാൽ താഴെനിന്നു തന്നെ പിളർന്നു പോകാം. എപ്പോഴും നഖങ്ങൾ വൃത്താകൃതിയിൽ തന്നെ വെട്ടി നിർത്തുക.

∙ നഖങ്ങൾ വെട്ടിയ ശേഷം അഗ്രഭാഗങ്ങൾ മിനുക്കി വയ്ക്കണം. പരുപരുത്ത നഖങ്ങൾ അപകടങ്ങൾ ക്ഷണിച്ചു വരുത്തും.

∙ അരികിലെ ക്യൂട്ടിക്കിളുകൾ ഇറക്കി വെട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നെയിൽ കട്ടറുകൾ ഓരോ ഉപയോഗത്തിന് ശേഷവും കഴുകി ഉണങ്ങിയ തുണി കൊണ്ട് തുടച്ച് സൂക്ഷിക്കുക.

∙ ആഴ്ചയിൽ ഒരു ദിവസം നഖത്തെ നെയിൽ പോളിഷുകളിൽ നിന്നും സ്വതന്ത്രമാക്കി ശ്വസിക്കാൻ അനുവദിക്കാം.

∙ നിത്യവും ഉറങ്ങും മുമ്പ് അൽപം പെട്രോളിയം ജെല്ലി ഉപയോഗിച്ച് നഖങ്ങളിൽ മസാജ് ചെയ്യുന്നത് നഖങ്ങൾ കൂടുത ൽ മൃദുവാക്കാൻ സഹായിക്കും.

ചില സിംപിൾ നെയിൽ ആർട്

∙ വീട്ടിലിരുന്ന് എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന സിംപിൾ നെയിൽ ആർടാണ് വാട്ടർ മാർബിളിങ്. ഒരു ബൗളിൽ അൽപം  വെള്ളമെടുത്ത് അതിലേക്ക് ഒരു തുളളി നെയിൽ പോളിഷ് ഒഴിക്കുക.  ഇത് കൃത്യമായ വൃത്താകൃതിയിലായ ശേഷം അടുത്ത നിറം മധ്യഭാഗത്തായി ഒരു തുള്ളി ഒഴിക്കാം. എത്ര നിറങ്ങൾ ചേർന്ന മാർബിൾ എഫക്ടാണോ വേണ്ടത് അത്രയും നിറങ്ങൾ ഒന്നിന് മുകളിൽ ഒന്നായി ഒഴിക്കുക. അതിനുശേഷം ടൂത് പിക്ക്  ഉപയോഗിച്ച്  വശങ്ങളിൽ  നിന്നും  മധ്യഭാഗത്തേ  ക്ക് ഇതളുകൾ പോലെ വരയ്ക്കാം. വിരലുകളിൽ കോട്ടൻ തുണിയോ ബാൻഡേജോ ചുറ്റിയ ശേഷം നഖങ്ങൾ മാത്രം ഈ ബൗളിൽ മുക്കിയെടുക്കാം. നഖത്തിനു വശങ്ങളിലെ നെയിൽ പോളഷ് റിമൂവർ ഉപയോഗിച്ച് തുടച്ചു നീക്കുക. മനോഹരമായ സിംപിൾ മാർബിൾ നെയിൽ ആർട് കൈകളിൽ. ഇതിന് മുകളിലായി ഒരു ട്രാൻസ്പരന്റ് കോട്ടു കൂടി നൽകണം.

∙ ഡാർക്ക് നിറം നഖങ്ങളിൽ ഒരു കോട്ട് നൽകുക. ഇനി ടൂത് ബ്രഷിൽ ഏതെങ്കിലും ഇളം നിറം പുരട്ടിയെടുക്കുക. ഇവ നഖങ്ങളുടെ തുടക്കത്തിലോ  അരികിലോ മൃദുവായി സ്പർശിക്കുക. വ്യത്യസ്തമായ ഡിസൈൻ സ്വന്തമാക്കാം. ഡാർക്ക് മാറ്റ് ഷേഡിൽ അതേ നിറത്തിന്റെ ഗ്ലോസി ഫിനിഷ് കൊണ്ട് ഡോട്സ് നൽകുന്നതും ട്രെൻഡാണ്.

∙ വിരലുകളിൽ ഇളം നിറത്തിലുള്ള നെയിൽ പോളിഷ് ഒരു കോട്ട് നൽകിയ ശേഷം സ്പോഞ്ചിൽ അൽപം ഡാർക്ക് നിറത്തിലുള്ള നെയിൽ പോളിഷ് മുക്കിയെടുക്കുക. നഖങ്ങളുടെ അഗ്രഭാഗത്തു നിന്നും മധ്യഭാഗം വരെ ഈ സ്പോഞ്ച് മൃദുവായി അമർത്തുക. രണ്ട് ഷേഡുകളിലുള്ള നെയിൽ പോളിഷ് ലഭിക്കും. അൽപം കൂടി ഭംഗി കൂട്ടാൻ ടൂത്ത് പിക് ഡാർക്ക് ഷേഡിലോ ലൈറ്റ് ഷേഡിലോ മുക്കി കുത്തുകൾ നൽകാം.

∙ വിരലുകളിൽ ട്രാൻസ്പരന്റ് കോട്ട് നൽകിയ ശേഷം ഐ ലൈനറിന്റെ കഴുകി വൃത്തിയാക്കിയ ബ്രഷ് നെയിൽ പോളിഷിൽ മുക്കി ചെറിയ ചിത്രങ്ങൾ വരയ്ക്കാം. സിഗ്സാഗ് ലൈനുകളും കേൾസും ഇത്തരത്തിൽ ഡിസൈൻ  ചെയ്തെടുക്കാം. ഓരോ ഉപയോഗത്തിനു ശേഷവും ബ്രഷുകൾ റിമൂവറുകളി ൽ മുക്കി തുടച്ച് വൃത്തിയാക്കണം.    

∙ നാലു വിരലുകളിൽ ഒരേ നിറവും മോതിര വിരലിൽ അതിന്റെ കോൺട്രാസ്റ്റ് നിറവും നൽകാം. കോൺട്രാസ്റ്റ് നിറത്തിന് മുകളിലായി ഗോൾഡനോ സിൽവറോ നിറത്തിലുള്ള ഡോട്ടുകൾ നൽകാം. അതല്ലെങ്കിൽ മോതിരവിരലിൽ മാത്രം ചെറിയ ഡിസൈനുകൾ നൽകി വൈറൈറ്റിയാക്കാം. സിംപിൾ ആ ൻഡ് എലഗന്റ് റിങ് ഫിംഗർ നെയിൽ ആർട് റെഡി.

nails004

ആരോഗ്യത്തോടെ നഖം

ഒരു വ്യക്തിയുടെ ആരോഗ്യം മനസ്സിലാക്കാന്‍ നഖങ്ങൾ നോക്കിയാൽ മതി. ബയോട്ടിൻ എന്ന പ്രോട്ടീനിലാണ് നഖങ്ങൾ നിർമിക്കപ്പെട്ടിരിക്കുന്നത്. ആരോഗ്യമുള്ള നഖം മിനുസമുള്ളതും ഇളംപിങ്ക് നിറത്തോടു കൂടിയവയുമായിരിക്കും. കുഴികളോ പാടുകളോ കാണുകയുമില്ല. നഖങ്ങളിൽ വെളുത്ത പാടുകളോ വരകളോ പ്രത്യക്ഷപ്പെട്ടാൽ ഉടന്‍ ഡോക്ടറുടെ സഹായം തേടണം. നഖത്തിന് നൽകാൻ കഴിയുന്ന ഏറ്റവും നല്ല സംരക്ഷണമാണ് നാരങ്ങാനീര് ഉപയോഗിച്ചുള്ള മസാജ്. അൽപം ചൂടുവെള്ളത്തിൽ ഒരു നാരങ്ങയുടെ പകുതി നീര് ചേർത്ത് കൈകൾ മുക്കി വയ്ക്കുന്നതും നഖങ്ങളെ ശക്തിപ്പെടുത്തും.

നഖം മിനുങ്ങാൻ

∙ ഒലീവ് ഓയിൽ അൽപം ചൂടാക്കിയ ശേഷം ഓരോ തുള്ളിയെടുത്ത് വിരലുകളിലും നഖങ്ങളിലും മസാജ് ചെയ്യുന്നത് നഖത്തിന്റെ ആരോഗ്യത്തിനും വിരലുകളുടെ ഭംഗിക്കും നല്ലതാണ്.

∙ ഓറഞ്ച് ജ്യൂസിൽ പത്ത് മിനിറ്റ് വിരലുകളുടെ അറ്റം മുക്കി വച്ചാൽ  നഖങ്ങൾ കൂടുതൽ മനോഹരമാകും

∙ കുക്കുംമ്പർ നീരും കാരറ്റ് നീരും ചേർത്ത് പഞ്ഞിയിൽ മുക്കിയെടുത്ത ശേഷം നഖങ്ങളിൽ വയ്ക്കാം. പത്ത് മിനിറ്റ് കഴിയുമ്പോൾ വൃത്താകൃതിയിൽ മസാജ് ചെയ്യാം.

∙ തക്കാളി നീരിൽ അൽപം നാരങ്ങാനീര് യോജിപ്പിച്ച് നിത്യവും നഖത്തിൽ ഉരസിയാൽ നഖങ്ങൾ ആരോഗ്യത്തോടെ വളരും.

∙ നഖങ്ങളുടെ ഉൾവശങ്ങൾ വൃത്തിയാക്കാൻ ഹൈഡ്രജ ൻ പെറോക്സൈഡ് തുള്ളിയായി ഒഴിച്ച ശേഷം പഞ്ഞി ഉ പയോഗിച്ച് ഉരസിയാൽ മതി.

∙ കൈകൾ നന്നായി കഴുകിയ ശേഷം ഒരു ചെറിയ ബോൾ പഞ്ഞി അൽപം വിനാഗിരിയിൽ മുക്കി നഖത്തിൽ വൃത്താകൃതിയിൽ മസാജ് ചെയ്താൽ നഖങ്ങൾക്ക് കൂടുതൽ തിളക്കം ലഭിക്കും.

∙ ബ്ലേഡോ മൂർച്ചയേറിയ ആയുധങ്ങളോ ഉപയോഗിച്ച് നഖം ചുരണ്ടുന്നത്  പൂർണമായും ഒഴിവാക്കുക. നഖങ്ങളും കൈകളും ഈർപ്പരഹിതമാക്കി സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. 

വിവരങ്ങൾക്ക് കടപ്പാട്: അന്ന സെബി, ബ്യൂട്ടി ഷാക്ക്, പനമ്പള്ളി നഗർ. ജെമീമ സാറാ വർക്കി, നെയിൽ ആർട് സ്പെഷലിസ്റ്റ്, കോട്ടയം