ചർമത്തിന്റെ അഴകു കാക്കാനും ചർമപ്രശ്നങ്ങളെ അതിരു കടത്താനും പ്രകൃതിദത്തമായി തയാറാക്കിയ ബാത് പൗഡർ ഉപയോഗിക്കാം. ശരീരം വൃത്തിയാക്കാൻ ഈ ബാത് പൗഡറുകൾ പതിവായി ഉപയോഗിച്ചാൽ മതി.
ഗ്രീൻ പൗഡർ : ചെറുപയർ പൊടിയും അരിപ്പൊടിയും 2:1 അനുപാതത്തിൽ ചേർത്തു കുപ്പിയിലാക്കി വയ്ക്കാം. പതിവായി ശരീരം സ്ക്രബ് ചെയ്യുന്നതു നല്ലതല്ല. അതുകൊണ്ടു തരിയില്ലാതെ പൊടിച്ചെടുത്തു വേണം ബാത് പൗഡർ തയാറാക്കാൻ.
ബ്ലാക് പൗഡർ : ചിരട്ട വൃത്തിയാക്കി കരിച്ചു പൊടിച്ചെടുത്തു ചാർക്കോൾ പൗഡർ തയാറാക്കാം. ഇതിൽ തുല്യ അളവിൽ കാപ്പിപ്പൊടിയും ചേർത്തു ബാത് പൗഡർ തയാറാക്കാം. കുളിക്കുന്നതിനു മുൻപു വെണ്ണ ചേർത്തു കുഴമ്പു രൂപത്തിലാക്കി ദേഹത്തു തേച്ചു പിടിപ്പിച്ചു കുളിക്കാം.
ഓറഞ്ച് പൗഡർ : മൂന്നു ഭാഗം ഓറഞ്ചു തൊലി ഉണക്കിപ്പൊടിച്ചതും രണ്ടു ഭാഗം കസ്തൂരി മഞ്ഞൾ ഉണക്കിപ്പൊടിച്ചതും ചേർത്തു ബാത് പൗഡർ തയാറാക്കാം. ഒന്നിടവിട്ട ദിവസങ്ങളിൽ ഇതിൽ അൽപം ഉപ്പുപൊടി ചേർത്തു യോജിപ്പിച്ചു കുളിക്കാം.
മിക്സഡ് പൗഡർ : ഓറഞ്ചുതൊലി, നാരങ്ങാത്തൊലി, മാതളനാരങ്ങയുടെ തൊലി എന്നിവ വെവ്വേറെ ഉണക്കിപ്പൊടിച്ചു വയ്ക്കുക. പുരട്ടും മുൻപ് ഇതിൽ കറ്റാർവാഴ ജെല്ലോ തക്കാളിനീരോ ചേർക്കുന്നതും നല്ലതാണ്.
കടപ്പാട്: രഞ്ജു രഞ്ജിമാർ, സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ്, ഡോറ ബ്യൂട്ടി വേൾഡ്, അങ്കമാലി