Thursday 01 September 2022 05:18 PM IST

‘നാചുറൽ ലുക് നൽകുന്ന കൺപീലികൾ’; കട്ടിയുള്ള കൺപീലികൾക്ക് മസ്കാര അണിയുമ്പോൾ ശ്രദ്ധിക്കാം

Ammu Joas

Sub Editor

eyesssl6578bjnjn

മുഖത്തിന്റെ ആകൃതി തീരുമാനിക്കുന്നതിൽ പുരികത്തിന് വലിയ പങ്കുണ്ട്. ത്രെഡ് ചെയ്യുമ്പോൾ വീതിയൽപം കുറഞ്ഞാലോ കൂടിയാലോ മുഖം തന്നെ മാറിയപോലെ തോന്നുന്നത് ഇതുകൊണ്ടാണ്. അതേപോലെ തന്നെയാണ് കൺപീലികളുടെ കാര്യവും. കണ്ണുകൾ താമരമൊട്ടു പോലെ വിരിയാൻ പീലിയഴക് കൂടിയേ തീരൂ. പുരികവും കൺപീലികളും മോടി കൂട്ടി മുഖം സുന്ദരമാക്കാൻ വേണ്ടതെല്ലാം അറിഞ്ഞാലോ... 

കൺപീലികളുടെ കരുതൽ

∙ കൺപീലികൾ വൃത്തിയാക്കാൻ ഐ ലാഷസ് കോംബ് വാങ്ങാം. അല്ലെങ്കിൽ പഴയ മസ്കാരയുടെ ബ്രഷ് കഴുകി വൃത്തിയാക്കി പീലികൾ ബ്രഷ് ചെയ്യാൻ ഉപയോഗിക്കാം.

∙ മൂന്നു തുള്ളി ആവണക്കെണ്ണയിൽ രണ്ടു തുള്ളി വെളിച്ചെണ്ണ യോജിപ്പിച്ച് കൺപീലിയിൽ പുരട്ടിയശേഷം ഉറങ്ങാം. പീലി കരുത്തോടെ വളരും.

∙ ഗ്രീൻ ടീ പുരട്ടുന്നത് കൺപീലികള്‍ ആരോഗ്യത്തോടെ വളരാൻ സഹായിക്കും.

∙ മുട്ടവെള്ള അടിച്ചുപതപ്പിച്ചതിൽ നിന്ന് അൽപമെടുത്ത് രണ്ടു തുള്ളി ബദാം എണ്ണ ചേർത്ത് യോജിപ്പിക്കുക. ഇത് പീലിയിൽ ബ്രഷ് ചെയ്യാം. പീലി കൊഴിയുന്നത് നിൽക്കും. 

∙ ഒരു വൈറ്റമിൻ ഇ കാപ്സ്യൂൾ പൊട്ടിച്ച് കൺപോളയിൽ ഒരു മിനിറ്റ് മസാജ് ചെയ്യുക. ശേഷം അൽപം കൺപീലിയിലും പുരട്ടുക. മസാജ് ചെയ്യുമ്പോൾ രക്തയോട്ടം വർധിച്ച് കൺപീലി വളരുമെന്നത് അധികഗുണമാണ്.

∙ പതിവായി കൺപീലിയിലും കൺപോളയിലും പെട്രോളിയം ജെല്ലി പുരട്ടുന്നത് പീലികളുടെ വളർച്ച കൂട്ടുന്ന സിംപിൾ ടെക്നിക് ആണ്.

മസ്കാര അണിയുമ്പോൾ

∙ മസ്കാര മൂന്നു കോട്ട് അണിഞ്ഞാൽ നല്ല കട്ടിയുള്ള കൺപീലികൾ സ്വന്തമാക്കാം. അൽപം പെട്രോളിയം ജെല്ലി പുരട്ടിയശേഷം മസ്കാര അണിഞ്ഞാൽ പീലികൾ വരണ്ടുപോകില്ല, നല്ല തിളക്കവും ലഭിക്കും.

∙ ഐ ലാഷ് കേളർ മസ്കാര അണിയും  മുൻപ് വേണം ഉപയോഗിക്കാൻ. മസ്കാരയുള്ള പീലികൾ കേൾ ചെയ്യാൻ ശ്രമിച്ചാൽ കൺപീലി കൊഴിഞ്ഞുപോകാനിടയുണ്ട്.

∙ കട്ടിയുള്ള ഫാൾസ് ഐ ലാഷസും നേർത്ത നാചുറൽ ലുക് നൽകുന്ന കൺപീലികളും വിപണിയിലുണ്ട്. ആവശ്യവും അവസരവും അനുസരിച്ചു വാങ്ങി വയ്ക്കാം. ഫാൾസ് ഐ ലാഷസ് വീണ്ടും ഉപയോഗിക്കാം, അതിനാൽ ഇവ അടർത്തി മാറ്റി വൃത്തിയായി തന്നെ സൂക്ഷിക്കണം.

∙ ഐലൈനറിലും ഐഷാഡോയിലും മാത്രമല്ല മസ്കാരയിലുമുണ്ട് നിറങ്ങൾ. കറുത്ത മസ്കാര ഇട്ടശേഷം പീലിയുടെ അറ്റത്ത് മാത്രം നിറമുള്ള മസ്കാര പുരട്ടിയാൽ വ്യത്യസ്ത ലുക് കിട്ടും.

മൈക്രോ ബ്ലേഡിങ്ങും ടെംപററി ലാഷസും

∙ കട്ടി കുറഞ്ഞ പുരികങ്ങൾ, ആകൃതിയില്ലാത്ത പുരികങ്ങൾ. ഇവയെല്ലാം മൈക്രോ ബ്ലേഡിങ്ങിലൂടെ ഭംഗിയാക്കാം. പുരികത്തിന് മുഖത്തിനോടിനിണങ്ങുന്ന ആകൃതി വരച്ച് ഇതിനുള്ളിൽ പ്രത്യേക മഷി ഉപയോഗിച്ച് പുരികം ഫിൽ ചെയ്യുന്നതാണ് മൈക്രോ ബ്ലേഡിങ്. ഓരോരുത്തരുടെയും സ്കിൻ ടോണിന് ഇണങ്ങുന്ന മഷി ഉപയോഗിച്ചാണ് മൈക്രോ ബ്ലേഡിങ് ചെയ്യുന്നത്. അതിനാൽ ആർട്ടിഫിഷൽ ഫീൽ തോന്നില്ല.

∙ പുരികം ടാറ്റു ചെയ്ത് ആകൃതിയൊത്തതാക്കുന്നതാണ് ഐ ബ്രോ ടാറ്റൂയിങ്.

∙ ടെംപററി ഐ ലാഷസും ഇപ്പോൾ ട്രെൻഡിങ്ങാണ്. ഇവ വച്ചാൽ രണ്ടു മാസം വരെ ഫാൾസ് ഐ ലാഷസ് ഉപയോഗിക്കാതെ കണ്ണുകൾ മനോഹരമാക്കാം.

വിവരങ്ങൾക്കു കടപ്പാട്: ശോഭ കുഞ്ചൻ, ലിവ് ഇൻ സ്റ്റൈൽ, കൊച്ചി

Tags:
  • Glam Up
  • Beauty Tips