ആഘോഷങ്ങൾ കലണ്ടറിൽ മാർക് ചെയ്ത് മാസങ്ങൾക്കു മുൻപേ പ്ലാൻ ചെയ്ത് ഒരുങ്ങുന്നവരും അത്രയും ദിവസം മടി പിടിച്ചിരുന്നു വിശേഷ ദിവസങ്ങൾക്കു തലേന്നു മുഖം മിനുക്കാൻ പാർലറിലേക്ക് ഓടുന്നവരുമുണ്ട്. ഇക്കൂട്ടരെല്ലാം പക്ഷേ, മുഖകാന്തി കൂട്ടാനുള്ള സൗന്ദര്യക്കൂട്ടുകൾ തേടി അടുക്കളയിലേക്കും മുറ്റത്തേക്കും ഇടയ്ക്കിടെ എത്തിനോക്കുന്നവരാണ്. ഒറ്റ ചേരുവ കൊണ്ടുള്ള ബ്യൂട്ടി പായ്ക്കുകള്‍ പരിചയപ്പെടാം.. ഏതു ഫെയ്സ് പാക്കും പാച്ച് ടെസ്റ്റ് ചെയ്തശേഷം അണിയുന്നതാണു നല്ലത്.
ഒറ്റ ചേരുവ കൊണ്ടും മുഖം മിനുക്കാം
ഫ്ലാക്സ് സീഡ് : ഒരു വലിയ സ്പൂൺ ഫ്ലാക്സ് സീഡ് കാൽകപ്പ് വെള്ളത്തിൽ തിളപ്പിക്കുക. ജെൽ രൂപത്തിലാകുമ്പോൾ മുഖത്തു പുരട്ടാം. ഉണങ്ങിയശേഷം കഴുകാം. ചർമത്തിലെ ചുളിവുകൾ അകറ്റാനും ചർമം അയഞ്ഞുതൂങ്ങുന്നതു തടയാനും സഹായിക്കും.
കഞ്ഞിവെള്ളം : കഞ്ഞിവെള്ളം ഒരു ചെറിയ ഗ്ലാസ് ജാറിലാക്കി ഫ്രിജിൽ വയ്ക്കാം. ഇതിൽ നിന്ന് അൽപമെടുത്ത് എല്ലാ ദിവസവും മുഖത്തു പുരട്ടി അര മണിക്കൂറിനുശേഷം കഴുകാം. മുഖത്തിനു തിളക്കം ലഭിക്കും.
ബീറ്റ്റൂട്ട്, ഓറഞ്ച്, പപ്പായ, തക്കാളി എന്നിവ മുഖത്തിനു പെട്ടെന്നു തിളക്കം നൽകാൻ മികച്ചതാണ്. ഇവയിലേതും മിക്സിയില്‍ അരച്ച്, ഐസ് ട്രേയിലൊഴിച്ചു വയ്ക്കാം. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം രാത്രി കിടക്കും മുൻപ് ഒരു ക്യൂബ് എടുത്ത് മുഖത്തു മസാജ് ചെയ്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകാം.
വിവരങ്ങൾക്കു കടപ്പാട് : ഡോളി പൗലോസ്, നിംഫെറ്റ് മേക്കോവർ സലൂൺ, കൊച്ചി