Friday 13 October 2023 04:10 PM IST

സ്ട്രെച്ച് മാർകും കക്ഷത്തിലെ കറുപ്പും പൂർണമായും മാറ്റാനാകില്ലേ, ലേസർ ചികിത്സ ഫലപ്രദമോ? വിശദമായി അറിയാം

Ammu Joas

Senior Content Editor

laser-treatments

പുരികം ഷേപ് വരുത്തുക, ഫേഷ്യൽ ചെയ്യുക. ഇതു മാത്രമായിരുന്നു ബ്യൂട്ടി പാർലർ സന്ദർശനത്തിനായി ടീനേജിന്റെ ലിസ്റ്റിൽ പണ്ട് ഉണ്ടായിരുന്നത്. എന്നാലിന്ന് മുഖം വെളുപ്പിക്കൽ അല്ല സൗന്ദര്യം കൂട്ടാനുള്ള മാർഗമെന്ന് യൂത്ത് തിരിച്ചറിഞ്ഞു. സ്വന്തം ചർമഭംഗി തനിമയോടെ കാത്തുസൂക്ഷിക്കുന്നതിനാണ് ഭൂരിപക്ഷവും മുൻഗണന നൽകുന്നത്. ഏതു ചർമക്കാർക്കും അവരുടെ നിറത്തിനും സ്കിൻ ടെക്സ്ചറിനും യോജിച്ച കോസ്മറ്റിക് ട്രീറ്റ്മെന്റ് ഉള്ള കാലമാണിത്. ലേസർ ആണ് അക്കൂട്ടത്തിലെ സൂപ്പർസ്റ്റാർ.

അറിഞ്ഞു തുടങ്ങാം

കോസ്മറ്റിക് ചികിത്സകള്‍ക്കായി വിദഗ്ധരെ ത ന്നെ സമീപിക്കുക, ഉയർന്ന നിലവാരം പുലർത്തുന്ന കോസ്മറ്റിക് ക്ലിനിക്കുകൾ തന്നെ തിരഞ്ഞെടുക്കുക. മികച്ച ഫലം കിട്ടാൻ കൃത്യമായ ഇടവേളയിൽ പല സെഷൻസ് വേണ്ടിവരും.

മുഖക്കുരുവും പാടുകളും

മുഖക്കുരുവിന്റെ പാടുകളും കുഴികളും മായ്ക്കാൻ ഫലപ്രദമായ ചികിത്സകളുണ്ട്. ഏതുതരം ചികിത്സ വേണമെന്നത് മുഖക്കുരുവിന്റെ പാടുകളുടെ സ്വഭാവമനുസരിച്ചാണ് തീരുമാനിക്കുന്നത്.

സിഒ2 ലേസർ, എർബിയം വൈഎജി ലേസർ, സബ്‌സിഷൻ, പഞ്ച് എക്സിഷൻ, ടിസിഎ ക്രോസ് തുടങ്ങിയവയാണ് ചികിത്സകളിൽ ചിലത്. അതീവ ഗുരുതരമല്ലാത്ത മുഖക്കുരുവിന്റെ പാടുകൾ ലേസർ ചികിത്സയിലൂടെ മായ്ക്കാനാകും.

മിക്കവരെയും അലട്ടുന്ന ബാക് ആക്നെയ്ക്കും (പുറംഭാഗത്ത് വരുന്ന കുരു) ചികിത്സയുണ്ട്. മുഖത്തു പുരട്ടുന്ന ക്രീമുകളേക്കാൾ വീര്യമുള്ള ക്രീമുകളും മറ്റും ഇവയ്ക്ക് ഉപയോഗിക്കേണ്ടി വ രുമെന്നു മാത്രം.

laser-treatment

പിഗ്‌മന്റേഷനും ചികിത്സയും

ചർമത്തിന് ഇരുണ്ട നിറം നൽകുന്നത് മെലാനിൻ എന്ന ഘടകമാണ്. ഇത് അമിതമാകുന്നതാണ് ഹൈപ്പർ പിഗ്‌മന്റേഷന് കാരണം.

∙ പ്രായാധിക്യം, ഗർഭകാലത്തും ആർത്തവവിരാമകാലത്തുമുണ്ടാകുന്ന ഹോർമോൺ‍ വ്യത്യാനം, അമിതമായി സൂര്യപ്രകാശമേൽക്കുന്നത്, തെറ്റായ രീതിയില്‍ മുഖത്തെ രോമം നീക്കുന്നത്, വീര്യം കൂടിയ സ്കിൻ കെയർ പ്രൊഡക്റ്റ്സിന്റെ ഉപയോഗം, ചർമരോഗം, ചർമത്തിലേറ്റ മുറിവ്, പൊള്ളൽ ഇവ കൊണ്ടുള്ള പോസ്റ്റ് ഇൻഫ്ലമേറ്ററി ഹൈപ്പർ പിഗ്‍മന്റേഷൻ തുടങ്ങിയവ നിറവ്യത്യാസത്തിനു കാരണമാകും. ശരിയായ കാരണം കണ്ടുപിടിച്ച് ഏറ്റവും ഇണങ്ങും ചികിത്സ ചെയ്യാം.

∙ പതിവായി സൺസ്ക്രീൻ പുരട്ടുന്നതിലൂടെയും ശരിയായ രീതിയിൽ കൃത്യ ഇടവേളയിൽ മാത്രം രോമം നീക്കുന്നതിലൂടെയും വിദഗ്ധരുടെ നിർദേശപ്രകാരം ഇണങ്ങുന്ന സ്കിൻ കെയർ പ്രൊഡക്റ്റ് ഉപയോഗിക്കുന്നതിലൂടെയും പിഗ്‍മന്റേഷന്‍ വരാതെ കാക്കാം.

∙ മുഖത്തു പുരട്ടാനുള്ള ക്രീമുകൾക്കൊപ്പം കെമിക്കൽ പീലിങ്ങും ലേസർ ചികിത്സകളും പിഗ്‌മെന്റേഷ ൻ അകറ്റാൻ ഫലവത്താണ്.

പാടുകളും പിഗ്‌മന്റേഷനും പല വിധമുണ്ട്. കവിളി ൽ വരുന്ന തവിട്ടുനിറമുള്ള പുള്ളികൾ (റെക്കിൾസ്), മെലാസ്മ, പ്രായാധിക്യം മൂലം വരുന്ന കറുത്ത പാടുകൾ (എയ്ജ് സ്പോട്സ്) തുടങ്ങിയ പ്രശ്നങ്ങൾ ലേസർ ചികിത്സയിലൂടെ മാറ്റാനാകും. അല്ലാതെയുള്ള പിഗ്‌മെന്റേഷനു മറ്റു ചികിത്സകളാണ് വേണ്ടത്.

laser-treatment-4

കക്ഷത്തിലെ കറുപ്പു മാറ്റാം

മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് കക്ഷങ്ങളിലെ കറുപ്പുനിറം. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ഇതു കൂടുതൽ കാണുക. അമിതവണ്ണം, പ്രമേഹം, ഹോർമോൺ വ്യത്യാസങ്ങൾ, ചില ഡിയോഡറന്റുകളുടെ ഉപയോഗം, അമിതമായ വിയർപ്പ്, മൃതകോശങ്ങൾ, ചില രോഗങ്ങൾ, ഷേവിങ് മൂലവും വസ്ത്രങ്ങൾ ഉരസിയുമുണ്ടാകുന്ന ഫ്രിക്‌ഷൻ എന്നിവയൊക്കെ കക്ഷത്തിലെ കറുപ്പിന് കാരണമാകാം.

ഗ്ലോകോളിക് ആസിഡ്, അസലൈക് ആസിഡ്, റെറ്റിനോൾ, ഹൈഡ്രോക്വിനോൺ തുടങ്ങിയവ അടങ്ങിയ ടോപ്പിക്കൽ ക്രീമും ലോഷനും പുരട്ടുക വഴി ഇരുണ്ടനിറം കുറയ്ക്കാനാകും. കെമിക്കൽ പീലിങ്, ലേസർ ട്രീറ്റ്മെന്റ്, അമിത വിയർപ്പ് നിയന്ത്രിക്കാനുള്ള ബോട്ടോക്സ് തുടങ്ങിയ കോസ്മെറ്റിക് ചികിത്സകളും ഫലപ്രദമാണ്. രോമങ്ങള്‍ നീക്കാനുള്ള ലേസർ ട്രീറ്റ്മെന്റ് ചെയ്താൽ ഷേവ് ചെയ്തോ വാക്സ് ചെയ്തോ കക്ഷത്തിലെ രോമം നീക്കേണ്ടി വരില്ല. ഇതിലൂടെ കക്ഷത്തിൽ ഏൽക്കാവുന്ന ഫ്രിക്‌ഷൻ കുറയ്ക്കാനും ഇരുണ്ടനിറം വരാതെ കാക്കാനും കഴിയും.

മുറിവും സ്ട്രെച്ച് മാർക്കുകളും

കുട്ടിക്കാലത്തുണ്ടായ മുറിവിന്റെ പാടുകൾ മുതിർന്നാലും മായാതെ കിടക്കും. ഏതു തരം മുറിവാണെന്നു മനസ്സിലാക്കി അതനുസരിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്. കുഴിഞ്ഞ മുറിപ്പാടുകൾക്കും തിണർത്ത പാടുകൾക്കും ഇരുണ്ടിരിക്കുന്നവയ്ക്കുമൊക്കെ ചികിത്സ വ്യത്യസ്തമാണ്. പൾസ്ഡ് ഡൈലേസർ, 1450 എൻഎം ഡയോഡ് ലേസർ തുടങ്ങിയവ മുറിപ്പാടിന്റെ സ്വഭാവമനുസരിച്ച് നൽകും.

ഇത്തരം പാടുകൾ പൂർണമായി മാറ്റാൻ കഴിയില്ലെങ്കിലും ശരീരത്തിലെ സ്കിൻ ടോണിനോട് ചേരുവിധം കാഴ്ചയിൽ തിരിച്ചറിയാതാക്കാൻ കഴിയും. സ്ട്രെച്ച് മാർക്സിന്റെ കാര്യവും ഇങ്ങനെ തന്നെയാണ്. ഒരിക്കൽ വന്നു കഴിഞ്ഞാൽ പൂർണമായി മാറ്റാനാകില്ല.

മുഖത്തെയും ശരീരത്തിലെയും മറുകുകളും ലേസർ ചികിത്സയിലൂടെ മായ്ക്കാനാകും. ടാറ്റൂ മായ്ക്കാനും ലേസർ ചികിത്സയുണ്ട്.

ലേസര്‍ ചികിത്സയ്ക്കു ശേഷം

∙ ലേസർ ചികിത്സയ്ക്കു ശേഷം വീടിനകത്ത് ആണെങ്കിലും സൺസ്ക്രീൻ ഉപയോഗം നിർബന്ധമാണ്. സെ ൻസിറ്റീവ് ചർമത്തിനണങ്ങുന്ന സൺസ്ക്രീൻ വേണം ഉപയോഗിക്കാൻ.

∙ തീവ്ര സൂര്യപ്രകാശമെത്തുന്ന സമയത്ത് പരമാവധി പുറത്തിറങ്ങാതെ നോക്കാം. മാസ്ക് വയ്ക്കുമ്പോൾ ഇരുണ്ട നിറമുള്ളവയ്ക്കു പകരം വെള്ളയോ ഇളം നിറത്തിലോ ഉള്ളവ ഉപയോഗിക്കുക. തൊപ്പി വയ്ക്കുന്നതും നല്ലതാണ്.

∙ ചർമത്തിലെ ജലാംശം നിലനിർത്തിയാൽ ലേസറിനു ശേഷം ചർമം വേഗം സുഖപ്പെടും. ഇതിനായി പതിവായി മോയിസ്ചറൈസർ പുരട്ടണം. മുഖത്തെ വരൾച്ചയും അസ്വസ്ഥകളും അകറ്റാനും മോയിസ്ചറൈസർ സഹായിക്കും. ചില ലേസർ ചികിത്സയ്ക്ക് ആന്റി ബയോട്ടിക് ക്രീമും വേണ്ടിവരാം. ചർമം സുഖപ്പെട്ടതിനുശേഷം പുരട്ടാനും ക്രീമുകളുണ്ടാകും.

∙ ചർമം സുഖപ്പെടാനെടുക്കുന്ന സമയം വരെ അണുബാധ വരാതെ നോക്കണം.

∙ ഡോക്ടർ നിർദേശിക്കുന്ന സ്കിൻ കെയർ ഉൽപന്നങ്ങൾ മാത്രമുപയോഗിക്കാനും ശ്രദ്ധിക്കുക.

∙ 30–45 ദിവസം കൊണ്ടാണ് ഒരു ലേസർ സെഷന്റെ ഫലം അറിയാനാകുക. ഈ ഇടവേളയിലാണ് സാധാരണയായി ലേസർ ചികിത്സയുടെ സിറ്റിങ്സ് വരുന്നത്.
വിവരങ്ങൾക്കു കടപ്പാട് : ഡോ. ആശ ബിജു,
എസ്തറ്റിക് ഫിസിഷൻ & കോസ്മറ്റിക് ലേസർ സർജൻ,
വൗ ഫാക്ടർ മെഡി കോസ്മെറ്റിക് സ്കിൻ & ലേസർ സെന്റർ, തിരുവനന്തപുരം