ആറു മാസം മുൻപെങ്കിലും പ്രീ ബ്രൈഡൽ സ്കിൻ കെയർ തുടങ്ങുന്നതാണു നല്ലത്. ഇനി ആറു മാസം സമയം കിട്ടിയില്ലെങ്കിൽ മൂന്നു മാസം മുൻപെങ്കിലും കോസ്മറ്റോളജിസ്റ്റിനെ കാണുക. വിവാഹത്തിനൊരുങ്ങാൻ ഇത്രയും സമയമോ എന്നു സംശയം തോന്നാം. ഒരു ട്രീറ്റ്മെന്റ് ആരംഭിച്ചാൽ അതു ചർമത്തിനു യോജിക്കുന്നുണ്ടോ, ഫലപ്രദമാണോ എന്നറിയാനും അവയുടെ ഫലം പൂർണമായി ലഭിക്കാനും മൂന്ന്- ആറു മാസം വേണം. ട്രീറ്റ്മെന്റ് ഫലപ്രദമായില്ലെങ്കിൽ പുതിയ ട്രീറ്റ്മെന്റ് തുടങ്ങേണ്ടി വരും. ഇതെല്ലാം കണക്കുകൂട്ടിയാണ് ആറു മാസം പറയുന്നത്.
സ്കിൻ കെയർ റുട്ടീൻ : ഓരോരുത്തരും പിന്തുടരുന്ന സ്കിൻ കെയർ റുട്ടീൻ വിലയിരുത്തി ആവശ്യമെങ്കിൽ വേണ്ട മാറ്റം വരുത്തും. ചർമസ്വഭാവത്തിനിണങ്ങുന്നതും ചർമപ്രശ്നം പരിഹരിക്കുന്നതിനുമുള്ള റുട്ടീൻ നിർദേശിക്കും. രാവിലത്തെ പരിപാലനത്തിൽ ഫെയ്സ് വാഷ്, മോയിസ്ചറൈസർ, സൺസ്ക്രീൻ. രാത്രിയിൽ ഫെയ്സ് വാഷ്, മോയിസ്ചറൈസർ. ഇതു കൂടാതെ ചർമപ്രശ്നം പരിഹരിക്കാനുള്ള ആക്ടീവ് ഇൻഗ്രീഡിയന്റ്സും ഉൾപ്പെടുത്തും.
മുഖത്തു ചുളിവുകളുണ്ടെങ്കിൽ റെറ്റിനോൾ, കുരുക്കളുണ്ടെങ്കിൽ സാലിസിലിക് ആസിഡ് എന്നിങ്ങനെയുള്ളതാണ് ആക്ടീവ് ഇൻഗ്രീഡിയന്റ്സ്. സ്കിൻ കെയർ റുട്ടീനിൽ മാറ്റം വരുത്തി അതിന്റെ ഫലം അറിയാൻ 60 ദിവസത്തെ കൃത്യമായ ഉപയോഗം വേണം.
രോമവളർച്ച : മുഖത്തെയും ശരീരത്തിലെയും അനാവശ്യരോമങ്ങൾ പെർമനന്റായി നീക്കാൻ ലേസർ ട്രീറ്റ്മെന്റുകളുടെ സഹായം തേടാം. മാസത്തിൽ ഒരു തവണ വീതം ആറു മാസം ട്രീറ്റ്മെന്റ് എടുത്താലാണു മികച്ച ഫലം ലഭിക്കുക.
നിറവ്യത്യാസം : ചുണ്ടിനും ചുറ്റും, കഴുത്തിൽ, കൈ മടക്കുകളിൽ എന്നിങ്ങനെ ചർമത്തിൽ നിറവ്യത്യാസമുണ്ടെങ്കിൽ അവയകറ്റാൻ കെമിക്കൽ പീലുകൾ നല്ലതാണ്. ഇതു കൂടാതെ ആന്റി പിഗ്‌മെന്റേഷൻ ലേസർ ചികിത്സയുമുണ്ട്. 21 ദിവസത്തെ ഇടവേളയിൽ ട്രീറ്റ്മെന്റ് എടുക്കണം.
ശരീരത്തിലെ ഇടുക്കുകളില്‍ ഇരുണ്ടനിറം വരുന്നതിനു പിന്നിൽ തൈറോയ്ഡ്, ഇൻസുലിൻ റെസിസ്റ്റൻസ്, അമിതഭാരം എന്നിവയും കാരണമാകാം. ഇതുകൂടി കണ്ടെത്തി പരിഹരിച്ചാണ് ലേസർ ചികിത്സകളും പീലുകളും ചെയ്യുക.
സ്വകാര്യ ഭാഗങ്ങളിലെ ഇരുണ്ടനിറം : ഇന്റിമേറ്റ് ഭാഗങ്ങളിലെ നിറവ്യത്യാസം പലരെയും അലട്ടുന്ന പ്രശ്നമാണ്. ഇതിനു സുരക്ഷിതമായ പരിഹാരമുണ്ട്. ഇന്റിമേറ്റ് പിങ്ക് പീൽസ് ചെയ്തു സ്വകാര്യഭാഗത്തെ ഇരുളിമ കുറയ്ക്കാനാകും. മൂന്നു ആഴ്ച ഇടവേളയിൽ നാലു സിറ്റിങ് വേണം.
കരിവാളിപ്പ് : ശരീരമാകെയുള്ള കരിവാളിപ്പ് അകറ്റാൻ ഫുൾ ബോഡി ആന്റി ടാൻ ട്രീറ്റ്മെന്റ് നല്ലതാണ്. മൂന്ന് ആ ഴ്ചയിൽ ഒരിക്കൽ വീതം നാലോ അഞ്ചോ സിറ്റിങ് വേണ്ടി വരാം.
മുഖക്കുരു : രണ്ടോ മൂന്നോ മാസം കൊണ്ടു മുഖക്കുരു ചികിത്സിച്ചു ഭേദമാക്കാം. എന്നാൽ ഇവ വേണ്ട രീതിയിൽ ചികിത്സിക്കാതെ കലകളും വടുക്കളുമായാൽ രണ്ടു വർഷത്തോളം ട്രീറ്റ്മെന്റ് എടുക്കേണ്ടി വരും.
ആന്റി ബാക്ടീരിയൽ / ആന്റി ഇൻഫ്ലമേറ്ററി മരുന്നുകൾ, സാലിസിലിക് ആസിഡ് അടങ്ങിയ ഉൽപന്നങ്ങൾ, ഐസോട്രെറ്റിനോയിൻ മരുന്നുകൾ എന്നിവയിലൂടെ മുഖക്കുരു പരിഹരിക്കാം. തീവ്രത കൂടുതലാണെങ്കിൽ മൈക്രോനീഡിലിങ് ആൻഡ് റേഡിയോ ഫ്രീക്വൻസി ട്രീറ്റ്മെന്റ് (MNRF) ആണ് മുഖക്കുരുവിന്റെ കലകൾ മായ്ക്കാൻ ഫലപ്രദമായ ചികിത്സ. ഇതിനൊപ്പം പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്മ ട്രീറ്റ്മെന്റും (PRP) ചെയ്യാം. നാലു സിറ്റിങ്ങിൽ ഫലം കാണും.
മുടികൊഴിച്ചിൽ : രക്തം പരിശോധിച്ചു മുടി കൊഴിച്ചിലിന്റെ കാരണം കണ്ടെത്തി വേണം ചികിത്സ. പോഷകക്കുറവ് ഉണ്ടെങ്കില്‍ അതു പരിഹരിക്കാൻ സപ്ലിമെന്റ്സ് കഴിക്കണം. രക്തപരിശോധനയിൽ കണ്ടെത്തുന്ന ഏറ്റക്കുറച്ചിലുകൾ രണ്ടു മാസം കൊണ്ടു ഏറക്കുറെ പരിഹരിക്കാനാകും.
ഇതിനൊപ്പം തന്നെ മുടി കൊഴിച്ചിലിനുള്ള പിആർപി, ജിഎഫ്സി, ഹെയർ റിസ്റ്റൊറേഷൻ സീറം എന്നീ ട്രീറ്റ്മെന്റുകളും വേണ്ടിവരാം. മാസത്തിൽ ഒന്നു വച്ചു മൂന്നു സിറ്റിങ് വേണ്ടിവരും. ഫലം അറിയാൻ മൂന്നു – ആറു മാസം സമയം എടുക്കും.
വിവരങ്ങൾക്കു കടപ്പാട് : ഡോ. അശ്വതി മോഹൻ,
കൺസൽറ്റന്റ് ഡെർമറ്റോളജിസ്റ്റ്,
റീജെൻകെയർ ക്ലിനിക്,
എൻഎച്ച് ബൈപാസ്, പാലാരിവട്ടം, കൊച്ചി