Tuesday 08 August 2023 02:40 PM IST : By സ്വന്തം ലേഖകൻ

മുടിക്കും മുഖത്തിനും സൗന്ദര്യം നല്‍കും റോസ്‌വാട്ടർ; അറിയാം ഏഴു ഗുണങ്ങൾ

rose-water45655

മുഖക്കുരു, കറുത്ത പാടുകൾ, കരുവാളിപ്പ് എന്നിവ മാറ്റാന്‍ ഏറ്റവും മികച്ച പ്രകൃതിദത്ത ടോണർ ആണ് റോസ് വാട്ടർ അഥവാ പനിനീര്. എന്നാൽ മിക്കവരും റോസ് വാട്ടർ വാങ്ങുകയാണ് ചെയ്യുന്നത്. റോസാപ്പൂക്കളുണ്ടെങ്കിൽ വീട്ടിൽ തന്നെ റോസ് വാട്ടർ തയാറാക്കാം. പണച്ചെലവ് ഇല്ല എന്നതു മാത്രമല്ല ഗുണമേന്മ ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും. മുടിയുടെയും മുഖത്തിന്റെയും ഒന്നിലധികം ആരോഗ്യ പ്രശ്നങ്ങൾക്കുള്ള ഉത്തമ പരിഹാരമാണ് പനിനീര്. 

ഗുണങ്ങള്‍ അറിയാം

1. ജലാംശം നിലനിർത്തി ചർമത്തെ ഫ്രഷ് ആക്കാൻ പനിനീര് നല്ലതാണ്. ചർമത്തിൽ അധികമുള്ള എണ്ണമയം വലിച്ചെടുക്കാനുള്ള കഴിവും പനിനീരിനുണ്ട്.

2. ശരീരതാപത്തെ നിയന്ത്രിച്ചു നിർത്താനും ചർമത്തിന്റെ മൃദുത്വം കാത്തു സൂക്ഷിക്കാനും പനിനീര് സഹായിക്കുന്നു. വീട്ടിൽ തയാറാക്കുന്ന പനീനീര് കുടിക്കാനും നല്ലതാണ്. പനിനീരടങ്ങിയ ക്രീമുകളും ലോഷനുകളും പുരട്ടുന്നതിനു പകരമായി പനിനീര് നേരിട്ട് ശരീരത്തിൽ പുരട്ടുന്നതും സേവിക്കുന്നതുമാണ് കൂടുതൽ ഗുണം ചെയ്യുക.

3. ചർമത്തിലെ പിച്ച് മൂല്യത്തിന്റെ സന്തുലനാവസ്ഥ നിലനിർത്താൻ പനിനീര് സഹായിക്കുന്നു. ഇടയ്ക്കിടയ്ക്ക് റോസ് വാട്ടർ ശരീരത്തിൽ സ്പ്രേ ചെയ്തുകൊടുത്താൽ ശരീരത്തിലെ പിഎച്ച് മൂല്യത്തിന്റെ സന്തുലനം നിലനിർത്തുകയും ചർമത്തിന് കൂടുതൽ ചെറുപ്പം തോന്നാൻ സഹായിക്കുകയും ചെയ്യും. 

4. എത്ര ശ്രമിച്ചാലും ഒതുക്കമില്ലാതെയിരിക്കുന്ന മുടിയിഴകൾ ചിലർക്കൊരു തലവേദനയാണ്. മുടിയെ വേണ്ട വണ്ണം മോയ്സ്ചറൈസ് ചെയ്യാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. മുടിയെ വരുതിയിലാക്കി ആരോഗ്യത്തോടെ പരിപാലിക്കാൻ പനിനീര് സഹായിക്കും. ഒരു ചെറിയ സ്പ്രേ ബോട്ടിലിൽ പനിനീര് നിറച്ച് കൈയിൽ സൂക്ഷിക്കാം. മുടി ഒതുങ്ങിയിരിക്കുന്നില്ല എന്നു തോന്നുമ്പോഴൊക്കെ തലയിൽ ഈ പനിനീര് സ്പ്രേ ചെയ്തുകൊടുക്കാം.

5. രാത്രി ഉറങ്ങുന്നതിന് മുന്‍പ് മുഖത്ത് റോസ് വാട്ടര്‍ മുഖത്ത് പുരട്ടിയാല്‍ നിറം വർധിക്കും. മുഖം നന്നായി കഴുകി തുടച്ചതിനു ശേഷം റോസ് വാട്ടർ മുഖത്തു തേച്ച് ഉറങ്ങാവുന്നതാണ്. രാവിലെയാകുമ്പോൾ മുഖം നല്ല സോഫ്റ്റായി വരുകയും ചെയ്യും.

6. മുഖക്കുരു, ചര്‍മ്മത്തിലെ കറുത്തപാടുകള്‍ തുടങ്ങിയവ അകറ്റാന്‍ കോട്ടണ്‍ തുണി കൊണ്ട് റോസ് വാട്ടറില്‍ മുക്കി മുഖം ഇടയ്ക്കിടെ തുടയ്ക്കുന്നത് ഉത്തമമാണ്.

7. യുവത്വം നിലനിർത്താനും വാർധക്യം മൂലമുണ്ടാകുന്ന വരകളും ചുളിവുകളും തടയാനും റോസ് വാട്ടർ പതിവായി ഉപയോഗിക്കുന്നത് നല്ലതാണ്. 

Tags:
  • Glam Up
  • Beauty Tips