Saturday 06 November 2021 03:36 PM IST

‘ഗ്രീൻ ടീക്കൊപ്പം മുൾട്ടാനി മിട്ടി ചേർത്തു പുരട്ടിയാൽ മുഖക്കുരു തല പൊക്കില്ല’; ചായയിലും കാപ്പിയിലുമുണ്ട് അഴക് കൂട്ടും സൗന്ദര്യ രഹസ്യങ്ങൾ

Ammu Joas

Sub Editor

coffeeefffbeautyy

ചായയിലും കാപ്പിയിലും ഒളിഞ്ഞിരിപ്പുമുണ്ട് അഴക് കൂട്ടും സൗന്ദര്യ രഹസ്യങ്ങൾ

ആവി പറക്കുന്ന ഒരു കപ്പ് ചൂടു ചായയോ കാപ്പിയോ ഊതിക്കുടിച്ച് തുടങ്ങുന്ന ദിവസങ്ങൾക്ക് എന്താ ഒരു ഉന്മേഷം. ചർമവും കൊതിക്കുന്നുണ്ടാകില്ലേ ഇത്തരമൊരു സന്തോഷം? ചർമത്തിനും  ഇടയ്ക്കൊക്കെ അൽപം കാപ്പിയോ ചായയോ നൽകിയാലോ? ആന്റി ഓക്സിഡന്റ്സ് നിറഞ്ഞ കോഫി ചർമകോശങ്ങൾക്ക് പുതുജീവൻ നൽകും. രക്തയോട്ടം വർധിപ്പിച്ച് മുഖത്തിന്റെ തിളക്കം കൂട്ടാനും കാപ്പി കേമനാണ്.

ചായയും മോശക്കാരനല്ല. ആ സ്ട്രിജന്റ് പ്രോപ്പർട്ടീസ് ഉള്ള ചായ നല്ല ടോണറാണ്. എണ്ണമയം നീക്കുന്നതിനൊപ്പം തുറന്നിരിക്കുന്ന ചർമ സുഷിരങ്ങൾ അടയാനും സഹായിക്കും. ചുളിവുകൾ മായ്ക്കാനും കരുവാളിപ്പ് അകറ്റാനും എന്നുവേണ്ട ഒട്ടുമിക്ക സൗന്ദര്യപ്രശ്നങ്ങൾക്കും പരിഹാരമായി ചായയെ കൂട്ടുപിടിക്കാം.

കോഫി ബൂസ്റ്റ്

∙ ഇന്റർനെറ്റിൽ ട്രെൻഡിങ് ആണ് കോഫി ഫെയ്സ് പാക്കുകൾ. ഒരു വലിയ സ്പൂൺ കാപ്പിപൊടി, രണ്ടു ചെറിയ സ്പൂൺ ഗ്ലിസറിൻ, ഒരു ചെറിയ സ്പൂൺ റോസ് വാട്ടർ എന്നിവ യോജിപ്പിച്ചു മുഖത്തും കഴുത്തിലും പുരട്ടുക. 15 മിനിറ്റിനുശേഷം മുഖംകഴുകി തിളക്കം ഇത്തിരി കൂടി കൂട്ടാൻ ഒരു പാക്ക് കൂടി അണിയാം.  ഇനി ഒരു വലിയ സ്പൂൺ ‍അരിപ്പൊടി പാലിലോ തൈരിലോ യോജിപ്പിച്ച് മുഖത്തു പുരട്ടി അഞ്ചു മിനിറ്റിനുശേഷം കഴുകിക്കളയാം.

∙ ഒരു ചെറിയ സ്പൂൺ വീതം കാപ്പിപൊടി, പഞ്ചസാര, കറ്റാർവാഴ ജെൽ എന്നിവ യോജിപ്പിക്കുക. എണ്ണമയമുള്ള ചർമത്തിന് ഇണങ്ങുന്ന ഈ ഫെയ്സ് പാക്കിൽ മൂന്നു ചെറിയ സ്പൂൺ ബദാം എണ്ണ കൂടി ചേർത്താൽ ഡ്രൈ സ്കിൻ ഉള്ളവർക്കും മുഖത്തണിയാം.

∙ മൃതകോശങ്ങളകറ്റാൻ കോഫി സ്ക്രബ് ആയാലോ?മുഖത്തു പുരട്ടാൻ ആവശ്യത്തിനു കാപ്പിപ്പൊടിയെടുത്ത് പനിനീരിലോ, വെളിച്ചെണ്ണയിലോ ചാലിച്ച് മുഖത്തു പുരട്ടി 10 മിനിറ്റ് മസാജ് ചെയ്ത ശേഷം കഴുകിക്കളഞ്ഞോളൂ.

∙ തുടകൾ പോലെ കൊഴുപ്പ് കൂടുതലുള്ള ഭാഗങ്ങളിൽ മാംസം കുഴിഞ്ഞും തടിച്ചും കാണാറില്ലേ. അതാണ് സെല്ലുലൈറ്റ്. ഈ പ്രശ്നം പരിഹാരിക്കാൻ മികച്ച വഴി കോഫി സ്ക്രബ് ആണ്. കാപ്പിപ്പൊടിയും പഞ്ചസാരയും അൽപം ഒലിവെണ്ണയിൽ യോജിപ്പിച്ച് സ്ക്രബ് തയാറാക്കി  വൃത്താകൃതിയില്‍ മസാജ് ചെയ്യണം. നിത്യവും ചെയ്താൽ സെല്ലുലൈറ്റ്സ് അകലും.  

∙ ശിരോചർമത്തിലെ മൃതകോശങ്ങൾ അകന്നാൽ മുടി നന്നായി വളരും. മുടി കഴുകിയശേഷം അരക്കപ്പ് കാപ്പിപൊടി ശിരോചർമത്തിൽ മസാജ് ചെയ്യുക. ഇനി ഷാംപൂവും ഹെയർ കണ്ടീഷനറും ഉപയോഗിച്ച് കഴുകാം.

∙ ഒരു വലിയ സ്പൂൺ വീതം കാപ്പിപൊടിയും റാഗിപ്പൊടിയും പാലിൽ ചാലിച്ച് കട്ടിയുള്ള പേസ്റ്റ് തയാറാക്കി മുഖത്ത് അണിയാം. നിറം വർധിക്കാൻ സഹായിക്കുന്ന ഈ ഫെയ്സ്പാക്കിനൊപ്പം അൽപം നാരങ്ങാനീര് കൂടി ചേർത്താൽ മുഖക്കുരുവിന്റെ പാടുകളും അകലും.

∙ ഒരു വലിയ സ്പൂൺ വീതം കാപ്പിപൊടിയും തൈരും യോജിപ്പിച്ചതിൽ അര ചെറിയ സ്പൂൺ മഞ്ഞള്‍പൊടി ചേ ർത്ത് ഫെയ്സ് പാക് തയാറാക്കി മുഖത്തും കഴുത്തിലും അണിയാം. ഒരേസമയം ചർമം മൃദുലമാക്കാനും നിറം വർധിക്കാനും സഹായിക്കുന്ന പാക്കാണിത്.

∙ സൺടാൻ മാറ്റാനും കോഫി തന്നെ മതി. ഒരു വലിയ സ്പൂണ്‍ കാപ്പിപൊടിയിൽ സമം നാരങ്ങാനീര് ചേർത്ത് മുഖത്ത് അണിഞ്ഞ് 15 മിനിറ്റിനു ശേഷം കഴുകിക്കളയാം.

∙ ഒരു വലിയ സ്പൂൺ കാപ്പിപ്പൊടിയും കൊക്കോ പൗഡറും യോജിപ്പിക്കുക. ഇതിൽ ഒരു ചെറിയ സ്പൂൺ പാലും അര ചെറിയ സ്പൂൺ വീതം നാരങ്ങാനീരും തേനും ചേർക്കണം. മുഖത്തിന് തിളക്കവും ഉന്മേഷവും കൊതിക്കുന്നവർ ഈ ഫെയ്സ് പാക്ക് പരീക്ഷിച്ചോളൂ.

∙ മുഖത്തെ  കറുത്ത പുള്ളികൾ  മായ്ക്കാൻ രണ്ടു വലിയ സ്പൂൺ കാപ്പിപൊടിയിൽ ഒരു വലിയ സ്പൂൺ കറ്റാർവാഴ കാമ്പ് ചേർത്ത് മുഖത്തണിയാം.

coffeebbb54yuhguhuh

ചായ കുടിച്ച് അഴകു കൂട്ടാം

∙ ഒരു ഗ്രീൻ ടീ ബാഗ് ഒരു കപ്പ് വെള്ളത്തിൽ ഒരു മിനിറ്റ് തിളപ്പിക്കുക. ഇതിലേക്ക് നാലു തുള്ളി റോസ്മേരി ഓയിൽ ഒഴിച്ച് സ്പ്രേ ബോട്ടിലിലാക്കി മുടിയിലേക്ക് സ്പ്രേ ചെയ്ത് ഒരു മിനിറ്റിനു ശേഷം കഴുകാം. മുടി വളരാനും തിളങ്ങാനും നല്ലതാണ് ഈ ഗ്രീന്‍ ടീ ഹെയർ റിൻസ്.

∙ രണ്ടു ഗ്രീൻ ടീ ബാഗ് പൊട്ടിച്ചിടുക. ഇതിലേക്ക് ഒരു വലിയ സ്പൂൺ തൈര്, ഒരു ചെറിയ സ്പൂൺ തേൻ ചേർത്ത് യോജിപ്പിക്കുക. ഒരു ചെറിയ സ്പൂൺ അരിപ്പൊടി കൂടി ചേർത്തിളക്കി മുഖത്തു പുരട്ടി 15 മിനിറ്റിന് ശേഷം കഴുകാം.

∙ സെൻസിറ്റീവ് ചർമമാണോ നിങ്ങളുടേത്? എങ്കിൽ മുഖം തിളങ്ങാന്‍ ഈ പാക്കിനെ കൂട്ടു പിടിച്ചോളൂ. രണ്ടു ചെറിയ സ്പൂൺ ഗ്രീൻ ടീ, ഒരു വലിയ സ്പൂൺ ഗോതമ്പുപൊടി, ഒരു ചെറിയ സ്പൂൺ കറ്റാർവാഴ കാമ്പ് എന്നിവ യോജിപ്പിച്ച് പാക്ക് തയാറാക്കി മുഖത്തണിയാം. 10 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകാം.

∙ എണ്ണമയവും മുഖക്കുരുവും അലട്ടുന്നവർക്ക് മുൾട്ടാനി മിട്ടി മികച്ച ചോയ്സ് ആണ്. ഗ്രീൻ ടീക്കൊപ്പം തുല്യ അളവിൽ മുൾട്ടാനി മിട്ടിയും അൽപം വെള്ളം ചേർത്തു പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് അണിയാം. 15 മിനിറ്റിനു ശേഷം കഴുകിക്കളയാം.

∙ അസ്സൽ കട്ടൻ ചായ തയാറാക്കി ഐസ് ട്രേയില്‍ ഒഴിച്ചു വച്ചോളൂ. എന്നും വൈകുന്നേരം ഇതിൽ നിന്ന് ഒന്നെടുത്ത് തുണിയിൽ പൊതിഞ്ഞ് കണ്ണിനു താഴെ വയ്ക്കാം. കണ്ണിന്റെ ക്ഷീണം അകലും.

∙ മുടി കഴുകാൻ കട്ടൻചായ ഉപയോഗിച്ചാൽ മുടിക്ക് തിളക്കവും കറുപ്പു നിറവും ലഭിക്കും.

∙ വീട്ടിൽ തന്നെ ഫേഷ്യൽ ചെയ്യാറുണ്ട് മിക്കവരും. മുഖം ക്ലെൻസ് ചെയ്തശേഷം സ്ക്രബിങ്ങും കഴിഞ്ഞ് മുഖത്ത് ആവി കൊള്ളിക്കുന്ന ഘട്ടത്തിലാണ് ഗ്രീൻ ടീയുടെ ‘എൻട്രി’. വെള്ളത്തിൽ രണ്ടു ഗ്രീൻ ടീ ബാഗ് കൂടി ഇട്ടു തിളപ്പിച്ച ശേഷം ആവി പിടിക്കാം.

∙ ഫെയ്സ് മാസ്ക് അണിയാനൊന്നും സമയമില്ല എന്നാണോ, എങ്കിൽ ചായയിടുന്നതിനൊപ്പം തന്നെ മുഖം തിളങ്ങാനുള്ള വഴി നോക്കാം. വെള്ളം തിളപ്പിച്ച് അതിലേക്ക് ടീ ബാഗ് ഇടുക. ഇതില്‍ നിന്നു വരുന്ന ആവി മുഖത്ത് കൊള്ളിക്കാം. ഇനി ടീ ബാഗ് എടുത്ത് പിഴിഞ്ഞ് ജലാംശം കളഞ്ഞശേഷം മുഖത്തു ഉരസി മുഖം കഴുകാം.

ടീ ബാഗ് കളയാൻ വരട്ടെ

∙ ഗ്രീൻ ടീ ബാഗ് പൊട്ടിച്ച് ഒരു പാത്രത്തിലിടുക. ഇതിലേക്ക് ഒരു ചെറിയ സ്പൂൺ തേൻ ചേർത്ത് മുഖത്ത് സ്ക്രബ് ചെയ്യാം. 10 മിനിറ്റിനു ശേഷം കഴുകാം. തേനിനു പകരം പഞ്ചസാരയും അൽപം വെള്ളവും ചേർത്തും സ്ക്രബ് തയാറാക്കാം.

∙ ഉറക്കം ശരിയായില്ലെങ്കിൽ രാവിലെ എഴുന്നേൽക്കുമ്പോൾ കൺതടം വീർത്തിരിക്കും. ടെൻഷൻ വേണ്ട, ഒരു ഗ്രീൻ ടീ ഇട്ടു കുടിച്ചശേഷം ടീ ബാഗ് ഫ്രിജിൽ വച്ചോളൂ. അര മണിക്കൂറിനുശേഷം ഈ ടീ ബാഗ് കണ്ണിൽ വയ്ക്കാം. 15 മിനിറ്റിൽ കണ്ണിനടിയിലെ തടിപ്പിനു മാറ്റം വരും.

∙ കയ്യും കാലും കഴുകാനും ഗ്രീൻ ടീ ബാഗ് ഉപയോഗിക്കാം. ചായയിട്ട ശേഷം ടീ ബാഗ് ഫ്രിജിൽ സൂക്ഷിക്കാം. ഇവ കയ്യും കാലും ഉരച്ചു കഴുകാനായി ഉപയോഗിക്കാം. ചർമം മൃദുവാകും, സുഗന്ധവും ലഭിക്കും.

∙ വെയിലേറ്റു വരുമ്പോൾ ശരീരത്തിൽ ചുവപ്പോ പുകച്ചിലോ തോന്നിയാൽ ടീ ബാഗ് തണുപ്പിച്ചു വയ്ക്കാം.

shutterstock_1676094091

പലതരം ചായയിൽ

∙ മാച്ചാ ടീ (Matcha tea) – ചായചെടി വളർത്തുന്നതിലെയും തളിരിലകൾ പ്രൊസസ് ചെയ്യുന്നതിലെയും വ്യത്യസ്തതയാണ് മാച്ചാ ചായയെ വേറിട്ടതാക്കുന്നത്. ഒരു വലിയ സ്പൂൺ മാച്ചാ ടീ പൗഡർ, ഒരു ചെറിയ സ്പൂൺ തേൻ, ഒരു നുള്ള് കറുവാപ്പട്ട, അൽപം ചൂടുവെള്ളം എന്നിവ യോജിപ്പിച്ച് മുഖത്ത് അണിഞ്ഞാൽ സൂപ്പർ ഗ്ലോ നേടാം.

∙ കാമമിൽ ടീ (Chamomile tea) –  കാമമിൽ ടീ തയാറാക്കാം ആദ്യം. ഒരു സ്പൂണ്‍ തേൻ കൂടി ചേർക്കാം. ചൂടാറിയ ശേഷം ഇതിലേക്ക് മുഖത്ത് അണിയുന്ന ഒരു കംപ്രസ്ഡ് മാസ്ക് ഷീറ്റ് (വിപണിയിൽ ലഭ്യമാണ്) ഇടുക. 15 മിനിറ്റിനു ശേഷം മാസ്ക് മാറ്റാം.

∙ ഹിബിസ്കസ് ടീ (Hibiscus tea) – ഉണങ്ങിയ ചെമ്പരത്തി  ഇതളുകൾ വെള്ളത്തിൽ ഇട്ടു തിളപ്പിച്ചാൽ ചായ റെഡി. മുഖത്ത് ടോണറായും തല കഴുകാനും ഉപയോഗിക്കാം ചെമ്പരത്തി ചായ.

∙ ബ്ലൂ ടീ (Blue tea) – ശംഖുപുഷ്പത്തിന്റെ ഉണങ്ങിയ പൂവുകൾ കൊണ്ടു തയാറാക്കുന്നതാണ് ബ്ലൂ ടീ. ചായ തയാറാക്കി കുടിക്കുന്നതിനൊപ്പം അൽപം ചായ മുഖത്തും പുരട്ടിക്കോളൂ. മുഖം ഫ്രെഷാകും.  

വിവരങ്ങൾക്കു കടപ്പാട്: ഡോ. റീമ പദ്‌മകുമാർ, ബ്രൈഡൽ കൺസൽറ്റന്റ്, റീംസ് ഹെർബൽ ബ്യൂട്ടി സൊലൂഷൻസ്, തിരുവനന്തപുരം

Tags:
  • Glam Up
  • Beauty Tips