ADVERTISEMENT

പ്രായം കൂടുന്തോറുമാണ് മുഖത്തു രോമവളർച്ച കൂടുന്നത്. ആർത്തവവിരാമ സമയത്ത് രോമവളർച്ച കൂടുതലായി കാണാറുണ്ട്. മുഖത്ത് രോമവളർച്ചയുള്ള സ്ത്രീകളും പെൺകുട്ടികളും അവ നീക്കം ചെയ്യുന്നതിന് ഇന്ന് ഫേഷ്യൽ റേസർ ഉപയോഗിക്കുന്നുണ്ട്.

പുരികത്തിന് ആകൃതി നൽകുക, മേൽചുണ്ടിലെയും താടിയിലെയും രോമങ്ങൾ നീക്കുക... അങ്ങനെ വിവിധ ആവശ്യങ്ങൾക്കാണിത് ഉപയോഗിക്കുന്നത്. ത്രെഡ്ഡിങ് ചെയ്യുമ്പോഴുള്ള വേദന ഒഴിവാക്കാം എന്ന ആശ്വാസത്തിലാണ് പലരും ഈ മാർഗം തിരഞ്ഞെടുക്കുന്നത്. എന്നാൽ ഫേഷ്യൽ റേസറുകൾ ഉപയോഗിക്കുന്നതു നല്ലതാണോ എന്ന ആശങ്ക മിക്കവർക്കുമുണ്ട്.

ADVERTISEMENT

സ്ത്രീകൾ മുഖത്തു റേസറുകൾ ഉപയോഗിക്കുന്നത് അത്ര അഭികാമ്യമല്ല എന്നാണ് പൊതുവേ ചർമരോഗവിദഗ്ധരുടെ വിലയിരുത്തൽ. റേസർ

ഉപയോഗിക്കുമ്പോൾ രോമം വരുന്ന ഭാഗത്ത് ചെറിയൊരു തടിപ്പ് കാണാറുണ്ട്. ഈ രീതി കൂടെക്കൂടെ ചെയ്യുമ്പോൾ ആ തടിപ്പ് വളരെ പ്രകടമാകുന്നതായും കാണുന്നു. ചിലരുടെ താടിയുടെ അടിഭാഗത്തും ഇത്തരം തടിപ്പു കാണുന്നുണ്ട്. മേൽചുണ്ടിൽ ഇത്തരം തടിപ്പ് വരുന്നതു കാഴ്ചയ്ക്ക് അഭംഗി തന്നെയാണ്.

ADVERTISEMENT

മുഖത്തെ രോമങ്ങൾ നീക്കുന്നതിന് സാധാരണയായി നിർദേശിക്കുന്നതും അനുയോജ്യവുമായ മാർഗം ത്രെഡ്ഡിങ് തന്നെയാണ്. രണ്ടാഴ്ചയിലൊരിക്കൽ പുരികങ്ങളും മേൽചുണ്ടിലേയും താടിയിലേയും രോമങ്ങളും ത്രെഡ് ചെയ്താൽ മതിയാകും. ഇനി ത്രെഡ്ഡിങ് താൽപര്യമില്ലെങ്കിൽ മുഖരോമത്തിന്റെ നിറം മങ്ങിയതാക്കുന്ന തരം ക്രീമുകളും ചർമരോഗവിദഗ്ധർ നിർദേശിക്കുന്നുണ്ട്. ഇവ ഉപയോഗിക്കുമ്പോൾ രോമത്തിന്റെ നിറം ചർമത്തിന്റെ നിറത്തിലേയ്ക്കു മാറും. രോമം ഉണ്ടെന്നു തന്നെ അറിയുകയേയില്ല. ഡോക്ടറുടെ നിർദേശത്തോടെ ഇവ ഉപയോഗിക്കാവുന്നതാണ്.

ഇനി അത്യാവശ്യഘട്ടങ്ങളിൽ ഷേവ് ചെയ്യാതെ മറ്റു മാർഗമില്ല എന്നുള്ളവർ ഡിസ്പോസിബിൾ റേസർ ഉപയോഗിക്കുക. ഒരു പ്രാവശ്യത്തെ ഉപയോഗം കഴിഞ്ഞ് അതു മാറ്റുക. പതയുള്ള ഒരു ക്രീമോ ലോഷനോ മുഖത്തു പുരട്ടിയ ശേഷം രോമങ്ങൾ ഷേവ് ചെയ്യുന്നതാണ് ഉത്തമം. രോമവളർച്ചയുടെ എതിർദിശയിലേക്കു ഷേവ് ചെയ്യുക.

ADVERTISEMENT

ഷേവിങ്ങിനു ശേഷം ഒരു ആന്റിസെപ്‌റ്റിക് ലോഷൻ മുഖത്തു പുരട്ടാനും ശ്രദ്ധിക്കണം.

വിവരങ്ങൾക്ക് കടപ്പാട്
ഡോ. കുക്കു മത്തായി
കൺസൽറ്റന്റ് ഡെർമറ്റോളജിസ്‌റ്റ്,   നെടുംചാലിൽ  ട്രസ്‌റ്റ് ഹോസ്പിറ്റൽ , മൂവാറ്റുപുഴ

ADVERTISEMENT