എല്ലാവരെയും ഒരിക്കലെങ്കിലും അലട്ടിയിട്ടുള്ള ചർമപ്രശ്നമാകും ബ്ലാക് ഹെഡ്സ്. മൂക്കിൻതുമ്പത്ത് കറുത്ത കുത്തുകളായും നെറ്റിയിൽ കറുപ്പു നിറഞ്ഞ ചെറിയ തടിപ്പായുമൊക്കെ ഇവ മിക്കവർക്കും വന്നുപോയിട്ടുണ്ടാകും. എണ്ണമയമുള്ള ചർമക്കാരെ വിട്ടുപിരിയാത്ത പ്രശ്നമായും മുഖത്ത് ഈ ‘കറുത്ത തലകൾ’ ഉണ്ടാകും.
കറുത്ത തലകൾ മാത്രമല്ല വെളുത്ത തലകളും (വൈറ്റ് ഹെഡ്സ്) പ്രശ്നക്കാരാണ്. ചർമത്തിനു ക്ലീൻ ലുക് ലഭിക്കാൻ വൈറ്റ് ഹെഡ്സും ബ്ലാക് ഹെഡ്സും അകറ്റിനിർത്തുക തന്നെ വേണം.
വൈറ്റ് ഹെഡ്സും ബ്ലാക് ഹെഡ്സും പ്രത്യക്ഷപ്പെടാനുള്ള കാരണങ്ങളും അവ നീക്കാനുള്ള വഴികളും അറിയാം.
മുഖക്കുരു എന്ന ബ്ലാക് ഹെഡ്സ്
ചർമത്തിനു സ്വാഭാവികമായ എണ്ണമയം നൽകുന്ന ‘സെബം’ എന്ന സ്രവം ഉൽപാദിപ്പിക്കുന്ന ഗ്രന്ഥികളാണു സെബേഷ്യസ് ഗ്രന്ഥികൾ. ഈ സ്രവം, രോമകൂപത്തോടു ചേർന്നുള്ള സുഷിരങ്ങൾ വഴി ചർമത്തിലെത്തുന്നു. ഈ സുഷിരങ്ങൾ അടയുമ്പോൾ സെബം പുറത്തെത്താകാനാകാതെ ഉള്ളിൽ തങ്ങും. ഇതു പതിയെ വീർത്തു ചെറിയ കുരുക്കളാകും.
ഗ്രേഡ് വൺ മുഖക്കുരു ആണു കൊമഡോൺസ് (comedones). ഇതു രണ്ടു തരമുണ്ട്, ബ്ലാക്ക് ഹെഡ്‌സും (Black heads) രണ്ടാമത്തേത് വൈറ്റ് ഹെഡ്‌സും (white heads). അടഞ്ഞിരിക്കുന്ന ചെറിയ കുരുക്കള്‍ വൈറ്റ് ഹെഡ്സ് ആണ്. കുരുക്കൾ തുറന്നു വായുവുമായി സമ്പർക്കത്തിലാകുമ്പോൾ ഓക്സിഡൈസ്ഡ് ആകുകയും കറക്കുകയും ചെയ്യും. ഇതാണു ബ്ലാക് ഹെഡ്സ്.
മുഖത്ത് എണ്ണമയം അധികമായുള്ള നെറ്റി, കവിൾ, മൂക്കിന്റെ വശങ്ങൾ, താടി എന്നീ ഭാഗങ്ങളിലാണ് മുഖക്കുരു കൂടുതലായുണ്ടാകുന്നത്. മുഖക്കുരുകൾ ഗ്രേഡ് വണ്ണിൽ എത്തുമ്പോൾ തന്നെ അതായത് കൊമഡോൺസ് ആയിരിക്കുമ്പോൾ തന്നെ ചികിത്സിച്ചാൽ അവ കൂടിയ ഗ്രേഡുകളിലേക്കു മാറാതിരിക്കും.
മുഖക്കുരുവിൽ അണുബാധയുണ്ടാകുമ്പോഴാണ് അവ പഴുക്കാനും ഉണങ്ങുമ്പോൾ പാടുകളും വടുക്കളും അവശേഷിക്കാനും കാരണമാകുന്നത്.
ശരിയായ ഉൽപന്നങ്ങൾ, ചികിത്സ
ബ്ലാക് ഹെഡ്സും വൈറ്റ് ഹെഡ്സും ഞെക്കിപ്പൊട്ടിക്കാനും കുത്തിപ്പൊട്ടിക്കാനും ശ്രമിക്കരുതേ... പകരം കൃത്യമായ ചികിത്സ സ്വീകരിക്കാം. നിലവിലുള്ള ബ്ലാക് ഹെഡ്സ് നീക്കിയതു കൊണ്ടു മാത്രമായില്ല. സെബേഷ്യസ് ഗ്രന്ഥികളുടെ അമിത പ്രവർത്തനം കുറയാനും വലിയ ചർമ സുഷിരങ്ങൾ ചുരുങ്ങാനുമുള്ള സ്കിൻ ട്രീറ്റ്മെന്റ് ചെയ്യണം.
∙ സാലിസിലിക് ആസിഡ് അടങ്ങിയ ഉൽപന്നങ്ങൾ ബ്ലാക് ഹെഡ്സും വൈറ്റ് ഹെഡ്സും ഒരു പരിധി വരെ നിയന്ത്രിക്കും. മൃതകോശങ്ങൾ അകറ്റാനും അമിത എണ്ണമയം ഒഴിവാക്കാനും ഇവ നല്ലതാണ്.
∙ വൈറ്റമിൻ എ ഡെറിവേറ്റീവായ റെറ്റിനോയ്ഡ് അടങ്ങിയ ക്രീമും ലോഷനും ചർമസുഷിരങ്ങൾ അടയുന്നതു തടയും. അതുവഴി മുഖക്കുരുവും. റെറ്റിനോയ്ഡ്സ് യുവി സെൻസിറ്റീവ് ആയതിനാൽ രാത്രിയിൽ മാത്രം ഉപയോഗിക്കുക. പകൽ സൺസ്ക്രീൻ ഒഴിവാക്കുകയും അരുത്.
∙ എക്സ്ട്രാക്ഷൻ – പ്രത്യേകമായ ടൂൾസ് ഉപയോഗിച്ചു ബ്ലാക് ഹെഡ്സും വൈറ്റ് ഹെഡ്സും നീക്കാനാകും. ചർമത്തിനു പ്രശ്നമാകാതെ പാടുകൾ വീഴ്ത്താതെ സൗന്ദര്യ വിദഗ്ധർ ഇവ നീക്കം ചെയ്യും.
∙ കെമിക്കല്‍ പീൽ – സാലിസിലിക് ആസിഡ്, ഗ്ലൈകോളിക് ആസിഡ്, റെറ്റിനോയിക് ആസിഡ് എന്നിവ കൊണ്ടുള്ള കെമിക്കൽ പീലിങ്ങിലൂടെ ബ്ലാക് ഹെഡ്സും വൈറ്റ് ഹെഡ്സും നീക്കാനാകും.
∙ ഹൈഡ്രാഫേഷ്യൽ – വാക്വം സക്ഷനിലൂടെ ചർമസുഷിരങ്ങൾ സൂക്ഷ്മമായി വൃത്തിയാക്കാൻ കഴിയുന്ന ചികിത്സാരീതിയാണു ഹൈഡ്രാഫേഷ്യൽ. കൊമഡോൺസ് നീക്കാനും ഇനി വരുന്നത് ഒരു പരിധിവരെ തടയാനും ഹൈഡ്രാഫേഷ്യലിലൂടെ സാധിക്കും.
∙ കാർബൺ ലേസർ പീൽ – എണ്ണമയമുള്ള ചർമക്കാർ, ബ്ലാക് ഹെഡ്സും വൈറ്റ് ഹെഡ്സും ഉള്ളവർ, മുഖക്കുരു ഉള്ളവർ, വലിയ ചർമസുഷിരങ്ങൾ ഉള്ളവർ ഇവർക്കെല്ലാം ഫലവത്തായ ചികിത്സയാണ് കാർബൺ ലേസർ പീൽ.

ഡെർമറ്റോളജിസ്റ്റ്/ കോസ്മറ്റോളജിസ്റ്റ് നിർദേശിക്കുന്നത് അനുസരിച്ച് ബ്ലാക് ഹെഡ്സും വൈറ്റ് ഹെഡ്സും നീക്കണം. മാസത്തിൽ ഒരു തവണയെങ്കിലും ചർമം ക്ലീൻ ആക്കുന്നത് നല്ലതാണ്.
പോർ സ്ട്രിപ്സ് വേണോ?
ബ്ലാക് ഹെഡ്സ് നീക്കാനുള്ള പല ടൂൾസും പോർ സ്ട്രിപ്സുമൊക്കെ വാങ്ങാൻ കിട്ടും. പക്ഷേ, ഇവ ഉപയോഗിക്കും മുൻപ് ഓർക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഒരു വശത്തു പശയുള്ള പോർ സ്ട്രിപ്സ് ബ്ലാക് ഹെഡ്സും മറ്റുമുള്ള ഭാഗത്ത് ഒട്ടിച്ചശേഷം പറിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇതെല്ലാവർക്കും ഫലം നൽകില്ല എന്നതാണ് ഒന്നാമത്തെ കാര്യം. രണ്ടാമത്തെ കാര്യം പോർ സ്ട്രിപ്സ് ബ്ലാക് ഹെഡ്സ് നീക്കിയേക്കില്ല. ചർമസുഷിരങ്ങളിലെ കറുപ്പുനിറം (കെരറ്റിൻ) മാത്രമാകും ഇതു നീക്കുക. പോർ സ്ട്രിപ്സ് പറിച്ചെടുക്കുമ്പോൾ ചർമത്തിനു കേടുപാടുകൾ സംഭവിക്കാനുമിടയുണ്ട്. സെൻസിറ്റീവ് ചർമമുള്ളവരും പശയോടും മറ്റും അലർജിയുള്ളവരും ഉപയോഗിക്കുകയേ അരുത്.
കൊമഡോൺസ് നീക്കാൻ ബ്ലാക് ഹെഡ് റിമൂവറുമുണ്ട്. ഇതുപയോഗിക്കുന്നതിനോടും വിദഗ്ധർക്ക് അഭിപ്രായമില്ല. കാരണം ചർമത്തിനു ക്ഷതം സംഭവിക്കാനും പാടുകൾ വീഴ്ത്താനും ബ്ലാക് ഹെഡ് റിമൂവർ കാരണമാകും. മുഖത്ത് ആവി കൊള്ളിച്ചതിനു ശേഷം ബ്ലാക് ഹെഡ് റിമൂവർ ഉപയോഗിച്ചാലും ചർമത്തിനു ദോഷമാകാം. വിദഗ്ധരുടെ പക്കൽ നിന്നു മുഖം സുന്ദരമാക്കുക. അതാണ് ചർമത്തിന്റെ ആരോഗ്യത്തിനു ഗുണകരം.
വീട്ടിൽ ചെയ്യേണ്ടത് ഇത്ര മാത്രം
∙ മുഖം വൃത്തിയാക്കി വയ്ക്കണം. രണ്ടു നേരം ഫെയ്സ് വാഷ് ഉപയോഗിച്ചു മുഖം കഴുകണം. രാവിലെ എഴുന്നേറ്റാലുടനും രാത്രി കിടക്കും മുൻപും.
∙ ചർമസംരക്ഷണത്തിനായി ആൽക്കഹോൾ ഫ്രീ പ്രൊഡക്റ്റ്സ് ഉപയോഗിക്കുക.
∙ ഡോക്ടറുടെ നിർദേശത്തോടെ ചർമത്തിനിണങ്ങുന്ന സ്കിൻ കെയര്‍ റുട്ടീൻ മനസ്സിലാക്കി അതു നിർദിഷ്ട കാലത്തേക്കു കൃത്യമായി പിന്തുടരുക.
∙ കൃത്യമായ ഇടവേളയിൽ ഷാംപൂ ഉപയോഗിച്ചു തല കഴുകുക. താരനും ശിരോചർമത്തിൽ അടിയുന്ന അഴുക്കും കൃത്യമായി നീക്കിയില്ലെങ്കില്‍ കുരുകൾ വരാം.
∙ മൂന്നു ദിവസം കൂടുമ്പോൾ തലയണയുറ മാറ്റണം. തലയണ കവറിൽ താരനും എണ്ണമയവും പൊടിയും അഴുക്കുമെല്ലാം പറ്റിപ്പിടിച്ചിരിക്കാം. ഇതു ചർമവുമായി സമ്പർക്കത്തിൽ വരുമ്പോൾ ചർമപ്രശ്നങ്ങൾ അധികരിക്കും.
∙ ഇടയ്ക്കിടെ മുഖത്തു തൊടുന്ന ശീലം ഒഴിവാക്കണം. കയ്യിലെ അഴുക്കും മറ്റും ചർമത്തിൽ പറ്റുന്നതു ചർമപ്രശ്നത്തിലേക്കു നയിക്കും. കുരുക്കളിൽ തൊടുന്നത് അണുബാധയ്ക്കു കാരണമാകും.
വിവരങ്ങൾക്കു കടപ്പാട് :
ഡോ. ആശ ബിജു,
എസ്തറ്റിക് ഫിസിഷൻ & കോസ്മറ്റിക് ലേസർ സർജൻ,
വൗ ഫാക്ടർ മെഡി കോസ്മറ്റിക് സ്കിൻ & ലേസർ സെന്റർ, തിരുവനന്തപുരം