Tuesday 14 March 2023 12:35 PM IST : By സ്വന്തം ലേഖകൻ

അവിഹിതബന്ധം, ക്രൂരമായ പെരുമാറ്റം... ഭർത്താവിൽ നിന്നും ജീവനാംശം ലഭിക്കുന്ന സാഹചര്യങ്ങൾ ഏതെല്ലാം?

alimony

സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച് കേസ് സ്റ്റഡികളിലൂടെ വിശദമാക്കുന്ന പംക്തി

(സംഭവങ്ങള്‍ യഥാർഥമെങ്കിലും പേരുകള്‍ മാറ്റിയാണു പ്രതിപാദിച്ചിരിക്കുന്നത്)

പുടവ കൊടുത്തും മന്ത്രകോടി പുതപ്പിച്ചും േകാടി നല്‍കിയും ഒക്കെ സ്ത്രീയെ പുരുഷന്‍ സ്വന്തം ജീവിതത്തിലേക്കു സ്വീകരിക്കുന്നതാണു വിവാഹത്തിന്‍റെ ചടങ്ങുകളില്‍ പ്രധാനം. വിവാഹം ചെയ്യുന്ന സ്ത്രീയെ എ ല്ലാ അർഥത്തിലും ജീവിതത്തില്‍ കൂടെ നിര്‍ത്താമെന്നും സംരക്ഷിച്ചു കൊള്ളാമെന്നും പുരുഷന്‍ നല്‍കുന്ന ഉറപ്പാണ് ഇത്തരം ചടങ്ങിന്‍റെയെല്ലാം അടിസ്ഥാനം. വിവാഹവുമായി ബന്ധപ്പെട്ട ഓരോ ആചാരങ്ങളുടെ പി ന്നിലും ഒാരോ സന്ദേശവും ശാസ്ത്രീയതയും സംസ്‌കാരവും ഒക്കെ ഒളിഞ്ഞിരിപ്പുണ്ട്.

വിവാഹിതയായ ഏതൊരു സ്ത്രീക്കും തന്റെ ജീവിതച്ചെലവ് നടത്താന്‍ സ്വന്തമായി വരുമാനമാര്‍ഗങ്ങളില്ല എങ്കില്‍ ഭര്‍ത്താവില്‍ നിന്നു ‘ജീവനാംശം’ ഇനത്തില്‍ തുക ലഭിക്കുന്നതിനും നിയമം അര്‍ഹത നല്‍കുന്നു. ‘ജീവനാംശം’ എന്നതു ഭാരത സംസ്‌കാരത്തിന്റെ ഭാഗമാണ്. ഭാരതത്തില്‍ ഈ നൂറ്റാണ്ടിലും കഴിഞ്ഞ നൂറ്റാണ്ടിലും ഉണ്ടായിട്ടുള്ള നിയമങ്ങളില്‍ മാത്രമല്ല, മനുസ്മൃതിയില്‍ പോലും പുരുഷന്മാരില്‍ ഈ ഉത്തരവാദിത്തം നിക്ഷിപ്തമാക്കിയിട്ടുണ്ട്. വ്യക്തി നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല, വിവാഹിതയായ സ്ത്രീക്കു ഭര്‍ത്താവില്‍ നിന്നു ജീവനാംശം ലഭിക്കുന്നതിനുള്ള അവകാശം സിദ്ധിക്കുന്നത് എന്ന കാര്യം പ്രത്യേകം എടുത്തു പറയണം.

ജീവനാംശം ലഭിക്കാന്‍

ഏതു മതവിഭാഗത്തില്‍പ്പെട്ടവരായാലും ഭർ ത്താവില്‍ നിന്നു ജീവനാംശം ലഭിക്കുന്നതിനു ക്രിമിനല്‍ നടപടി നിയമത്തിലെ 125–ാം വകുപ്പ് പ്രകാരം കുടുംബകോടതിയില്‍ ഹ ര്‍ജി ഫയല്‍ ചെയ്യാം. ഈ വകുപ്പു പ്രകാരം ഒരു പുരുഷന്‍ തന്റെ ഭാര്യയേയും മാതാപിതാക്കളേയും കുട്ടികളേയും ജീവനാംശം നല്‍കി സംരക്ഷിക്കാന്‍ ബാധ്യസ്ഥനാണ്. എന്നാല്‍ വിവാഹിതയായ ഒരു സ്ത്രീക്ക് മാത്രമേ ഭാര്യ എന്ന നിലയില്‍ 125–ാം വകുപ്പ് പ്രകാരം ഹര്‍ജി ഫയല്‍ ചെയ്യാന്‍ സാധിക്കൂ. ഒരു സ്ത്രീ ആരില്‍ നിന്നാണോ ജീവനാംശം ആവശ്യപ്പെടുന്നത്, അയാളുടെ നിയമേനയുള്ള ഭാര്യ ആയിരുന്നാല്‍ മാത്രമേ അവര്‍ നിയമം അനുസരിച്ചു ഭാര്യ എന്ന പദത്തിന്‍റെ കീഴില്‍ വരൂ.

വിവാഹമോചിതയായ സ്ത്രീക്ക് സ്വയം ചെലവു നടത്താന്‍ വരുമാന മാര്‍ഗങ്ങള്‍ ഒന്നുമില്ല എങ്കില്‍, അവള്‍ രണ്ടാമതു വിവാഹം കഴിക്കുന്നതു വരെ ജീവനാംശം നല്‍കാനും ആദ്യ ഭര്‍ത്താവ് ബാധ്യസ്ഥനാണ്. വരുമാനം ഉണ്ടെങ്കിലും ജീവിതച്ചെലവിന് അതു തികയുന്നില്ല എങ്കിലും ജീവനാംശം ലഭിക്കും. ജീവിക്കാനുള്ള അടിസ്ഥാന ആവശ്യങ്ങളായ വസ്ത്രം, മരുന്ന്, വിദ്യാഭ്യാസ ചെലവ്, പാര്‍പ്പിടം എന്നിങ്ങനെയുള്ള ചെലവുകള്‍ എല്ലാം ജീവനാംശത്തില്‍ ഉള്‍പ്പെടുന്നു.

പരിഗണനകള്‍ പലത്

സ്ത്രീക്ക് ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉണ്ടെങ്കിലും സ്വയം പരിപാലിക്കാനുള്ള വ രുമാനം ഇല്ലായെങ്കില്‍ അവള്‍ക്കു ഭര്‍ത്താവില്‍ നിന്നു ജീവനാംശം ലഭിക്കുന്നതിന് അ ര്‍ഹതയുണ്ട്. എങ്കിലും ഹര്‍ജി അനുവദിക്കുന്നതിലും തുക നിശ്ചയിക്കുന്നതിലും മറ്റു ചില കാര്യങ്ങളും േകാടതി പരിഗണിക്കും. ഹര്‍ജിക്കാരിയുടെ വിദ്യാഭ്യാസ യോഗ്യത, വരുമാനം, ഭര്‍ത്താവിന്റെ കൂടെ താമസിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്ന ജീവിതനിലവാരം, വിവാഹത്തിനു മുൻപ് ഉദ്യോഗം ഉണ്ടായിരുന്നോ, ഉണ്ടായിരുന്നെങ്കില്‍ തന്നെ അതുവിവാഹവുമായി ബന്ധപ്പെട്ട് ഉപേക്ഷിച്ചതാണോ, അതോ കുട്ടികളെ നോക്കാനും വീട്ടിലെ മുതിര്‍ന്നവരെ സംരക്ഷിക്കാനുമായാണോ ജോലി ഉപേക്ഷിക്കേണ്ടി വന്നത് തുടങ്ങിയവയൊക്കെയാണു കോടതിയില്‍ പരിഗണിക്കുക. ഇങ്ങനെ വേണമെന്നു സുപ്രീം കോടതി പല വിധി പ്രസ്താവങ്ങളിലൂടെ നിർദേശിച്ചിട്ടുള്ളതുമാണ്.

എതിർ കക്ഷിയുടെ ധനസ്ഥിതിയും ജീവിതനിലവാരവും കൂടി പരിഗണിച്ചായിരിക്കും കോടതി ഇങ്ങനെയുള്ള കേസുകളില്‍ തീര്‍പ്പുണ്ടാകുന്നത്.

ജീവനാംശം ലഭിക്കുന്നതിനായി ഹര്‍ജി ഫയല്‍ ചെയ്യുന്ന സ്ത്രീ അതിനോടൊപ്പം വിവാഹമോചനത്തിനു ഹര്‍ജി ഫയല്‍ ചെയ്യണമെന്നില്ല. അതായതു വിവാഹബന്ധം വേര്‍പെടുത്തിയ സ്ത്രീകള്‍ക്കു മാത്രം അവകാശപ്പെട്ടതാണു ജീവനാംശം എന്നൊരു ചിന്ത വേണ്ട. ഭര്‍ത്താവില്‍ നിന്നോ മുന്‍ ഭര്‍ത്താവില്‍നിന്നോ (വിവാഹബന്ധം നിയമാനുസൃതം വേര്‍പെടുത്തിയ ശേഷം പുനര്‍വിവാഹം നടത്താത്ത സ്ത്രീകള്‍ക്കു മാത്രം ബാധകം) ജീവനാംശം ലഭിക്കുന്നതിനു കോടതിയെ സമീപിക്കാൻ നിയമം സമയപരിധി നിശ്ചയിച്ചിട്ടില്ല. അതിനാല്‍ ജീവനാംശത്തിനു േവണ്ടിയുള്ള ഹര്‍ജി സ്ത്രീക്ക് അവര്‍ക്ക് ആവശ്യം വരുന്ന സമയത്തു കോടതി മുൻപാകെ നല്‍കാം.

വേര്‍പിരിഞ്ഞു താമസം

മതിയായ കാരണം കൂടാതെ ഭര്‍ത്താവിന്റെ കൂടെ താമസിക്കാതിരിക്കുകയോ ഭര്‍ത്താവു ജീവിച്ചിരിക്കെ മറ്റൊരു പുരുഷനുമായി വിവാഹേതരബന്ധം പുലര്‍ത്തി (adultery) ജീവിക്കുകയോ ദാമ്പത്യജീവിതത്തിലെ ചുമതലകള്‍ നിര്‍വഹിക്കാതിരിക്കുകയോ ചെയ്താല്‍ ആ ഭാര്യക്കു ജീവനാംശത്തിനുളള അവകാശം നഷ്ടപ്പെടും. അ തുപോലെ പുനര്‍വിവാഹം കഴിയുന്നതോടെയും സ്ത്രീക്കു മുന്‍ ഭര്‍ത്താവില്‍ നിന്നു ജീവനാംശം ലഭിക്കാനുള്ള അര്‍ഹത നഷ്ടപ്പെടും.

ചുവടെ പറയുന്ന സാഹചര്യങ്ങള്‍ മൂലം വേര്‍പിരിഞ്ഞു താമസിക്കുകയാണെങ്കിലും ഭാര്യയ്ക്കു ജീവനാംശം ലഭിക്കാന്‍ അര്‍ഹതയുണ്ട്.

∙ ഭര്‍ത്താവിന്റെ ക്രൂരമായ പെരുമാറ്റം മൂലം ഭര്‍ത്താവിനോടൊത്തുള്ള ജീവിതം ദുസ്സഹമാകുന്ന സാഹചര്യം ഉണ്ടായാല്‍.

∙ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെയും ഭാര്യയുടെ സമ്മതമില്ലാതെയും ഭാര്യയെ ഉപേക്ഷിക്കുകയോ മനപൂര്‍വം അവഗണിക്കുകയോ ഒഴിവാക്കുകയോ ചെയ്താല്‍.

∙ ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധം പുലര്‍ത്തി കഴിഞ്ഞു വരുന്നുണ്ടെങ്കില്‍.

∙ ഭാര്യയെ ശാരീരികമായും സാമ്പത്തികമായും ലൈംഗികമായും മാനസികമായും പീഡിപ്പിക്കുന്ന സാഹചര്യത്തില്‍.

നിയമപരമായോ, അല്ലാതെയോ ഉള്ള എല്ലാ മക്കളെയും (legitimate and illegitimate) അച്ഛന്‍ എന്ന നിലയില്‍ ഒരു പുരുഷന്‍ ചെലവിനു കൊടുത്തു സംരക്ഷിക്കണം. നിയമം അനുശാസിക്കുന്ന കടമയും ഉത്തരവാദിത്വവും ബാധ്യതയുമാണ് ഇത്.

ജീവനാംശം ലഭിക്കുന്നതിനായി കോടതി മുൻപാകെ നല്‍കുന്ന ഹര്‍ജികളില്‍ അവസാന തീര്‍പ്പ് ഉണ്ടാകുന്നതിനു കാലതാമസം വരുന്ന പക്ഷം അതുവരെ ഇടക്കാല ജീവനാംശം ല ഭിക്കുന്നതിനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അര്‍ഹതയുണ്ട്.

െകാടുത്തില്ലെങ്കില്‍ ശിക്ഷ

ക്രിമനല്‍ നടപടി നിയമം 125–ാം വകുപ്പ് പ്രകാരം ഭാര്യയ്‌ക്കോ കുട്ടികള്‍ക്കോ അനുകൂലമായ വിധി ഉണ്ടായിട്ടും കോടതി നിർദേശിച്ച തുക എ തിർ കക്ഷി ഹര്‍ജിക്കാരിക്കും കുട്ടികള്‍ക്കും നല്‍കുന്നില്ല എങ്കില്‍ വിധി നടപ്പാക്കി കിട്ടുന്നതിനു കോടതിയെ സമീപിക്കാം. കോടതി വിധിയനുസരിക്കാത്ത പുരുഷന് എതിരെ വാറന്റ് പുറപ്പെടുവിക്കാനും ജയിലിലടയ്‌ക്കാനും അയാളുടെ സ്വത്തു കണ്ടുകെട്ടുന്നതിനും കോടതിക്ക് അധികാരമുണ്ട്.

ഈ വകുപ്പ് പ്രകാരം അനുവദിച്ചു കിട്ടുന്ന തുക ഒരു വര്‍ഷത്തിനകം തന്നെ കോടതി മുഖാന്തരം ആവശ്യപ്പെട്ടില്ലായെങ്കില്‍ പ്രസ്തുത കാലയളവിലേക്കുള്ള തുക ഹര്‍ജിക്കാരിക്കു നഷ്ടപ്പെടാനിടവരും. കോടതിവിധി ഉണ്ടായതിനു ശേഷം സാഹചര്യങ്ങളില്‍ മാറ്റം വരുകയാണെങ്കില്‍ വിധി റദ്ദാക്കുന്നതിനോ വ്യത്യാസപ്പെടുത്തുന്നതിനോ ഇരുകൂട്ടര്‍ക്കും കോടതിയെ സമീപിക്കാവുന്നതാണ്.

ക്രിമിനല്‍ നടപടി നിയമത്തിലെ 125–ാം വകുപ്പ് കൂടാതെ സ്ത്രീക്കു ജീവനാംശം ലഭിക്കുന്നതിനു മറ്റു ചില നിയമ പരിരക്ഷകളും ഉണ്ട്. ഗാര്‍ഹികപീഡന നിരോധന നിയമപ്രകാരം എല്ലാ സമുദായത്തില്‍പ്പെട്ട സ്ത്രീകള്‍ക്കും ഗാര്‍ഹികപീഡനം ഏൽക്കുന്ന സാഹചര്യത്തില്‍ ജീവനാംശം ലഭിക്കുന്നതിനു മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാം. കൂടാതെ ഹിന്ദുക്കള്‍ക്ക് അനുകൂലമായി ഹിന്ദു ദത്തെടുക്കല്‍ സംരക്ഷണ നിയമവും (Hindu Adoption and Maintenance Act 1956) ഉണ്ട്. ഈ നിയമപ്രകാരം ഒരു ഹിന്ദു സ്ത്രീ സ്വന്തമായി വരുമാന മാര്‍ഗം ഒന്നുമില്ലാതിരിക്കുകയും ഭര്‍ത്താവു മരിച്ചുപോകുകയും ഭര്‍ത്താവിന്റെ അച്ഛന്‍ സ്വന്തമായി വരുമാനമാർഗത്തോടെ ജീവിച്ചിരിക്കുകയുമാണെങ്കില്‍ ഭര്‍ത്താവിന്റെ അച്ഛനില്‍ നിന്നു (മകന്റെ വിധവയ്ക്ക്) ജീവനാംശം ലഭിക്കുന്നതിന് അവകാശമുണ്ട്. മുസ്‌ലിം സമുദായത്തില്‍പ്പെട്ട സ്ത്രീകള്‍ക്കു മുസ്‌ലിം സ്ത്രീ (വിവാഹമോചന സംരക്ഷണാവകാശം) നിയമം 1996 രക്ഷയ്ക്കുണ്ട്. ക്രിമിനല്‍ നടപടി നിയമത്തിലെ പരിരക്ഷ കൂടാതെ തലാക്ക്‌ ചെയ്യപ്പെട്ട സ്ത്രീക്ക് ഏതു സമയത്തും ഈ നിയമപ്രകാരം ജീവനാംശം ലഭിക്കുന്നതിനായി കോടതിയെ സമീപിക്കാം.

ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവര്‍ക്കു പ്രത്യേക ജീവനാംശ നിയമമില്ല എങ്കിലും ക്രിമിനല്‍ നടപടി നിയമത്തിലെ 125-ാം വകുപ്പ് ക്രിസ്ത്യന്‍ സ്ത്രീയുടെ രക്ഷയ്ക്കുണ്ട്. നിയമാനുസൃതം വിവാഹം കഴിക്കാതെ ഒരു കൂരയ്ക്ക് കീഴില്‍ ഭാര്യാഭര്‍തൃബന്ധം പുലര്‍ത്തി ജീവിച്ചതിനുശേഷം ആ സ്ത്രീക്ക് എതിരെ ഗാര്‍ഹികപീഡനം നടത്തിയാല്‍ എതിർ കക്ഷിയായ പുരുഷന്‍ ആ സ്ത്രീക്ക് ജീവനാംശം ഇനത്തിലും നഷ്ടപരിഹാരം എന്ന നിലയ്ക്കും പണം നല്‍കേണ്ടി വരും.

അവകാശങ്ങള്‍ േനടിയെടുക്കുന്നതിനുള്ള നിയമപരിരക്ഷ, കടമകള്‍ നിര്‍വഹിക്കാന്‍ കൂടി ഒാരോ പൗരനെയും ഒാര്‍മപ്പെടുത്തുന്നു. പരസ്പരം കടമകള്‍ നിറവേറ്റി മുന്നോട്ടു പോകുമ്പോഴാണു വ്യക്തികളും കുടുംബവും അതുവഴി സമൂഹവും െഎശ്വര്യപ്രദമാകുന്നത്.

വിവരങ്ങൾക്ക് കടപ്പാട്:

സിന്ധു ഗോപാലകൃഷ്ണന്‍
കോട്ടയം
(സിവില്‍ ഫാമിലി േകസുകള്‍ െെകകാര്യം െചയ്യുന്ന സീനിയര്‍ അഭിഭാഷക)