Tuesday 21 March 2023 04:53 PM IST

‘ഉള്ളില്ലാതെ മുടി നീട്ടി വളർത്തുന്നതെന്തിന്? വെട്ടിക്കളഞ്ഞുകൂടേ...’ എന്നെല്ലാം ചോദിക്കാറുണ്ട് ചിലർ: ബിയയുടെ കേശരഹസ്യം

Rakhy Raz

Sub Editor

bia-hair-

കുട്ടിക്കാലത്ത് ഒളിച്ചു കളിക്കുമ്പോൾ ബിയ പയറ്റുന്നൊരു തന്ത്രമുണ്ടായിരുന്നു. പിടിക്കപ്പെടുമെന്നു തോന്നിയാൽ ഓടുന്നതിനിടയിൽ കെട്ടിവച്ച മുടി അഴിച്ചിടും. പിടിക്കാൻ പിന്നാലെയോടുന്നവരുടെ കൺമുന്നിൽ ഉതിർന്നു നിറയുന്ന കരിങ്കടൽ കണ്ട് അവർ ഒരു നിമിഷം അദ്ഭുതപ്പെട്ടു നിൽക്കും. കിട്ടിയ തക്കത്തിനു ബിയ സാറ്റടിക്കും.

മുടിയഴകു നൽകിയ മിഴിവുമായാണു ബിയ എന്ന ഭുവനേശ്വരി ദേവി പൊതുവാൾ മോഡലിങ്ങിൽ എത്തുന്നത്. ശരീരഭാരം കൂടിയതിന്റെ പേരിൽ ബോഡി ഷെയ്മിങ്ങിനു വിധേയയായപ്പോഴും കരിയറിൽ തുടരാൻ മുടി ബിയയ്ക്കു കരുത്തായി.

‘‘ഭാരം കൂടിയപ്പോൾ തുടക്കത്തിൽ ഞാൻ ഒരുപാടു സങ്കടപ്പെട്ടു. എനിക്കെത്ര സുന്ദരമായ മുടിയാണുള്ളത് എന്നു സന്തോഷിക്കുന്നതിനു പകരം എനിക്കു തടി വയ്ക്കുകയാണല്ലോ എന്നോർത്തു വേദനിച്ച കാലമുണ്ടായിരുന്നു. കുറവുകളെക്കുറിച്ചോർത്തു ദുഃഖിക്കാതെ അഴകുകളെ ഓർത്ത് അഭിമാനിക്കാൻ തക്ക വിധത്തിൽ പാകപ്പെടാൻ ഏറെ സമയമെടുത്തു. ഒട്ടും എളുപ്പമല്ല, എന്നാലും അതു സ്വായത്തമാക്കുകയാണു വിജയം.

ഓരോ മനുഷ്യരും വ്യത്യസ്തമായ ശാരീരിക പ്രത്യേകതകളോടു കൂടിയവരാണ്. സൗന്ദര്യം എന്നു സമൂഹം നിശ്ചയിച്ചിരിക്കുന്ന അഴകളവുകളിൽ ഉള്ളവരല്ല നമ്മളെങ്കിൽ അധിക്ഷേപിക്കപ്പെടും, കളിയാക്കപ്പെടും, ഉപദേശങ്ങളും നിർദേശങ്ങളും നമുക്കു ചുറ്റും നിറയും. ആ നെഗറ്റിവിറ്റിയെ തള്ളിക്കളയാൻ പഠിക്കേണ്ടി വരും. എല്ലാവർക്കും അവരുടേതായ സൗന്ദര്യമുണ്ട്. സ്വയം അതു മനസ്സിലാക്കുകയാണു വേണ്ടത്.’’

മുത്തശ്ശി തന്ന മുടി

‌‘‘മുടി പാരമ്പര്യമായി കിട്ടിയതാണ്. മുത്തശ്ശിക്ക് നല്ല മുടിയുണ്ടായിരുന്നു, അമ്മയ്ക്കും. അമ്മ സ്വന്തം മുടി വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ, എന്റെ മുടിയുടെ സംരക്ഷണം അമ്മ കൃത്യമായി നോക്കി. കുട്ടിക്കാലത്തേ നീണ്ട ഇടതൂർന്ന മുടിയുണ്ടായിരുന്നു എനിക്ക്. എണ്ണ തേച്ചും ചീകി കെട്ടിവച്ചും എന്റെ മുടി സംരക്ഷിച്ചിരുന്നത് അമ്മയായിരുന്നു.

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ചേച്ചിയുടെ കല്യാണം. അന്നാണ് ആദ്യമായി ബ്യൂട്ടി പാർലറിൽ പോയി മുടി വെട്ടിയത്. മുടി ലെയർ കട്ട് ചെയ്യണം എന്ന ആഗ്രഹം കൊണ്ടാണു ബ്യൂട്ടി പാർലറിൽ പോയത്. സ്റ്റൈൽ ചെയ്തു ചെയ്തു മുടിയുടെ നീളം കഴുത്തറ്റമായി. അന്നു വീട്ടിലാർക്കും അത് ഇഷ്ടമായില്ല. പക്ഷേ, കുറച്ചു നാളത്തേക്കു കാര്യങ്ങൾ എളുപ്പമായി. കുളിച്ചാൽ വേഗം മുടി ഉണങ്ങും. ഹെയർ സ്റ്റൈലിങ് ചെയ്യാൻ വളരെ എളുപ്പം. എങ്കിലും പിന്നീടു മുടി വെട്ടിയില്ല.

തൃശൂർ ജില്ലയിലെ തിരുവില്വാമല ആണ് സ്വദേശം. അച്ഛൻ രാം ഗോപാൽ ആർമിയിലായിരുന്നു. അമ്മ ഉമാദേവിക്കു കുറേ നാൾ തിരുവില്വാമല വില്വാദ്രി നാഥ ക്ഷേത്രത്തിൽ കഴകം ഉണ്ടായിരുന്നു. ചേച്ചി സുഷമയും പങ്കാളി പ്രഭാതും മകൾ വൈഷ്ണവിയും ബെംഗളൂരുവിലാണ്. ചേട്ടൻ സുമേഷ്, പങ്കാളി ആരതി, മക്കളായ ശ്രീറാം, ശ്രീശ്യാം എന്നിവർ യുകെയിൽ.

ഞാൻ ജനിക്കുന്ന സമയത്ത് അമ്മയ്ക്കു പ്രമേഹം ഉണ്ടായിരുന്നു. അ തോടെ ഭക്ഷണത്തിൽ നിയന്ത്രണം വന്നു. പോഷകം ഉറപ്പാക്കുന്നതിനായി അമ്മ നെല്ലിക്ക ധാരാളമായി കഴിച്ചിരുന്നു. അതാണ് എന്റെ മുടിയുടെ രഹസ്യം എന്ന് അമ്മ പറയാറുണ്ട്.

മുടി കൊണ്ടുവന്ന ചാൻസ്

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ പഠിക്കുന്ന സമയത്തു മുടി കണ്ടാണു മോഡലിങ്ങിന് അവസരം കിട്ടുന്നത്. പോത്തീസ്, ഫെഡറൽ ബാങ്ക്, കേരള ഗവൺമെന്റ് പരസ്യങ്ങൾ. മോഡലിങ് ചെയ്യാൻ ആദ്യ അവസരം ലഭിച്ച ശേഷമാണ് പോർട്ഫോളിയോ ഉണ്ടാക്കുന്നത്. അതുകണ്ടാണ് ഒഡീഷനിൽ പങ്കെടുക്കാനുള്ള വിളി വന്നത്. അങ്ങനെ സാറ്റലൈറ്റ് ശങ്കർ എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിച്ചു. ഇപ്പോൾ അഭിനയം, മോഡലിങ്, സഹസംവിധാനം, പ്രഫഷനൽ മേക്കപ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നു.

മുടി വെട്ടാറില്ല. വെട്ടിയാൽ മുടി വളരും എന്ന വിശ്വാസം എനിക്കില്ല. അഞ്ചടി ഏഴിഞ്ചാണു പൊക്കം. കാൽപാദത്തോളം തന്നെ മുടി നീളമുണ്ട്. മുടിയുടെ തുമ്പിനു ഡാമേജ് കണ്ടാൽ മാത്രം വെട്ടും. അതു വർഷത്തിൽ ഒരിക്കലൊക്കെയേ ഉണ്ടാകൂ. മുടിക്കും ശിരോചർമത്തിനും ചേർന്ന ഹെയർ പ്രൊഡക്ട്സ് മാത്രമേ ഉപയോഗിക്കാറുള്ളൂ. കാച്ചിയ എണ്ണ പലർക്കും നന്നായി മുടി വളർത്തും. ഞാൻ ഉപയോഗിക്കാറില്ല. തലയിൽ തേച്ചു കുളിക്കാനായി പല എണ്ണകൾ ചേർത്തു തയാറാക്കിയ മിശ്രിതമാണ് ഉപയോഗിക്കുന്നത്.

മുടിയുടെ ആരോഗ്യത്തിൽ ഭക്ഷണശീലം പ്രധാനമാണെന്നാണ് കരുതുന്നത്. ഭക്ഷണത്തിൽ വരുത്തുന്ന മാറ്റം മുടിയിലും പ്രതിഫലിക്കും. പോഷകസമൃദ്ധമായ ആഹാരം, മുടിവളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യമാണ്. അത്തരം കാര്യങ്ങളിൽ ശ്രദ്ധ പുലർത്താറുണ്ട്. അല്ലാതെ എക്സ്ട്രാ കെയർ മുടിയുടെ കാര്യത്തിൽ ചെയ്യാറില്ല.

ആഴ്ചയിൽ രണ്ടോ മൂന്നോ വട്ടം മാത്രമേ മുടി കഴുകാറുള്ളൂ. കഴുകിക്കഴിഞ്ഞാൽ മൈക്രോഫൈബർ ടവൽ കൊ ണ്ടു വെള്ളം തോരാൻ കെട്ടി വയ്ക്കും. പതിനഞ്ചു മിനിറ്റു കഴിയുമ്പോൾ സാധാരണ നിലയിൽ മുടി ഉണങ്ങാൻ അ നുവദിക്കും. ഷൂട്ട് ഉണ്ടെങ്കിൽ മാത്രമേ മുടിയുണക്കാൻ ഹെയർ ഡ്രൈയർ ഉപയോഗിക്കാറുള്ളൂ. അതും എൺപത് ശതമാനം നനവ് മാറിയ ശേഷം.

മുടി ചീകാൻ മൂന്നു തരം ഹെയർ ബ്രഷ് ഉണ്ട്. ഒരെണ്ണം നനഞ്ഞ മുടി ചീകാനുള്ളത്. പല്ലകലമുള്ള മരത്തിലുണ്ടാക്കിയ ചീപ്പാണ് ഉണങ്ങിയ മുടി ചീകാൻ ഉപയോഗിക്കുന്നത്. മറ്റൊന്നു ഹെയർ ബ്രഷ് ആണ്. കൂടുതൽ നേരവും മുടി കെട്ടി വയ്ക്കും. തല വേദനിക്കുമ്പോൾ അഴിച്ചിടും.’’

മുടി തന്ന ആത്മവിശ്വാസം

‘‘മോഡലിങ്ങിൽ എത്തുമ്പോൾ നന്നേ മെലിഞ്ഞിട്ടായിരുന്നു. സാവധാനം വണ്ണം വയ്ക്കാൻ തുടങ്ങി. അപ്പോൾ തന്നെ നെഗറ്റീവ് കമന്റുകൾ കേട്ടു തുടങ്ങി. ‘ഭക്ഷണം കുറയ്ക്കൂ... തടി കുറയ്ക്കൂ... ഈ ശരീരവും വച്ചാണോ മോഡലിങ് ചെയ്യാൻ പോകുന്നത്’ തുടങ്ങിയ കമന്റുകൾ.

ആദ്യമൊക്കെ അതെന്നെ വല്ലാതെ ബാധിച്ചു. വണ്ണം കുറയ്ക്കാനായി ഭക്ഷണം ഉപേക്ഷിച്ച നാളുകൾ. എന്നിട്ടും വണ്ണം കുറഞ്ഞില്ല. മാത്രമല്ല ശാരീരികവും മാനസികവുമായ ആരോഗ്യം നശിച്ചു തുടങ്ങി. ടെൻഷൻ വരുമ്പോൾ ഇഷ്ടപ്പെട്ട എന്തെങ്കിലും ആഹാരം കഴിക്കണം എന്നു തോന്നും. കഴിച്ചാൽ പിന്നെ, കുറ്റബോധമായി. കുറ്റബോധം തീർക്കാൻ പട്ടിണി കിടക്കലായി. ഇത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. അമിതാഹാരമല്ല, പിസിഒഡി ആയിരുന്നു ഞാൻ വണ്ണം വയ്ക്കുന്നതിന്റെ കാരണം. ഒടുവിൽ തീരുമാനിച്ചു. ഇനി കടുത്ത ഡയറ്റ് ചെയ്തു ശരീരത്തെ പീഡിപ്പിക്കുന്നില്ല.

hair-bhuvana-story

നെഗറ്റീവ് കമന്റ്സ് ഉണ്ടാക്കുന്ന മാനസിക വിഷമം, വിഷാദം ഇവയൊക്കെ വീണ്ടും വണ്ണം കൂടാൻ കാരണമാകും. ഒപ്പം ഉള്ള ആരോഗ്യപ്രശ്നങ്ങളും വർധിക്കും. അതുകൊണ്ട് നെഗറ്റീവ് കമന്റുകളെ ഞാൻ മനസ്സിലേക്ക് എടുക്കാതെയായി. ബോഡി പോസിറ്റിവിറ്റി കഴിയുന്നത്ര പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ ഇട്ടു തുടങ്ങി. തുടക്കത്തിൽ അവഗണനകൾ കരിയറിലും നേരിടേണ്ടി വന്നെങ്കിലും പിന്നീട് കാര്യങ്ങൾ മാറി. മോഡലിങ്ങിലേക്ക് ഈ രൂപത്തിൽ തന്നെ തിരികെയെത്താനായി.

ചിലരെങ്കിലും പറയാറുണ്ട്, ഞാൻ അമിതവണ്ണത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന്. അതു ശരിയല്ല. അമിതവണ്ണം നിയന്ത്രിക്കരുത് എന്നു പറയുന്നില്ല. സമൂഹത്തിന്റെ സൗന്ദര്യ സങ്കൽപത്തിലുള്ള ആകൃതിയിലല്ല ഭൂരിഭാഗം മ നുഷ്യരും. കളിയാക്കപ്പെടുമ്പോൾ അവർ അനുഭവിക്കുന്ന മാനസികപ്രയാസവും ആത്മവിശ്വാസക്കുറവും വലുതാണ്. അതിനെ മറികടക്കുന്നതിനെക്കുറിച്ചാണു പറയുന്നത്.

ഒരാൾ വണ്ണം കൂടിയോ കുറഞ്ഞോ ഇരിക്കുന്നതിന് അവരുടേതായ കാരണം കാണും. പക്ഷേ, എത്ര ബോധവത്ക്കരിച്ചാലും സമൂഹം ഈ പതിവു തുടരും. ചെയ്യാനുള്ളതു നമ്മുടെ മനസ്സ് മാറ്റുകയാണ്. മറ്റുള്ളവരുടെ വാക്കിന് അർഹിക്കുന്ന വില മാത്രം കൊടുത്താൽ മതി. നമ്മുടെ ശരീരം എങ്ങനെയായാലും അതിനെ ഉൾക്കൊള്ളുകയും സ്നേഹിക്കുകയും ചെയ്യുക. വണ്ണം ഉണ്ടോ ഇല്ലേ എന്നല്ല, ആരോഗ്യം ഉണ്ടോ എന്നു മാത്രമാണു ചിന്തിക്കേണ്ടത്.

biya-longest-hair

മുടി തേടിയെത്തുന്നവർ

‘‘ഒരിക്കൽ ലുലു മാളിൽ ഷോപ്പിങ്ങിനിടെ ഒരു ചേച്ചി ഒാടിവന്നു. പരിചയമുള്ള മറ്റാരോ എന്നു കരുതിയാണ് ആ വരവെന്നു തോന്നി. അടുത്തെത്തി സംസാരിച്ചപ്പോഴാണു കാര്യം മനസ്സിലായത്. ചേച്ചി മുടി കണ്ട് ഓടി വന്നതാണ്. ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളെ എല്ലാം വിളിച്ചു കൊണ്ടു വന്ന് എനിക്കൊപ്പം ഫോട്ടോ എടുത്തു. ഷൂട്ടിനു പോകുമ്പോഴും അത്തരം അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. എന്റെ മുടിയുടെ പ്രത്യേകത കൊണ്ടു മാത്രമാണ് അവർ എന്നെ ശ്രദ്ധിക്കുന്നതും സംസാരിക്കാൻ വരുന്നതും.

എന്റെ മുടിയുടെ ഉള്ളു കുറഞ്ഞുപോകാനും പിസിഒ ഡി കാരണമായി. ‘ഇതിനെക്കാൾ നല്ല മുടിയുള്ളവരുണ്ട്. ഉള്ളില്ലാതെ മുടി നീട്ടി വളർത്തുന്നതെന്തിന്? വെട്ടിക്കളഞ്ഞുകൂടേ...’ എന്നെല്ലാം ചോദിക്കാറുണ്ട് ചിലർ. എന്റെ പ്രത്യേകതകളിൽ ഒന്നാണ് മുടി.

13 വർഷമായി നീണ്ട മുടി ജീവിതത്തിന്റെ ഭാഗമാണ്. അതിനാൽ വെട്ടിക്കളയില്ല. സ്വഭാവം, സംസാരം, ജോലിയിലെ ആത്മാർഥത, നിലവാരം എല്ലാം ചേർന്നതാണ് വ്യക്തിത്വം. എന്നാലും എന്റെ വ്യക്തിത്വത്തിനു വ്യത്യസ്തത ന ൽകുന്നതിൽ മുടിക്കുള്ള പങ്ക് ഒട്ടും ചെറുതല്ല. അതുകൊണ്ടു തന്നെ മുടിയോട് എനിക്ക് ഒരുപാട് ഇഷ്ടവുമാണ്.

രാഖി റാസ്

ഫോട്ടോ: ശ്യാം ബാബു