Friday 12 May 2023 12:27 PM IST

‘തൊടിയിലെ ഒരു മരം മുറിച്ചുകൊടുത്താൽ ഇരുനില വീടു വയ്ക്കാം, പക്ഷേ, ഞാനതു ചെയ്യില്ല’: മണ്ണിനെ സ്നേഹിച്ച രാമേട്ടൻ

V R Jyothish

Chief Sub Editor

cheruvayal-raman-cover

നേരം പരപരാന്നു വെളുക്കുന്നതേയുള്ളൂ. എന്നിട്ടും രാമേട്ടൻ പാടത്തായിരുന്നു!

വെയിലുറച്ചു കഴിഞ്ഞാൽ പിന്നെ, സന്ദർശകരുടെ തിരക്കായിരിക്കും. അഭിനന്ദനം അറിയിക്കാൻ വരുന്നവരാണു കൂടുതലും. പിന്നെ, വിവിധ സ്കൂളുകളിൽ നിന്നു കുട്ടികൾ വരും, ഗവേഷകർ വരും, കൃഷിശാസ്ത്രജ്ഞർ വരും. വിത്തിനായി കൃഷിക്കാരും വരും. അപ്പോൾ പിന്നെ, പണി മുടങ്ങും. അതുകൊണ്ടാണ് അതിരാവിലെ പാടത്തേക്കിറങ്ങിയത്. രാഷ്ട്രപതിയിൽ നിന്നു രാജ്യത്തിന്റെ ആദരവ് ഏറ്റുവാങ്ങി വന്നതേയുള്ളൂ രാമേട്ടൻ.

‘പാടത്ത് ഇപ്പോൾ ഇടവിളയുടെ സമയമാണ്. പയറും പച്ചക്കറിയുമാണു വിളകൾ. മേടവിഷു വരെ ഇതു തുടരും.’ നീർചാലിൽ നിന്നു മുഖം കഴുകിക്കൊണ്ടു രാമേട്ടൻ പറഞ്ഞു. വരമ്പു കൊത്തിയൊരുക്കിയ കൈക്കോട്ടു കഴുകി രാമേട്ടൻ വരമ്പിലൂടെ നടന്നു.

ആചാരങ്ങളും ആഘോഷങ്ങളും അതിന്റെ തനിമയിൽ പിന്തുടരുന്നവരാണു കുറിച്യർ. വിളവെടുപ്പുമായി ബന്ധപ്പെട്ടു കുറിച്യരുടെ ഏറ്റവും വലിയ ആഘോഷമാണു പുത്തരിക്കോൾ. അതൊരു കുടുംബസംഗമമാണ്. ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ആഘോഷം. കുടുംബാംഗങ്ങൾ എല്ലാം ആഘോഷത്തിനുള്ള സാധനങ്ങളുമായി തറവാട്ടിൽ ഒത്തുചേരും. കൊടുമയിൽ എന്നാണു രാമേട്ടന്റെ കുടുംബപ്പേര്. പരദേവതാ ക്ഷേത്രമുണ്ട് കുടുംബത്തിൽ. പ്രധാന ചടങ്ങുകളെല്ലാം അവിടെ യാണ്. ഏറ്റവും പ്രാധാന്യമുള്ള ആഘോഷമാണു വിഷു.

വിഷുക്കണി കണ്ട ശേഷം വിത്തൊരുക്കം

‘‘വിഷുവാണ് എല്ലാവരും കാത്തിരിക്കുന്ന ഉത്സവം. വിഷുക്കണി കണ്ടതിനുശേഷമാണ് അടുത്ത വർഷത്തേക്കുള്ള കൃഷി ആരംഭിക്കുന്നത്. കുംഭത്തിൽ മഴ പെയ്താൽ കുപ്പയും പൊന്ന് എന്നാണു പഴമക്കാർ പറയുന്നത്. പണ്ടു കുംഭത്തിൽ മഴ കിട്ടുമായിരുന്നു. ഇപ്പോഴില്ല. പിന്നെ, മീനം െവയിലിനും ഉത്സവത്തിനുമുള്ള മാസമാണ്. മീനവെറി കഴിഞ്ഞാൽ പിന്നെ, മേടവിഷു. വയൽ കന്നു പൂട്ടുന്ന തിരക്കിലായിരിക്കും മേടമാസം. വലിയ മ ൺകട്ടകൾ ഇളകി വീഴും. അതു പൊട്ടിച്ചാണു വിതയ്ക്കുന്നത്. ഈ രീതിയിലുള്ള കൃഷിയൊന്നും ആർക്കും വേണ്ട.’’ വരമ്പിലൂടെ വീട്ടിലേക്കു നടക്കുമ്പോൾ രാമേട്ടൻ പറഞ്ഞു.

ഈ വരമ്പിലൂടെ ചെരുപ്പിട്ടു നടക്കാനുള്ള അനുവാദമില്ല. ആരെങ്കിലും ചെരുപ്പിട്ടു വന്നാൽ അതിെല നീരസം മറച്ചുവയ്ക്കാറുമില്ല. കൃഷിയിടങ്ങൾ രാമേട്ടനു ക്ഷേത്രം പോലെയാണ്. ആറു നൂറ്റാണ്ടോളം പഴക്കമുളള നെൽവിത്തുകൾ ചേറിലേക്കെറിയുമ്പോൾ ഒരു പ്രാർഥനയേയുള്ളൂ; ‘വിത്തു മുളയ്ക്കണേ... ദൈവമേ... ഈ വിത്തിനു വംശനാശം സംഭവിക്കരുേത...’ അഞ്ചേക്കറോളം നെൽപ്പാടമുണ്ടു രാമേട്ടന്. പാടത്തിന്റെ കരയിലാണു വീട്. വരമ്പു കടന്നാ ൽ ചെറിയൊരു കൈത്തോട്. അതിൽ കാലു നനച്ചാണു വീട്ടിലേക്കു കയറുന്നത്.

‘‘പഴശ്ശിരാജാവു പതിച്ചുതന്ന ഭൂമിയിലാണു ഞങ്ങൾ താമസിക്കുന്നത്. വയലായും കരയായും ഭൂമിയുണ്ട്. കൂട്ടുകുടുംബവ്യവസ്ഥിതിയിലാണു മിക്ക കുടുംബക്കാരും. മരുമക്കത്തായ സമ്പ്രദായം. അതിന്റെ ഗുണവും ദോഷവുമുണ്ട്.’’ വീട്ടിലേക്കു കയറുമ്പോൾ രാമേട്ടൻ പറഞ്ഞു.

മാനന്തവാടിയിൽ നിന്നു വള്ളിയൂർക്കാവിലേക്കുള്ള വ ഴിയിലാണു കമ്മന. ഇവിടെയാണു ചെറുവയൽ രാമന്റെ വീട്. എഴുപതോളം കുടുംബക്കാർ താമസിച്ചിരുന്ന വലിയ തറവാടായിരുന്നു ചെറുവയൽ. അങ്ങനെ ആ പ്രദേശത്തിനും െചറുവയൽ എന്ന പേരു വന്നു. 150 വർഷത്തെ പഴക്കമുണ്ടു രാമേട്ടന്റെ ഈ വീടിന്. പുല്ലു മേഞ്ഞ വീട്. കൃ ഷി കൊണ്ടു സമൃദ്ധമാണു ചുറ്റുപാടുകൾ. പശുവും കിടാവും. ആട്, കോഴി പിന്നെ, നൂറ്റാണ്ടുകൾ പഴക്കമുള്ള വൃക്ഷങ്ങൾ. തണൽ, തണുപ്പ്.

അമ്മാവൻ ഏൽപിച്ച ദൗത്യം

ചാണകം മെഴുകിയ തിണ്ണയിൽ പുൽപ്പായ വിരിച്ചു ഹൃദ്യമായി ചിരിച്ചു രാമേട്ടന്റെ ഭാര്യ ഗീതേച്ചി. മരുമക്കത്തായ സമ്പ്രദായപ്രകാരം അമ്മാവന്റെ സംരക്ഷണം തേടി പ ത്താം വയസ്സിലാണു ഗീത ഈ വീട്ടിൽ എത്തുന്നത്. അതുകൊണ്ടു സ്കൂളിലൊന്നും പോയിട്ടില്ല. അമ്മാവൻ പറഞ്ഞു. രാമന് ഒരു കൂട്ടായി കൂടെയുണ്ടാകണം. അതനുസരിച്ചു. ഇപ്പോൾ രാമേട്ടന്റെ നിഴലായി ഗീതേച്ചി കൂടെയുണ്ട് പാടത്തും പറമ്പിലും.

അഞ്ചാംക്ലാസ്സിൽ പഠനം അവസാനിപ്പിച്ചു പാടത്തേക്കിറങ്ങിയതാണു രാമൻ. അന്ന് അമ്മാവൻ കുറച്ചു നെൽവിത്തുകളും കയ്യിൽ കൊടുത്തു. എന്നിട്ട് പറഞ്ഞു. ‘കാട്ടിൽ നിന്നു നൂറ്റാണ്ടുകൾക്കു മുൻപു പൂർവികർ ശേഖരിച്ച അ പൂർവം ഇനം െനൽവിത്തുകളാണിത്. ഇതു സംരക്ഷിക്കണം. ലോകം എങ്ങനെയൊക്കെ മാറിയാലും ഈ വിത്തിന്റെ മണവും ഗുണവും മാറില്ല.’

രാമൻ വാക്കു പാലിച്ചു. അമ്മാവന്റെ ശേഖരത്തിലുള്ളതു മാത്രമല്ല നാടു മുഴുവൻ നടന്നു കിട്ടാവുന്ന പരമ്പരാഗത െനൽവിത്തുകൾ മുഴുവൻ ശേഖരിച്ചു. അങ്ങനെയിപ്പോൾ 40 ഇനം വിത്തുകളുണ്ട്. ഇവ എല്ലാ വർഷവും കൃഷിയിറക്കും. പുതിയ വിത്തുകൾ ശേഖരിക്കും. വീണ്ടും കൃഷിയിറക്കും. അങ്ങനെയങ്ങനെ ആറു പതിറ്റാണ്ടായി നെൽവിത്തിന്റെ സംരക്ഷണം ഉപാസന പോലെ ചെയ്തുവരുന്നു.

പത്മശ്രീയുടെ സന്തോഷം പങ്കുവയ്ക്കാനെത്തുന്നവ ർക്കു ‘പാൽകയ്മ’യുെട പായസമുണ്ടാക്കിക്കൊടുക്കുമായിരുന്നു. വെള്ളത്തവിടുള്ള ഈ അരിയുടെ രുചിയൊന്നു േവറെ. ‘‘പാൽകയ്മ ഇനി വിത്തിനുള്ളതേയുള്ളൂ. അതുകൊണ്ടു പായസം കൊടുക്കാൻ കഴിയുന്നില്ല. എങ്കിലും വീട്ടിൽ ഉള്ളത് എന്തെങ്കിലും കൊടുക്കും.’’ രാമേട്ടൻ പറഞ്ഞു.

ഇവിടുത്തെ കഞ്ഞിവെള്ളത്തിനു പോലുമുണ്ട് പ്രത്യേക രുചിയും മണവും. ചോമാല, പാൽത്തൊണ്ടി അങ്ങനെ രുചിക്കൂടുതലുള്ള അരിയിനങ്ങൾ വേറെയുമുണ്ട്. 40 ഇ നം അരിക്കും 40 തരം രുചിയാണ്. ഈ രുചിയൊന്നും ഭൂരിപക്ഷത്തിനും അറിയില്ല. ‘ആന്ധ്രയിലും തമിഴ്നാട്ടിലും വിളയുന്ന സങ്കരയിനം നെല്ലിന്റെ രുചിയേ മലയാളിക്ക് അറിയാവൂ.’ രാമേട്ടൻ ചിരിച്ചു.

വയനാടൻ ഏലയ്ക്കയുടെ വാസനയുള്ള കട്ടൻചായയുമായി വന്നു തങ്കമണി. രാമേട്ടന്റെ രണ്ടാമത്തെ മകൻ ര മേശന്റെ ഭാര്യ. ഇവിടെയിപ്പോൾ രാമേട്ടനും ഗീതേച്ചിക്കും ഒപ്പമുള്ളതു രമേശനും തങ്കമണിയുമാണ്. കൃഷി തുടങ്ങുമ്പോൾ മക്കളെല്ലാം വരും. പാടത്തിറങ്ങും. കൃഷി കഴിഞ്ഞേ അവർ തിരിച്ചുപോകൂ.

‘‘തൊടിയിൽ നിൽക്കുന്ന ഒരു മരം മുറിച്ചുകൊടുത്താ ൽ ഇരുനില വീടു വയ്ക്കാം. പക്ഷേ, ഞാനതു െചയ്യില്ല. കാരണവന്മാർ ഉണ്ടാക്കിവച്ച പ്രകൃതിക്കു ഞാനായൊരു കോട്ടം വരുത്തില്ല.’’ 150 വർഷം പഴക്കമുള്ള വീടിന്റെ വാതിൽ തുറന്നു രാമേട്ടൻ പറഞ്ഞു. വീടിനു പുറത്തു ഫലകങ്ങളും ആശംസാപത്രങ്ങളും നിരത്തിവച്ചിരിക്കുന്നു. മറ്റൊരിടത്തു കൃഷി ഉപകരണങ്ങളും പഴയ വീട്ടുസാധനങ്ങളും. കൂട്ടത്തിൽ ഏറ്റവും കൗതുകമുള്ളതു 100 വർഷത്തിലേറെ പഴക്കമുള്ള തൊട്ടിലാണ്. കലപ്പ, നുകം, വയലിൽ കള പറിക്കുന്ന പക്ക, നിലം നിരപ്പാക്കുന്ന ഞവിരി, കാളയെ വന്ധ്യംകരിക്കുന്ന കട്ടക്കോൽ നെല്ലു സൂക്ഷിക്കുന്ന കൊമ്മ തുടങ്ങി നൂറ്റാണ്ടുകൾ കടന്നു വന്ന ഉപകരണങ്ങൾ ഏറെ.

cheruvayal-raman-2

വിത്തുകളുടെ വീട്

പുല്ലുമേഞ്ഞ വീടിനുള്ളിലേക്കു കയറിയപ്പോൾ നല്ല തണുപ്പ്. ഒരു പോലെയുള്ള മൂന്നാലു വീടുകൾ ചേർന്നതാണു തറവാട്. എല്ലാ വീട്ടിലും നെല്ലുകുത്തുപുര ഉണ്ടായിരുന്നു. ഇന്നുമുണ്ട്. പ്രത്യേകതാളത്തിൽ പാട്ടുപാടിയാണ് ഇവർ നെല്ലു കുത്തിയിരുന്നത്. രാമേട്ടന്റെ വീട്ടിലുമുണ്ട് ഈ ഉരൽപ്പുര. പ്രത്യേകം അടുക്കളയും. ഒരു മുറിയിൽ വലിയൊരു പത്തായം. അതിൽ നിറയെ നെല്ലുണ്ട്.

മറ്റൊരു മുറി നിറയെ കെട്ടിവച്ച വിത്തുകളാണ്. രണ്ടു തട്ടുകളുണ്ടു പുല്ലു മേഞ്ഞ മേൽക്കൂരയ്ക്ക്. എല്ലാ മുറിയുടെയും മധ്യത്തിൽ ഒരു തീക്കുണ്ഡമുണ്ടാവും. രാത്രി ഇവിടെ വിറകു കത്തിക്കും. ഈ തീക്കുണ്ഡത്തിനു ചുറ്റിലുമായിട്ടാണു കിടന്നുറങ്ങുക. രണ്ടു ഗുണങ്ങളുണ്ട്. കഠിനമായ തണുപ്പിൽ നിന്നു രക്ഷപ്പെടാം. രണ്ടാമതായി മേൽക്കൂരയിലെ തട്ടിൽ കിടക്കുന്ന വിത്തിനു നല്ല ചൂടുകിട്ടും.

‘‘നെൽചെടിയിൽ നല്ല വെയിലു കൊള്ളണം. മഴ കൊള്ളണം, നിലാവു കൊള്ളണം, മിന്നലേൽക്കണം, ഇടിവെട്ടി നെൽച്ചെടി കിടുങ്ങണം. അങ്ങനെയാണെങ്കിലേ നല്ല വിളവു കിട്ടൂ. പരമ്പരാഗത നെൽവിത്തുകൾ അമ്മ പ്രസവിച്ച മക്കളെപ്പോലെയാണ്. നല്ല ആരോഗ്യമുണ്ടാകും. അതുകൊണ്ടാണ് എത്രയോ നൂറ്റാണ്ടുകൾക്കു മുൻപേ കൃഷി ചെയ്തിരുന്ന നെൽവിത്തുകൾ ഇന്നും കൃഷി ചെയ്യുന്നതും സൂക്ഷിക്കുന്നതും. പരീക്ഷണശാലയിൽ നിന്നു വന്ന വിത്തുകൾ ഇങ്ങനെ ചെയ്യാൻ കഴിയുമോ?’’ ഇതു പറയുമ്പോൾ രാമേട്ടന്റെ ശബ്ദത്തിൽ ആത്മവിശ്വാസം മുഴങ്ങി.

‘‘വിത്തുകൾ ഇന്നോളം വിൽപനയ്ക്കു വച്ചിട്ടില്ല. സൗജന്യമായി കൊടുക്കുകയാണു ചെയ്യുന്നത്. കൊടുക്കുന്നതിന്റെ ഇരട്ടി തിരിച്ചുതരണം എന്ന അഭ്യർഥന മാത്രം. ചിലർ കൊണ്ടുതരും. ചിലരെ പിന്നെ, ഈ ഭാഗത്തു കാണില്ല.’’ രാമേട്ടൻ വീണ്ടും ചിരിച്ചു. ഈ വീട്ടിൽ സന്ദർശക പുസ്തകമുണ്ട്. കാണാൻ ആരു വന്നാലും പുസ്തകം കൊടുക്കും. അവരവരുടെ അഭിപ്രായം അതിൽ എഴുതാം. ഇ പ്പോൾ തന്നെ മൂന്നാലു വലിയ പുസ്തകമായി. സംസാരത്തിനിടെ രാമേട്ടൻ മറ്റൊരു മുറി കാണിച്ചുതന്നു. അമ്പും വില്ലും സൂക്ഷിക്കുന്ന മുറി. രണ്ടുതരം അമ്പും വില്ലുമുണ്ട്. പക്ഷികൾക്കും മൃഗങ്ങൾക്കും വേണ്ടിയുള്ളവ. കൃഷി നശിപ്പിക്കാൻ മൃഗങ്ങളൊന്നും ഇവിടെ വരാറില്ല. എങ്കിലും അ മ്പും വില്ലും കുറിച്യരോടൊപ്പം ഉണ്ടാകും.

cheruvayal-raman-3

രാമേട്ടന്റെ ഭക്ഷണശീലങ്ങൾക്കുമുണ്ടു ചിട്ട. രാവിലെ ഉഴുന്ന് ചേർക്കാത്ത അരിദോശ, ഉച്ചയ്ക്കും രാത്രിയും ക ഞ്ഞി നിർബന്ധം. എല്ലാ ദിവസവും അതിഥികൾ ഉണ്ടാകും. അതുകൊണ്ടു മൂന്നോ നാലോ പേർക്കുള്ള കഞ്ഞി കരുതും. അസാധ്യരുചിയുള്ള കഞ്ഞി. മുഖത്തെ സന്തോഷം വായിച്ച പോലെ രാമേട്ടൻ പറഞ്ഞു.‘‘പാൽത്തൊണ്ടി’യാണു വിത്ത്. ഏറ്റവും രുചിയുള്ള അരിയിനങ്ങളിൽ ഒന്നാണിത്. ’’ രാമേട്ടൻ ഇന്നേവരെ പൊറോട്ടയും ബിരിയാണിയും കഴിച്ചിട്ടില്ല. ഇനിയൊട്ടു കഴിക്കാനും പോകുന്നില്ല.

കൃഷി ഞങ്ങൾക്കു കുലത്തൊഴിൽ

60 വർഷത്തെ അധ്വാനം കൊണ്ട് എന്തൊക്കെയാണു സ മ്പാദിച്ചതെന്നു ചോദിച്ചപ്പോൾ രാമേട്ടൻ പറഞ്ഞു;‘‘കുറിച്യ സമുദായക്കാരുെട കുലത്തൊഴിലാണു കൃഷി. ‌‌ ഇവിടെയിരിക്കുന്ന നെൽവിത്തുകളില്ലേ, അതാണു എന്റെ ജീവിതസമ്പാദ്യം. വിതയ്ക്കാനും കൊയ്യാനും വേണ്ടിയുള്ള കാത്തിരിപ്പാണു ജീവിതത്തിലെ വലിയ സന്തോഷം.’’ ആചാരപ്രകാരമുള്ള ചടങ്ങാണു വിത്തുപാകൽ. വിഷു കഴിഞ്ഞാണത്. വിളവെടുപ്പു കഴിഞ്ഞാൽ ഉള്ള ആഘോഷമാണു പുത്തരിക്കോൾ. കാലികളെ ഉപയോഗിച്ചാണു കറ്റ മെതിക്കാറുള്ളത്. കറ്റ ചവിട്ടി മെതിക്കാറില്ല.’’

കൃഷി അത്രമേൽ പവിത്രമായി കാണുന്നതിനുള്ള രാഷ്ട്രത്തിന്റെ ആദരമായിരുന്നു പത്മശ്രീ. അങ്ങനെ രാഷ്ട്രപതി ഭവനിൽ ആ പേരു മുഴങ്ങി. ‘ചെറുവയൽ രാമൻ.’ ഡൽഹിയിൽ സകുടുംബം പോയ വിശേഷം ചോദിച്ചപ്പോൾ ചിരിയോടെയായിരുന്നു മറുപടി. ‘‘എവിടെപ്പോയാലും ഇവിടെ വന്നാലേ ഉറക്കം ശരിയാകൂ.’’

Raman-farmer 1. രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നു പത്മശ്രീ സ്വീകരിക്കുന്നു 2. ഭാര്യ ഗീതയ്ക്കൊപ്പം ചെറുവയൽ രാമൻ വീട്ടുമുറ്റത്ത്

ഉച്ചവെയിൽ മയങ്ങുകയാണ്. രാവിലെ തുടങ്ങിവച്ച പ ണി ബാക്കി. രാമേട്ടൻ എഴുന്നേറ്റു. ‘‘ഈ ലോകത്ത് ഏറ്റവും നല്ല ജോലി കൃഷിപ്പണിയാണ്. ശുദ്ധമായ മനസ്സുള്ളവരാണു കർഷകർ. അതുകൊണ്ടാണു പ്രതിസന്ധി വരുമ്പോൾ പിടിച്ചുനിൽക്കാൻ കഴിയാെത അവർ ആത്മഹത്യ ചെയ്യുന്നത്.’’ രാമേട്ടനു തെല്ലു സങ്കടമായി. ‘‘ ഞങ്ങൾ കുറിച്യർ പുനർജന്മത്തിൽ വിശ്വസിക്കുന്നവരാണ്. അതുകൊണ്ട് അടുത്ത ജന്മത്തിലും എനിക്കു കർഷകനായ ചെറുവയൽ രാമനായി ജനിച്ചാൽ മതി’’ കൈക്കോട്ടെടുത്ത്, തലയിൽ തോർത്തുകെട്ടി രാമേട്ടൻ വീണ്ടും പാടത്തേക്കിറങ്ങി.

വി.ആർ. ജ്യോതിഷ്

ഫോട്ടോ: അജീബ് കൊമാച്ചി, സുജിത്ത് കാരാട്