Saturday 18 March 2023 12:37 PM IST : By സ്വന്തം ലേഖകൻ

‘കുനിഞ്ഞപ്പോൾ നടുവിന് ഒരു വിലക്കം പോലെ, ആ വേദന ജോലിത്തിരക്കിന്റെ ഭാഗമെന്ന് കരുതി, പക്ഷേ...’: ഡോക്ടറുടെ കുറിപ്പ്

spine-problenm

നിസാരമായി നാം കരുതുന്ന നടുവേദന. ഒരു പക്ഷേ അതു കൊണ്ടു ചെന്നെത്തിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കായിരിക്കും. നിത്യേനയുള്ള ജോലിത്തിരക്കിലും സമ്മർദ്ദങ്ങൾക്കും ഇടയിൽ നടുവേദനയെ നാം നിസാരമാക്കാറുമുണ്ട്. കോഡ ഇക്വിന നട്ടെല്ലിന് ബാധിക്കുന്ന രോഗാവസ്ഥയെക്കുറിച്ച് വിശദമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ന്യൂറോ സർജനായ ഡോ. സരീഷ് കുമാർ. ഫെയ്സ്ബുക്കിലൂടെയാണ് കുറിപ്പ് പങ്കുവയ്ക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപം:

നട്ടെല്ലിലെ കുതിര വാലുകൾ ... കോഡ ഇക്വിന യുടെ കഥ

ആരാണീ കോഡ ഇക്വിന ?

കോഡ ഇക്വിന ആരുടേയും പേരല്ല കേട്ടോ ... കോഡ എന്നാൽ വാൽ എന്നാണ്‌ അർത്ഥം ..ഇക്വിന എന്നാൽ കുതിര എന്നും. കുതിര യെ കാണാത്ത ആരെങ്കിലുമുണ്ടോ ?

..നേരിട്ടു കണ്ടിട്ടില്ലെങ്കിൽ ചിത്രങ്ങളെങ്കിലും കാണാത്തവരുണ്ടാവില്ല .. കുതിരകളെ കുറിച്ച് പറയുമ്പോൾ മനസ്സിൽ തെളിയുന്ന ചിത്രം അതിന്റെ നീണ്ട കാലുകളും കുഞ്ചിരോമവും വാലും കുളമ്പുമൊക്കെ തന്നെ ആണ്... നമ്മുടെ നട്ടെല്ലിലും ഇടതൂർന്ന കുതിര വാലുപോലെ കുറെ നാഡി ഞരമ്പുകളുണ്ട് ..കാലുകളിലേക്കും കുടലിലേക്കും മൂത്ര നാളികളിലേക്കു മൊക്കെ സന്ദേശങ്ങളെ കൊണ്ടെത്തിക്കുകയും കൊണ്ട് പോകുകയുംചെയ്യുന്ന മെസ്സെഞ്ചർ മാരാണ് ഈ നാഡികൾ .. നട്ടെലിലെ കശേരുക്കളുടെ വയറിന്റെ പുറകിലുള്ളഭാഗത്തെ ലംബാർ വെർട്ടിബ്രകൾ എന്നാണ്‌ വിളിക്കുന്നത് ..അവിടെ കശേരുക്കളുടെ ഉള്ളിലുള്ള ലംബാർ കനാൽ എന്ന ഭാഗത്തു കൂടിയാണ് സുഷുമ്ന നാഡിയിൽ നിന്നുള്ള നാഡികൾ ഒരു കുതിര വാലുപോലെ താഴേക്ക് ഇറങ്ങി വരുന്നത് ..ഈ കുതിര വാലിനെ ആണ് കോഡ ഇക്വിന എന്ന് വിളിക്കുന്നത് ..

ഡോക്ടറുടെ ഒപിയുടെ മുന്നിലെ തിരക്ക് കണ്ടപ്പോൾ അയാളുടെ നെഞ്ചിടിപ്പ് കൂടി .. 'ഇന്നിനി എപ്പോ കണ്ടിട്ടു വീട്ടിൽ എത്തുമോ ആവോ ?'അയാൾ മനസ്സിൽ ഒന്ന് തേങ്ങി .. കുഞ്ഞിന്റെപനി ഇത് വരെ കുറഞ്ഞില്ല ..ഇന്നെങ്കിലും കൊണ്ട് പോയി പീഡിയാട്രീഷ്യനെ കാണിക്കണേ എന്നു ഭാര്യ രാവിലെയും ഓർമ്മി പിച്ചതാണ് .. ഈ ദിവസമെങ്കിലും ടാർഗറ്റ് തികച്ചില്ലെങ്കിൽ ബോസ്സിന്റെ ദുർ മുഖം കാണേണ്ടി വരുമല്ലോ എന്ന് കരുതി ആണ് അയാൾ ഡോക്ടറുടെ ക്യാബിനു മുന്നിൽ കുത്തി ഇരിക്കുന്നത് .. വളർന്നു വരുന്ന ഒരു മെഡിക്കൽ കമ്പനി യുടെ റെപ്രെസെന്ററ്റീവ്‌ ആണ് അയാൾ ..ജോലിയുടെ സമ്മർദം നല്ല കൂടുതലാകുമ്പോളൊക്കെ അയാൾ തന്റെ ബൈക്കുമെടുത്തു ഒറ്റയ്ക്ക് കറങ്ങാനിറങ്ങും .. അങ്ങിനെ ഒരു യാത്രക്കിടയിൽ ആണ് അയാൾക്കു നടുവേദന പ്രത്യക്ഷപ്പെട്ടത് ..ജോലി യുടെ ഭാഗം എന്ന് കരുതി ഒഴിവാക്കാൻ ശ്രമിക്കുമ്പോളൊക്കെയും വിട്ടുമാറാത്ത നട്ടെല്ല് വേദന അയാളെ ബുദ്ധിമുട്ടിക്കാൻ തുടങ്ങിയിരുന്നു ...പുതിയ മരുന്നുകളെ കുറിച്ച് ഡോക്ടർ മാരോട് പറയാൻ ഒപിയിൽ ഇരിക്കുമ്പോഴും സ്വന്തം ആരോഗ്യത്തെ കുറിച്ച് ഒരാളോടും ഒരിക്കലും അയാൾ മനസ് തുറന്നിരുന്നില്ല. ഒടുവിൽ നേരം ഇരുട്ടിയപ്പോൾ ആശുപത്രി യിൽ നിന്നിറങ്ങാൻ തുടങ്ങിയപ്പോളാണ് ഭാര്യ വിളിച്ചത് ..കുഞ്ഞിന്റെ പനി മാറി കാണണേ എന്ന് പ്രാർത്ഥിച്ചാണ് ഫോൺ എടുത്തത് .."അതേ .. വരുമ്പോ ആ കേടായ ഫ്രിഡ്ജ് നന്നാക്കി എന്ന് പറഞ്ഞു വിളിച്ചാരുന്നു .. വരുമ്പോ ഒരു വണ്ടീൽ ഒന്ന് എടുത്തു കൊണ്ട് പോരാമോ ?"ഫ്രിഡ്ജ് ന്റെ കാര്യമേ മറന്നിരുന്നു .. പോരും വഴി അതെടുത്തു വണ്ടിയിൽ വയ്ക്കാൻ കുനിഞ്ഞപ്പോളാണ് നടുവിന് വീണ്ടും ഒരു വിലക്കംവന്നത് ?.. ഒരു വിധത്തിലാണ് വീട്ടിൽ തിരിച്ചു എത്തിയത് തന്നെ .. നട്ടെല്ലിന്റെ താഴെവശം മുഴുവൻ മരച്ചു പോയ പോലെ .. തൊടുന്നത് അറിയുന്നതേ ഇല്ല .. കാലുകൾ നിലത്തു ഉറക്കാതെ വരുന്നു ... എങ്ങോട്ടൊക്കെയോ കാലുകൾ മടങ്ങി പോകുന്നുണ്ടായിരുന്നു ..നടപ്പും ഭാവവും കണ്ടപ്പോ എന്തോ പന്തികേടുണ്ടെന്നു ഭാര്യക്ക് തോന്നി .."എന്ത് പറ്റി ?.. ഭാര്യ ചോദിച്ചു .. നടു പൊട്ടി പോകുന്ന അവസ്ഥ ..കാലുകൾ ഉണ്ടെന്നു തോന്നുന്നേ ഇല്ല ..

ആശുപത്രിയിൽ എത്തിക്കുമ്പോൾ രണ്ടു കാലുകളും അനക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു അയാൾ . മൂത്ര സഞ്ചി നിറഞ്ഞു പൊട്ടാറായ നിലയിൽ ആയിരുന്നു അപ്പോൾ ..ക്ലിനിക്കൽ പരിശോധനയിൽ കാലിലേക്കുള്ള നെർവുകൾക്കു ബലക്കുറവുള്ളതായി കണ്ടതു കൊണ്ട് പെട്ടെന്ന് തന്നെ MRI സ്കാൻ നോക്കാൻ നിർദേശിച്ചു .. അതിൽ നട്ടെല്ലിലെ കശേരുക്കൾക്കിടയിൽ നിന്നും ഡിസ്ക് എന്ന തരുണാസ്ഥി പുറത്തേക്കു തള്ളിവന്നു നാഡി ഞരമ്പുകളെ ഞെരുക്കിയത് കൊണ്ട് സംഭവിച്ച കോഡ ഇക്വിന സിൻഡ്രോം ആണെന്ന് തിരിച്ചറിഞ്ഞു .. കോഡ ഇക്വിന യിൽ നട്ടെല്ലിന്റെ താഴെ ഭാഗത്തുള്ള എല്ലാ നാഡി ഞരമ്പുകളും ഞെരുങ്ങി പോകുന്നതാണ് സംഭവിക്കുന്നത് ..എത്രയും പെട്ടെന്ന് സർജറി ചെയ്തു നട്ടെല്ലിലെ ഞെരുക്കം വരുത്തിയ ഡിസ്ക് എടുത്തു മാറ്റുക എന്നത് മാത്രമാണ് ഇതിന്റെ ചികിത്സ .. രാത്രിയിൽ തന്നെ നടത്തിയ സർജ്ജറിക്കു ശേഷവും ഒന്ന് പിടിച്ചു നടക്കാൻ തന്നെ അയാൾക്കു മാസങ്ങൾ എടുത്തു .. നീണ്ട 6 മാസത്തെ ചികിത്സക്ക് ശേഷമാണു അയാൾക്കു ജോലിക്കു പോകാൻ സാധിച്ചത് ..

നട്ടെല്ലിലെ ഡിസ്ക് തള്ളലുകൾ കോഡ ഇക്വിന ക്കു കാരണം ആകുമോ ?

അപ്രതീക്ഷിതമായി നട്ടെലിലെ കശേരുക്കൾക്കിടയിൽ നിന്ന് ഡിസ്‌ക്കുകൾ തള്ളി വരുമ്പോളാണ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുന്നത് .. ഒരു വർഷം ശരാശരി 3-5 രോഗികളെങ്കിലും ഇങ്ങിനെ ആശുപത്രിയിൽ എത്താറുണ്ട്..ആർക്ക്‌ എപ്പോളാണ് ഡിസ്‌ക്കുകൾ പൂർണമായി തള്ളി പോവുക എന്ന് പറയാൻ പ്രയാസം തന്നെയാണ് ..

ഡിസ്ക് തള്ളലിന്റെ ലക്ഷണങ്ങൾ എന്തൊക്കെ ആണ് ?

ശക്തമായ നടുവേദന ,

കാലുകൾക്കു മരവിപ്പ് ,

കാലുകളിലേക്കു ഇറങ്ങി വരുന്ന വേദന ,

കാലുകൾക്കു ബലക്കുറവ് ,

മലബന്ധം

എന്നിവയൊക്കെ ഡിസ്ക് തള്ളൽ മൂലം സംഭവിക്കാം ..

ഗുരുതരമാകുമ്പോൾ കോഡ ഇക്വിന യുടെ ലക്ഷണങ്ങളായ സ്പർശന ശേഷിക്കുറവ് , ഉദ്ധാരണ ശേഷിക്കുറവ്, മൂത്ര തടസം കാലുകളുടെ സമ്പൂർണ തളർച്ച എന്നിവ ഉണ്ടാകാം .. ഈ പറഞ്ഞ രോഗലക്ഷണങ്ങൾ നാഡികൾക്കു ഉണ്ടാകുന്ന ഞെരുക്കം മൂലമാണ് സംഭവിക്കുന്നത് ..

ഡിസ്ക് തള്ളിപോന്നാൽ എന്ത് ചെയ്യും ?

ആധുനിക ന്യൂറോസർജറി യിൽ സ്പൈൻ ശസ്ത്രക്രിയ വളരെ അധികം വികാസം പ്രാപിച്ചു കഴിഞ്ഞു ..20 വർഷങ്ങൾക്കു മുൻപുണ്ടായിരുന്ന ചികിത്സാ രീതികളെല്ലാം മാറി കഴിഞ്ഞു .. നട്ടെല്ലിലെ ഡിസ്‌ക്കുകൾ തള്ളിവരുന്നത് മൈക്രോസ്കോപ്പിന്റെ സഹായത്താൽ നീക്കം ചെയ്യുന്ന മൈക്രോഡിസ്‌ക്ക്ടമി ചികിത്സയാണു ഏറ്റവും സാധാരണ ആയി ചെയ്യുന്ന ചികിത്സ ..നാഡികളെ സൂക്ഷ്മമായി തന്നെ അപകട മില്ലാതെ സംരക്ഷിക്കാൻ ആധുനിക മൈക്രോസ്കോപ്പുകൾ സഹായിക്കും.

എന്ത് കൊണ്ടാണീ ഡിസ്‌ക്കുകൾ തള്ളിവരുന്നത് ?

മാറിയ ജീവിത സാഹചര്യങ്ങളിൽ നട്ടെല്ലിന് വിശ്രമം ഇല്ലാതെ വരുന്നതും ശരിയായ വ്യായാമത്തിന്റെ കുറവുമാണ് ഡിസ്ക് തള്ളാൻ കാരണം .വിറ്റാമിൻ D യുടെ കുറവ് മൂലം ലിഗ്‌മെന്റുകൾ കട്ടികുറയുന്നതും ഒരു കാരണമാണ് ..നട്ടെലിനുണ്ടാകുന്ന അപകടങ്ങൾ മൂലവും ഡിസ്ക് തള്ളി പോകാറുണ്ട് ..

ശരിയായ രോഗനിർണയവും ചികിത്സയും നടുവേദന എന്ന രോഗാവസ്ഥക്കു പ്രധാനമാണ് .. നടുവേദനയെ നിസ്സാരമായി കാണരുത് എന്നാണതിന്റെ അർത്ഥം