Tuesday 05 September 2023 11:13 AM IST

കണ്ണിൽ ഇരുട്ടാണ്, എന്നിട്ടും അദ്ദേഹം എന്റെ കൈപിടിച്ചു... പക്ഷേ വലിയ വേദന പിന്നാലെയെത്തി: ഗിരിജ ടീച്ചറുടെ പോരാട്ടം

Vijeesh Gopinath

Senior Sub Editor

girija-teacher

കുന്നിൻ നെറുകയിലാണു മങ്കട ഗവ. ആർട്സ് ആൻ‍‍‍ഡ് സയൻസ് കോളജ്. വരാന്തയിൽ നിൽക്കുമ്പോൾ ഗിരിജ ടീച്ചറോട് അദ്ഭുതത്തോടെ ചോദിച്ചു, െപരിന്തൽമണ്ണ മദ്രസപ്പടിയിലെ വീട്ടിൽ നിന്ന് കോളജിലേക്ക് ഏതാണ്ട് 20 കിലോമീറ്റർ ദൂരം. രണ്ടു ബസ് കയറണം. സ്റ്റോപ്പിലിറങ്ങി ഒാട്ടോയിലോ നടന്നോ  ഈ കുന്നു കയറണം... ഇതൊക്കെ അത്ര എളുപ്പമാണോ?

ചിരിെവളിച്ചത്തിന്റെ തിരി നീട്ടിവച്ചു ഗിരിജ പറഞ്ഞു,  ഏഴുവയസ്സു മുതൽ വീടിനടുത്തുള്ള ഏറാന്തോട് എഎൽപി സ്കൂളിലേക്ക് ഒറ്റയ്ക്കു പോകാൻ തുടങ്ങിയതാണു ഞാൻ. ഡിഗ്രിക്കു ഫാറൂഖ് കോളജിൽ. എംഎ കോഴിക്കോടു സർവകലാശാലയില്‍. വീട്ടിൽ നിന്നു 100 കിലോമീറ്ററിലേറെ ദൂരമുണ്ട് ഇ ങ്ങോട്ടെല്ലാം. അധ്യാപികയായ ശേഷം കണ്ണൂർ വിമൻസ് കോളജിലേക്കും പാലക്കാട്ടെ പത്തിരിപ്പാല ഗവൺമെന്റ് കോളജിലേക്കുമെല്ലാം ട്രെയിനിലായിരുന്നു യാത്ര. പത്തിരിപ്പാല കോളജിൽ നിന്നു തിരികെ വീട്ടിലെത്തുമ്പോൾ മിക്ക ദിവസവും രാത്രിയാകും. ആ എനിക്ക് 20 കിലോമീറ്റർ അത്ര അകലെയാണോ?

ടീച്ചറിന്റെ ഉത്തരം കേട്ട് അടുത്തു നിന്ന കുട്ടികൾ ചിരിച്ചു. ‘ക്ലാസ്സിലേക്കു പോകാനും പടികള്‍ കയറാനും ഇവരാണോ സഹായിക്കുക ?’ എന്നു ചോദിച്ചപ്പോൾ ആ ചിരി പൊട്ടിച്ചിരിയായി. ‘‘ക്ലാസ്സെടുക്കുന്നതിനിടെ പിൻബഞ്ചിലിരുന്നു കുസൃതി കാണിച്ചാൽ പോലും കയ്യോടെ പിടികൂടുന്ന ആളാണ്. ആ ടീച്ചർക്ക് കോണിപ്പടിയൊന്നും വിഷയമേയല്ല. ഒരു പ്രാവശ്യം നടന്നാൽ വഴി മനഃപാഠമാകും. ടീച്ചറിന്റെ മനസ്സിനു നമ്മളേക്കാൾ തെളിച്ചമുണ്ട്.’’

ശരിയാണ്. ആ തെളിച്ചമുള്ളതു കൊണ്ടാണല്ലോ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന എല്ലാ ഇരുട്ടിനെയും പെട്ടെന്നു മായ്ച്ചു കളയുന്നത്. മങ്കട ഗവൺമെന്റ് കോളജിലെ മലയാള വിഭാഗം അസോഷ്യേറ്റ് പ്രഫസറായ ഗിരിജയ്ക്കു കാഴ്ച നഷ്ടമായത് രണ്ടാം വയസ്സിലാണ്.

girija-teacher-1

മരത്തിൽ നിന്നു വീണ്  അച്ഛൻ കൃഷ്ണൻ കിടപ്പിലായതോടെ അമ്മ ലീല കൂലിവേല ചെയ്തു വീടു മുന്നോട്ടു കൊണ്ടുപോയി. ദാരിദ്ര്യം വീട്ടിൽ അതിഥിയായിരുന്നില്ല, ഒപ്പം തന്നെ ഉണ്ടായിരുന്നു. പക്ഷേ, ഗിരിജ വാശിയോടെ പഠിച്ചു. എസ്എസ്എൽസിക്കു ഡിസ്റ്റിങ്ഷന്‍. മലയാള ബിരുദത്തിൽ ഒന്നാം റാങ്ക്. ബിരുദാനന്തര ബിരുദം പൂ ര്ത്തിയാക്കിയ വർഷം തന്നെ ജെആർഎഫ് ലഭിച്ചു. അന്ന് കാഴ്ച പരിമിതിയുള്ളവർക്കു റിസർച്ച് സ്കോളർഷിപ് കിട്ടുന്നത് അപൂർവമാണ്. പിന്നെ, കോളജ് അധ്യാപികയായി.  

നേട്ടങ്ങളുടെ പടികൾ കയറുമ്പോഴേക്കും ഇടിവാളുപോലെ ദുരിതങ്ങൾ ചിതറിച്ചു കൊണ്ടിരുന്നു. മൂത്ത മകൻ ജനിച്ചതു കാഴ്ചപരിമിതിയോടെയാണ്. രണ്ടു വർഷം മുൻപ് കോവിഡ് ബാധിച്ചു ഭർത്താവു മരിച്ചു. സങ്കടത്തുള്ളി തുടച്ചു ഗിരിജ ചിരിയോടെ പറഞ്ഞു, ‘തളർന്നതിനു മേൽ തളർന്നിരുന്നാൽ എന്താ കാര്യം? മുന്നോട്ടു പോയല്ലേ പറ്റൂ.’

ഒറ്റയ്ക്കുള്ള യാത്ര തുടങ്ങുന്നു

‘‘രണ്ടു വയസ്സു വരെ ‘ഞാൻ കണ്ടിരുന്നു’ എന്ന് അമ്മ പ റയാറുണ്ട്. പക്ഷേ, എനിക്കത് ഒാർമയില്ല. കണ്ണിലേക്കുള്ള ഞരമ്പുകൾ തളർന്നു പോയതാണു കുഴപ്പമെന്നാണു ഡോക്ടർമാർ പറഞ്ഞത്. ഇന്നും അതിനു ചികിത്സയില്ലത്രെ, ചെറുപ്പം മുതൽക്കേ ഞാൻ ഒറ്റയ്ക്കായി.

ഞങ്ങൾ നാലു മക്കളായിരുന്നു. ഏഴുവയസ്സുള്ളപ്പോഴാണ് എന്നെ സ്കൂളിൽ ചേർത്തത്. അനുജന്റെയും മറ്റു കുട്ടികളുടെയും കൂടെ ഏറാന്തോട് എഎൽപി സ്കൂളിലേക്കു പോയി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ സ്കൂളിലേക്കുള്ള വഴിയും ക്ലാസ്മുറിയും പഠിച്ചു. പിന്നെ, കൂട്ടു വേണ്ട എന്നായി. അന്നു തൊട്ടേ ഒറ്റയ്ക്കു പോയി പഠിച്ചതു കൊണ്ട് എ വിടെ പോകാനുമുള്ള ധൈര്യം കിട്ടി.

നാലാം ക്ലാസ്സു കഴിഞ്ഞപ്പോൾ അറബിമാഷ് എന്ന് ഞങ്ങൾ വിളിക്കുന്ന മുഹമ്മദലി മാഷും തുളസി ടീച്ചറും അ മ്മയോടു പറഞ്ഞു, മോളു നന്നായിട്ട് പഠിക്കുന്ന കുട്ടിയാണ്. അവളെ ഇനിയും സ്കൂളിൽ വിടണം. അമ്മയ്ക്ക് എഴുതാനും വായിക്കാനുമൊന്നും അറിയില്ല. എന്നിട്ടും എെന്ന പഠിപ്പിക്കണം എന്നായിരുന്നു മോഹം.

വീടിനടുത്തുള്ള ഹൈസ്കൂളിൽ ചെന്നപ്പോൾ കാഴ്ചയില്ലാത്ത കുട്ടികൾക്കു പഠിക്കാനാകില്ലെന്നു പറഞ്ഞു തിരിച്ചയച്ചു. 11 വയസ്സുള്ള കുട്ടിയെ അതെത്ര സങ്കടപ്പെടുത്തിയെന്ന് ഊഹിക്കാമല്ലോ. അപ്പോഴാണ് മറ്റൊരു വഴിയെ കുറിച്ച് മുഹമ്മദലി മാഷ് പറഞ്ഞത്. മങ്കടയിൽ അന്ധവിദ്യാലയം ഉണ്ട്. ഏഴാം ക്ലാസ്സു വരെ പഠിക്കാം.

അവിടെ നിന്നു പഠിക്കണം. നെഞ്ചിൽ കനലുപൊട്ടിത്തെറിച്ച നീറ്റലായിരുന്നു. വീട്ടിൽ നിന്നു ദൂരെ. അച്ഛനെ ഒാർത്തപ്പോൾ കരഞ്ഞു പോയി. തളർന്നു കിടക്കുമ്പോഴും അടുത്തിരുത്തി കഥ പറയും. പുസ്തകങ്ങൾ‌ വായിച്ചു തരും. സങ്കടം സഹിക്കാൻ പറ്റിയില്ല, പിറ്റേദിവസം തിരിച്ചു പോകാൻ തീരുമാനിച്ചു.

പക്ഷേ, എന്നെ പോലുള്ള ഒരുപാടു കുട്ടികൾ അവിടെയുണ്ടായിരുന്നു. പിന്നെ, പത്മനാഭൻമാഷിനെയും രാജൻ സാറിനെയും പോലുള്ള അധ്യാപകർ. അവരുടെയൊക്കെ സ്നേഹം കണ്ടപ്പോൾ അവിടെ നിന്നു. ബ്രെയിൽ ലിപി  പ ഠിച്ചു. ഏഴാം ക്ലാസ് കഴിഞ്ഞു മങ്കട ഹൈസ്കൂളിലേക്കു സാധാരണക്കാരായ കുട്ടികൾക്കൊപ്പം പഠിക്കാൻ തുടങ്ങി. നല്ല മാർക്കോടെ എസ്എസ്എൽസി ജയിച്ചപ്പോൾ പത്രങ്ങളിൽ വാർത്ത വന്നു. ‘ദാരിദ്യ്രത്തെ മറികടന്ന ഉജ്വല വിജയം’ ഇതായിരുന്നു തലക്കെട്ട്. അതൊരു വഴിത്തിരിവായിരുന്നു.’’ ഗിരിജ ഒാർമിക്കുന്നു.

ജോലി കിട്ടും വരെ പഠിപ്പിക്കാം  

വീട്ടിൽ വരുന്നവരോടു കൃഷ്ണൻ ഒറ്റ സ്വപ്നമേ പറഞ്ഞുള്ളൂ, ‘മകളെ പഠിപ്പിക്കണം. അവൾ‌ക്കൊരു ജോലി വേണം.’ പക്ഷേ, ഗിരിജയുടെ 15–ാം വയസ്സിൽ കൃഷ്ണൻ മരിച്ചു.  അച്ഛനെന്ന സൂര്യൻ വീടിനകത്തു കൊടുത്തിരുന്ന ചൂടണഞ്ഞു. എന്നാൽ കൃഷ്ണന്റെ‌ സ്വപ്നം സഫലമാക്കാൻ കാലം ഒരു ‘മനുഷ്യനെ’ കാത്തുവച്ചു, ടി.എം. നായർ എന്ന ബിസിനസുകാരൻ.  

‘‘പത്രവാർത്ത കണ്ട് അദ്ദേഹം നേരിൽ കാണാനാഗ്രഹമുണ്ടെന്നു കത്തയച്ചു. അദ്ദേഹത്തിനെ കാണാൻ  ഞാനും അമ്മയും അനുജനും പോയി. സര്‍ പറഞ്ഞു, ‘ജോലി കിട്ടും വരെ പഠനത്തിന്റെ എല്ലാ ചെലവും ഞാൻ തരും. എന്തും പഠിക്കാം.’ തൊണ്ടയിൽ കണ്ണീരു കുരുങ്ങിയത് ഇപ്പോഴും ഒാർമയുണ്ട്. അദ്ദേഹത്തിന്റെ മുഖം കാണാനാകാത്തതി  ൽ ഇന്നും സങ്കടമുണ്ട്.’’ ഗിരിജ പറഞ്ഞു.  

ഗിരിജയുടെ ജീവിതത്തിൽ അതൊരു വഴിത്തിരിവായിരുന്നു.  മലയാള ബിരുദത്തിൽ കാഴ്ചയുള്ളവരെ തോൽപിച്ച് ഒന്നാം റാങ്ക് നേടി. എംഎ മലയാളം 64 ശതമാനം മാർക്ക്. റിസർച്ച് ഫെലോഷിപും നേടി. ഒാരോ ക്യാംപസിൽ നിന്നു മടങ്ങി പോകുമ്പോഴും ചാക്കു കണക്കിന് ഒാഡിയോ കസറ്റുകൾ ഗിരിജയ്ക്കൊപ്പം ഉണ്ടാകും. പ്രധാനപ്പെട്ട ക്ലാസ്സുകളും പുസ്തകങ്ങളും റെക്കോർഡു ചെയ്ത് സൂക്ഷിക്കാറായിരുന്നു പതിവ്. ചങ്ങാതിമാരും ക്ലാസ്സിലെ കൂട്ടുകാരുമൊക്കെ അതിനു സഹായിക്കും. എംഎ കഴിഞ്ഞ് അധ്യാപികയായി ജോലി കിട്ടി.  

girija-teacher-1

‘‘ഇതുവരെ അ‍ഞ്ചു കോളജുകളിലായി 18 വർഷം. ജെആർഎഫ് ലഭിച്ച സമയത്തു ജോലിയായിരുന്നു ആവശ്യം. അതുകൊണ്ടു റിസർച്ച് നടന്നില്ല. ഇപ്പോൾ ഗവേഷണം തുടങ്ങി. മമ്പാട് എംഇഎസ് കോളജിലെ ഡോ. രാജേഷ് മോ ൻജിയാണ് ഗൈഡ്. വിഷയം –‘കാഴ്ച പരിമിതിയുടെ ആവിഷ്കാരം മലയാള സാഹിത്യത്തിലും സിനിമയിലും’. ജീവിതവുമായി ബന്ധവുമുണ്ട് ആളുകളെ ബോധവൽക്കരിക്കാനും കഴിയും.’’ ഗിരിജയുടെ സ്വപ്നങ്ങൾ.

ആ തണലും തോർന്നപ്പോൾ

ഫാറൂഖ് കോളജിൽ ഗിരിജയുടെ സീനിയറായിരുന്നു സി. കെ. ജയചന്ദ്രന്‍. ജയചന്ദ്രനും കാഴ്ചയ്ക്കു പരിമിതികൾ ഉണ്ടായിരുന്നു. ‘‘കോളജിൽ പഠിക്കുന്ന സമയത്തു പരസ്പരം അറിയാം. പഠനകാര്യങ്ങളിൽ സഹായിച്ചിരുന്നു. കോളജ് കഴിഞ്ഞു രണ്ടു  വഴിക്കു തിരിഞ്ഞു. പക്ഷേ, ആ സൗഹൃദം വിവാഹത്തിലേക്ക് എത്തി. കൊയിലാണ്ടിയിലായിരുന്നു അദ്ദേഹത്തിന്റെ വീട്. അത്രയും ദൂരേക്ക് അയയ്ക്കാൻ അമ്മയ്ക്ക് പേടി. എന്റെ നിർബന്ധമാണു വിവാഹത്തിലേക്ക് എത്തിച്ചത്. അന്നു ജീവിതം എന്താകും എന്നുപോലും അറിയാതെ നിൽക്കുന്ന സമയം. ഒരു കുഞ്ഞു വീടായിരുന്നു ഞങ്ങളുടേത്. ജയേട്ടന് എന്നേക്കാൾ കാഴ്ചയുണ്ട്. എന്നിട്ടും എെന്ന സ്വീകരിക്കാൻ തയാറായല്ലോ എന്നായിരുന്നു മനസ്സിൽ. വിവാഹം കഴിഞ്ഞതും എനിക്ക് കോളജി ൽ ജോലികിട്ടി. അദ്ദേഹത്തിനും സർക്കാർ ജോലി കിട്ടി. രണ്ടു മക്കളുണ്ടായി. അഭിജിത് ജയനും അഭിനവ് ജയനും.

മൂന്നാം മാസത്തിലേ തിരിച്ചറിഞ്ഞു മൂത്തമകനു കാഴ്ചയ്ക്കു കുഴപ്പമുണ്ട്. ചികിത്സയുടെ ഭാഗമായി കൈക്കുഞ്ഞായിരിക്കുമ്പോഴേ അവൻ കണ്ണട വച്ചു. ഇപ്പോൾ നല്ല മാറ്റമുണ്ട്. ഒരു സന്തോഷം. അതിനു പിന്നാലെ വരുന്ന വലിയ വേദന. അതാണെന്റെ ജീവിതം. ജോലി കിട്ടിയ സന്തോഷം കുഞ്ഞിനു കാഴ്ചയില്ലെന്ന വേദനയിൽ തീർന്നു. രണ്ടാമത്തെ മകൻ ജനിച്ചു. അവനു കുഴപ്പമൊന്നുമില്ലാതെ ഞങ്ങൾ സമാധാനത്തോടെ മുന്നോട്ടു പോകുമ്പോഴാണു തകർത്തു കളയാൻ വിധി തീരുമാനിച്ചത്. ജയേട്ടന്റെ മരണം.  

കോവിഡ് തീവ്രമായി നിൽക്കുന്ന സമയം. ജയേട്ടന്‍ കൊയിലാണ്ടിയിലായിരുന്നു. ഞാൻ അങ്ങാടിപ്പുറത്തെ വീട്ടിലും. പെട്ടെന്ന് പനി തുടങ്ങി. കോവിഡ് സ്ഥിരീകരിച്ചു. ഒാടിച്ചെല്ലണം എന്നു തോന്നി. ഒപ്പം വരാൻ‌ ആരും തയാറായില്ല. ലോക്ഡൗണല്ലേ വാഹനങ്ങളോടുന്നില്ല. അവസാനമായി ശബ്ദം പോലും കേൾ‌ക്കാൻ പറ്റിയില്ല.  

ജീവിതത്തിൽ എല്ലാം ശാന്തമായെന്നു തോന്നും. എന്തൊരു വിഡ്ഢിത്തമാണെന്നു തൊട്ടടുത്ത നിമിഷം തിരിച്ചറിയും. ചുഴലിക്കാറ്റിൽ മറിഞ്ഞു വീഴുമ്പോഴും മനസ്സിലെ വെളിച്ചം അണയല്ലേ എന്ന പ്രാർഥനയേയുള്ളൂ. ഇതൊക്കെ മറക്കാൻ മറ്റു കാര്യങ്ങളിലേക്കു മനസ്സ് കൊണ്ടു പോകുകയേ വഴിയുള്ളൂ. കാഴ്ച പരിമിതിയുള്ളവർക്കു വേണ്ടി ശ്രവ്യ എന്ന സോഷ്യൽ മീഡിയ ഗ്രൂപ് ഉണ്ട്.  250ഒാളം അം ഗങ്ങളുണ്ട് അതിൽ. കാഴ്ചയുള്ളവർ‌ വൊളന്റിയർമാരാണ്. അവർ‌ പുസ്തകങ്ങൾ വായിച്ച‌ു വോയ്സ് പോസ്റ്റ് ചെയ്യും. ആ പ്രവർത്തനങ്ങളിൽ  ഒപ്പം നിൽക്കുന്നു.’’

ജീവിതം പറഞ്ഞിരിക്കുമ്പോൾ ഒാർമ മുള്ളുരഞ്ഞ് ഒരിക്കൽ പോലും ഗിരിജ കരഞ്ഞില്ല. നിരാശയുടെ കയ്പുള്ള ചിരി മാത്രം. പെട്ടെന്ന് അതും മായ്ച്ചു കളഞ്ഞ് ക്ലാസ്സിലേക്കു നടന്നു നീങ്ങി. കുട്ടികൾക്കു മുന്നിൽ ചിരിച്ച് പ്രിയപ്പെട്ട ടീച്ചറായി മാറി.

  </p>