പേരിൽ എന്തിരിക്കുന്നു? ഞങ്ങൾക്കെല്ലാം ഒറ്റ പേരല്ലേ ഉള്ളൂ, ജോക്കർ.’’ ധർമൻ അങ്ങനെയാണു സംസാരിച്ചു തുടങ്ങിയത്. കണ്ണിൽ ചിരിയുടെ തരി പോലുമില്ല.
പതിറ്റാണ്ടുകളുടെ ചരിത്രമുള്ള ജെമിനി സർക്കസിന്റെ കൂടാരം. ഷോ തുടങ്ങാൻ ഇനിയുമുണ്ട് സമയം. ആളൊഴിഞ്ഞ കൂടാരത്തിനുള്ളിൽ നിന്നു മൂന്നു പേർ നടന്നു വന്നു.നിരന്നിരുന്നപ്പോൾ ഇവരെങ്ങനെയാണു ചിരി കൊളുത്തുകയെന്ന് എത്തും പിടിയും കിട്ടിയില്ല. കണ്ണിൽ ജീവിതം നരച്ചു കിടക്കുന്നു.
പക്ഷേ, മണിക്കൂറുകൾ കഴിഞ്ഞപ്പോള്‍ കൂടാരം നിറഞ്ഞു. ധർമനും ചങ്ങാതിമാരും ചിരിയുടെ മത്താപ്പും അമിട്ടുമൊക്കെ കത്തിച്ചു തുടങ്ങി. കാണികൾ മതിമറന്നു കയ്യടിച്ചു. കുട്ടികള്‍ ചിരിച്ചുെകാണ്ടു തുള്ളിച്ചാടി.
ഇതാണ് ഒാരോ ജോക്കറിന്റെയും ജീവിതം. ഉള്ളിലുള്ളതെല്ലാം ചായം കൊണ്ടു മായ്ച്ചു റിങ്ങിലേക്ക് ഒരൊറ്റ ഇറക്കമാണ്. തിരിച്ചു കയറും വരെ പൊട്ടിച്ചിരിപ്പിക്കാൻ ഇരുന്നും ചാടിയും മറിഞ്ഞും വീണും അടി കൊണ്ടും െകാടുത്തും...
‘‘ഇതുപോലൊരു സർക്കസ് കൂടാരത്തിലാണു ഞാൻ ജനിച്ചത്.’’ ജീവിതം എന്ന ഷോയിലെ ആദ്യ ഊഞ്ഞാലിലേക്കു ധർമൻ ചാടി. ‘‘മൈസൂരാണു വീട്. പക്ഷേ, നന്നായി മലയാളം പറയും. വളർന്നതും പല സർക്കസ് കൂടാരങ്ങളിലാണ്. അച്ഛനും അമ്മയും സർക്കസ് കലാകാരായിരുന്നു. അവർ ഷോയ്ക്ക് കയറുമ്പോൾ ഞാൻ തൊട്ടിലിൽ കിടക്കും. അല്ലെങ്കിൽ മറ്റാരുടെയെങ്കിലും ഒക്കത്തിരിക്കും. ഇതൊക്കെ അമ്മ പറഞ്ഞറിഞ്ഞതാണ്. നടക്കാനായപ്പോൾ ആരോ മുഖത്തു ചായം തേച്ചു. ചാടാനും മറിയാനും പറഞ്ഞു. അങ്ങനെ ജോക്കറായി.’’
കൂടാരത്തിലേക്കുള്ള വഴി
ധർമന്റെ മലയാളം കുറച്ചൊക്കെ മനസ്സിലാകുന്നുണ്ടെന്ന മട്ടിൽ ബാക്കി രണ്ടുപേർ തലയാട്ടുന്നു, ആസാംകാരനായ ജിയ അരുണും യുപി സ്വദേശി രഘുപതി ഗുപ്തയും. പൊക്കമില്ലായ്മ പൊക്കമായി മാറ്റിയ ജീവിതമാണു ജിയ യുടേത്. ഇനിയൊരാൾ കൂടി വരാനുണ്ട്. ഡോൺ. സൂപ്പർസ്റ്റാർ ഡോൺ. ബാക്കിയുള്ളവർ ഉറക്കത്തിലാണ്.
രഘുപതി ഗുപ്ത: സർക്കസിൽ എത്തിപ്പെടുന്ന എല്ലാവരുടെ ജീവിതവും മാറ്റി മറിക്കുന്ന ഒരാളുണ്ട്, ഉസ്താദ്. അദ്ദേഹമാണു നമ്മളെ കണ്ട് എന്തു ജോലി ചെയ്യണം എന്നു തീരുമാനിക്കുന്നത്. നല്ല തടിയും പൊക്കവുമുള്ളയാളാണെങ്കിൽ ഗെയ്റ്റ് കാവൽക്കാരനാക്കും. മുഖത്തിനു പ്രത്യേകതയുണ്ടെങ്കിൽ ജോക്കറാക്കും. എെന്‍റ ഗ്രാമത്തിൽ ജെമിനി സർക്കസു വന്നപ്പോൾ ജോലി കിട്ടുമോ എന്നറിയാന്‍ ചെന്നു. ക്ലീനിങ് സ്റ്റാഫായിട്ടാണ് എടുത്തത്. പിന്നെ, ചില നമ്പരുകൾ പഠിപ്പിച്ചു.
നെറ്റിയിൽ വലിയ മുളങ്കമ്പ് ബാലൻസ് ചെയ്തു കുത്തിനിർത്തും. പിന്നെ, മുകളിൽ കുട്ടിയെ കിടത്തും. കുട്ടി ചില അഭ്യാസങ്ങളും കാണിക്കും. ആ െഎറ്റം ആയിരുന്നു പ്രധാനം. കുട്ടി മുപ്പതു കിലോ ഉണ്ടാകും. നെറ്റിയിൽ കുത്തിനിർത്തുന്ന കമ്പ് ഏതാണ്ടു നാൽപ്പതു കിലോ. ചുരുക്കത്തിൽ എഴുപതു കിലോയിൽ കൂടുതൽ ഭാരമാണു നെറ്റിയിൽ താങ്ങി നിർത്തുന്നത്. ഒരുപാടു കയ്യടി കിട്ടിയെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ തലവേദന വന്നു. അപ്പോൾ ഉ സ്താദ് പറഞ്ഞു, നീ ജോക്കറായിക്കോ... നാൽപതു വർഷമായി ഈ സർക്കസിലുണ്ട്.
ജിയ അരുൺ: ആസാമിലെ ഒരു ഗ്രാമത്തിലാണു ജനിച്ചത്. ഉയരക്കുറവുള്ളവരെ എല്ലാ നാട്ടിലും ഒരുപോലെയാണ് കാണുന്നത്. ഒരു ജോലിയും കിട്ടില്ല. പലപ്പോഴും വീട്ടിൽ പട്ടിണിയായിരുന്നു. പോരെങ്കിൽ കളിയാക്കലുകളും.
ഒരിക്കൽ ബംഗാളി സര്‍ക്കസ് കമ്പനിയായ ‘റയ്നോ’ ഞങ്ങളുടെ ഗ്രാമത്തിൽ എത്തി. എനിക്കന്നു പതിനഞ്ചു വ യസ്സേയുള്ളൂ. ജോലി കിട്ടുമോ എന്നു ചോദിച്ചപ്പോഴേ കയറിക്കോളാൻ പറഞ്ഞു. സർക്കസിൽ ഉയരക്കുറവു പ്രശ്നമല്ലെന്നു മനസ്സിലായി. അന്നു മുതൽ ജോക്കറായതാണ്. പിന്നെ പല സർക്കസ് കമ്പനികളില്‍ മാറിയും മറിഞ്ഞും വന്നു.
അപ്പോഴേക്കും കൂടാരത്തിനുള്ളില്‍ നിന്നു ഡോൺ എ ത്തി. ഏതാണ്ടു നാലടിപ്പൊക്കം. കസേരയിലേക്കു ചാടിക്കയറി ഇരുന്നു.
‘‘ശങ്കർ എന്നാണു ശരിക്കുള്ള പേര്. ഇവരൊക്കെ ബഹുമാനത്തോെട ഡോണ്‍ എന്നു വിളിക്കും.’’ ശങ്കറിന്റെ ചുണ്ടിലൊരു ചിരി പൊട്ടി. ‘‘വീട് ബിഹാറിൽ. കുട്ടിക്കാലത്തേ സ ർക്കസുകാര്‍ക്കൊപ്പം കൂടിയതാണ്. ഇപ്പോൾ 25 വർഷമായി. നാട്ടിലാണെങ്കിൽ ഞാൻ എന്തു ചെയ്തേനെ എന്ന് ഒാ ർക്കാൻ പോലുമാകുന്നില്ല. ഇതിപ്പോൾ ശമ്പളമുണ്ട്. താമസിക്കാനുള്ള സ്ഥലമുണ്ട്.’’
ചിരിക്കു പിന്നിലെ സങ്കടങ്ങൾ
ധർമൻ: എല്ലാ കാലത്തും സർക്കസിൽ നിൽക്കാനാകില്ല. കുറച്ചു കഴിയുമ്പോൾ എല്ലുകള്‍ക്കു തേയ്മാനം വരും. ഞ രമ്പുകൾ തളരും. ചുരുട്ടിക്കളഞ്ഞ കടലാസു പോലെയാകും. എന്റെ അച്ഛനും അമ്മയും സഹോദരിയുമൊക്കെ സർക്കസിൽ ഉണ്ടായിരുന്നു. ഇപ്പോഴാരുമില്ല. ഒരു പ്രായം കഴിഞ്ഞാൽ കൂടാരത്തിൽ നിന്ന് ഇറങ്ങേണ്ടിവരും.
രഘുപതി ഗുപ്ത: എന്റെ കാലുകൾക്കും നടുവിനും ഇപ്പോഴേ വേദനയാണ്. പണ്ടു ചെയ്തിരുന്ന പല െഎറ്റവും ചെയ്യാൻ പ്രയാസമാണ്. അതുകൊണ്ടു കൂടിയാണ് ഈ ജോക്കർ വേഷമിടുന്നത്.
ധർമൻ: കൂടാരത്തിൽ വളർന്നതു കൊണ്ടു സ്കൂളിൽ പോയിട്ടില്ല. പഠിക്കാൻ പറ്റാത്തതിന്റെ സങ്കടം നന്നായിട്ടുണ്ട്. മക്കളെ പഠിപ്പിക്കണം എന്നാദ്യമേ തീരുമാനിച്ചു. അവരെ മൈസൂരിലെ സ്കൂളിൽ ചേർത്തു. ഭാര്യയും സർക്കസിലായിരുന്നെങ്കിലും മക്കളുണ്ടായതോടെ ഈ ജോലി വിട്ടു.
രഘുപതി ഗുപ്ത: ധർമന്റെ ഭാര്യ യുപി സ്വദേശിയാണ്. എന്റെ ഭാര്യ മലയാളിയും. അവളും സർക്കസിലായിരുന്നു.കുട്ടികൾ ആയതോടെ സർക്കസ് നിർത്തി. ഇപ്പോൾ തലശേരിയിൽ വീടുവച്ചു താമസിക്കുന്നു. മകൾ തലശേരി ബ്രണ്ണൻ കോളജിൽ പഠിക്കുന്നു. മകൻ വിദ്യാർഥി.
ജിയ അരുൺ: രണ്ടു മക്കളാണെനിക്ക്. സ്കൂളിൽ പഠിക്കുന്നു. നമുക്കു കുറേ സങ്കടങ്ങളുണ്ടെങ്കിലും അതൊന്നും മ ക്കളിലേക്കു പോകാതിരിക്കാന്‍ ശ്രമിക്കും.
ശങ്കർ: ഞാൻ ഒറ്റയാണ്. കല്യാണം കഴിച്ചിട്ടില്ല. ചിരിപ്പിച്ചു നടക്കുന്നതിനിടയിൽ അതിനൊന്നും പറ്റിയില്ല. സങ്കടമൊന്നുമില്ല. എനിക്കു റിങ്ങിൽ കയറണം. ചാടിമറിയണം അത്രയൊക്കെയേയുള്ളൂ. വേറെ എന്തു മോഹിക്കാൻ.
‘ഇവരെ പോലെയല്ല മേക്കപ് ഇടാൻ കൂടുതൽ സമയം വേണ’മെന്നു പറഞ്ഞ് ശങ്കർ കൂടാരത്തിനുള്ളിലേക്കു തിരിച്ചു നടന്നു. കുറച്ചു മുന്നോട്ടു പോയശേഷം മടങ്ങി വന്നു പറഞ്ഞു. ‘എെന്‍റ വിരലുകൾ കണ്ടോ, ചെറുതാണ്. അതുകൊണ്ടു സാവധാനമേ ചായം തേക്കാനാവൂ. പിന്നെ, ഇടതു ചെവിക്കു കേൾവിശക്തി കുറവാണ്. ചിരിപ്പിക്കാൻ അതൊന്നും തടസ്സമല്ല, അതാണു സമാധാനം.’ കുഞ്ഞു വിരലുകള്‍ നിവർത്തി ടാറ്റാ തന്നു മടങ്ങുമ്പോള്‍ ശങ്കര്‍ ഒാര്‍മിപ്പിച്ചു, ‘സർക്കസ് കണ്ടിട്ടേ പോകാവൂ...’
ചിരിയും പരിഹാസവും
ജിയ അരുൺ: ചിരിപ്പിക്കുന്നത് അത്ര എളുപ്പമുള്ള പണിയൊന്നുമല്ല. ചിലർ സര്‍ക്കസിനു വരുന്നതു കൂടാരം കാണാന്‍ മാത്രമാണ്. മറ്റു ചിലരെത്തുന്നതു ട്രപ്പീസും വാളേറും പോലുള്ള ആകാംക്ഷയുള്ള പ്രകടനങ്ങൾ കാണാന്‍. കോമാളികളെ കാണാൻ വരുന്നവരും ഉണ്ട്. എല്ലാവരെയും ഒരുപോലെ ചിരിപ്പിക്കണം. അത്ര എളുപ്പമല്ല അത്.
ധര്‍മൻ: എത്ര സങ്കടം ഉണ്ടായാലും ചിരിപ്പിച്ചേ പറ്റൂ. അച്ഛനും അമ്മയും മരിച്ച വേദന മാറും മുൻപേ ഞാൻ കോമാളിവേഷം കെട്ടിയിട്ടുണ്ട്. കാണികൾ വരുന്നതു സന്തോഷിക്കാനാണ്. അവരെ നിരാശരാക്കരുത്. അപ്പോ ഒന്നും പുറത്തു കാണിക്കാതെ ചാടിക്കളിക്കും. തലകുത്തി മറിയും. വെറും കോമാളികളായി മാത്രമാണു പലരും ഞങ്ങളെ കാണുന്നത്. ഞങ്ങൾക്കൊരു മനസ്സുണ്ടെന്ന് ആലോചിക്കാറില്ല. ചിലര്‍ ചീത്തവിളിക്കും പരിഹസിക്കും കുപ്പി വലിച്ചെറിയും.
രഘുപതി ഗുപ്ത: പെട്ടെന്നു സര്‍ക്കസ് കണ്ടുതീര്‍ത്തു മടങ്ങാനുള്ള മനസ്സുമായി വരുന്നവരുണ്ട്. ചിരിപ്പിക്കാനുള്ള ഞങ്ങളുെട ശ്രമം പരാജയപ്പെട്ടാൽ അവർക്കു ദേഷ്യം വരും, ചീത്ത വിളിക്കും. എന്തുകേട്ടാലും മറുത്തൊന്നും പറയാന്‍ പാടില്ലെന്നാണ് നിയമം. ദേഷ്യവും നിരാശയും സങ്കടവും ഉള്ളിലൊതുക്കി പിന്നെയും െഎറ്റങ്ങളുമായി ഇറങ്ങും. കാണികള്‍ നന്നായി ചിരിക്കണം. എന്നാലേ അവർ പുറത്തിറങ്ങി സർക്കസ് നല്ലതാണെന്നു പറയൂ. അപ്പോഴേ വീണ്ടും ആളുകളെത്തൂ. കാണികള്‍ ധാരാളം കയറിയാലല്ലേ, ഞങ്ങൾക്കു ശമ്പളം കിട്ടൂ. അതുകൊണ്ട് ആരു പ്രകോപിപ്പിക്കാൻ നോക്കിയാലും ചിരിക്കാറേയുള്ളൂ.
ജിയ അരുൺ: ഒരു കാലത്തു ഞങ്ങൾക്കൊക്കെ വലിയ ആരാധകരുണ്ടായിരുന്നു. കയ്യടികൾ കിട്ടും. പ്രശസ്തർക്കൊപ്പം നിന്നു ഫോട്ടോകൾ എടുക്കാൻ പറ്റും. കാലം മാറി. എങ്കിലും പിടിച്ചു നിൽക്കുന്നുണ്ട്. ഒരുകാര്യം ഉറപ്പാണ്, എ ല്ലാക്കാലത്തും സർക്കസ് കൂടാരങ്ങളിലെ മിടുക്കന്മാർ മലയാളികളാണ്. അവർക്കാണു മെയ്‌വഴക്കം കൂടുതല്‍.
രഘുപതി ഗുപ്ത: ആരോഗ്യ പ്രശ്നങ്ങൾ മൂലം സര്‍ക്കസ് വിടേണ്ടിവന്നാല്‍ മറ്റൊരു വഴിയും ഞങ്ങൾക്കു മുന്നിലില്ല. സെക്യൂരിറ്റി ജോലി പോലും കിട്ടാൻ സാധ്യതയില്ല. ഒപ്പ് ഇടാനറിയാത്ത ആൾക്ക്, അക്കങ്ങൾ എഴുതാനറിയാത്ത ആൾക്ക് എന്തു ജോലി കിട്ടാനാണ്. ഇതൊക്കെ നാണക്കേടല്ലേ? മക്കൾക്ക് ആ അവസ്ഥ വരുന്നതു സഹിക്കാനാകില്ല. അതാണ് അവരെ സര്‍ക്കസിലേക്കു െകാണ്ടുവരാത്തതും പഠിക്കാനയയ്ക്കുന്നതും.
കൂടാരം എന്ന സന്തോഷം
ധർമൻ: ഇതൊക്കെയാണെങ്കിലും എല്ലാ സങ്കടങ്ങളും മ റക്കുന്നതു കൂടാരത്തിനുള്ളിലെ കൂട്ടുകൊണ്ടാണ്. ഇരുന്നൂറോളം പേരുള്ള വലിയ കുടുംബം. രാവിലെ വ്യായാമത്തോടെയാണ് ഒരു ദിവസം തുടങ്ങുന്നത്. ഷോ കഴിഞ്ഞാൽ പൊട്ടിച്ചിരിയും സന്തോഷവും. നാട്ടിൽ കിട്ടുന്നതിനെക്കാൾ പിന്തുണ ഇതിനുള്ളിൽ കിട്ടുന്നുണ്ട്. ആർക്കെങ്കിലും ഒരസുഖം വന്നാലും ആപത്തു വന്നാലും ഒാടിയെത്താൻ ഒരുപാടു പേരുണ്ട്. മുതലാളിമാരെല്ലാം വലിയ തണൽ ആണ്. ഉടമസ്ഥരായല്ല ഞങ്ങളുടെ കാര്യങ്ങളെല്ലാം നോക്കുന്ന കാരണവരായാണ് അവരെ കാണുന്നത്.
രഘുപതി ഗുപ്ത: രണ്ടു മൂന്നു മാസം കൂടുമ്പോൾ വീട്ടിൽ പോയി കുടുംബത്തെ കണ്ടുവരും. ചിലപ്പോൾ സർക്കസ് കാണാൻ അവർ വരും. മക്കൾക്കു മുന്നിൽ ജോക്കർ വേഷം കെട്ടുമ്പോൾ അവരും ചിരിക്കും. അച്ഛനായല്ല, ജോക്കറാ യാണു അവരപ്പോള്‍ ഞങ്ങളെ കാണുന്നത്. അതും ഒരു സ ന്തോഷം. മക്കൾക്കു ജോലികിട്ടിയാൽ സർക്കസ് വിട്ടു പോകുമോ എന്നു പലരും ചോദിക്കാറുണ്ട്. പക്ഷേ, ഞങ്ങൾക്കതിനു കഴിയില്ല, വയ്യാതാകും വരെ ഈ ടെന്റിന്റെ താളമാണ് ഞങ്ങളുടെ ജീവിതം.
ബെൽ മുഴങ്ങി. കുറച്ചു മുൻപു മുന്നിലിരുന്നു സംസാരിച്ച ആരുമല്ല മുന്നിലുള്ളത്. കൈകൾ ചെറുതായി പോയതോർത്തു സങ്കടപ്പെട്ട ശങ്കർ കുട്ടിസൈക്കിളിൽ കറങ്ങുന്നു. കളർമുടി വച്ചു തലകുത്തി മറിയുന്നുണ്ട് ജിയ.
ഏതോ ഊഞ്ഞാൽത്തുമ്പിൽ നിന്നു കൈവിട്ടു ചിരിയിലേക്കു വീഴാൻ തയാറായി ധർമനും രഘുപതിയും. വേദനകളെ എത്ര വേഗമാണു ചിരിയുടെ ചായമിട്ട് അവർ മായ്ച്ചു കളഞ്ഞത്.
വിജീഷ് ഗോപിനാഥ്
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ