Monday 20 March 2023 12:50 PM IST : By സ്വന്തം ലേഖകൻ

അച്ചൻ പാവമാ, വേണ്ട... കാണേണ്ട... ആവുന്നില്ല..., മൃതദേഹം വച്ചിടത്തേക്കു നോക്കാൻ വിസമ്മതിച്ച് അലമുറയിട്ടു, രഘുവിന് വിട

kannur-death-aaralam ആറളത്ത് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കണ്ണവീട്ടിൽ രഘുവിന്റെ മൃതദേഹം വീട്ടിൽ കൊണ്ടുവന്നപ്പോൾ മകൾ രഹന പൊട്ടിക്കരയുന്നു

ആറളം ഫാമിൽ കാട്ടാനയെ പ്രതിരോധിക്കാത്ത ഭരണകൂട നിസ്സംഗതയുടെ രക്തസാക്ഷിയായി കൊല്ലപ്പെട്ട, ബ്ലോക്ക് 10ലെ കണ്ണവീട്ടിൽ രഘുവിന് കണ്ണീരോടെ നാട് വിടചൊല്ലി. പൊലീസ് ഒരുക്കിയ സുരക്ഷയിലും അണപൊട്ടിയ പ്രതിഷേധം സംഘർഷാവസ്ഥ സൃഷ്ടിച്ചു. മൃതദേഹം വീട്ടിലെത്തിയപ്പോൾ മക്കളായ രഹ്ന, രഞ്ജിനി, വിഷ്ണു എന്നിവരെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ അയൽവാസികളും സുഹൃത്തുക്കളും കണ്ണീരടക്കാൻ പ്രയാസപ്പെട്ടു. ആറളം ഫാമിൽ 4 വർഷം മുൻപ് അനുവദിച്ച ആനമതിൽ പദ്ധതിയടക്കം നടപ്പാക്കാത്തതിൽ അധികൃതരോടുള്ള രോഷം ഉള്ളിലടക്കിയാണു പുനരധിവാസ മേഖലയിലെ താമസക്കാരും പ്രദേശവാസികളും അന്തിമോപചാരം അർപ്പിച്ചത്.

സംഘർഷാവസ്ഥ ഭയന്നു വൻ പൊലീസ് സന്നാഹമാണ് ഫാമിലും മൃതദേഹം കൊണ്ടു വന്ന വഴികളിലും ഒരുക്കിയത്. മൃതദേഹവുമായി വരുന്ന വാഹനം തടഞ്ഞു പ്രതിഷേധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് വാഹനങ്ങളും ആംബുലൻസിന് അകമ്പടിയായി. വീട്ടിൽ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെയാണു സമീപം അധികൃതർക്കും രാഷ്ട്രീയക്കാർക്കുമെതിരെ ഒരു സംഘം പ്രതിഷേധം ഉയർത്തിയത്. ഇവ ചിത്രീകരിക്കുന്നതിനിടെ ദൃശ്യമാധ്യമ പ്രവർത്തകർക്കും ഫൊട്ടോഗ്രഫർമാക്കും നേരെ ചിലർ പ്രതിഷേധവുമായി എത്തി. പൊലീസ് ഏറെ പണിപ്പെട്ടാണ് നിയന്ത്രിച്ചത്. 17 ന് ഉച്ചയോടെയാണ് വിറക് ശേഖരിക്കാൻ പോയ രഘുവിനെ കാട്ടാന ചവിട്ടിക്കൊന്നത്. നേരത്തേ ഭാര്യ മരിച്ചതിനെ തുടർന്നു 3 മക്കളുടെ ഏക ആശ്രയമായിരുന്നു. ആറളം പഞ്ചായത്തിൽ യുഡിഎഫും എൽഡിഎഫും ബിജെപിയും ഹർത്താൽ നടത്തി.

അണപൊട്ടി കണ്ണീർ

ഇരിട്ടി∙ അച്ചൻ പാവമാ...വേണ്ട...കാണേണ്ട...ആവുന്നില്ല... ആറളം ഫാം ബ്ലോക്ക് 10 ൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രഘുവിന്റെ മുഖം കാണിക്കാൻ മക്കളെ പുറത്തിറക്കിയപ്പോഴുണ്ടായ രംഗങ്ങൾ ഹൃദയഭേദകമായിരുന്നു. അലമുറയിട്ടു കരയുന്ന മക്കളെ ആശ്വസിപ്പിക്കാൻ ആർക്കും വാക്കുകളുണ്ടായില്ല. അമ്മയില്ലാത്ത കുറവ് അറിയിക്കാതെ വളർത്തിക്കൊണ്ടു വന്ന മക്കൾക്ക് പിതാവിന്റെ വേർപാട് താങ്ങാൻ കഴിയാതെ കരഞ്ഞു. ആ സമയം പ്രകൃതിയും ദുഃഖത്തിൽ പങ്കു ചേരുന്ന പോലെ, അൽപനേരം മഴ പെയ്തു.

പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ ഉച്ചയോടെയാണ് ബ്ലോക്ക് 10 ലെ വൈദ്യുതി പോലും ഇല്ലാത്ത വീട്ടിൽ മൃതദേഹം എത്തിച്ചത്. അന്തിമോപചാരം അർപ്പിക്കാനായി നൂറുകണക്കിന് ആളുകളും എത്തിയിരുന്നു. വീട്ടിൽ അലമുറയിട്ടു കരഞ്ഞ മക്കളെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിക്കാനാകാതെ നിസ്സഹായതയിൽ ആയിരുന്നു സ്ഥലത്ത് എത്തിയ നേതാക്കളും കുടുംബാംഗങ്ങളും. വീടിന്റെ മുറ്റത്താണു മൃതദേഹം ദർശനത്തിനു വച്ചത്.

മുറിക്കുള്ളിലായിരുന്ന മൂത്ത മകൾ രഹ്നയെയും മകൻ വിഷ്ണുവിനെയും പലതവണ ശ്രമിച്ചിട്ടാണ് അച്ഠന്റെ മൃതദേഹത്തിനരികിൽ എത്തിച്ചത്. രണ്ടാമത്തെ മകൾ രഞ്ജിനിയെ പല തവണ തിണ്ണയിൽ വരെ എത്തിച്ചെങ്കിലും മൃതദേഹം വച്ചിടത്തേക്കു നോക്കാൻ വിസമ്മതിച്ച് അലമുറയിട്ടു. ഒടുവിൽ രഞ്ജിനിയെ മൃതദേഹത്തിനരികെ എത്തിക്കാനുള്ള ശ്രമം ഉപേക്ഷിക്കേണ്ടി വന്നു. ഈ മക്കളുടെ നിലവിളിയും കണ്ണീരും കാട്ടാന ഭീഷണിയിൽ നിന്നു പാവപ്പെട്ട ആദിവാസി കുടുംബങ്ങളെ സംരക്ഷിക്കാത്ത അധികാരവർഗത്തെ ചുട്ടുപൊള്ളിക്കുന്നതായിരുന്നു. 

5 ലക്ഷം രൂപ ഇന്ന് കൈമാറും

ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രഘുവിന്റെ കുടുംബത്തിനു സർക്കാർ നഷ്ടപരിഹാരമായ 10 ലക്ഷം രൂപയുടെ ആദ്യഗഡു 5 ലക്ഷം രൂപ ഇന്നു കൈമാറുമെന്നു കൊട്ടിയൂർ റേഞ്ചർ സുധീർ നേരോത്ത് അറിയിച്ചു. ബാക്കി 5 ലക്ഷം രൂപ പിന്തുടർച്ചാവകാശ രേഖ ഹാജരാക്കുന്നത് അനുസരിച്ചു കൈമാറും.

പ്രതിഷേധ സാധ്യത ഒതുക്കി പൊലീസ്

ആറളം ഫാമിൽ 12 –ാമത്തെ രക്തസാക്ഷിയായി രഘു മരിച്ചപ്പോൾ സർക്കാരിനും അധികാര കേന്ദ്രങ്ങൾക്കും ഒരു കാര്യം ഉറപ്പുണ്ടായിരുന്നു. തങ്ങൾ ആറളത്തെ ആദിവാസി കുടുംബങ്ങളോടു കാണിക്കുന്ന അവഗണനയ്ക്കെതിരെ കടുത്ത പ്രതിഷേധം ഉയരുമെന്ന്. പേരാവൂർ താലൂക്ക് ആശുപത്രിയിൽ നിന്നു കുടുംബാംഗങ്ങൾ എത്തിയിട്ടു മൃതദേഹം മാറ്റിയാൽ മതിയെന്നു പറഞ്ഞ ജനപ്രതിനിധികൾക്കു നേരേ ആക്രോശം ഉയർത്തി പരിയാരത്ത് എത്തിച്ച പൊലീസിന് ഒരു പിഴവും സംഭവിച്ചില്ല. മ‍ൃതദേഹം ജില്ലാ ആസ്ഥാനത്തെത്തിച്ചു പ്രതിഷേധിക്കാനുള്ള സാധ്യത മുതൽ വഴിയിൽ തടയുന്നതു വരെയുള്ള കാര്യങ്ങളും പൊലീസ് മുൻകൂട്ടി കണ്ടു.

ഇരിട്ടി ഡിവൈഎസ്പി: സജേഷ് വാഴാളപ്പിലിന്റെ നേതൃത്വത്തിൽ പൊലീസ് സേന ‘പ്രതിഷേധം’ ഒതുക്കി സംസ്കാരം നടത്താനുള്ള യജ്ഞത്തിൽ കൈകോർത്തു. പ്രതിഷേധ സാധ്യതയുള്ള കവലകളിലും പൊലീസിനെ വിന്യസിച്ചിരുന്നു. സംസ്കാരത്തിനു പൊലീസിനെ സജ്ജീകരിച്ച ജാഗ്രത കാട്ടാന പ്രതിരോധം തീർക്കാൻ സർക്കാർ കാണിച്ചിരുന്നെങ്കിൽ രഘുവിന് ഉൾപ്പെടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു എന്നാണു പ്രദേശവാസികൾക്ക് പറയാനുണ്ടായിരുന്നത്. അതേസമയം, സ്ഥലത്ത് എത്തിയവരോടു പ്രദേശവാസികൾ പൊട്ടിത്തെറിച്ചു.

ഞങ്ങൾ ആദിവാസികളായതു കൊണ്ടല്ലേ ഈ ദുരവസ്ഥ നേരിടുന്നതെന്നും നഗരങ്ങളിൽ ആണെങ്കിൽ ആനകളെ ഇതുപോലെ മേയാൻ സമ്മതിക്കുമായിരുന്നോയെന്നും ചോദിക്കുന്നുണ്ടായിരുന്നു. സംസ്കാര കർമങ്ങൾക്കിടെ വനം വകുപ്പിനും രാഷ്ട്രീയ നേതൃത്വങ്ങൾക്കും എതിരെ വരെ ചിലർ പ്രതിഷേധം ഉയർത്തി. പിന്നീട് സംഘർഷാവസ്ഥ ഉടലെടുത്തെങ്കിലും പൊലീസും നേതാക്കളും ആത്മസംയമനം പാലിച്ചതിനാലാണു സ്ഥിതി നിയന്ത്രണവിധേയമായത്. 

kannur-aaralam കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രഘുവിന്റെ മൃതദേഹം ആറളം ഫാമിലെ 10ാം ബ്ലോക്കിലെ വീട്ടിൽ എത്തിച്ചപ്പോൾ ഉദ്യോഗസ്ഥർക്കെതിരെ രോഷാകുലനായി പ്രതികരിക്കുന്ന നാട്ടുകാരൻ.

ആനക്കൂട്ടങ്ങൾക്കിടയിൽ രണ്ടായിരത്തോളം കുടുംബങ്ങൾ

രാപകലില്ലാതെ എഴുപതോളം കാട്ടാനകൾ വിഹരിക്കുന്നതിനിടയിൽ ജീവഭയവുമായി കഴിയാൻ വിധിക്കപ്പെട്ട് രണ്ടായിരത്തോളം ആദിവാസി കുടുംബങ്ങളും ഫാം ജീവനക്കാരും തൊഴിലാളികളും. സമ്പൂർണ ഭവന പദ്ധതി പൂർത്തിയാകാത്തതിനാൽ കെട്ടുറപ്പില്ലാത്തതും പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞതുമായ വീടുകളിലാണ് ആയിരക്കണക്കിനു ആദിവാസികൾ കഴിയുന്നത്. 3375 കുടുംബങ്ങൾക്ക് ഭൂമി വിതരണം ചെയ്തിട്ടുണ്ടെങ്കിലും ആന ഭീഷണിയുള്ളതിനാൽ 1600 കുടുംബങ്ങൾ മാത്രമാണു സ്ഥലത്ത് താമസം. ഇവരുടെ ഉപകുടുംബങ്ങൾ ഉൾപ്പെടെ 1812 കുടുംബങ്ങളാണു ഫാമിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ 2 വീടുകൾ ആന പൊളിച്ചിരുന്നു. കുടുംബാംഗങ്ങൾ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. കാട്ടാനക്കൂട്ടത്തിന്റെ ഭീഷണിയിൽ നിന്ന് ‘ മാതൃകാ പുനരധിവാസ കേന്ദ്ര’ത്തെ രക്ഷിക്കണമെന്ന ആവശ്യത്തിന് 16 വർഷത്തെ പഴക്കമുണ്ട്.

More