Saturday 18 March 2023 10:27 AM IST : By സ്വന്തം ലേഖകൻ

ആദ്യം അമ്മയെ മരണം കൊണ്ടുപോയി, ആ വേദന മായും മുമ്പേ അരുണും പോയി: സ്വപ്നങ്ങൾ ബാക്കിയാക്കി മടക്കം

sarath-accident

ദുരന്തമൊഴിയാതെ പടിഞ്ഞാറെ ചാലക്കുടി മൂഞ്ഞേലിയിലെ വടക്കുംചേരി ഐനിക്കാടൻ വീട്. അമ്മയുടെ വിയോഗത്തിന്റെ 17-ാം ദിവസം മകനും ദാരുണാന്ത്യം. ഇന്നലെ മലപ്പുറം വട്ടപ്പാറയിലെ അപകടത്തിൽ മരിച്ച അരുണിന്റെ അമ്മ നിഷ പൊള്ളലേറ്റു മരിച്ചതു മാർച്ച് ഒന്നിനായിരുന്നു. സൗദിയിൽ വർക്‌ഷോപ് ഉടമയായിരുന്ന അരുണിന്റെ പിതാവ് ജോർജ് ഷോപ്പ് ഉപേക്ഷിച്ചു നാട്ടിലെത്തിയതു 5 വർഷം മുൻപാണ്. അതിനു ശേഷമാണു ലോറി വാങ്ങിയത്. അടുത്തയിടെയാണ് അരുൺ ലോറിയിൽ സഹായിയായി പോകാൻ തുടങ്ങിയതെന്നു പ്രദേശവാസികൾ പറഞ്ഞു. മൂന്നു പേർ മരിച്ച അപകടത്തിൽ രണ്ടു പേരും പടിഞ്ഞാറെ ചാലക്കുടി സ്വദേശികളാണ്. ലോറി ഡ്രൈവർ ഉണ്ണിക്കൃഷ്ണൻ അരുണിന്റെ നാട്ടുകാരനാണ്. കൂടാതെ മണ്ണാർക്കാട് കോട്ടോപ്പാടം സ്വദേശി ചിറ്റാടി മേലേ വീട്ടിൽ ശരത്തും അപകടത്തിൽ മരിച്ചിരുന്നു

വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞ്  3 പേർ മരിച്ചു

വളാഞ്ചേരി ∙ ദേശീയപാതയിൽ വട്ടപ്പാറ വളവിൽ ലോറി 30 അടി താഴ്ചയിലേക്കുമറിഞ്ഞ് 3 പേർ മരിച്ചു. ലോറിയുടമ പടിഞ്ഞാറേ ചാലക്കുടി വടക്കുംചേരി ഐനിക്കാടൻ ജോർജിന്റെ മകൻ അരുൺ (22), ഡ്രൈവർ പടിഞ്ഞാറേ ചാലക്കുടി മൂഞ്ഞേലി സ്വദേശി ചൂളയ്ക്കൽ രാജപ്പന്റെ മകൻ ഉണ്ണിക്കൃഷ്ണൻ (49), പാലക്കാട് മണ്ണാർക്കാട് കോട്ടോപ്പാടം വേങ്ങ ചിറ്റടി മേലുവീട്ടിൽ സേതുമാധവന്റെയും മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തംഗവും മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമായ വി.പ്രീതയുടെയും ഏക മകൻ ശരത് (28) എന്നിവരാണ് മരിച്ചത്. കാബിനകത്ത് കുടുങ്ങിപ്പോയ 3 പേരെയും 2 മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. ഇന്നലെ രാവിലെ 7.20ന് ആയിരുന്നു അപകടം.

മഹാരാഷ്ട്രയിലെ നാസിക്കിന്റെ അയൽജില്ലയായ അഹമ്മദ് നഗറിൽ നിന്ന് സവാളയുമായി ആലുവ ചന്തയിലേക്കു പോകുകയായിരുന്ന ലോറിയാണ് വട്ടപ്പാറയിലെ പ്രധാന വളവിൽ അപകടത്തിൽ പെട്ടത്. റോഡിന്റെ വശത്ത് തൽക്കാലത്തേക്കു സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് നിർമിത അരഭിത്തികൾ തകർത്ത് താഴേക്കു പതിക്കുകയായിരുന്നു. കാബിനു മുകളിലൂടെ സവാളച്ചാക്കുകൾ അടക്കമുള്ള ലോറിയുടെ പിൻഭാഗം മലക്കം മറിഞ്ഞു കാബിനു മുകളിലമർന്നു. ഇതോടെ 3 പേരും കാബിനകത്തു കുരുങ്ങിപ്പോയി. ഓടിയെത്തിയ നാട്ടുകാരും യാത്രക്കാരും പിന്നാലെ പൊലീസും അഗ്നിശമന സേനയും നടത്തിയ ആദ്യരക്ഷാശ്രമങ്ങൾ വിജയിച്ചില്ല. ജാക്കി വച്ച് ലോറി ഉയർത്താനും കയറു കെട്ടി വലിച്ചുനീക്കാനും നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു.

ദേശീയപാതയുടെ പണിക്കുപയോഗിക്കുന്ന വലിയ ക്രെയിൻ അര കിലോമീറ്റർ അകലെനിന്ന് എത്തിച്ച് ലോറി ഉയർത്തി കാബിൻ വെട്ടിപ്പൊളിച്ചാണ് 3 പേരെയും പുറത്തെടുത്തത്. അപ്പോഴേക്കും എല്ലാവരും മരിച്ചിരുന്നു. മൂന്നു പേരുടെയും മൃതദേഹങ്ങൾ ആദ്യം വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്. പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലേക്കു മാറ്റിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ട് 7 മണിയോടെ ബന്ധുക്കൾക്ക് കൈമാറി. അരുണിന്റെ സംസ്കാരം ഇന്ന് 10.30നു പടിഞ്ഞാറേ ചാലക്കുടി നിത്യസഹായമാതാ പള്ളിയിൽ. ഈ മാസം ഒന്നിനായിരുന്നു അരുണിന്റെ അമ്മ നിഷ പൊള്ളലേറ്റു മരിച്ചത്. സഹോദരി: എയ്ഞ്ചൽ. ‌ഉണ്ണിക്കൃഷ്ണന്റെ സംസ്കാരം ഇന്ന് 2നു ചാലക്കുടി നഗരസഭാ ക്രിമറ്റോറിയത്തിൽ ഭാര്യ: ഷിബി. മക്കൾ: അദ്വൈത, ആതിഥ്യ. ശരത്തിന്റെ സംസ്കാരം ഇന്നു രാവിലെ 10ന് ഐവർമഠത്തിൽ. അവിവാഹിതനാണ്.