Friday 12 May 2023 11:39 AM IST

‘മക്കയില്‍ നിന്നും കൊണ്ടുവന്ന അമൂല്യ നിധി, ഈ മണ്ണിനടിയിൽ മറഞ്ഞു കിടക്കുന്നു’: മാലിക് ദീനാർ പള്ളി... ഖൽബിൽ നിറയും ചന്ദ്രിക

Binsha Muhammed

malik-deenar-2 മാലിക് ഇബ്നു മുഹമ്മദുല്‍ ഖുറഷിയുടെ ദർഗ ഷെരീഫ്

ചന്ദ്രഗിരിപ്പുഴയുടെ കുഞ്ഞോളങ്ങളെ തഴുകിയെത്തുന്ന കാറ്റ്. ഖല്‍ബ് നിറയ്ക്കുന്ന ചന്ദനത്തിരിയുടെ വാസന. കാസര്‍കോട് തളങ്കരയുടെ മണ്ണില്‍ പുകള്‍പെറ്റ ഹസ്രത്ത് മാലിക് ദീനാര്‍ പള്ളിയുടെ തിരുമുറ്റത്താണ് നില്‍ക്കുന്നത്. പച്ച പുതച്ച വലിയൊരു കുബ്ബ, അകമ്പടിയെന്നോണം രണ്ട് കുഞ്ഞ് മിനാരങ്ങൾ. പ്രാര്‍ഥനയുടെ നിലാവായി നൂറ്റാണ്ടുകളായി നിലകൊള്ളുന്ന പുണ്യസ്ഥാനം. പള്ളിക്കു മുന്നിൽ നിൽക്കുമ്പോൾ മദ്രസക്കാലത്തു കേട്ടൊരു മാപ്പിളപ്പാട്ടിന്റെ വരികള്‍ ഓര്‍മയുടെ കുഞ്ഞുടുപ്പിട്ട് ഓടിവന്നു.

‘പണ്ട് പായക്കപ്പലിലേറി വന്നതാണേ ദീനും...

കൊണ്ടുവന്നത് മാലിക് ഇബ്നു ദീനാറാണേ...’

ബാല്യകൗതുകത്തോടെ പള്ളിക്കുള്ളിലേക്കു കയറി. പഴമയുടെ കഥ പറയുന്നു മച്ചകങ്ങള്‍. കരിവീട്ടി കടഞ്ഞെടുത്ത മിനുക്കമുള്ള മരത്തൂണുകൾ. അതിൽ സൂക്ഷ്മമായി മെനഞ്ഞുണ്ടാക്കിയ കൊച്ചു പുഷ്പങ്ങളും അതിന്‍മേല്‍ അതിമനോഹരമായി കോര്‍ത്തുവച്ച വള്ളികളും. ആരെയും അതിശയിപ്പിക്കുന്ന ശിൽപചാതുരി. ലിഖിതങ്ങള്‍, തൂക്കുവിളക്കുകള്‍. പ്രസംഗ പീഠമായ മിമ്പറിലും മിഹ്റാബിലും വിരലോടിക്കുമ്പോള്‍ കിന്നരി തുന്നിയ പരവതാനിയിലേറി നാം 1400 വര്‍ഷം പുറകോട്ടു പോകും.

കിളി വാതിലിനുള്ളിലൂടെ കണ്ണു പായിക്കുമ്പോഴേക്കും ആ കാഴ്ച കണ്ടു. പച്ചപട്ടുവിരിപ്പിനു കീഴെ സ്വലാത്തും സലാമും ഈരടിയായി മുഴങ്ങുന്ന ദര്‍ഗയില്‍ അന്ത്യവിശ്രമം കൊള്ളുന്ന മാലിക് ഇബ്നു മുഹമ്മദുല്‍ ഖുറഷിയെന്ന സൂഫി വര്യൻ. ആധികള്‍, വ്യാധികള്‍, ആഗ്രഹസാഫല്യ പ്രാര്‍ഥനകള്‍. എല്ലാത്തിനും ഈ ദര്‍ഗയുടെ പൊലിവിനാല്‍ ഉത്തരമുണ്ടെന്നു വിശ്വസിക്കുന്നവര്‍ ഏറെ. ചരിത്രവും അദ്ഭുതങ്ങളും തസ്ബീഹ് മണിയിലെ മുത്തുപോലെ ഇഴചേര്‍ന്നിരിക്കുന്ന ആ പുണ്യഭൂമിയുടെ കഥകള്‍ സാഗരം പോലെ വിശാലം.

കഥകള്‍ അതിസാഗരം

മാലിക് ദീനാര്‍ പള്ളിയുടെ ചരിത്രം കേരളത്തിലേക്കുള്ള ഇ സ്‌ലാമിന്റെ വരവിന്റെ കഥ കൂടിയാണ്. ദിക്ക് അറിയാതെ കാറും കോളും നിറഞ്ഞ കടലിലൂടെ അറേബ്യയില്‍ നിന്നു പുറപ്പെട്ട അവര്‍ കേരളത്തിലെത്തി. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്തു ജീവിച്ചിരുന്ന, അവിടുത്തെ അനുചരന്‍മാരെന്ന് അര്‍ഥം വരുന്ന ഒരു കൂട്ടം സ്വഹാബികള്‍. അവരുടെ നേതൃപ്രകാശമായിരുന്നു സയ്യിദുനാ മാലിക് ഇബ്നു ദീനാര്‍. മാലിക് ദീനാര്‍ പള്ളിയിലെ ഖത്തീബായ അബ്ദുൾ മജീദ് ബാഖവിയുടെ വാക്കുകളില്‍ കാലം പിന്നിലേക്കൊഴുകി.

‘‘പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ കാലശേഷം നാ ലു ഖലീഫമാരാണ് ഇസ്‌ലാമിന്റെ ഭരണ സാരഥ്യം ഏറ്റെടുത്തത്. അവരില്‍ രണ്ടാം ഖലീഫ ഉമറിന്റെ കാലത്താണു മാലിക് ഇബ്നു ദീനാറും സംഘവും കേരളത്തിലെത്തുന്നത്. ശറഫ് ഇബ്നു മാലിക്, മാലിക് ഇബ്നു ഹബീബ്, മാലിക് ഇബ്നു ദീനാര്‍ എന്നിവരുള്‍പ്പെട്ട സ്വഹാബി വര്യന്‍മാരാണ് ആ കൂട്ടത്തിലുണ്ടായിരുന്നത്. മതപ്രബോധനം, പള്ളികളുടെ നിര്‍മാണം അങ്ങനെ രണ്ടു ലക്ഷ്യങ്ങളാണു 22 പേരടങ്ങുന്ന സംഘത്തിനുണ്ടായിരുന്നത്. അന്നവര്‍ കേരളത്തിലും ദക്ഷിണ കര്‍ണാടകത്തിലുമായി പള്ളികള്‍ സ്ഥാപിച്ചു. കാസര്‍കോട്, കൊല്ലം, ഏഴിമല, ധര്‍മടം, ബാര്‍ക്കൂര്‍, ശ്രീകണ്ഠേശ്വരം, വളപട്ടണം, മാടായി, പന്തലായനി, ചാലിയം തുടങ്ങി സ്ഥലങ്ങളിലാണു പള്ളികൾ നിർമിച്ചത്.’’

പണ്ടു പായക്കപ്പലിലേറി വന്നതാണേ...

‘‘ഈ മണ്ണിന്റെ കഥകൾ പറഞ്ഞാലും പറഞ്ഞാലും തീരില്ല കുഞ്ഞീ, നാടിന്റെ പുണ്യവും പൊലിവുമായി അതാ അവിടെ ശാന്തമായുറങ്ങുന്ന തങ്ങളെ കണ്ടില്ലേ.’’ തളങ്കരയുടെ കാരണവര്‍ സത്താര്‍ ഹാജി മാലിക് ഇബ്‌നു ദീനാറിന്റെ ക ഥ പറഞ്ഞു തുടങ്ങി.

‘‘മാലിക് ഇബ്നു ദീനാര്‍ തങ്ങളുടെയും അവരോടൊപ്പം വന്ന ചങ്ങായിമാരായ സ്വഹാബിമാരുടെയും കഥ പറയണമെങ്കില്‍ ആദ്യം ചേരമാന്‍ പെരുമാളിന്റെ കഥ പറയണം. അവരുടെ രണ്ടു പേരുടെയും ചരിത്രമങ്ങനെ മാലയിലെ മുത്തു പോലെ ചേര്‍ന്നിരിക്കുകയാണ്. അന്ന് അറേബ്യയില്‍ ഖുറൈശികളുടെ വെല്ലുവിളി സ്വീകരിച്ചു പ്രവാചകന്‍ മുഹമ്മദ് നബി (സ) ചന്ദ്രനെ രണ്ടായി പിളര്‍ത്തിയത്രേ. പ്രവാചകന്റെ ആ അമാനുഷിക ശക്തിക്കു ചേരമാന്‍ പെരുമാളും ഇങ്ങു നമ്മുടെ നാട്ടിലിരുന്നു സാക്ഷിയായി. എ ഡി 624ല്‍ കേരള മണ്ണില്‍ കാലുകുത്തിയ മാലിക് ഇബ്‌നു ദീനാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ നിന്നു ചേരമാന്‍ പെരുമാള്‍ ആ അദ്ഭുത ദര്‍ശനത്തിന്റെ പൊരുളറിഞ്ഞുവെന്നാണു വിശ്വാസം.

മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വം മനസ്സു കൊണ്ട് അംഗീകരിച്ച ചേരമാൻ പെരുമാള്‍ രാജാവ് ഇസ്‌ലാം മതത്തിൽ ആകൃഷ്ടനായത്രേ. ഈ മണ്ണിലെ അധികാരങ്ങളെല്ലാം വച്ചൊഴിഞ്ഞു ചേരമാന്‍ പെരുമാൾ അറേബ്യയിലെത്തി പ്രവാചകനെ നേരില്‍ ദര്‍ശിച്ചു. വിശ്വാസ വാചകമായ കലിമ ചൊല്ലി പെരുമാള്‍ ഇസ്‌ലാം മതത്തെ ആശ്ലേഷിച്ചുവെന്നു കഥകൾ. ഇസ്‌ലാമിന്റെ സ്നേഹസന്ദേശം തന്റെ മണ്ണിലും എത്തണമെന്ന സ്വപ്നം പെരുമാളിന്റെ ഹൃദയത്തിലുദിച്ചു. പക്ഷേ, നാട്ടിലേക്കുള്ള മടക്കയാത്രയില്‍ ഒമാനിലെ സലാലയില്‍ വച്ചു പെരുമാള്‍ ഈ ലോകത്തു നിന്നു വിടപറഞ്ഞു. സംവത്സരങ്ങള്‍ പിന്നെയും കടന്നു പോയി.

പ്രവാചകന്‍ സ്വപ്‌നത്തിലൂടെ അരുള്‍ ചെയ്ത പെരുമാളിന്റെ ആഗ്രഹവും നെഞ്ചിലേറ്റി മാലിക് ദീനാറും സംഘവും ഒരിക്കല്‍ കൂടി പായക്കപ്പലേറി. കേരളം ലക്ഷ്യമാക്കി യാത്രതിരിച്ചു. രണ്ടാം വരവില്‍ എഡി 629ല്‍ മാലിക് ഇ ബ്നു ദീനാറും സംഘവും കൊടുങ്ങല്ലൂരിൽ ആദ്യ പള്ളി സ്ഥാപിച്ചു. തുടർന്ന് ഉത്തര മലബാറിലും ദക്ഷിണ കർണാടകത്തിലുമായി സ്ഥാപിച്ച പള്ളികളിൽ എട്ടാമത്തേതാണ് തളങ്കരയിലെ ഹസ്രത് മാലിക് ദീനാര്‍ പള്ളി. ഹിജ്റ 22 ലെ ഒരു റജബ് മാസം, അതായത് എഡി 642ലാണു മാലിക് ദീനാര്‍ പള്ളിക്കു തളങ്കരയുടെ മണ്ണില്‍ ആദ്യ തറക്കല്ലിടുന്നത്.’’ കഥയുടെ കെട്ടഴിയുമ്പോള്‍ സത്താര്‍ ഹാജിയുടെ കണ്ണുകളില്‍ വിശ്വാസത്തിളക്കം.

malik-deenar-masjid

വെണ്ണക്കല്ലില്‍ തുടങ്ങിയ ചരിത്രം

‘‘കാലത്തിനു മായ്ക്കാനാകാത്ത ആ ചരിത്ര ലിഖിതങ്ങള്‍ ഈ ഭൂവില്‍ ഒളിമങ്ങാതെ ഇപ്പോഴുമുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഞങ്ങള്‍ ഈ ചരിത്ര ഭൂമികയുടെ കാവല്‍ക്കാരാണ്.’’ മാലിക് ദീനാര്‍ ജുമാ മസ്ജിദിന്റെ പ്രസിഡന്റ് യഹിയ തളങ്കരയുടെ വാക്കുകളില്‍ ചാരിതാര്‍ഥ്യം.

‘‘മാലിക് ദീനാറും കൂട്ടരും മക്കയില്‍ നിന്നും അതിവിശിഷ്ടങ്ങളായ 13 വെണ്ണക്കല്ലുകള്‍ പള്ളി നിര്‍മാണത്തിനായി എത്തിച്ചിരുന്നുവത്രേ. ആ കല്ലുകള്‍ ഓരോ പള്ളിയുടെ യും ശിലാസ്ഥാപനത്തിനായി ഉപയോഗിച്ചു. മക്കാ മരുഭൂവിന്റെ ആത്മീയഗന്ധമുള്ള വെണ്ണക്കല്ലുകളിലൊന്ന് ഈ മണ്ണിലും പതിഞ്ഞു കിടപ്പുണ്ട്. പള്ളിയിലേക്കു കയറും മുന്‍പുള്ള വാതില്‍പ്പടി കണ്ടോ? അതിലുണ്ട് എല്ലാം.’’ യഹിയ പള്ളിയുടെ കവാടത്തിലേക്കു വിരല്‍ ചൂണ്ടി.

അവിടെ ഇങ്ങനെ കൊത്തിവച്ചിരിക്കുന്നു. ‘അറേബ്യയില്‍ നിന്ന് ഒരു സംഘം ഇസ്‌ലാം മത പ്രബോധനത്തിനും പള്ളി നിര്‍മാണത്തിനുമായി കാഞ്ഞര്‍കോത്ത് (കാസര്‍കോട്) എത്തിയിരിക്കുന്നു.

ഹിജ്റ 22, അറബി മാസമായ റജബ് 13ലെ തിങ്കളാഴ്ച ഒരു ജുമാ മസ്ജിദ് സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.’ കേരളത്തിലെ ഇസ്‌ലാമിക ചരിത്രത്തിന്റെ പ്രാമാണികമായ രേഖ കൂടിയാണു പള്ളിയുടെ വാതില്‍പടിയില്‍ കൊത്തിവച്ചിട്ടുള്ള ഈ ലിഖിതം.

ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നതു പള്ളി പണിത മാലിക് ഇബ്നു ദീനാറെന്ന സൂഫി വര്യനാണെന്ന തെറ്റിധാരണ ചിലര്‍ക്കുണ്ട്. മത പ്രബോധനത്തിനായി വന്ന മാലിക് ഇബ്നു ദീനാര്‍ തിരിച്ചുപോയി. ഖുറാസാന്‍ എന്ന സ്ഥലത്തു വച്ചായിരുന്നു ദേഹവിയോഗം. അന്നു മാലിക് ഇബ്നു ദീനാര്‍ സംഘത്തിനൊപ്പം ഉണ്ടായിരുന്ന മാലിക് ഇബ്നു മുഹമ്മദുല്‍ ഖുറഷി എന്ന പ്രവാചകന്റെ അനുചരനാണ് ഇവിടെ മാലിക് ദീനാര്‍ പള്ളിവളപ്പില്‍ അന്ത്യവിശ്രമം കൊള്ളുന്നത്.

അന്ന് അറേബ്യന്‍ സംഘം ഓരോ പ്രദേശത്തും പള്ളികള്‍ നിര്‍മിച്ചുവെന്നു പറഞ്ഞല്ലോ, ഓരോ പള്ളിയുടെയും ചുമതല വഹിക്കാന്‍ ഓരോ ഖാസിമാരെയും നിയമിച്ചിരുന്നു. തളങ്കരയിലെ ഈ പള്ളിയുടെ ആത്മീയാചാര്യനായി ചുമതലപ്പെടുത്തിയത് ഇപ്പോള്‍ അവിടെ അന്ത്യവിശ്രമം കൊള്ളുന്ന മാലിക് ഇബ്നു മുഹമ്മദുല്‍ ഖുറഷിയെയാണ്.

ഭൗതിക ലോകത്തു നിന്ന് അദ്ദേഹം വിടപറഞ്ഞുവെങ്കിലും ആത്മീയ തലത്തിൽ അവിടുത്തെ കറാമത്തുകള്‍ (അദ്ഭുതങ്ങള്‍) തുടരുന്നു. വിശ്വാസത്തിന്റെ ആ കഥകളാണ് പള്ളിസെക്രട്ടറി അബ്ദു റഹ്‌മാന്‍ സാഹിബ് പങ്കുവച്ചത്.

‘‘പഴയ പള്ളിയില്‍ നമസ്‌കരിക്കാനെത്തുന്നവര്‍ക്കു അംഗശുദ്ധി വരുത്താനായി ഒരു ഹൗള് (പ്രത്യേകമായി കെട്ടിയുണ്ടാക്കിയ കുളം) ഉണ്ടായിരുന്നു. ഹൗളിന്റെ അടിയില്‍ വിരിക്കുന്നതിനായി രണ്ടു വലിയ പാറക്കല്ലുകള്‍ എത്തിക്കുകയുണ്ടായി. പഴയ കാലമല്ലേ. ഇന്നത്തെ പോലെ ലോറിയും ക്രെയിനുമൊന്നും ഇല്ലല്ലോ. രണ്ടു തോണിയില്‍ കെട്ടിയിട്ടു ചന്ദ്രഗിരി പുഴയിലൂടെയാണു പാറക്കല്ലുകള്‍ എത്തിച്ചത്. പാതിയാത്ര പിന്നിട്ടപ്പോഴക്കും പുഴയില്‍ കല്ല് കെട്ടഴിഞ്ഞ് തോണിയടക്കം ആണ്ടു പോയത്രേ.

ആ കല്ല് കണ്ടെത്തി കൊണ്ടു വരാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. അന്നിവിടെ ജീവിച്ചിരുന്ന പള്ളത്ത് കോയ എന്ന പണ്ഡിതന്‍ പറഞ്ഞുവത്രേ, ആ കല്ല് കണ്ടെത്താന്‍ ആരും ശ്രമം നടത്തേണ്ട.

സൂഫിക്കു പൊരുത്തം ഉണ്ടെങ്കില്‍ ഏതു വെള്ളത്തിലാണ്ടു പോയാലും കല്ല് ഇവിടെയെത്തും. അന്ന് എല്ലാവരും പിരിഞ്ഞു പോയി. പിറ്റേദിവസം, ജനസാഗരം നോക്കി നില്‍ക്കേ തോണിയില്‍ നിന്ന് കെട്ടഴിഞ്ഞ് ഇഴഞ്ഞു വരുന്നതു പോലെ കല്ല് ഇവിടെ കരയ്ക്കടിഞ്ഞത്രേ.’’ ആ കല്ലിന്റെ ചാരെ നിന്ന് അബ്ദു റഹ്‌മാന്‍ സാഹിബ് പറയുന്നു.

വിശ്വാസത്തിന്റെ പുണ്യം നിറഞ്ഞ കഥകൾ മനസ്സിൽ പ്രാർഥനയുടെ അലകളുയർത്തി. റമസാൻ വ്രതപുണ്യത്തിന്റെ ചന്ദ്രിക പൊരിവെയിൽ പോലെ പൊള്ളിക്കുന്ന ജീവിതസംഘർഷങ്ങൾക്കു മേൽ തണുപ്പിന്റെ തണലായി. ചരിത്രവും വിശ്വാസവും ചേർന്നു നിൽക്കുന്ന പള്ളിയുടെ പടവുകളിറങ്ങി.

ഈ പുണ്യഭൂമിയിൽ കാൽ തൊടാൻ അനുവദിച്ച അല്ലാഹുവിന്റെ കാരുണ്യത്തിനു മനസ്സാൽ നന്ദി പറഞ്ഞു. അ പ്പോൾ മറ്റൊരു പ്രാർഥന കൂടി മനസ്സിൽ മുഴങ്ങി. ‘ബാറക് അല്ലാഹ് ലകുമാ... വ ബാറക് അലൈക്കുമാ വ ജമഅ ബൈനകുമാ ഫീ ഹൈർ’ (പരമകാരുണികൻ എല്ലാവരുടെയും മേൽ അനുഗ്രഹം ചൊരിയട്ടെ.)

malik-deenar-3 പള്ളി ശിലാസ്ഥാപനത്തെക്കുറിച്ചുള്ള ചരിത്ര ലിഖിതം

നാടൊഴുകിയെത്തുന്ന ഉറൂസ്

മൂന്നു വർഷത്തിലൊരിക്കലാണു മാലിക് ദീനാർ പള്ളിയിലെ ഉറൂസ്. അറബ് മാസത്തിലെ മുഹറത്തിലാണത്. തക്ബീര്‍ ധ്വനികളോടെ പതാക ഉയർത്തുന്നതോടെ ഉറൂസിനു തുടക്കമാകും. കഴിഞ്ഞ ജനുവരിയിലാണ് അവസാനം ഉറൂസ് നടന്നത്. ഇനി മൂന്നു വർഷത്തെ കാത്തിരിപ്പുകാലം. 20 ദിവസം നീളുന്ന മതപ്രഭാഷണവും 10 ദിവസം നീളുന്ന ദിക്‌ർ ഹല്‍ഖയുമാണ് (ആത്മീയ സദസ്സ്) ഉറൂസിന്റെ ഭാഗമായുള്ള പ്രധാന ചടങ്ങുകള്‍. ഹസ്രത്ത് മാലിക് ദീനാറിന്റെ പുണ്യ പ്രകീര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൗലിദ് പാരായണവുമുണ്ട്. സമാപന ദിവസം വിപുലമായ അന്നദാനവുമുണ്ട്. ലക്ഷക്കണക്കിന് വിശ്വാസികളാണ് ഒാരോ ഉറൂസിനും എത്തുന്നത്.

മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയുടെ കീഴില്‍ 12 വര്‍ഷം നീളുന്ന ഹുദവി ബിരുദ കോഴ്സും ഇവിടെയുണ്ട്. നൂറു കണക്കിന് അനാഥക്കുഞ്ഞുങ്ങള്‍ക്ക് ആശ്രയമാകുന്ന യത്തീംഖാനയും മാലിക് ദീനാര്‍ പള്ളിയുടെ നന്മയുടെ വഴിയിലെ തിളക്കമുള്ള അധ്യായമാണ്.

മാലിക് ദീനാര്‍ ഇസ്‌ലാമിക് വിമന്‍സ് കോളജും പ ള്ളിയുടെ ഭാഗമായി പ്രവര്‍ത്തിച്ചു വരുന്നു. വിശ്വപ്രസിദ്ധമായ പള്ളി കാണാനും പ്രാർഥനയ്ക്കുമായി ലിയാഖത്ത് അലി ഖാൻ (മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി) 1945 ൽ ഇവിടെയെത്തിയിരുന്നു.

ബിൻഷാ മുഹമ്മദ്

ഫോട്ടോ: ശ്രീകുമാർ എരുവട്ടി